ആഗ്രഹിച്ചത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകാന്‍; എന്‍ എസ് എസിന്റേയും സുകുമാരന്‍ നായരുടേയും പിന്തുണയില്‍ ആ ആഗ്രഹം സാധിക്കുമെന്നും പ്രതീക്ഷിച്ചു; ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളയില്‍ 'ചെമ്പു തെളിഞ്ഞത്' കേസില്‍ പ്രതിയാക്കി; അര്‍ദ്ധ രാത്രി വീട് വളഞ്ഞ് കസ്റ്റഡിയില്‍ എടുത്തു; ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ്; മുരാരി ബാബുവിനെ പൂട്ടി എസ് എ ടി
തിരുവനന്തപുരം: ശബരിമല മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു അറസ്റ്റില്‍. ഇന്നലെ രാത്രി പത്ത് മണിയോടെ പെരുന്നയിലെ വീട്ടില്‍വച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.വിശദമായി ചോദ്യം ചെയ്യാന്‍ വേണ്ടിയാണ് മുരാരി ബാബുവിനെ തിരുവനന്തപുരത്തെത്തിച്ചത്. സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത മുരാരി ബാബുവിനെ വിശദമായി ചോദ്യം ചെയ്തിരുന്നു. കേസിലെ രണ്ടാം അറസ്റ്റാണ് ഇത്.
കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമിരുത്തിയായിരിക്കും മുരാരി ബാബുവിന്റേയും ചോദ്യം ചെയ്യല്‍. ശേഷം പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി കോന്നിയിലെ കോടതിയില്‍ ഹാജരാക്കും. പോലീസ് കസ്റ്റഡിയിലും വാങ്ങും. അതിന് ശേഷവും വിശദ ചോദ്യം ചെയ്യല്‍ നടക്കും. മുരാരി ബാബുവിന്റെ മൊഴി കേസില്‍ നിര്‍ണ്ണായകമാണ്. ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളി കടത്തിയ കേസിലെ രണ്ടാം പ്രതിയാണ് മുരാരി ബാബു. ഇയാള്‍ ആര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്. കൂടാതെ തൊണ്ടിമുതല്‍ കണ്ടെത്തുകയും വേണം. മുരാരി ബാബുവിനെ ചോദ്യം ചെയ്താല്‍ നിര്‍ണായക വിവരം ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍. നിലവില്‍ ഡെപ്യൂട്ടി കമ്മിഷണറും മുന്‍പ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെ ദേവസ്വം ബോര്‍ഡ് നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. സ്വര്‍ണംപൂശിയിരുന്ന ദ്വാരപാലക ശില്‍പങ്ങളില്‍ ചെമ്പ് തകിടെന്ന് മഹസറില്‍ രേഖപ്പെടുത്തിയത് മുരാരി ബാബുവായിരുന്നു. ഇതിനെത്തുടര്‍ന്നാണ് മുരാരി ബാബുവിനെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.എന്നാല്‍ സംഭവത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്നും ചെമ്പ് തെളിഞ്ഞതുകൊണ്ടാണ് വീണ്ടും സ്വര്‍ണം പൂശാന്‍ നല്‍കിയതെന്നുമായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്. താന്‍ നല്‍കിയത് പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണെന്നും പരിശോധനയ്ക്ക് ശേഷം അനുമതി നല്‍കുന്നത് തനിക്ക് മുകളില്‍ ഉള്ള ഉദ്യോഗസ്ഥരാണെന്നും മുരാരി ബാബു വിശദീകരിച്ചിരുന്നു.
ന്‍ എസ് എസിനും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരേയും പ്രതിസന്ധിയിലാക്കി സസ്‌പെന്‍ഷനിലുള്ള ദേവസ്വംബോര്‍ഡ് ഉദ്യോഗസ്ഥന്‍ മുരാരി ബാബുവിനെതിരേ കൂടുതല്‍ ആരോപണങ്ങള്‍ പുറത്തു വന്നിരുന്നു. മുരാരി ബാബു ജോലി ചെയ്ത പല സ്ഥലത്തും അഴിമതികള്‍ നടന്നു. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടും ആക്ഷേപമുണ്ട്. ആനയെ എഴുന്നള്ളിക്കാന്‍ സ്പോണ്‍സര്‍മാരില്‍നിന്ന് വലിയ ഏക്കത്തുക വാങ്ങിയെന്നാണ് ആക്ഷേപം. പക്ഷേ, ഉടമകള്‍ക്ക് നാമമാത്രമായ തുകയേ കൊടുത്തുള്ളൂ. ബാക്കിതുകയില്‍ ക്രമക്കേട് നടന്നുവെന്നാണ് സൂചന. എന്‍ എസ് എസ് പെരുന്ന കരയോഗം വൈസ് പ്രസിഡന്റായിരുന്നു മുരാരി ബാബു. അടുത്ത സമയത്ത് ഈ പദവി രാജിവച്ചു. വിവാദങ്ങളെ തുടര്‍ന്നാണ് ഇത്. ഭാവിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകാന്‍ മുരാരി ബാബു ആഗ്രഹിച്ചിരുന്നു. ഇടതു സര്‍ക്കാരുമായി എന്‍ എസ് എസ് അടുത്തതോടെ പ്രതീക്ഷയും കൂടി. ഇതിനിടെയാണ് സ്വര്‍ണ്ണ കൊള്ള ചര്‍ച്ചയാകുന്നത്. ആഗോള അയ്യപ്പ സംഗമ വേദിയില്‍ സര്‍ക്കാരിനൊപ്പം എന്‍ എസ് എസിനെ എത്തിച്ചതും മുരാരി ബാബുവിന്റെ കൂടി ഇടപെടലിലാണ്.
ഉത്സവത്തിന് വൈക്കത്ത് 83 ആനകളെയും ഏറ്റുമാനൂരിലും തിരുനക്കരയിലും 58-60 ആനകളെയും വേണം. ഒരേ ആന തന്നെ ക്ഷേത്രത്തില്‍ തുടരും. പക്ഷേ, ഓരോ ചടങ്ങിനും സ്‌പോണ്‍സര്‍ മാറിവരും. അതായത് ഒരേ ആനയ്ക്ക് പല ചടങ്ങിന് പല സ്പോണ്‍സര്‍ ഉണ്ടാകും. ഇത് ഉടമ അറിയണമെന്നില്ല. പത്ത് ചടങ്ങുണ്ടെങ്കില്‍ പത്ത് സ്പോണ്‍സര്‍മാരില്‍നിന്ന് തുക സ്വീകരിക്കും. ബോര്‍ഡ് അക്കൗണ്ട് വഴിയാകണം ഉത്സവ പണശേഖരണം എന്നാണ് ചട്ടം. പക്ഷേ, മിക്ക ക്ഷേത്രങ്ങളിലും ചുമതലയുള്ള ഉദ്യോഗസ്ഥന്‍ നേരിട്ട് പണം പറ്റും. കൂടുതല്‍തുക സ്വീകരിക്കണമെങ്കില്‍, ബോര്‍ഡിന്റെ അനുമതി വാങ്ങണമെന്നാണ് ചട്ടം. ആനയുടെ വാടക ആന ഉടമകള്‍ക്ക് നേരിട്ട് നല്‍കും. അതായത് പത്ത് ചടങ്ങുകള്‍ക്ക് സ്പോണ്‍സര്‍മാരില്‍ നിന്നും പണം വാങ്ങും, എന്നാല്‍ ഉടമസ്ഥന് ഒരു തുക മാത്രമേ നല്‍കൂ. അതായത് ബാക്കിയെല്ലാം ഇടനില നില്‍ക്കുന്ന ഉദ്യോഗസ്ഥന് നല്‍കും. മാതൃഭൂമിയാണ് ഈ തട്ടിപ്പും റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദേവസ്വംബോര്‍ഡിന്റെ ആനകള്‍ ഇല്ലാത്തപ്പോഴാണ് പുറത്തുനിന്നുള്ള ആനകളെ വാടകയ്ക്ക് കൊണ്ടുവരുന്നത്. 15,000 രൂപയാണ് ബോര്‍ഡ് ആനയ്ക്ക് നല്‍കുന്ന തുക. ഇതും പരിമിതമായ എണ്ണം ആനകള്‍ക്കേ കിട്ടൂ. മുരാരി ബാബു ഉത്സവങ്ങളുടെ സ്പെഷ്യല്‍ ഓഫീസറായി വരാറുണ്ട്. ആന ഉടമകളുമായുള്ള പരിചയം മുരാരി ഉപയോഗിക്കും. മുരാരി ബാബു ഏറ്റുമാനൂരില്‍ അഡ്മിനിസ്ടേറ്റീവ് ഓഫീസര്‍, അസി.ദേവസ്വം കമ്മിഷണര്‍, വൈക്കം ഡെപ്യൂട്ടി കമ്മിഷണര്‍, തിരുനക്കര അസി. ദേവസ്വം കമ്മിഷണര്‍ എന്നീ തസ്തികകളില്‍ ജോലിചെയ്തിരുന്നു. ഇങ്ങനെ ആന തട്ടിപ്പും നടത്തിയെന്നാണ് ആരോപണം. സ്വര്‍ണ്ണ കൊള്ളയില്‍ പൊളിഞ്ഞത് മുരാരി ബാബുവിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാക്കാനുള്ള നീക്കമായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥാനായ മുരാരി ബാബുവിന്റെ മനസ്സില്‍ പ്രസിഡന്റ് സ്ഥാന മോഹമുണ്ടായിരുന്നു. എന്‍ എസ് എസ് പെരുന്ന കരയോഗത്തിന്റെ വൈസ് പ്രസിഡന്റായി മാറിയതും ഈ ലക്ഷ്യത്തോടെയായിരുന്നു. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയ്ക്ക് യുഡിഎഫില്‍ നല്ല സ്വാധീനമുണ്ട്.
ഇതിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനുമായും അടുത്തതോടെ ദേവസ്വത്തില്‍ നിന്നും വിരമിച്ചാല്‍ അടുത്ത ഭരണസമിതിയുടെ അധ്യക്ഷനാകാമെന്നും കണക്കു കൂട്ടി. ആഗോള അയ്യപ്പ സംഗമവുമായി എന്‍ എസ് എസ് അടുത്തതിന് പിന്നിലും മുരാരി ബാബുവിന് പങ്കുണ്ടായിരുന്നു. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറും കോട്ടയത്തെ മന്ത്രി വിഎന്‍ വാസവനും ഇക്കാര്യത്തില്‍ പ്രത്യക്ഷ അവകാശ വാദങ്ങള്‍ ഉന്നയിച്ചപ്പോള്‍ ഇതിന് പിന്നിലെ രഹസ്യ ചാലക ശക്തി മുരാരി ബാബുവായിരുന്നു. സ്വര്‍ണ്ണ കൊള്ളയില്‍ മുരാരി ബാബു പ്രതിയായത് അറിഞ്ഞ് എന്‍ എസ് എസ് ആസ്ഥാനം ഞെട്ടലിലായി. തല്‍കാലം ശബരിമല വിഷയങ്ങളിലൊന്നും എന്‍ എസ് എസ് ഇടപെടില്ല. മൗനത്തില്‍ തുടരും. അതിനിടെ സുകുമാരന്‍ നായര്‍ക്കെതിരെ പ്രതിഷേധം തുടരുകയാണ്. ഇന്ന് പെരുന്നയില്‍ പ്രതിഷേധ പ്രകടനം അടക്കം നടന്നു.
ശബരിമല ദ്വാരപാലക ശില്‍പ്പപാളിയിലെ സ്വര്‍ണം കവര്‍ന്ന കേസിലെ രണ്ടാം പ്രതിയും മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബുവിനെ പ്രത്യേക അന്വേഷക സംഘം ഉടന്‍ കസ്റ്റഡിയിലെടുക്കും എന്നാണ് സൂചന. സ്വര്‍ണം പൊതിഞ്ഞ ശില്‍പ്പപാളികള്‍ വെറും ചെമ്പുതകിടുകള്‍ എന്ന് മഹസറില്‍ എഴുതി ശുപാര്‍ശ നല്‍കിയത് മുരാരി ബാബുവാണ്. മറ്റ് പ്രതികള്‍ക്കും അന്വേഷക സംഘം ചോദ്യംചെയ്യല്‍ നോട്ടീസ് നല്‍കിത്തുടങ്ങി. മോഷ്ടിച്ച സ്വര്‍ണം ഉണ്ണിക്കൃഷ്ണന്‍ പോറ്റി കൈമാറിയെന്ന് കരുതുന്ന ബംഗളൂരു സ്വദേശി കല്‍പേഷ്, ഹൈദരാബാദില്‍ സ്വര്‍ണപ്പണികള്‍ ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയായ നാഗേഷ് എന്നിരെയും ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന. ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണം വേര്‍തിരിച്ചുനല്‍കിയ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ പങ്കും അന്വേഷിക്കുകയാണ്. ഗൂഢാലോചനയില്‍ ഇവര്‍ക്കും പങ്കുണ്ടെന്ന് കണ്ടെത്തി. സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരിയും നാഗേഷും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നാണ് വിവരം.
മുരാരി ബാബുവിനെ പെരുന്ന എന്‍എസ്എസ് കരയോഗം വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവയ്പിച്ച് കരയോഗം ഇടപെടല്‍ നടത്തിയതും അറസ്റ്റ് ഉറപ്പായതോടെയാണ്. എന്‍എസ്എസ് നേതൃത്വത്തിന്റെ ഇടപെടലിനെതുടര്‍ന്നാണ് രാജി. ആരോപണ വിധേയനായ ആള്‍ വൈസ്പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് ചൂണ്ടിക്കാട്ടി കരയോഗം ഭാരവാഹികള്‍ രാജി ആവശ്യപ്പെട്ടിരുന്നു. മുരാരി ബാബു നല്‍കിയ രാജി കരയോഗംചേര്‍ന്ന് അംഗീകരിച്ചു. തെളിവുകളുടെ അടിസ്ഥാനത്തില്‍ ദേവസ്വം ബോര്‍ഡ് ഇയാളെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്‍എസ്എസ് കരയോ?ഗം ഭാരവാഹിത്വം രാജിവയ്ക്കാന്‍ ജനറല്‍ സെക്രട്ടറിയും താലൂക്ക് യൂണിയന്‍ ഭാരവാഹികളും മുരാരി ബാബുവിനോട് രാജി ആവശ്യപ്പെട്ടിരുന്നു. പിന്നീട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ ആവശ്യപ്രകാരമാണ് രാജി എഴുതിവാങ്ങിയത്. സുകുമാരന്‍ നായരുടെ അടുത്ത അനുയായിയാണ് അടുത്ത കാലം വരേയും മുരാരി ബാബു അറിയപ്പെട്ടിരുന്നത്.
മുരാരി ബാബുവിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഹരിപ്പാട് ദേവസ്വം ഡപ്യൂട്ടി കമ്മിഷണറായിരിക്കെയാണ് സസ്‌പെന്‍ഷന്‍. ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ആയിരിക്കെ, ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വര്‍ണം പൂശിയ ദ്വാരപാലക ശില്‍പ്പങ്ങള്‍ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തി ഗുരുതര വീഴ്ചവരുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 2019ല്‍ സ്വര്‍ണം പൂശാനായി പാളികള്‍ പോറ്റിയെ ഏല്‍പിക്കുന്ന സമയത്തു ചെമ്പുപാളി എന്നെഴുതാന്‍ നിര്‍ദേശം നല്‍കിയ ഉദ്യോഗസ്ഥനാണു മുരാരി ബാബുവെന്നു ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു. 2024ല്‍ വീണ്ടും സ്വര്‍ണം പൂശാനായി പാളികള്‍ നല്‍കാന്‍ ഇദ്ദേഹം ആവശ്യപ്പെട്ടു എന്നും റിപ്പോര്‍ട്ടിലുണ്ട്.