ഗൂഗിള്‍ മാപ്പിട്ട് പൂതനക്കര ശിവക്ഷേത്രത്തിലേക്ക് യാത്ര; കാര്‍ എത്തിയത് പൈനാപ്പിള്‍ തോട്ടത്തിന്റെ നടുക്ക്; വിജനമായ സ്ഥലത്ത് വാഹനം ചെളിയില്‍ കുടുങ്ങിയതോടെ ആശങ്ക; തിരുവോണ ദിനത്തില്‍ രക്ഷകരായി പഴയന്നൂര്‍ പോലീസും നാട്ടുകാരും
ക്ഷേത്രത്തിലേക്ക് ഗൂഗിള്‍മാപ്പ് നോക്കിപ്പോയി ചെളിയില്‍ കുടുങ്ങി കുടുംബം
തിരുവില്വാമല: തിരുവോണദിനത്തില്‍ ഗൂഗിള്‍ മാപ്പ് നോക്കി കാറില്‍ ക്ഷേത്രദര്‍ശനത്തിനിറങ്ങിയ കുടുംബം എത്തിയത് പൈനാപ്പിള്‍ തോട്ടത്തില്‍. ഒറ്റപ്പെട്ട തോട്ടത്തില്‍ രണ്ട് മണിക്കൂറിലധികം കുടുങ്ങിയ കുടുംബത്തിന് രക്ഷകരായി പഴയന്നൂര്‍ പോലീസും നാട്ടുകാരും. പൊലീസിനുനേരെ ഉയരുന്ന മര്‍ദന കഥകള്‍ക്കിടയിലാണ് പഴയന്നൂര്‍ പൊലീസ് ഒരു കുടുംബത്തിന്റെ രക്ഷകരായത്. പാലക്കാട് കോട്ടായിയില്‍നിന്നും തിരുവില്വാമല പൂതനക്കര ശിവക്ഷേത്രത്തിലേക്ക് വന്നതായിരുന്നു കുടുംബം. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം.
തിരുവോണ ദിവസം രാവിലെ 8.30ന് പഴയന്നൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഒരു ഫോണ്‍കോള്‍. കോട്ടായിയില്‍ നിന്നും ഗൂഗിള്‍ മാപ്പിട്ട് പൂതനക്കര ശിവക്ഷേത്രത്തിലേക്ക് വന്ന ഒരു കുടുംബം വഴിതെറ്റി ഏതോ പൈനാപ്പിള്‍ തോട്ടത്തിന്റെ നടുക്ക് കുടുങ്ങി കിടക്കുന്നു. ഇതായിരുന്നു സന്ദേശം. കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ ചെളിയില്‍ താഴ്ന്ന നിലയിലുമായിരുന്നു. വിവരം അറിഞ്ഞ ഉടനെ പഴയന്നൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരായ ശിവകുമാറും മുഹമ്മദ്ഷാനും ജീപ്പെടുത്ത് കുടുംബം അയച്ചു കൊടുത്ത ലൊക്കേഷനിലേക്ക് പോയി. പക്ഷേ ലൊക്കേഷന്‍ പ്രകാരം സ്ഥലം കണ്ടെത്താന്‍ സാധിച്ചില്ല. ഒടുവില്‍ ഫോണിലെ ലൊക്കേഷന്‍ മാറ്റിവെച്ച് സ്ഥലത്തുണ്ടായിരുന്ന പാറകളും മരങ്ങളും അടയാളംവച്ച് സ്ഥലം കണ്ടെത്തി. അവിടെ എത്തുമ്പോള്‍ രണ്ടു സ്ത്രീകളും ഒരു കുഞ്ഞുമാണ് വഴിതെറ്റി കുടുങ്ങി കിടക്കുന്നത് കണ്ടത്. അവര്‍ വന്നിരുന്ന കാര്‍ ഒരു ചാലില്‍ താഴ്ന്നും പോയിരുന്നു. പോലീസിനും വാഹനം ഉയര്‍ത്താനായില്ല.
തുടര്‍ന്ന് പ്രദേശവാസികളായ സുജിത്, ശ്രീജിത്, രഞ്ജിത്ത്, വിഷ്ണു, രാജു വെട്ടുകാടന്‍ എന്നിവരെ സഹായത്തിനായി പോലീസ് വിളിച്ചു വരുത്തി. അവരുടെ വാഹനത്തില്‍ കയര്‍ കെട്ടിവലിച്ച് ചെളിയില്‍ താഴ്ന്ന വാഹനം പുറത്തെടുത്തു. തിരുവോണ ദിവസം ഏറെ തിരക്കുകള്‍ക്കിടയിലും തങ്ങളെ സഹായിക്കാനെത്തിയ പൊലീസുകാര്‍ക്കും നാട്ടുകാര്‍ക്കും ആ കുടുംബം നന്ദി അറിയിച്ച് ക്ഷേത്രദര്‍ശനവും നടത്തിയാണ് മടങ്ങിയത്.