ഓണത്തിന് ബെവ്‌റജസ് കോര്‍പ്പറേഷനില്‍ നടന്നത് റെക്കോര്‍ഡ് മദ്യവില്‍പ്പന; വിറ്റഴിച്ചത് 826 കോടിയുടെ മദ്യം; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50 കോടി അധികം; ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് കൊല്ലം ജില്ലയില്‍
തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണ സീസണില്‍ സംസ്ഥാനത്ത് ബെവ്റജസ് കോര്‍പ്പറേഷന്‍ നടത്തിയ മദ്യവില്‍പ്പന റെക്കോഡ് തലത്തിലെത്തി. ഓണത്തിന് മുന്‍പും ഓണ ദിനങ്ങളിലും അടങ്ങിയ പത്ത് ദിവസത്തെ ആഘോഷകാലത്ത് സംസ്ഥാനത്തെ എല്ലാ ബെവ്കോ ഷോപ്പുകളിലൂടെയും വെയര്‍ഹൗസുകളിലൂടെയും കൂടി 826 കോടിയുടേയാണ് മദ്യമാണ് വിറ്റുപോയത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50 കോടി രൂപ അധികമാണ്. കഴിഞ്ഞ ഓണക്കാലത്ത് 776 കോടിയുടെ മദ്യമാണ് വിറ്റുപോയത്. ഇത്തവണ കൂടുതല്‍ ആളുകള്‍ കടകളില്‍ എത്തിയതും ആഘോഷങ്ങള്‍ക്കായി വീട്ടില്‍ മദ്യം വാങ്ങി സൂക്ഷിച്ചതും കൊണ്ടാണ് വില്‍പ്പനയില്‍ ഇത്തരത്തില്‍ വലിയ വര്‍ധന ഉണ്ടായത്.
ഓണം കേരളത്തിലെ ഏറ്റവും വലിയ ആഘോഷമായതിനാല്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒന്നിക്കുന്ന അവസരമാണ്. ഈ സംഗമങ്ങള്‍ക്കും വിരുന്നുകള്‍ക്കുമായി മദ്യത്തിന് വലിയ ആവശ്യമാണ് ഉണ്ടാകുന്നത്. അതിനാലാണ് ഓണകാലത്ത് സംസ്ഥാനത്തെ മദ്യവില്‍പ്പന എല്ലായ്‌പ്പോഴും വര്‍ധിക്കുന്നത്. ഉത്രാടദിനത്തില്‍ മാത്രം 137 കോടിയുടെ മദ്യം വിറ്റഴിക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 126 കോടി രൂപയുടെ വില്‍പ്പനയായിരുന്നു. ഒരു കോടിയിലധികം വരുമാനം നേടിയ ആറ് ഔട്ട്ലെറ്റുകളില്‍ മൂന്നും കൊല്ലം ജില്ലയില്‍ നിന്നുള്ളതാണ്.
കരുനാഗപ്പള്ളി ബെവ്കോ ഔട്ട്ലെറ്റിലാണ് ഇത്തവണ ഓണ സീസണില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിക്കപ്പെട്ടത്. ഇവിടെ മാത്രം 1.46 കോടി രൂപയുടെ വില്‍പ്പന നടന്നു. ഇതിന് പിന്നാലെ വില്‍പ്പനയില്‍ മുന്നിലെത്തിയത് കൊല്ലം ജില്ലയിലെ കാവനാട് (ആശ്രാമം) ഔട്ട്ലെറ്റാണ്. ഇവിടെ 1.24 കോടി രൂപയുടെ മദ്യം വിറ്റുപോയി. മലപ്പുറം ജില്ലയിലെ എടപ്പാള്‍ കുറ്റിപ്പാല ഔട്ട്ലെറ്റും മികച്ച വില്‍പ്പന നടത്തി, ഇവിടെയുള്ള മൊത്തം വില്‍പ്പന 1.11 കോടി രൂപയായി. തൃശൂരിലെ ചാലക്കുടി ഔട്ട്ലെറ്റില്‍ 1.07 കോടിയുടെ വില്‍പ്പനയും ഇരിങ്ങാലക്കുട ഔട്ട്ലെറ്റില്‍ 1.03 കോടിയുടെ വില്‍പ്പനയും നടന്നു. കൊല്ലം ജില്ലയിലെ കുണ്ടറ ഔട്ട്ലെറ്റും മികച്ച വില്‍പ്പന നടത്തി, ഇവിടെ ഒരു കോടി രൂപയുടെ മദ്യം വിറ്റുപോയി.
ഓണക്കാലത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ആളുകള്‍ വലിയ തോതില്‍ മദ്യം വാങ്ങാന്‍ എത്തിയതിന്റെ തെളിവാണ് ഈ കണക്കുകള്‍. ഉത്രാടവും തിരുവോണവും ആഘോഷിക്കാന്‍ പലരും മുന്‍കൂട്ടി മദ്യം വാങ്ങി സൂക്ഷിച്ചതിനാലാണ് ഇത്തവണ വില്‍പ്പനയില്‍ വലിയ വര്‍ധന ഉണ്ടായത്. പ്രത്യേകിച്ച് തിരുവോണദിനത്തില്‍ ബെവ്കോ ഔട്ട്ലെറ്റുകള്‍ പൂര്‍ണമായും അടച്ചതിനാല്‍ ആളുകള്‍ മുന്‍പുതന്നെ മദ്യം വാങ്ങി സൂക്ഷിച്ചിരുന്നു. അതുകൊണ്ടാണ് ഉത്രാടദിനത്തിലെ വില്‍പ്പനയും റെക്കോഡ് തലത്തിലെത്തിയത്.