'ഞങ്ങളെ ഒന്ന് പാലക്കാട് കാണിക്കാമോ... ബസില്‍ കയറ്റാമോ...' എന്ന് അട്ടപ്പാടിയിലെ കുഞ്ഞുങ്ങള്‍; അവര്‍ കൊച്ചി മഹാനഗരത്തിലെത്തി; മെട്രോയില്‍ കയറി, വിമാനം പറക്കുന്നത് കണ്ടു, വിമാനത്തെ തൊട്ടു; സ്വപ്നം കാണാതിരുന്ന ആ നിമിഷങ്ങള്‍ കണ്‍നിറയെ കണ്ടപ്പോള്‍ അവര്‍ ഒറ്റസ്വരത്തില്‍ വിളിച്ചത് ഒരേയൊരു പേര്... മമ്മൂക്കാ...; മഹാനടന്റെ പിറന്നാള്‍ അതിഥികളായി കുരുന്നുകള്‍

മഹാനടന്റെ പിറന്നാള്‍ അതിഥികളായി കുരുന്നുകള്‍

Update: 2025-09-07 06:20 GMT

കൊച്ചി: മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിയുടെ അതിഥികളായി വിനോദയാത്രയ്‌ക്കെത്തി കൊച്ചി മെട്രോയും നെടുമ്പാശ്ശേരി വിമാനത്താവളവും ആലുവയിലെ രാജഗിരി ആശുപത്രിയുമെല്ലാം സന്ദര്‍ശിച്ചതിന്റെ ത്രില്ലിലാണ് ആ കുരുന്നുകള്‍. പാലക്കാട് അട്ടപ്പാടിയിലെ ആനവായ് ഗവ. എല്‍.പി. സ്‌കൂളില്‍ നിന്നുള്ള 19 വിദ്യാര്‍ത്ഥികളും 11 അധ്യാപകരും അടങ്ങുന്ന സംഘമാണ് മമ്മൂട്ടിയുടെ അതിഥികളായി വിനോദയാത്രയ്‌ക്കെത്തിയത്. മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും ചേര്‍ന്ന് വിനോദയാത്ര സംഘടിപ്പിച്ചത്.

'ഞങ്ങളെ ഒന്ന് പാലക്കാട് കാണിക്കാമോ... ബസില്‍ കയറ്റാമോ...' ഇതായിരുന്നു അട്ടപ്പാടിയില്‍ നിന്ന് ഇരുപതു കിലോമീറ്ററകലെ കാടിനുള്ളില്‍ പാര്‍ക്കുന്ന ആ കുട്ടികള്‍ ചോദിച്ചത്. അതിന് ഉത്തരം പറഞ്ഞത് മമ്മൂട്ടിയാണ്. അങ്ങനെ ആ കുട്ടികള്‍ പാലക്കാടല്ല, കൊച്ചിയെന്ന മഹാ നഗരത്തിലെത്തി. മെട്രോയില്‍ കയറി, ഒടുവില്‍ വിമാനം പറക്കുന്നത് കണ്‍നിറയെ കണ്ടു. വിമാനത്തെ തൊട്ടു. ജീവിതത്തില്‍ ഒരിക്കല്‍ പോലും സ്വപ്നം കാണാതിരുന്ന ആ നിമിഷങ്ങള്‍ കണ്‍മുന്നില്‍ യാഥാര്‍ഥ്യമായപ്പോള്‍ അവര്‍ ഒറ്റസ്വരത്തില്‍ വിളിച്ചത് ഒരേയൊരു പേര്... മമ്മൂക്കാ....!

പാലക്കാട് കാണാന്‍ ആഗ്രഹിച്ച കുട്ടികളെ കൊച്ചി കാണിക്കാനും മെട്രോയില്‍ കയറ്റാനും വിമാനത്താവളത്തില്‍ കൊണ്ടുപോകാനും നിര്‍ദേശിച്ചത് മമ്മൂട്ടിയാണ്. രാത്രി പാലക്കാടുനിന്ന് എറണാകുളത്തെത്തിയ സംഘം കളമശ്ശേരി ജ്യോതിര്‍ഭവനില്‍ താമസിച്ച്, അടുത്ത ദിവസം അതിരാവിലെ ഏഴുമണിയോടെ കളമശ്ശേരി മെട്രോ സ്റ്റേഷനിലെത്തി. മെട്രോ സ്റ്റേഷനിലെ എസ്‌കലേറ്ററും, മെട്രോ ട്രെയിനും കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ അത്ഭുതക്കാഴ്ചകളായി.

കളമശ്ശേരിയില്‍ നിന്ന് മെട്രോയില്‍ ആലുവയിലെത്തിയ സംഘം തുടര്‍ന്ന് ടൂറിസ്റ്റ് ബസ്സില്‍ കയറി രാജഗിരി ആശുപത്രിയിലേക്ക്. അവിടെ പ്രഭാതഭക്ഷണത്തിനു ശേഷം, അവര്‍ റോബോട്ടിക് സര്‍ജറിയുടെ വിസ്മയലോകം നേരില്‍ കണ്ടു. അടിസ്ഥാന സൗകര്യങ്ങള്‍ പോലും പരിമിതമായ അട്ടപ്പാടിയിലെ കുട്ടികള്‍ക്ക്, റോബോട്ടിനെ ഉപയോഗിച്ചുള്ള ശസ്ത്രക്രിയ എന്നത് അമ്പരപ്പിക്കുന്ന അനുഭവമായിരുന്നു. രാജഗിരി ആശുപത്രിയിലെ റോബോട്ടിക് ജനറല്‍ സര്‍ജറി വിഭാഗം മേധാവി ഡോ. രവികാന്ത് ആര്‍. കുട്ടികള്‍ക്ക് റോബോട്ടിനെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനരീതികളെ കുറിച്ചും വിശദീകരിച്ചു. ഡോക്ടറുടെ നിര്‍ദ്ദേശത്തില്‍ റോബോട്ടിക് യന്ത്രം കൈകള്‍ ചലിപ്പിക്കുന്നത് കുട്ടികള്‍ കൗതുകത്തോടെ നോക്കിനിന്നു.

ആശുപത്രി സന്ദര്‍ശനത്തിനുശേഷമായിരുന്നു വിമാനത്താവളക്കാഴ്ച. മെട്രോ ഫീഡര്‍ ബസില്‍ ആയിരുന്നു നെടുമ്പാശ്ശേരിക്കുള്ള യാത്ര. വിമാനങ്ങള്‍ ഇറങ്ങുന്നതും പറന്നുയരുന്നതും സന്ദര്‍ശക ഗാലറിയില്‍ നിന്നുകൊണ്ട് അവര്‍ ആസ്വദിച്ചു. പിന്നീട് വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്ന അതീവ സുരക്ഷാ മേഖലയില്‍ പ്രവേശിച്ച് പ്രവര്‍ത്തനരീതികളെക്കുറിച്ച് മനസ്സിലാക്കി. അവിടെ വെച്ച് നടന്‍ മമ്മൂട്ടിയുടെ പിറന്നാളിന് മുന്നോടിയായി പ്രത്യേകം തയ്യാറാക്കി കൊണ്ടുവന്ന കേക്ക് മുറിച്ച് കുട്ടികള്‍ ജന്മദിനാഘോഷം നടത്തി. രാജഗിരി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളിയും കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിങ് ഡയറക്ടര്‍ ഫാ. തോമസ് കുര്യനും കുട്ടികളും ചേര്‍ന്നാണ് കേക്ക് മുറിച്ചത്.

തന്റെ പ്രതിനിധിയായി യാത്രയില്‍ പങ്കുകൊള്ളാന്‍ മമ്മൂട്ടി സന്തതസഹചാരിയായ എസ്. ജോര്‍ജിനെ ചെന്നൈയില്‍ നിന്ന് അയച്ചിരുന്നു. കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ റോബര്‍ട്ട് കുര്യാക്കോസും ഒപ്പമുണ്ടായിരുന്നു. അവിസ്മരണീയ യാത്രയ്‌ക്കൊടുവില്‍ മമ്മൂട്ടിയുടെ സ്‌നേഹം അവരുടെ നാവില്‍ മധുരമായി നിറഞ്ഞു. അടുത്ത തവണ വിമാന യാത്രയൊരുക്കാമെന്നാണ് അദ്ദേഹം ഇവര്‍ക്ക് നല്‍കിയിരിക്കുന്ന വാഗ്ദാനം.

Tags:    

Similar News