ഉന്നതാധികാര സമിതി സുരക്ഷാപരിശോധന നടത്തിയത് 2011ല്‍; കേരളത്തിന്റെ ആവശ്യം തള്ളി അറ്റകുറ്റപ്പണികള്‍ നടത്താനും അനുമതി നേടി; പിന്നാലെ മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കാന്‍ നീക്കം; തമിഴ് ജനതയുടെ സ്വപ്നം ഡിഎംകെ യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കാന്‍ തമിഴ്‌നാടിന്റെ നീക്കം
തേനി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുകയെന്നത് തമിഴ്‌നാടിന്റെ സ്വപ്നമാണെന്നും ഡിഎംകെ അത് യാഥാര്‍ഥ്യമാക്കുമെന്നും തമിഴ്‌നാട് ഗ്രാമവികസനവകുപ്പ് മന്ത്രി ഐ പെരിയസ്വാമി. അണക്കെട്ടിലെ ജലസംഭരണം വര്‍ധിപ്പിക്കുന്നത് ജനങ്ങളുടെ സ്വപ്നമാണെന്നും നിലവിലെ ഡിഎംകെ സര്‍ക്കാര്‍ അത് നിറവേറ്റുമെന്നും പെരിയസാമി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു ഭൂമിയും വിട്ടുനല്‍കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. തേനിയില്‍ മഴക്കെടുതി മൂലമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അറ്റകുറ്റപ്പണികള്‍ക്ക് തമിഴ്‌നാട് സര്‍ക്കാരിന് അവകാശമുണ്ട്. ഇക്കാര്യം വൈക്കം സന്ദര്‍ശനവേളയില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി തീരുമാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തിടെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അറ്റകുറ്റപ്പണി നടത്താന്‍ തമിഴ്‌നാടിന് കേരളത്തിന്റെ അനുമതി ലഭിച്ചത്.
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വൈക്കം സന്ദര്‍ശനത്തിനിടെ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ഇക്കാര്യം ചര്‍ച്ച ചെയ്തതിനെ തുടര്‍ന്നാണ് ഉപാധികളോടെ അനുമതി നല്‍കിയത്. ഏഴ് ജേലികള്‍ക്കാണ് ഉപാധികളോടെ അനുമതി. ഇടുക്കി എംഐ ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എഞ്ചിനിയറുടെയോ അല്ലെങ്കില്‍ ഉദ്യോഗസ്ഥന്‍ ചുമതലപ്പെടുത്തുന്ന മറ്റൊരു ഉദ്യോഗസ്ഥന്റെയോ സാന്നിധ്യത്തില്‍ മാത്രമേ പ്രവര്‍ത്തികള്‍ നടത്താന്‍ സാധിക്കുകയുള്ളൂ.
ദിവസങ്ങള്‍ക്ക് മുമ്പ് വനംവകുപ്പിന്റെ വള്ളക്കടവ് ചെക്ക്പോസ്റ്റ് വഴി മുല്ലപ്പെരിയാര്‍ ഡാമിലേയ്ക്ക് മെയിന്റനന്‍സിനായി തമിഴ്‌നാട് കൊണ്ടുവന്ന എം.സാന്റ് ലോറികള്‍ തടഞ്ഞിട്ടിരുന്നു.ഏഴ് നിബന്ധനകളോടെയാണ് കേരളം അനുമതി നല്‍കിയത്. പുതിയ നിര്‍മ്മാണങ്ങള്‍ നടത്തരുത്, എം.ഐ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനിയറുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്നവരുടെയോ സാന്നിദ്ധ്യത്തിലാകണം, നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ടുപോകുമ്പോള്‍ വനനിയമങ്ങള്‍ പാലിക്കണം, മറ്റ് സാമഗ്രികളൊന്നും ഡാം സൈറ്റില്‍ കൊണ്ടുവരരുത് തുടങ്ങിയവയാണ് നിബന്ധനകള്‍.
അണക്കെട്ടിലും സ്പില്‍വേയിലും സിമന്റ് പെയിന്റിങ് ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികളാണ് തമിഴ്നാട് നടത്താന്‍ ഉദ്ദേശിക്കുന്നത്. പെരിയാര്‍ വന്യമൃഗസങ്കേതത്തില്‍ കൂടി നിര്‍മാണ സാധനങ്ങള്‍ കൊണ്ടുപോകുമ്പോള്‍ മുന്‍കൂട്ടി കേരളത്തിന്റെ അനുമതി വാങ്ങേണ്ടതാണ്. എന്നാല്‍ അനുമതി കൂടാതെ എത്തിയ തമിഴ്നാട് വാഹനങ്ങള്‍ കഴിഞ്ഞ ദിവസം ചെക്ക്പോസ്റ്റില്‍ തടഞ്ഞിരുന്നു. തുടര്‍ന്നാണ് തമിഴ്നാട് അനുമതി തേടിയത്. അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കണമെന്ന ജലവിഭവവകുപ്പിന്റെ ആവശ്യം തമിഴ്നാട് അംഗീകരിച്ചില്ല. തുടര്‍ന്ന് അനുമതി ലഭിക്കാതെ തമിഴ്നാട് വാഹനങ്ങള്‍ തിരികെ പോകുകയായിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കാത്ത ഒരുതരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളോ അറ്റകുറ്റപ്പണികളോ ഡാം സൈറ്റില്‍ നടത്താന്‍ പാടില്ല. 1980ലെ വനസംരക്ഷണ നിയമം അനുമതിയില്ലാത്ത ഒരു പുതിയ നിര്‍മാണവും പാടില്ല തുടങ്ങിയ കാര്യങ്ങളും ഉത്തരവിലുണ്ട്.
മുല്ലപ്പെരിയാറില്‍ സുരക്ഷാ പരിശോധന നടത്തിയിട്ടു മതി അറ്റകുറ്റപ്പണികള്‍ എന്ന നിലപാടാണ് കേരളത്തിനുള്ളത്. അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ, ഭൂകമ്പ പ്രതിരോധ സുരക്ഷ, പ്രളയ സുരക്ഷ, ഓപ്പറേഷനല്‍ സുരക്ഷ എന്നിവ ഉള്‍പ്പെടെ വിശദമായ സുരക്ഷാപരിശോധന നടത്തണമെന്നത് കേരളത്തിന്റെ നിരന്തരമായ ആവശ്യമാണ്.
2011 ലാണ് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി ഇതിനു മുന്‍പ് സുരക്ഷാപരിശോധന നടത്തിയത്. പത്തു വര്‍ഷത്തില്‍ ഒരിക്കല്‍ പ്രധാന ഡാമുകളില്‍ സുരക്ഷാപരിശോധന ആവശ്യമാണെന്നാണ് കേന്ദ്ര ജലകമ്മിഷന്‍ സുരക്ഷാപുസ്തകത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. എന്നാല്‍ അണക്കെട്ടില്‍ ആദ്യം അറ്റകുറ്റപ്പണികള്‍ നടക്കട്ടെ അതിനു ശേഷം സുരക്ഷാപരിശോധന എന്നതാണ് തമിഴ്നാട് നിലപാട്.