സംശയാസപദമായ സാഹചര്യത്തില്‍ ഡ്രോണുകള്‍; മ്യൂണിക്ക് വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടു; ഒക്ടോബര്‍ ഫെസ്റ്റിൽ പങ്കെടുക്കാനായി എത്തുന്ന വിനോദസഞ്ചാരികളെ ആശങ്കയിലാക്കി യാത്രാതടസ്സം;സുരക്ഷ ശക്തമാക്കി അധികൃതര്‍
മ്യൂണിക്ക്: സംശയാസപദമായ സാഹചര്യത്തില്‍ ഡ്രോണുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജര്‍മ്മനിയിലെ മ്യൂണിക്ക് വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടു. ഇന്നലെ വൈകുന്നേരത്തോടെയാണ് ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനെ തുടര്‍ന്ന് ഇരുപതോളം വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ലോകപ്രശസ്തമായ ഒക്ടോബര്‍ ഫെസ്റ്റ് ബിയര്‍ ഫെസ്റ്റിവലിനായി ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികള്‍ മ്യൂണിക്കിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.
യാത്രാ തടസ്സം ആയിരക്കണക്കിന് യാത്രക്കാരെ ബാധിച്ചേക്കാം എന്നാണ് റിപ്പോര്‍ട്ട്. ഡ്രോണ്‍ ദൃശ്യങ്ങള്‍ ഫെഡറല്‍ പോലീസ് സ്ഥിരീകരിച്ചു. എന്നാല്‍ അവയുടെ വിശദാംശങ്ങള്‍ അധികൃതര്‍ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. വ്യാഴാഴ്ച രാത്രി 9.30 ഓടെയാണ് ആദ്യത്തെ ഡ്രോണുകള്‍ കണ്ടതെന്നും അവ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും പ്രാദേശിക അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് അന്വേഷണം നടത്തിയെങ്കിലും ഡ്രോണുകളെയോ അവയുടെ ഉടമകളെയോ തിരിച്ചറിയാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. രാത്രി 10.30 ഓടെ, വിമാനത്താവളത്തിന്റെ രണ്ട് റണ്‍വേകളും അടച്ചിടുകയായിരുന്നു.
വിമാനങ്ങള്‍ പറന്നുയരുകയോ ഇറങ്ങുകയോ ചെയ്യുന്നത് തടഞ്ഞിരുന്നു. ഡ്രോണ്‍ പറക്കലുകള്‍ക്ക് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. അതേസമയം ഓഫീസര്‍മാരെയും പോലീസ് ഹെലികോപ്റ്ററുകളെയും സ്ഥലത്തേക്ക് വിന്യസിച്ചിരുന്നു. അജ്ഞാത ഡ്രോണുകള്‍ ചാരപ്പണി നടത്തിയിരിക്കാമെന്ന സാധ്യതകള്‍ അന്വേഷിക്കുകയാണെന്ന് ജര്‍മ്മന്‍ അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം 25 ന് കിയേല്‍ നഗരത്തിലെ ഒരു പവര്‍ പ്ലാന്റിന് മുകളിലും ഒരു യൂണിവേഴ്‌സിറ്റി ആശുപത്രിക്കും കപ്പല്‍ശാലയ്ക്കും സമീപവും ഒന്നിലധികം ഡ്രോണുകള്‍ കണ്ടെത്തിയതായി ജര്‍മ്മന്‍ വാര്‍ത്താ ഏജന്‍സിയായ ഡെര്‍ സ്പീഗല്‍ റിപ്പോര്‍ട്ട് ചെയ്തു.
സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജര്‍മ്മനി ഉള്‍പ്പെടെയുള്ള നിരവധി നാറ്റോ രാജ്യങ്ങള്‍ അതീവ ജാഗ്രതയിലാണ്. ബാള്‍ട്ടിക് കടല്‍ മേഖലയില്‍ നാറ്റോ സഖ്യം ജാഗ്രത വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെ ഡെന്‍മാര്‍ക്ക് പ്രതിരോധ മന്ത്രാലയം തങ്ങളുടെ നിരവധി സായുധ സേനാ കേന്ദ്രങ്ങളില്‍ വീണ്ടും ഡ്രോണുകള്‍ നിരീക്ഷിച്ചതായി വ്യക്തമാക്കിയിരുന്നു. ജര്‍മ്മനിയും ഡ്രോണ്‍ പ്രതിരോധം ശക്തിപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ഡ്രോണ്‍ നിരീക്ഷണത്തെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. പോളണ്ടിലും എസ്‌തോണിയയിലും റഷ്യയുടെ യുദ്ധ വിമാനങ്ങള്‍ കടന്നുകയറ്റം നടത്തിയതായി വാര്‍ത്തകള്‍ പുറത്തു വന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടതിനേയും ജര്‍മ്മനി സംശയത്തോടെയാണ് നോക്കിക്കാണുന്നത്. യൂറോപ്പിലെ റഷ്യയുടെ ആസ്തികള്‍ മരവിപ്പിക്കാനുള്ള ഒരു നീക്കവും യൂറോപ്യന്‍ യൂണിയന്റെ പരിഗണനയിലാണ്. എന്നാല്‍ റഷ്യ ഈ നീക്കത്തെ മോഷണം എന്നാണ് ആരോപിക്കുന്നത്