എന്തിനും ഏതിനും കരുണാനിധി കൂടെ കൊണ്ടു പോയ സഹോദരിയുടെ മകന്‍; രാഷ്ട്രീയത്തിനൊപ്പം അമ്മാവനെ പോലെ തിരക്കഥയും എഴുതി; സണ്‍ നെറ്റ് വര്‍ക്കിനെ വളര്‍ത്തിയ അതികായന്‍; മൂത്ത മകന്‍ ബിസിനസ്സിലേക്ക് തിരിഞ്ഞപ്പോള്‍ ഇളയവനെ രാഷ്ട്രീയത്തിലേക്കും വിട്ടു; ഇപ്പോള്‍ വിദേശത്ത് പഠിച്ച മക്കള്‍ തമ്മില്‍ സ്വത്തിന്റെ പേരില്‍ തല്ലും; മുഖ്യമന്ത്രി സ്റ്റാലിന്‍ ആര്‍ക്കൊപ്പം നില്‍ക്കും? തര്‍ക്കം 23,000 കോടിയിലധികം മൂല്യമുള്ള കമ്പനിക്ക് വേണ്ടി; മാരന്‍ കുടുംബത്തില്‍ സംഭവിക്കുന്നത്

Update: 2025-06-20 07:36 GMT

ചെന്നൈ: സണ്‍ ടിവി നെറ്റ് വര്‍ക്കിന്റെ ഉടമകളായ മാരന്‍ സഹോദരന്മാര്‍ തമ്മിലെ സ്വത്ത് തര്‍ക്കം കോടതിയിലേക്ക്. തമിഴ്നാട്ടിലെ ഡിഎംകെ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന മുരശൊലി മാരന്റെ മക്കളായ കലാനിധി മാരനും ലോക്സഭ എംപിയും മുന്‍ കേന്ദ്ര മന്ത്രിയുമായ ദയാനിധി മാരനും തമ്മിലെ കുടുംബപ്പോര് തമിഴക രാഷ്ട്രീയത്തെ പോലും സ്വാധീനിച്ചേക്കും. കലാനിധി മാരനാണ് സണ്‍ നെറ്റ് വര്‍ക്കിന്റെ ചെയര്‍മാന്‍. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അടുത്ത ബന്ധുക്കളാണ് മാരന്‍ സഹോദരന്മാര്‍. ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ സ്ഥാപക നേതാവും സ്റ്റാലിന്റെ അച്ഛനായ മുത്തുവേല്‍ കരുണാനിധിയുടെ സഹോദരിയുടെ മകനാണ് മുരശലിമാരന്‍. അതുകൊണ്ട് തന്നെ ഈ വിവാദത്തില്‍ ഏത് പക്ഷം സ്റ്റാലിന്‍ പിടിക്കുമെന്നതാണ് ഏറെ ശ്രദ്ധേയമാകുക. സണ്‍ നെറ്റ്വര്‍ക്കിന്റെ ഓഹരികള്‍ അനധികൃത വഴികളിലൂടെ കലാനിധി മാരന്‍ സ്വന്തമാക്കിയെന്നാണ് സഹോദരനും ഡിഎംകെ എംപിയുമായ ദയാനിധി മാരന്റെ പരാതി. കലാനിധി മാരനും സണ്‍ ടിവിയിലെ പ്രധാന തസ്തികയിലുള്ളവര്‍ക്കുമെതിരേ മുന്‍ കേന്ദ്രമന്ത്രി കൂടിയായ ദയാനിധി മാരന്‍ ലീഗല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. വിവാദം വാര്‍ത്തയായതോടെ സണ്‍ ടിവി നെറ്റ് വര്‍ക്കിന്റെ ഓഹരിവിലകളിലും പ്രതിഫലിക്കപ്പെട്ടു. 1993ല്‍ കലാനിധി മാരനാണ് സണ്‍ ടിവി നെറ്റ്വര്‍ക്കിന് തുടക്കമിടുന്നത്. മാരന്‍ കുടുംബത്തിനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയുടെ കുടുംബത്തിനും ഓഹരി പങ്കാളിത്തമുള്ള കമ്പനിയായിട്ടായിരുന്നു തുടക്കം. 2006ല്‍ കമ്പനി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തു. ഈ കമ്പനിയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങളില്‍ കരുണാനിധി കുടുംബത്തിന് എന്തെങ്കിലും താല്‍പ്പര്യമുണ്ടോ എന്നും വ്യക്തമായിട്ടില്ല. 23,000 കോടിയിലധികം വിപണി മൂല്യമുള്ള ലിസ്റ്റഡ് കമ്പനിയാണ് സണ്‍ ടിവി നെറ്റ്വര്‍ക്ക്. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 941 കോടി രൂപയായിരുന്നു വരുമാനം. ലാഭം മുന്‍ പാദത്തെ 415 കോടി രൂപയില്‍ നിന്ന് 372 കോടിയായി കുറഞ്ഞിരുന്നു. 2024-25 സാമ്പത്തിവര്‍ഷം വരുമാനം 4,015 കോടി രൂപയും ലാഭം 1,704 കോടി രൂപയുമാണ്. മുന്‍ വര്‍ഷത്തേക്കാള്‍ വരുമാനത്തിലും ലാഭത്തിലും കുറവുണ്ടായി. വിവാദത്തെത്തുടര്‍ന്ന് ഓഹരികളില്‍ മൂന്ന് ശതമാനത്തിലധികം കുറവുണ്ടായി.

മുരശലിമാരന്‍ 36 വര്‍ഷം എംപിയായിരുന്നു. വി.പി. സിങ്ങിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരില്‍ നഗരവികസനകാര്യ വകുപ്പ് മന്ത്രിയായും ഐ.കെ. ഗുജ്‌റാള്‍, എച്ച്.ഡി. ദേവഗൗഡ മന്ത്രിസഭകളില്‍ വ്യവസായ വകുപ്പ് മന്ത്രിയായും എ.ബി. വാജ്‌പേയ് മന്ത്രിസഭയില്‍ വാണിജ്യ - വ്യവസായ വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചു. മുപ്പതോളം തമിഴ് ചലച്ചിത്രങ്ങള്‍ക്കും മുരസൊലി മാരന്‍ തിരക്കഥകള്‍ രചിച്ചിട്ടുണ്ട്. 1934 ഓഗസ്റ്റ് 17 - ന് എം. കരുണാനിധിയുടെ സഹോദരിയായ ഷണ്‍മുഖസുന്ദരിയുടേയും, ഷണ്‍മുഖസുന്ദരന്റേയും മകനായി തമിഴ്‌നാട്ടിലെ തിരുവാരൂരിലുള്ള തിരുക്കുവളൈ എന്ന ഗ്രാമത്തില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം മദ്രാസിലെ പച്ചൈയപ്പാ ലോ കോളേജില്‍ ബിരുദാനന്തരബിരുദ പഠനത്തിനായി ചേര്‍ന്നു. രാഷ്ട്രീയമേഖലയിലേക്ക് കടന്നുവരുന്നതിനു മുന്‍പ് മാരന്‍ പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോളേജ് പഠനകാലത്തു തന്നെ ദ്രാവിഡ മുന്നേറ്റ കഴകവുമായി മാരന്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു. 1963 സെപ്റ്റംബര്‍ 15 - ന് മല്ലികയെ വിവാഹം ചെയ്തു. മൂന്ന് മക്കളാണ് ഇവര്‍ക്കുള്ളത്. മല്ലികയും കരുണാനിധിയുടെ അകന്ന ബന്ധുവാണ്. മൂത്ത മകനായ ദയാനിധി മാരന്‍ മുന്‍ കേന്ദ്രമന്ത്രിയും പാര്‍ലമെന്റംഗവുമാണ്. ഇളയ മകനായ കലാനിധി മാരന്‍, സണ്‍ നെറ്റ്‌വര്‍ക്കിന്റെയും സണ്‍ പിക്‌ചേഴ്‌സ് എന്ന ചലച്ചിത്ര നിര്‍മ്മാണ സ്ഥാപനത്തിന്റേയും ഉടമയാണ്. മകളായ അന്‍പുക്കരശി മാരന്‍, ഹൃദ്രോഗവിദഗ്ദ്ധയാണ്. തമിഴ്‌നാട്ടില്‍ ഹിന്ദി ഭാഷ പ്രചരിപ്പിക്കുന്നതിനെതിരെ സമരങ്ങള്‍ നടത്തിയതിനെത്തുടര്‍ന്ന് 1965 - ല്‍ അറസ്റ്റ് ചെയ്യപ്പെട്ടു. കൂടാതെ അടിയന്തരാവസ്ഥക്കാലത്ത് ഒരു വര്‍ഷത്തോളം മിസ നിയമപ്രകാരവും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു. ഒരു കാലത്ത് കരുണാനിധിയുടെ ഏറ്റവും വലിയ വിശ്വസ്തനായിരുന്നു മുരശൊലി മാരന്‍. മാരന്‍ കുടുംബത്തിന്റേതാണ് സണ്‍ നെറ്റ് വര്‍ക്ക്. 1993ല്‍ സ്ഥാപിച്ച സണ്‍ ടിവി നെറ്റ് വര്‍ക്കിന്റെ ഉടമസ്ഥതയില്‍ ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലും ടെലിവിഷന്‍ ചാനലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലയാളത്തില്‍ സൂര്യ ടിവി സണ്‍ ഗ്രൂപ്പിന്റെ ഭാഗമാണ്. ടിവി ചാനലുകള്‍ക്ക് പുറമെ പത്രം, റേഡിയോ, സിനിമ നിര്‍മ്മാണം, ഡിടിഎച്ച്, എയര്‍ലൈന്‍സ്, ഐപിഎല്‍ ക്രിക്കറ്റ് ടീമായ ഹൈദരാബാദ് സണ്‍റൈസേഴ്സ് തുടങ്ങിയ നിരവധി സ്ഥാപനങ്ങള്‍ ഈ ഗ്രൂപ്പിന്റെ ഭാഗമായുണ്ട്. മുരശലിമാരന്റെ രണ്ടും മക്കളും വിദേശത്ത് പഠിച്ചവരാണ്.

കലാനിധി മാരനെതിരെ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളാണ് സഹോദരന്‍ ദയാനിധി ഉന്നയിച്ചിരിക്കുന്നത്. ചതിയിലൂടെയും കള്ളപ്പണം വെളുപ്പിക്കലിലൂടെയും കലാനിധി മാരന്‍ കമ്പിനി തട്ടിയെടുത്തെന്നും, 2003-ലെ ഓഹരി ഘടന പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ദയാനിധി മാരന്‍ വക്കീല്‍ നോട്ടീസ് അയച്ചതോടെയാണ് പ്രശ്‌നം വഷളാകുന്നത്. പിതാവ് മുരശൊലി മാരന്റെ രോഗാവസ്ഥയിലാണ് സ്വത്ത് തട്ടിയെടുക്കാന്‍ കൃത്രിമ രേഖകള്‍ ചമച്ചതെന്ന് ദയാനിധിയുടെ വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നു. ഇരുകൂട്ടരും കുടുംബപ്പോരിനെക്കുറിച്ച് പരസ്യമായ പ്രതികരണം നടത്തിയിട്ടില്ല. 2024 ഒക്ടോബറിന് ശേഷം ഇത് രണ്ടാം തവണയാണ് ദയാനിധി മാരന്‍ സഹോദരന് ലീഗല്‍ നോട്ടീസ് അയക്കുന്നത്. കലാനിധി മാരന്‍, ഭാര്യ കാവേരി മാരന്‍ എന്നിവരുള്‍പ്പെടെ ഡയറക്ടര്‍ ബോര്‍ഡിലെ എട്ടുപേര്‍ക്കെതിരെയാണ് ജൂണ്‍ 10-ന് അയച്ച നോട്ടീസില്‍ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. കൃത്രിമ രേഖകള്‍ ചമച്ച് കമ്പനി ഓഹരികള്‍ തട്ടിയെടുത്തുവെന്നാണ് ദയാനിധിയുടെ പ്രധാന ആരോപണം. 2003 സെപ്റ്റംബര്‍ 15ന് സണ്‍ ടിവിയിലെ 10 രൂപ മുഖവിലയുള്ള 12 ലക്ഷം ഓഹരികള്‍ കലാനിധി മാരന്റെയും ഭാര്യ കാവേരിയുടെയും പേരിലേക്ക് മാറ്റിയെന്നാണ് ദയാനിധിയുടെ പരാതി. ഡയറക്ടര്‍ ബോര്‍ഡിന്റെ അറിവോ സമ്മതമോ ഇല്ലാതെയായിരുന്നു ഈ നീക്കമെന്നും നോട്ടീസില്‍ പറയുന്നു. ദയാനിധിയുടെയും കലാനിധിയുടെ പിതാവായ മുരശൊലി മാരന്റെ മരണവും ഈ സമയത്തായിരുന്നു. പിതാവിന്റെ മരണപത്രം പോലുമില്ലാതെയാണ് ഓഹരികള്‍ കലാനിധി മാറ്റിയതെന്നും ദയാനിധി ആരോപിക്കുന്നു. കമ്പനിയില്‍ ഒരൊറ്റ രൂപയുടെ പോലും ഓഹരിയില്ലാതിരുന്ന കലാനിധി ചുരുങ്ങിയ കാലം കൊണ്ട് 60 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് നിയമനടപടികള്‍ ശക്തമാക്കാനാണ് ആലോചന. 2023 വരെയുള്ള കാലയളവില്‍ ഡിവിഡന്റായി 5,926 കോടി രൂപ കലാനിധി സ്വന്തമാക്കിയെന്നും ആരോപണമുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം ഇത്തരത്തില്‍ 455 കോടി രൂപയും കലാനിധി കുടുംബത്തിന് ലഭിച്ചുവെന്നാണ് ആരോപണം.

2003 സെപ്റ്റംബര്‍ 15-ന്, ഒരു ഓഹരിക്ക് 2,500-3,000 രൂപ വിലയുണ്ടായിരുന്ന സമയത്ത്, കലാനിധി മാരന്‍ വെറും 10 രൂപ നിരക്കില്‍ 12 ലക്ഷം ഓഹരികള്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു എന്നാണ് വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നത് .ഇതിലൂടെ കമ്പനിയുടെ ഭീരിഭാഗം ഓഹരിയും ഉടമസ്ഥാവകാശവും കൈക്കലാക്കി. ഈ നീക്കത്തോടെ, അതുവരെ ഓഹരികളൊന്നുമില്ലാതിരുന്ന കലാനിധി മാരന്‍ 60% ഓഹരികളുമായി കമ്പനിയുടെ ഉടമയായി മാറി. യഥാര്‍ത്ഥ സ്ഥാപക കുടുംബങ്ങളുടെ ഓഹരി പങ്കാളിത്തം 50 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി കുറഞ്ഞുവെന്നും നോട്ടീസില്‍ പറയുന്നു. കമ്പനിയുടെ ഓഹരി ഘടന 2003-ലെ അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കണമെന്നും അന്നു മുതല്‍ നിയമവിരുദ്ധമായി നേടിയ എല്ലാ സാമ്പത്തിക നേട്ടങ്ങളും ഡിവിഡന്റുകളും ആസ്തികളും തിരികെ നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം, സിവില്‍, ക്രിമിനല്‍ നടപടികള്‍ക്ക് പുറമെ, കേന്ദ്ര സര്‍ക്കാരിന്റെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിനെ സമീപിക്കുമെന്നും ദയാനിധി മാരന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കൃത്രിമ മാര്‍ഗങ്ങളിലൂടെ നേടിയ പണം ഉപയോഗിച്ച് സണ്‍ ഡയറക്ട്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, സ്പൈസ്ജെറ്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ കെട്ടിപ്പടുത്തത് എന്നും നോട്ടീസില്‍ ആരോപണമുണ്ട്.

''വ്യക്തിപരമായ പ്രശ്നം'' മാത്രമാണെന്നും സണ്‍ ടിവിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കില്ലെന്നും കലാനിധി മാരനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ദയാനിധി മാരന്‍ അയച്ച നോട്ടീസിന് കലാനിധി മാരന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2025 മാര്‍ച്ച് 31 വരെയുള്ള രേഖകള്‍ പ്രകാരം കലാനിധി മാരന് സണ്‍ ടിവി നെറ്റ് വര്‍ക്കില്‍ 29,55,63,457 ഓഹരികളുണ്ട്. അതായത് സണ്‍ നെറ്റ് വക്കിന്റെ 75 ശതമാനം ഓഹരികള്‍ അദ്ദേഹത്തിന്റെ പക്കലാണ്. 23,960 കോടി ആസ്തിയുള്ള കമ്പനിയാണിത്.

Tags:    

Similar News