മുണ്ടക്കൈ പുനരധിവാസത്തിനായി പാട്ടഭൂമി ഏറ്റെടുക്കുന്നത് പൊന്നുംവില നല്‍കി; പാട്ടഭൂമി കൈവശം വെച്ചിരിക്കുന്നവര്‍ക്ക് ഭൂമിക്കുമേല്‍ ഉടമാവകാശം ഉണ്ടാകുമോയെന്ന ചോദ്യം ബാക്കി; തോട്ടം ഉടമകളുടെ സമ്മര്‍ദത്തിന് മുഖ്യമന്ത്രിയും സര്‍ക്കാറും വഴങ്ങുന്നു; നഷ്ടപരിഹാരത്തുക നിശ്ചയിക്കാന്‍ ഒരുങ്ങി വയനാട് കലക്ടര്‍
മുണ്ടക്കൈ പുനരധിവാസത്തിനായി പാട്ടഭൂമി ഏറ്റെടുക്കുന്നത് പൊന്നുംവില നല്‍കി;
തിരുവനന്തപുരം: വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ എന്നിവിടങ്ങളിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്ന ചുമതല ഇപ്പോഴത്തെ സാഹചര്യത്തില്‍ പൂര്‍ണമായും സംസ്ഥാന സര്‍ക്കാറില്‍ നിക്ഷിപ്തമായ അവസ്ഥയിലാണ്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉദാസീനമായ സമീപനമാണ് സ്വീകരിക്കുന്നത്. കേന്ദ്രഫണ്ടായി എത്രതുക ലഭിക്കുമെന്ന കാര്യത്തില്‍ യാതൊരു വ്യക്തതയും കൈവന്നിട്ടില്ല. ഇതോടെയാണ് വയനാട്ടില്‍ പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാന്‍ സ്ഥലം കണ്ടെത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പിണറായി സര്‍ക്കാറിന്റെ പ്രസ്റ്റീജ് പദ്ധതിയായി ഈ ടൗണ്‍ഷിപ്പ് നിര്‍മാണം മാറ്റാനാണ് ഒരുങ്ങുന്നത്. അതുകൊണ്ട് തന്ന നിയമ പോരാട്ടത്തിന് നില്‍ക്കാതെ അതിവേഗം ഭൂമി ഏറ്റടുക്കല്‍ വഴിയിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. എന്നാല്‍, ഇങ്ങനെ ഭൂമി ഏറ്റെടുക്കുമ്പോള്‍ തന്നെ തോട്ടം ഉടമകള്‍ക്ക് പൊന്നും വില നല്‍കി സ്ഥലം ഏറ്റെടുക്കാനാണ് ഒരുങ്ങുന്നത്. ഇത് തോട്ടം ഉടമകളുടെ സമ്മര്‍ദത്തിന് സര്‍ക്കാര്‍ വഴങ്ങുകയാണെന്ന ആക്ഷേപം ശക്തമാക്കുന്നതാണ്.
പുനരധിവാസത്തിന് രണ്ട് ടൗണ്‍ഷിപ്പുകള്‍ക്ക് നിര്‍മിക്കുന്നതിന് ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാനും 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കല്‍പറ്റയിലെയും നെടുമ്പാലയിലെയും എസ്റ്റേറ്റുകള്‍ ദുരന്ത നിവാരണ നിയമപ്രകാരം ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് കൈവശം വെച്ചിരിക്കുന്നവര്‍ ഹൈകോടതിയില്‍ ഹരജി നല്‍കിയതോടെയാണ് റവന്യു വകുപ്പ് സിവില്‍ കോടതിയില്‍ കേസ് നല്‍കിയത്. ഭൂമിക്കുമേല്‍ സര്‍ക്കാരിന്റെ ഉടമസ്ഥത സ്ഥാപിക്കുന്നതിനാണ് കോടതിയില്‍ കേസ് നല്‍കിയത്.
ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന് നീക്കം നടത്തിയപ്പോള്‍ റവന്യൂ വകുപ്പ് ചോദിച്ചത് സര്‍ക്കാര്‍ ഭൂമി സര്‍ക്കാര്‍ എന്തിന് വിലകൊടുത്ത് ഏറ്റെടുക്കണമെന്നാണ്. നിവേദിത പി. ഹരന്‍ മുതല്‍ എം.ജി. രാജമാണിക്യം വരെ നല്‍കിയ റിപ്പോര്‍ട്ടുകള്‍ പ്രകാരമാണ് ഈ ചോദ്യം ഉന്നയിച്ചത്. പാട്ടഭൂമി കൈവശം വെച്ചിരിക്കുന്നവര്‍ക്ക് ഉടമസ്ഥതയില്ല.
എന്നാല്‍, 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം നഷ്ടപരിഹാരം നല്‍കണമെന്നാണ് 2024ല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചത്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഈ വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യത്തില്‍ അഡ്വക്കറ്റ് ജനറലിനോട് റവന്യൂ വകുപ്പ് നിയമോപദേശം തേടിയിരുന്നു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി പ്രകാരം 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം നഷ്ടപരിഹാരം നല്‍കണമെന്നാണ് എ.ജി സര്‍ക്കാരിനെ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം പൊന്നുംവില നില്‍കി ഭൂമി ഏറ്റെടുക്കുന്നതിന് തീരുമാനമെടുത്തത്.
ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടു പോകാനും നഷ്ടപരിഹാരത്തുക നിശ്ചയിക്കാനും വയനാട് കലക്ടര്‍ ഡി.ആര്‍. മേഘശ്രീയെ ചുമതലപ്പെടുത്തി. നഷ്ടപരിഹാരം നല്‍കുമെങ്കിലും ഭൂമിയുടെ ഉടമസ്ഥത സര്‍ക്കാരിനാണെന്നു വാദിച്ച് ഈ എസ്റ്റേറ്റുകള്‍ക്ക് എതിരെ റവന്യു വകുപ്പ് നല്‍കിയിട്ടുള്ള കേസുകളിലെ വിധിന്യായത്തിന് വിധേയമായി നടപടികള്‍ സ്വീകരിക്കുമെന്ന് ഉടമ്പടി വെക്കും.
രണ്ട് എസ്റ്റേറ്റുകളിലെയും പ്രാഥമിക സര്‍വേ പൂര്‍ത്തിയായതായി വയനാട് കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍ സിപ്പല്‍ സെക്രട്ടറി കെ.എം. ഏബ്രഹാം, റവന്യൂ- ദുരന്തനിവാരണ വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ലാന്‍ഡ് റവന്യു കമീഷണര്‍ എ. കൗശികന്‍ തുടങ്ങിയവരും പങ്കെടുത്തു.
അതേസമയം, പാട്ടഭൂമി പൊന്നും വില നല്‍കി ഏറ്റെടുക്കുന്നത് ചരിത്രത്തിലെ ആദ്യസംഭവമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. ഭൂപരിഷ്‌കരണ നിയമപ്രകാരം 15 ഏക്കറിലധികമുള്ള ഭൂമി മിച്ചഭൂമിയാണ്. അതിന് നിയമപരമായി പൊന്നും വില നല്‍കാനാവില്ലെന്നാണ് അവരുടെ അഭിപ്രായം. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് രേഖകള്‍ പരിശോധിക്കാതെ കലക്ടര്‍ക്ക് എങ്ങനെ നഷ്ടപരിഹാരം നല്‍കാനാവും. പാട്ടഭൂമി കൈവശം വെച്ചിക്കുന്നവര്‍ക്ക് ഭൂമിക്കുമേല്‍ ഉടമാവകാശമുണ്ടോ എന്ന ചോദ്യമാണ് ഇവിടെ പ്രസക്തമാകുന്നത്.
പാട്ടഭൂമിക്ക് പണം നല്‍കി ഏറ്റെടുക്കുന്ന നടപടി ഭാവിയില്‍ സര്‍ക്കാറിന് മറ്റ് ഭൂമികള്‍ നഷ്ടമാകാന്‍ ഇടനല്‍കുന്നതായി മാറുമെന്ന ആശങ്കയും ശക്തമാണ്. നേരത്തെ കെഎസ്ഇബിയുടെ മണിയാര്‍ പദ്ധതിയുടെ നടത്തിപ്പ് പുതുക്കാന്‍ സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടതും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനിടെയാണ് പാട്ടഭൂമിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ തോട്ടമുടകളുടെ വഴിയേ പോകുന്നത്.
അതേസമയം മുണ്ടക്കൈ-, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ സ്വന്തംനിലയില്‍ തുക കണ്ടെത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. പുനരധിവാസത്തിന് തുക അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ ഹൈക്കോടതിയില്‍ വ്യക്തമായ മറുപടി പറയാതെ മാസങ്ങളോളം നടത്തിയ ഒളിച്ചുകളിക്ക് ഒടുവിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
ദുരന്തബാധിതരുടെ പുനരധിവാസത്തിന് കേന്ദ്രസര്‍ക്കാരിനെ ആശ്രയിക്കരുതെന്ന നിലപാടെടുത്ത കേന്ദ്രം, വായ്പ എഴുതിത്തള്ളുന്നതില്‍ മൂന്നാഴ്ചയ്ക്കകം തീരുമാനം അറിയിക്കാമെന്നും പറഞ്ഞു. കോവിഡ് കാലത്തുപോലും വായ്പയ്ക്ക് മോറട്ടോറിയംമാത്രമാണ് നല്‍കിയതെന്നും കേന്ദ്രം വ്യക്തമാക്കി. അതിതീവ്രദുരന്തമായി പ്രഖ്യാപിച്ചതിനാല്‍ വായ്പ എഴുതിത്തള്ളുന്നതില്‍ നടപടിയെടുക്കാന്‍ എന്താണ് തടസ്സമെന്നും ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നും ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. മറുപടി നല്‍കാന്‍ കേന്ദ്രം കൂടുതല്‍ സമയംതേടി.
കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതോടെ, ദുരന്തബാധിതരുടെ പുനരധിവാസത്തിന് സംസ്ഥാന സര്‍ക്കാര്‍ സ്വന്തംനിലയില്‍ തുക കണ്ടെത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ദുരന്തനിവാരണ ഫണ്ടിലെ മുക്കാല്‍ഭാഗം ചെലവഴിച്ചശേഷം അറിയിക്കാനും ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരന്‍ നമ്പ്യാര്‍, എസ് ഈശ്വരന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു. ദുരന്തമേഖലയില്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെയും പുനരധിവാസത്തിന് ഊരാളുങ്കല്‍ സൊസൈറ്റിയെ തെരഞ്ഞെടുത്തത് സംബന്ധിച്ചും വിശദ റിപ്പോര്‍ട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ചു.