മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന വാദം മുറുകെ പിടിച്ച് ഫാറൂഖ് കോളേജ്; ഇഷ്ട ദാനം കിട്ടിയ ഭൂമി വില്‍ക്കാന്‍ തങ്ങള്‍ക്ക് അവകാശം ഉണ്ടെന്ന് ജുഡീഷ്യല്‍ കമ്മിഷന് മുമ്പാകെ ബോധിപ്പിക്കല്‍; കമ്മിഷനെ നിലപാട് അറിയിച്ച് മുനമ്പം നിവാസികളും; അടുത്ത മാസം ഹിയറിങ് ആരംഭിക്കാന്‍ കമ്മിഷന്‍
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന വാദം മുറുകെ പിടിച്ച് ഫാറൂഖ് കോളേജ്
കൊച്ചി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന വാദം ആവര്‍ത്തിച്ച് ഫാറൂഖ് കോളേജ്. തങ്ങള്‍ക്ക് ഇഷ്ടദാനം കിട്ടിയ ഭൂമി വില്‍ക്കാന്‍ തങ്ങള്‍ക്ക് അവകശമുണ്ടെന്നും കോളേജ് മാനേജ്‌മെന്റ് വാദിക്കുന്നു. മുനമ്പം ഭൂമി തര്‍ക്ക വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മിഷന്‍ ഹിയറിങ് അടുത്ത മാസം ആരംഭിക്കാനിരിക്കെയാണ് കമ്മിഷന് മുമ്പാകെ ഫാറൂഖ് കോളേജ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം മുനമ്പത്തെ ജനങ്ങളും തങ്ങളുടെ നിലപാട് കമ്മിഷനെ അറിയിച്ചിട്ടുണ്ട്.
മുനമ്പം ഭൂമി ക്രയവിക്രയം ചെയ്യാന്‍ തങ്ങള്‍ക്ക് പൂര്‍ണ അധികാരമുണ്ടെന്ന് മുനമ്പം വിഷയത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സി എസ് രാമചന്ദ്രന്‍ നായര്‍ക്ക് മുമ്പാകെയാണ് ഫാറൂഖ് കോളേജ് വ്യക്തമാക്കിയത്്. മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്നാണ് വഖഫ് ബോര്‍ഡിന്റെ നിലപാട്. ഇക്കാര്യം കമ്മിഷനോട് വ്യക്തമാക്കിയിട്ടില്ലെന്നാണ് വിവരം. സര്‍ക്കാരും ഇതുവരെ വിഷയത്തില്‍ കമ്മിഷനെ നിലപാട് അറിയിച്ചിട്ടില്ല.
എല്ലാവരുടെയും നിലപാടുകള്‍ അറിഞ്ഞതിനുശേഷം അടുത്തമാസം ആദ്യം തന്നെ ഹിയറിംഗ് ആരംഭിക്കാനാണ് കമ്മിഷന്റെ തീരുമാനം. മുനമ്പം ഭൂപ്രശ്നവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് രാമചന്ദ്രന്‍ ജുഡീഷ്യല്‍ കമ്മിഷന്‍ മുനമ്പം വേളാങ്കണ്ണി മാതാ പള്ളിയും സമരപ്പന്തലും സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കമ്മിഷന് മുനമ്പം ഭൂസമര സമിതി ഭാരവാഹികള്‍ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പുകളും കൈമാറി. കാക്കനാട്ടെ കമ്മിഷന്‍ ഓഫീസില്‍ വച്ചാണ് രേഖകള്‍ കൈമാറിയത്. രേഖകള്‍ സ്വീകരിച്ച കമ്മിഷന്‍ സമയ ബന്ധിതമായി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കുമെന്ന് അറിയിച്ചിരുന്നു. മുനമ്പം ജുഡീഷ്യല്‍ കമ്മിഷന് മൂന്ന് മാസത്തെ കാലാവധിയാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. ഈ കാലയളവിനുള്ളില്‍ തന്നെ ഹിയറിങ് പൂര്‍ണമാക്കി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറാനാണ് കമ്മിഷന്റെ നീക്കം.
അതിനിടെ, മുനമ്പത്തെ വഖഫ് ഭൂമി അന്യാധീനപ്പെടുത്തിയ ഫാറൂഖ് കോളജ് മാനേജ്‌മെന്റിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി. വഖഫ് സംരക്ഷണ സമിതി പ്രവര്‍ത്തകരായ മുഹമ്മദ് അമാനുള്ള, എ.എം സുന്നഹജന്‍ എന്നിവരാണ് എറണാകുളം റൂറല്‍ പൊലീസില്‍ പരാതി നല്‍കിയത്. മുനമ്പത്തെ 404 ഏക്കര്‍ വഖഫ് ഭൂമി തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് സമരം തുടരുന്ന വഖഫ് സംരക്ഷണ സമിതിയിലെ അംഗങ്ങളാണ് ഇവര്‍. എറണാകുളം റൂറല്‍ എസ്പി ക്കാണ് പരാതി നല്‍കിയത്.
1950ല്‍ വഖഫായി രജിസ്റ്റര്‍ ചെയ്ത് ഫാറൂഖ് കോളജിന് കൈമാറിയതാണ് മുനമ്പത്തെ വഖഫ് ഭൂമിയെന്ന് ഇവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി . മുസ്ലിം സമുദായത്തിന്റെ ക്ഷേമത്തിന് വേണ്ടി ഉപയോഗിക്കേണ്ട ഭൂമി കൈമാറാന്‍ പാടില്ലെന്ന് ആധാരത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. എന്നാല്‍, ഫാറൂഖ് കോളജ് മാനേജ്‌മെന്റ് കമ്മിറ്റിയും പവര്‍ ഓഫ് അറ്റോണി ലഭിച്ച അഡ്വ. എം.വി പോളും ചേര്‍ന്ന് ഭൂരിഭാഗം ഭൂമിയും വിറ്റഴിച്ചു. ഈ വില്‍പ്പനക്ക് വഖഫ് ബോര്‍ഡിന്റെ അനുമതി ലഭിച്ചിട്ടില്ല. കോടികളുടെ വഖഫ് ഭൂമി നഷ്ടപ്പെടുത്തിയ ഫാറൂഖ് കോളജ് മാനേജ്‌മെന്റിനെതിരെ വഖഫ്, രജിസ്‌ട്രേഷന്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാണ് ഇവര്‍ പരാതിയില്‍ ആവശ്യപ്പെടുന്നത്
തിരുവിതാംകൂര്‍ മഹാരാജാവ് 1948 ല്‍ ഗുജറാത്തുകാരനായ സിദ്ദിഖ് സേഠിന്റെ പേരില്‍ തീറാധാരം ചെയ്ത ഭൂമിയുമായി ബന്ധപ്പെട്ടാണ് തര്‍ക്കം നിലനില്‍ക്കുന്നത്. 1950ല്‍ സിദ്ദിഖ് സേഠ് കോഴിക്കോട്ടെ ഫറൂഖ് കോളജിന് ഈ ഭൂമി വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി നല്‍കിയിരുന്നു. പിന്നീട് അവരില്‍ നിന്ന് മുനമ്പം ജനത പണം കൊടുത്ത് ഭൂമി വാങ്ങി. ആ ഭൂമിയില്‍ വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചു.
മുനമ്പം നിവാസികള്‍ പ്രക്ഷോഭ രംഗത്ത് ഇറങ്ങിയതോടെയാണ് വഖഫ് ഭീകരത മറ നീക്കിയത്. മുനമ്പത്തെ 610 കുടുംബങ്ങള്‍ പണം കൊടുത്തു വാങ്ങിയ ഭൂമിക്കുമേല്‍ വഖഫ് അവകാശം ഉന്നയിച്ചതിനെതിരെ നടത്തുന്ന സമരം 68 ദിവസം പിന്നിട്ടു.
മുനമ്പം ഭൂമി തങ്ങള്‍ക്ക് വഖഫ് ചെയ്തതല്ലെന്നും ദാനമായി കിട്ടിയതാണെന്നുമാണ് ഫറൂഖ് കോളജ് മാനേജ്മെന്റ് പറയുന്നത്. സിദ്ദിഖ് സേഠ് ഫറൂഖ് കോളജിന് നല്‍കിയ 404 ഏക്കര്‍ ഭൂമിയുടെ പേരിലാണ് മുനമ്പത്തെ തര്‍ക്കം. മുനമ്പത്തെ ഭൂമി ഫറൂഖ് കോളജ് മാനേജ്മെന്റ് വില്‍പന നടത്തിയെന്ന് പറഞ്ഞ് 2019 ല്‍ ഈ ഭൂമി വഖഫ് രജിസ്റ്ററില്‍ ചേര്‍ത്തിരുന്നു. ഭൂമിയില്‍നിന്ന് നികുതി പിരിക്കുന്നതും തടഞ്ഞു. അതിനെതിരെയാണ് ഫറൂഖ് കോളജിന്റെ ഹര്‍ജി. അത് വഖഫ് ഭൂമിയല്ലെന്ന് ഫറൂക്ക് കോളജ് മാനേജ്മെന്റ് പറയുന്നു.
അതിനാല്‍ മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് വിജ്ഞാപനം ചെയ്തുകൊണ്ടുള്ള വഖഫ് ബോര്‍ഡിന്റെ വിധി, ഭൂമിയില്‍ നികുതി പിരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള തീരുമാനം എന്നീ ഉത്തരവുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഫറൂഖ് കോളജ് മാനേജ്മെന്റ് ഹര്‍ജി നല്‍കിയത്. അതേ സമയം കേസില്‍ സിദ്ദിഖ് സേഠിന്റെ കുടുംബം, വഖഫ് സംരക്ഷണ സമിതി എന്നിവര്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.