സ്‌കൂളില്‍ വച്ച് തലകറക്കവും ശര്‍ദ്ദിയും ഉണ്ടായി അവശയായി തളര്‍ന്നു വീണു; മെഡിക്കല്‍ കോളേജില്‍ പരിശോധനയില്‍ കണ്ടത് ശ്വാസകോശത്തിനു സമീപം അര്‍ബുദബാധ; ഗുരുതരാവസ്ഥയില്‍ അമൃതയില്‍ ചികിത്സയില്‍ കഴിയുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിനി സുമനസുകളുടെ സഹായം തേടുന്നു

പ്ലസ് വണ്‍ വിദ്യാര്‍ഥിനി സുമനസുകളുടെ സഹായം തേടുന്നു

Update: 2025-09-16 09:45 GMT

തൊടുപുഴ: ക്യാന്‍സര്‍ രോഗബാധിതയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ ചികിത്സക്ക് പണം കണ്ടെത്താനാകാതെ സുമനസുകളുടെ സഹായം പ്രതീക്ഷിച്ച് നിര്‍ധന കുടുംബം. തൊടുപുഴ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മൃണാളിനി രാജിന്റെ കുടുംബമാണ് സുമനസുകളുടെ സഹായം തേടുന്നത്. ഗുരുതരാവസ്ഥയിലായതിനെത്തുടര്‍ന്ന് അമൃത മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് മൃണാളിനി. ദിവസേന പതിനായിരങ്ങളാണ് മരുന്നിനും ചികിത്സക്കുമായി ചെലവാകുന്നത്.

ഓണത്തിന് ഒരാഴ്ച്ച മുന്‍പാണ് മൃണാളിനി രോഗബാധിതയാകുന്നത്. സ്‌കൂളില്‍ വച്ച് തലകറക്കവും ശര്‍ദ്ദിയും ഉണ്ടായതിനെത്തുടര്‍ന്ന് അവശയായി വീഴുകയായിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോലഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിച്ചു നടത്തിയ പരിശോധനയിലാണ് ശ്വാസകോശത്തിനു സമീപം അര്‍ബുദബാധ കണ്ടെത്തിയത്. തുടര്‍ന്ന് അമൃത മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഡ്രൈവറായി ജോലി ചെയ്യുന്ന പിതാവ് പി.കെ രാജേഷും രോഗിയായ ഭാര്യയും മൂന്ന് പെണ്‍മക്കളും അടങ്ങുന്നതാണ് മൃണാളിനിയുടെ കുടുംബം. മൂത്ത മകള്‍ നഴ്സിങ് വിദ്യാര്‍ത്ഥിനിയും രണ്ടാമത്തെ മകള്‍ പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയുമാണ്.

കൈവശമുണ്ടായിരുന്നതെല്ലാം വിറ്റും കടം വാങ്ങിയും മൂന്നുലക്ഷത്തോളം രൂപ ഇതുവരെ ചികിത്സയ്ക്കായി ചിലവഴിച്ചു. ഏകദേശം എട്ട് ലക്ഷത്തോളം രൂപ ചികിത്സക്കായി ഇനിയും ആവശ്യമുണ്ട്. ചെറിയ വരുമാനം കൊണ്ട് വീട്ടുചെലവ് തന്നെ നടത്തിക്കൊണ്ട് പോകുവാന്‍ ബുദ്ധിമുട്ടുന്ന ഈ കുടുംബത്തെ സഹായിക്കുവാന്‍ സുമനസുകള്‍ തയ്യാറാകണമെന്ന് തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ ദീപക് അഭ്യര്‍ത്ഥിച്ചു. മുന്‍ വൈസ് ചെയര്‍മാന്‍ ടി.കെ സുധാകരന്‍ നായര്‍ ഉള്‍പ്പെടെയുള്ളവര്‍ മൃണാളിനിയുടെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനുള്ള ശ്രമം നടത്തി വരികയാണ്.

പിതാവ് പി.കെ രാജേഷിന്റെ പേരില്‍ തൊടുപുഴ മാതാ കോംപ്ലക്സിലുള്ള എസ്.ബി.ഐയില്‍ അക്കൗണ്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 20122366015, IFSC: SBIN0008674, രാജേഷിന്റെ ഫോണ്‍ നമ്പരും ജീ പേ നമ്പരുമാണിത്. - നമ്പര്‍: 9037241612. ജോലി ചെയ്ത് മൂന്ന് പെണ്‍കുട്ടികളെയും നല്ല രീതിയില്‍ പഠിപ്പിച്ചുവന്ന ഒരു കുടുംബത്തിനാണ് ഇളയ കുട്ടിയുടെ ഗുരുതരരോഗം പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. കീമോതെറാപ്പി കൂടി ആവശ്യമായതിനാല്‍ ദിവസേന പതിനായിരങ്ങളാണ് ചികിത്സക്കായി വേണ്ടിവരുന്നത്. സുമനസുകള്‍ മനസ്സുവച്ചാല്‍ ചികിത്സാ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

പണം അയക്കേണ്ടത്:

P K രാജേഷ്

SBI Branch Thodupuzha

അക്കൗണ്ട് നമ്പര്‍: 20122366015

IFSC: SBIN0008674

ജി പേ വഴി പണം അയക്കാനുള്ള നമ്പര്‍: 9037241612

Tags:    

Similar News