എക്‌സ് പ്ലാറ്റ്‌ഫോമിലെ ഉള്ളടക്കം സെന്‍സര്‍ ചെയ്യാന്‍ നിയമം ദുരുപയോഗം; ഇന്ത്യന്‍ സര്‍ക്കാറിനെതിരെ കേസ് ഫയല്‍ ചെയ്ത് ഇലോണ്‍ മസ്‌ക്കിന്റെ കമ്പനി; കേന്ദ്രആഭ്യന്തര വകുപ്പ് രൂപീകരിച്ച സഹ്യോഗ് വെബ്സൈറ്റ് വഴി ഉള്ളടക്കം പരിശോധിക്കുന്നതായി പരാതി
എക്‌സ് പ്ലാറ്റ്‌ഫോമിലെ ഉള്ളടക്കം സെന്‍സര്‍ ചെയ്യാന്‍ നിയമം ദുരുപയോഗം
ന്യൂഡല്‍ഹി: ഇന്ത്യാ സര്‍ക്കാര്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമിലെ ഉള്ളടക്കം സെന്‍സര്‍ ചെയ്യാന്‍ നിയമം ദുരുപയോഗം ചെയ്തതായി ആരോപിച്ച് എലോണ്‍ മസ്‌കിന്റെ സോഷ്യല്‍ മീഡിയ കമ്പനിയായ എക്‌സ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കഴിഞ്ഞ വര്‍ഷം കേന്ദ്രആഭ്യന്തര വകുപ്പ് രൂപീകരിച്ച വെബ്സൈറ്റായ സഹ്യോഗ് തങ്ങളുടെ ഉള്ളടക്കം അവരുടെ അധികാരം ഉപയോഗിച്ച് സെന്‍സര്‍ ചെയ്യുകയും നീക്കം ചെയ്യുകയും ചെയ്യുന്നു എന്നാണ് പരാതി. ഇന്ത്യയുടെ ഡിജിറ്റല്‍ നിയമങ്ങളുടെ ലംഘനമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നാണ് എക്സ് ആരോപിക്കുന്നത്.
സഹ്യോഗ് പോര്‍ട്ടലില്‍ ചേരാന്‍ കഴിയില്ലെന്നാണ് എക്സ് വാദിക്കുന്നത്. ഈ സഹ്യോഗിനെ സെന്‍സര്‍ഷിപ്പ് പോര്‍ട്ടല്‍ എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. എന്നാല്‍ രാജ്യത്തിന് ദോഷകരമായ രീതിയിലുള്ള ഓണ്‍ലൈന്‍ ഉള്ളടക്കം കൈകാര്യം ചെയ്യുന്നതിനായി ഇത്തരത്തില്‍ ഒരു പോര്‍ട്ടല്‍ ആവശ്യമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. അതേ സമയം ആമസോണ്‍, ഗൂഗിള്‍, മെറ്റ തുടങ്ങിയ മറ്റ് അമേരിക്കന്‍ വമ്പന്‍ സാങ്കേതിക കമ്പനികള്‍ സഹ്യോഗില്‍ പങ്കാളികളാകാന്‍ സമ്മതിച്ചിട്ടുണ്ട്.
എക്സും ഫേസ്ബുക്കും പോലെയുള്ള സമൂഹ മാധ്യമങ്ങളിലെ ഉളളടക്കവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ നോട്ടീസുകള്‍ അയയ്ക്കാന്‍ അധികാരപ്പെടുത്തിയിരിക്കുന്നത് തങ്ങളയാണ് എന്നാണ് സഹ്യോഗ് വ്യക്തമാക്കിയിരിക്കുന്നത്. എക്സിന്റെ നൂറു കണക്കിന് പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ റെയില്‍വേ മന്ത്രാലയമാണ് എക്സിന് നിര്‍ദ്ദേശം നല്‍കിയത്. കര്‍ണാടകത്തിലാണ് ഇത് സംബന്ധിച്ച കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുംഭമേളയിലേക്ക് പോകുന്നതിനിടെ ഡല്‍ഹിയില്‍ 18 പേര്‍ മരിച്ച ഒരു തിക്കിലും തിരക്കിലും പെട്ടതിന്റെ വീഡിയോകളും ഇതില്‍ ഉള്‍പ്പെടുന്നു പോര്‍ട്ടലും അതിലൂടെ പുറപ്പെടുവിച്ച ഉത്തരവുകളും സര്‍ക്കാരിന് ഉള്ളടക്കം തടയാന്‍ അനുവദിക്കുന്ന യഥാര്‍ത്ഥ നിയമത്തിന്റെ പരിധിക്ക് പുറത്താണെന്നാണ് എക്സ് ഹര്‍ജിയില്‍ വാദിക്കുന്നത്.
ഈ നിയമപ്രകാരം, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നീക്കം ചെയ്യാനുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ അധികാരമുണ്ട്. എന്നാല്‍ നോട്ടീസ് നല്‍കുക, വാദം കേള്‍ക്കുക, പുനഃപരിശോധനയ്ക്ക് അനുവദിക്കുക തുടങ്ങിയ നടപടിക്രമങ്ങള്‍ പാലിച്ചതിന് ശേഷം മാത്രമേ ഉള്ളടക്കം നീക്കം ചെയ്യാന്‍ പാടുള്ളൂ എന്നാണ് എക്സിന്റെ വാദം. എന്നാല്‍ ഈ പോര്‍ട്ടല്‍ ഏകപക്ഷീയമായി ഇതെല്ലാം മറികടന്നാണ് ഉളളടക്കം നീക്കം ചെയ്യുന്നതെന്നാണ ്അവര്‍ ആരോപിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ പതിനായിരക്കണക്കിന് ലോക്കല്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഏകപക്ഷീയമായി ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നുണ്ടെന്ന് എക്സ് അവരുടെ ഹര്‍ജിയില്‍ വാദിക്കുന്നു.
എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പറയുന്നത് തങ്ങളുടെ നടപടികള്‍ തീര്‍ത്തും നിയമാനുസൃതമാണെന്നാണ്. നിയമവിരുദ്ധമായ ഉള്ളടക്കത്തിനെതിരെ പ്ലാറ്റ്‌ഫോമുകളിലേക്ക് നോട്ടീസ് നല്‍കുക മാത്രമാണ് ചെയ്യുന്നതെന്നും അവര്‍ പറയുന്നത്. ഓണ്‍ലൈനില്‍ നിയമവിരുദ്ധവും ദോഷകരവുമായ ഉള്ളടക്കത്തിന്റെ അളവ് കൂടി വരുന്ന സാഹചര്യത്തില്‍ സഹ്യോഗ് പ്ലാറ്റ്‌ഫോം ഒരു ആവശ്യകതയാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാരും എക്‌സും തമ്മില്‍ തര്‍ക്കത്തിലാകുന്നത് ഇതാദ്യമല്ല. നേരത്തേ എക്സ് ട്വിറ്റര്‍ ആയിരുന്ന എക്സിന്റെ ഡല്‍ഹി ഓഫീസില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു.
കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ആയിരുന്നു സംഭവം നടന്നത്. തുടര്‍ന്ന് ഉണ്ടായ നിയമയുദ്ധത്തിന്റെ അവസാനം കോടതി കമ്പനിക്ക് 50 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. എക്സ് ഈ ഉത്തരവിനെതിരെ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് ഇപ്പോഴും തുടരുകയാണ്. മസ്‌കിന്റെ മറ്റ് കമ്പനികളായ സ്റ്റാര്‍ലിങ്കും ടെസ്ലയും അവരുടെ ബിസിനസ് പദ്ധതികളുമായി ഇന്ത്യയിലേക്ക് കടന്നുവരാന്‍ തുടങ്ങിയപ്പോഴാണ് ഇത്തരത്തില്‍ ഒരു കേസ് ഉണ്ടാകുന്നത് എന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ മാസം ആദ്യം ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് ടെലികോം സ്ഥാപനങ്ങളുമായി സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി സ്റ്റാര്‍ലിങ്ക് ഒരു കരാറില്‍ ഒപ്പുവച്ചിരുന്നു. കൂടാതെ സേവനങ്ങള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ അനുമതിക്കായി കാത്തിരിക്കുകയാണ്. ടെസ്ലയും ഇന്ത്യയിലേക്ക് എത്തുകയാണ്. കഴിഞ്ഞ മാസം വൈറ്റ് ഹൗസ് സന്ദര്‍ശിച്ചപ്പോള്‍ മസ്‌ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.