എനിക്ക് ഇവിടെ നിന്നിട്ട് ഒരു സമാധാനവും ഇല്ല; വീസ കാലാവധി തീർന്നതുകൊണ്ട് വരാൻ കഴിയുന്നില്ല; നാട്ടിലേക്ക് വരാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്; സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു; സന്നദ്ധ പ്രവർത്തകർ ഒപ്പം ഉണ്ട്; ഇതുവരെ കൃത്യമായിട്ട് ഒന്നും പറയാറായിട്ടില്ല; സങ്കടം സഹിക്കാൻ കഴിയുന്നില്ല; വിങ്ങിപ്പൊട്ടി പിതാവ് റഹീം; കണ്ണീരോടെ നാട്ടുകാർ!
തിരുവനന്തപുരം: വെഞ്ഞാറമൂട് എന്ന നാടിനെ തന്നെ ഒന്നാകെ വിറപ്പിച്ച കൂട്ടക്കൊലയുടെ ഞെട്ടലിലാണ് കേരളം. മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന തരത്തിലാണ് ക്രൂരകൃത്യം അഫാൻ എന്ന 23 കാരൻ ചെയ്തിരിക്കുന്നത്. ഓരോ മണിക്കൂർ കഴിയുതോറും കേസിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇപ്പോഴിതാ, പ്രവാസ ലോകത്ത് കുടുങ്ങിപ്പോയ പ്രതിയുടെ പിതാവ് റഹീം പ്രതികരണവുമായി എത്തിയിരിക്കുകയാണ്. വീസ കാലാവധി തീർന്നതുകൊണ്ടാണ് വരാൻ കഴിയാത്തത് എന്നും. നാട്ടിലേക്ക് വരാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സന്നദ്ധ പരമാവധി എത്രയും വേഗം റഹീമിനെ നാട്ടിലെത്തിക്കാൻ ഊർജിത ശ്രമങ്ങൾ നടത്തുന്നുണ്ടെന്നാണ് വിവരങ്ങൾ. 'ഇഖാമ' പുതുക്കിയോ അല്ലെങ്കിൽ പിഴ തുക അടച്ചോ റഹീമിനെ എങ്ങനെയും നാട്ടിലെത്തിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.
നാട്ടിലേക്ക് വരാൻ ശ്രമം നടത്തുന്നതായും വീസ കാലാവധി തീർന്നതിനാലാണ് വരാൻ കഴിയാത്തതെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടെന്നും സന്നദ്ധ പ്രവർത്തകർ സഹായവുമായി ഒപ്പമുണ്ടെന്നും റഹീം പ്രതികരിച്ചു. ഇന്നലെയാണ് പെൺസുഹൃത്ത് ഫർസാനയെയും അനിയൻ അഫ്സാനെയും ഉമ്മുമ്മയെയും ബന്ധുക്കളായ ലത്തീഫിനെയും സാജിതയെയും അഫാൻ അതിക്രൂരമായി കൊലപ്പെടുത്തിയത്. അഞ്ച് കൊലപാതകത്തിന്റെ ഞെട്ടലിലാണ് നാട്. അഫാന്‍റെ ആക്രമണത്തില്‍ പരിക്കേറ്റ ഉമ്മ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഇപ്പോഴും തുടരുകയാണ്.
റഹീമിന്റെ വാക്കുകൾ..
''വരാൻ പറ്റിയ സാഹചര്യം ഇതുവരെ ആയിട്ടില്ല. സാമൂഹ്യപ്രവർത്തകർ ശ്രമിക്കുന്നുണ്ട്. അധികം വൈകാതെ ശരിയാകുമെന്ന് പറഞ്ഞിട്ടുണ്ട്. ഇതുവരെ കൃത്യമായിട്ടൊന്നും പറയാറായിട്ടില്ല. സൗദി അറേബ്യയിലെ ദമാമിലാണ് ഉള്ളത്. വിസ പ്രശ്നമുണ്ട്. പിന്നെ കുറച്ച് സാമ്പത്തിക ബാധ്യതയുമുണ്ട്. അതാണ് വിഷയമായിട്ടുള്ളത്. രണ്ടര വർഷമായി വിസയില്ലാതെ നിൽക്കുകയാണ്. എല്ലാ സഹായവും നൽകി സാമൂഹ്യപ്രവർത്തകർ ഒപ്പമുണ്ട്.'' എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അഫാന്റെ പിതാവിനെ സൗദിയിൽ നിന്ന് നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നതായി സാമൂഹ്യപ്രവർത്തകനായ നാസ് വക്കം പ്രതികരിച്ചു. ഇഖാമ കാലാവധി തീർന്നതിനാൽ ഇത് പുതുക്കിയോ പിഴയടച്ചോ എത്തിക്കാനാണ് ശ്രമം. അധികം വൈകാതെ നടപടികൾ പൂർത്തിയാക്കാൻ ശ്രമിക്കുന്നതായി സാമൂഹ്യ പ്രവർത്തകൻ അറിയിച്ചു. ഞായറാഴ്ചക്കകം നാട്ടിലെത്തിക്കാനാണ് ശ്രമമെന്നും നാസ് വക്കം പറഞ്ഞു.
അതേസമയം, പ്രതി അഫാൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങാനായി പോയത് ഓട്ടോറിക്ഷയിൽ തന്നെയെന്ന് കണ്ടെത്തൽ. 6.09 ന് ഉമ്മയുടെ ഫോണിൽ നിന്നു വിളിച്ചു വീടിനു മുന്നിൽ എത്താൻ അഫാൻ ആവശ്യപ്പെട്ടു. വണ്ടിയിൽ കേറിയ ശേഷം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് സമീപത്തെ എൻറിച്ച് എന്ന കടയ്ക്ക് മുന്നിൽ ഇറക്കാനായിരുന്നു അഫാൻ ആവശ്യപ്പെട്ടത്. വാഹനത്തിലിരുന്നപ്പോൾ തന്നോട് അഫാൻ സംസാരിച്ചെന്നും കൂട്ടക്കൊല നടത്തിയതിൻ്റെ ഒരു കൂസലും ഒന്നും അഫാന് ഇല്ലായിരുന്നുവെന്നും ഓട്ടോഡ്രൈവർ വെളിപ്പെടുത്തുന്നു.
തിങ്കളാഴ്ച രണ്ടു തവണയാണ്, പരിചയക്കാരനായ തന്നെ അഫാന്‍ ഫോണിൽ വിളിച്ചതെന്ന് ഓട്ടോ ഡ്രൈവർ പൊലീസിനോടു പറഞ്ഞു. അഫാന്റെ വീടിന്റെ 50 മീറ്റര്‍ മാറിയാണ് ഓട്ടോ സ്റ്റാൻഡ്. ഉച്ചയ്ക്കു മൂന്നു മണിക്കാണ് അഫാന്‍ സ്റ്റാൻഡിലെത്തി ആദ്യം ഓട്ടോ വിളിച്ചത്. സ്‌കൂള്‍ യൂണിഫോമില്‍ അനിയന്‍ അഫ്‌സാനും ഒപ്പം ഉണ്ടായിരുന്നു. അനിയനെ വെഞ്ഞാറമൂട് സിന്ധു തിയറ്ററിനു എതിര്‍വശത്തുള്ള കുഴിമന്തിക്കടയില്‍ വിടണമെന്ന് ആവശ്യപ്പെട്ടു. താന്‍ പിന്നാലെ വരും എന്നു പറഞ്ഞ് അഫാന്‍ അനിയനെ ഒറ്റയ്ക്കാണ് ഓട്ടോയില്‍ കയറ്റിവിട്ടത്. അഫ്‌സാനെ കുഴിമന്തിക്കടയില്‍ ആക്കി താന്‍ തിരിച്ചു പോന്നെന്നും ഓട്ടോ ഡ്രൈവര്‍ പറഞ്ഞു.
പിന്നീട് വൈകിട്ട് 6.09നാണ് വീണ്ടും അഫാന്‍ ഇതേ ഓട്ടോ ഡ്രൈവറെ വിളിച്ചത്. വെഞ്ഞാറമൂട് വരെ പോകണമെന്നും വീട്ടിലേക്കു വരണമെന്നും പറഞ്ഞു. ഓട്ടോ ഡ്രൈവര്‍ അഫാന്റെ വീടിനു മുന്നിലെത്തി. അഫാന്‍ നല്ല രീതിയില്‍ വസ്ത്രധാരണം നടത്തി ഷൂസ് ഇട്ടാണ് നിന്നിരുന്നത്. മുഖത്ത് യാതൊരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല. മദ്യത്തിന്റേത് പോലൊരു ഗന്ധം ഉണ്ടായിരുന്നു.
അഫാന്റെ ബൈക്ക് പുറത്ത് ഉണ്ടായിരുന്നു. എന്താണ് ബൈക്കില്‍ പോകാത്തതെന്നു ചോദിച്ചപ്പോള്‍ ബൈക്കിന് തകരാറുണ്ടെന്നും ഏതെങ്കിലും കടയില്‍ കാണിക്കണമെന്നും അഫാന്‍ പറഞ്ഞു. പിന്നീട് ബൈക്കിന്റെ കാര്യങ്ങള്‍ തന്നെയാണ് സംസാരിച്ചത്. അഫാന് യാതൊരു ടെന്‍ഷനും ഉള്ളതായി തോന്നിയില്ലെന്നും ഡ്രൈവര്‍ പൊലീസിനോടു വെളിപ്പെടുത്തി. വെഞ്ഞാറമൂട് സ്‌റ്റേഷനു സമീപത്തു വിട്ടാല്‍ മതിയെന്നാണ് അഫാന്‍ പറഞ്ഞത്. അഫാനെ ഇറക്കി തിരിച്ചു പോരുന്ന വഴിക്കാണു പൊലീസ് വിളിച്ചത്. അഫാന്റെ ഫോണില്‍നിന്ന് അവസാനം വിളിച്ച നമ്പരിലേക്ക് പൊലീസ് വിളിച്ചപ്പോഴാണ് ഓട്ടോ ഡ്രൈവറെ കിട്ടുന്നതും വിവരങ്ങള്‍ അറിയുന്നതും.
ഉച്ചയ്ക്കു മൂന്നു മണിക്ക് അനിയനെ ഓട്ടോയില്‍ കുഴിമന്തിക്കടയിലേക്കു വിട്ടതിനു ശേഷമാണ് അഫാന്‍ ബൈക്കില്‍ പുതൂരുള്ള ഫര്‍സാനയെ വിളിക്കാന്‍ പോയത്. 3.20നാണ് അഫാന്‍ പുതൂര്‍ എത്തുന്നത്. ഫര്‍സാനയുടെ വീട്ടില്‍നിന്നു മാറി കാത്തുനിന്നു. ട്യൂഷനു പോകാനെന്നു പറഞ്ഞാണ് ഫര്‍സാന വീട്ടില്‍നിന്ന് ഇറങ്ങിയത്. വഴിയില്‍ വച്ച് കണ്ട ബന്ധുവിനോടു ട്യൂഷനു പോകുകയാണെന്ന് ഫര്‍സാന പറയുകയും ചെയ്തു. കുറച്ചു ദൂരെ അഫാന്‍ ബൈക്കുമായി കാത്തുനില്‍ക്കുന്നത് ബന്ധു കണ്ടിരുന്നു. ഇവരുടെ ബന്ധം വീട്ടില്‍ അറിയാവുന്നതിനാല്‍ സംശയമൊന്നും തോന്നിയില്ല.
ഫര്‍സാനയ്‌ക്കൊപ്പം വെഞ്ഞാറമൂട്ടിലെ കുഴിമന്തിക്കടയില്‍ എത്തി അനുജനെയും കൂട്ടിയാണോ അഫാന്‍ വീട്ടിലേക്കു പോയതെന്നാണ് അറിയാനുള്ളത്. ഇതിനായി സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. വൈകിട്ട് നാലു മണിക്കു ശേഷം അനുജനെയും കൂട്ടി അഫാന്‍ വീട്ടിലേക്കു വരുന്നത് കണ്ടുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. ഇതിനു ശേഷമാണ് വീടിനുള്ളില്‍ അമ്മയെയും അനുജനെയും പെണ്‍സുഹൃത്തിനെയും അഫാന്‍ ക്രൂരമായി ആക്രമിച്ചത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് വീട്ടില്‍ വഴക്കുണ്ടാക്കി മണ്ണെണ്ണ കുടിക്കുമെന്ന് അഫാന്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നതു മാത്രമാണ് അഫാന്റെ പെരുമാറ്റത്തിലെ അസ്വഭാവികതയായി നാട്ടുകാര്‍ പറയുന്നത്