ഗ്രേഡ് എസ് ഐയുടെ ബാംഗ്ലൂരുവില്‍ പഠിക്കുന്ന ബന്ധു മോഷ്ടിച്ചത് 9500രൂപയുടെ സാധനം; കൈയ്യോടെ കടയുടമ പിടിച്ചത് വൈരാഗ്യമായി; സ്ത്രീ സുരക്ഷയും മാവോവാദി ഭീഷണിയും ഉയര്‍ത്തി സിസിടിവി നല്‍കില്ലെന്ന് പറഞ്ഞ പോലീസ്; വിവരാവകാശ കമ്മീഷണര്‍ ഇവിടേയും 'ഹീറോ'; കുന്നംകുളത്തിന് പിന്നാലെ പീച്ചിയിലും പോലീസ് ക്രൂരത; ഔസേപ്പ് സത്യം തളിയിച്ചപ്പോള്‍

Update: 2025-09-07 02:10 GMT

തൃശ്ശൂര്‍: കുന്നംകുളം പോലീസ് സ്റ്റേഷനില്‍വെച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ കണ്ടതിന്റെ ഞെട്ടല്‍ മാറും മുന്‍പേ സമാനരീതിയിലുള്ള മറ്റൊരു സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്തു വരുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് കേരളാ പോലീസ്. പീച്ചി പോലീസ് സ്റ്റേഷനില്‍ 2023-ല്‍ നടന്ന മര്‍ദനത്തിന്റെ ദൃശ്യങ്ങളാണ് പരാതിക്കാരന്‍ പുറത്തുവിട്ടിരിക്കുന്നത്. വിവരാവകാശത്തിലൂടെ നേടിയതാണ് ഈ ദൃശ്യങ്ങള്‍. സ്ത്രീ സുരക്ഷയും മവോവാദി ഭീഷണിയും അടക്കം പറഞ്ഞായിരുന്നു പോലീസ് വിവരാവകാശം തള്ളിയത്. എന്നാല്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഇടപെടല്‍ നിര്‍ണ്ണായകമായി. കസ്റ്റഡി മര്‍ദ്ദനത്തിനൊപ്പം കൈക്കൂലി ആരോപണവും ഈ കേസില്‍ ഉയരുന്നുണ്ട്.

പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ.പി. ഔസേപ്പാണ് ഒന്നരവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ ലഭിച്ച മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 2023 മേയ് 24-നാണ് കെ.പി. ഔസേപ്പ്, മകന്‍ പോള്‍ ജോസഫ്, ഹോട്ടല്‍ ജീവനക്കാര്‍ എന്നിവരെ പീച്ചി പോലീസ് സ്റ്റേഷനില്‍ അപമാനിക്കുകയും മര്‍ദിക്കുകയുംചെയ്തത്. ഹോട്ടലിലെ ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് ഇവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. പീച്ചി എസ്ഐ ആയിരുന്ന പി.എം. രതീഷിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദനം. സംഭവ സമയത്ത് തന്നെ തൃശൂര്‍ എസ് പി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി നിലനില്‍ക്കെ രതീഷിനെ സിഐയായി പ്രമോട്ട് ചെയ്യുകയും ചെയ്തു പോലീസ്. ഇതാണ് ഔസേപ്പ് ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്. രതീഷിനെ സര്‍വ്വീസില്‍ നിന്നും പുറത്താക്കണമെന്നാണ് ആവശ്യം. കടവന്ത്ര പോലീസ് സ്‌റ്റേഷനില്‍ സിഐയാണ് രതീഷ് ഇപ്പോള്‍.

മര്‍ദനദൃശ്യത്തിനുവേണ്ടി വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷ പോലീസ് നിരന്തരം തള്ളി. മാവോവാദിഭീഷണിയും സ്ത്രീസുരക്ഷയുമെല്ലാം ദൃശ്യം കൈമാറാതിരിക്കാനുള്ള കാരണങ്ങളായി പോലീസ് നിരത്തി. ഒടുവില്‍ കമ്മിഷന്‍ ഇടപെട്ടതിനുശേഷമാണ് ദൃശ്യങ്ങള്‍ നല്‍കാന്‍ പോലീസ് തയ്യാറായത്; ഒന്നരവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍. എന്നിട്ടും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ മടിക്കുകയാണ് അധികൃതര്‍. മര്‍ദിച്ച എസ്‌ഐയെക്കൂടി പ്രതിചേര്‍ക്കാന്‍ ഔസേപ്പ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനിടെ പോലീസ് വൈരാഗ്യത്തിനും ഔസേപ്പ് കാരണം പറയുന്നുണ്ട്.

ഔസേപ്പിന്റെ കടയില്‍ നിന്നും ഗ്രേഡ് എസ് ഐയുടെ അടുത്ത ബന്ധു സാധനങ്ങള്‍ മോഷ്ടിച്ചു. 9500 രൂപയുടെ സാധനാണ് പിടിച്ചത്. കൈയ്യോടെ പിടിച്ചപ്പോള്‍ പോലീസ് എത്തി. ഗ്രേഡ് എസ് ഐയുടെ ബന്ധു ബംഗ്ലൂരുവില്‍ പഠിക്കുകയായിരുന്നു. അന്ന് പോലീസ് പറഞ്ഞതു പ്രകാരം നടപടികള്‍ എടുത്തില്ല. പക്ഷേ ഇത് വൈരാഗ്യമായി മാറി. ഈ വൈരാഗ്യമാണ് കസ്റ്റഡി മരണമായി മാറിയത്. അതിനിടെ ഈ പോലീസ് ഉദ്യോഗസ്ഥന്‍ സ്വാധീനിക്കാനും ശ്രമിച്ചതായി ഔസേപ്പ് പറഞ്ഞു. ഏതായാലും ഇപ്പോള്‍ പുറത്തു വന്ന വീഡിയോ പോലീസിനെ വെട്ടിലാക്കുകയാണ്.

കുന്നംകുളം പോലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രാദേശികനേതാവ് സുജിത്തിനെ പോലീസുകാര്‍ ക്രൂരമായി മര്‍ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഇതിനുപിന്നാലെ സംഭവത്തില്‍ ഉള്‍പ്പെട്ട പോലീസുകാരെ ശനിയാഴ്ച സര്‍വീസില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. പട്ടിക്കാട്ട് ലാലീസ് ഗ്രൂപ്പ് നടത്തുന്ന ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടലില്‍ 2023 മേയ് 23നു ഭക്ഷണം കഴിക്കാനെത്തിയവരുമായുണ്ടായ തര്‍ക്കമാണു സംഭവത്തിനു പിന്നില്‍. ഹോട്ടല്‍ ജീവനക്കാര്‍ തന്നെ മര്‍ദിച്ചതായി പാലക്കാട് വണ്ടാഴി സ്വദേശി പരാതിപ്പെട്ടിരുന്നു. സ്റ്റേഷനിലെത്തിയ ഹോട്ടല്‍ മാനേജര്‍ റോണി ജോണിയെയും ഡ്രൈവര്‍ ലിതിന്‍ ഫിലിപ്പിനെയും അന്നത്തെ എസ്എച്ച്ഒ പി.എം.രതീഷിന്റെ നേതൃത്വത്തില്‍ മര്‍ദിക്കുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ ഔസേഫിന്റെ മകന്‍ പോള്‍ ജോസഫിനെ ഉള്‍പ്പെടെ എസ്എച്ച്ഒ ലോക്കപ്പിലടയ്ക്കുകയും പരാതി ഒത്തുതീര്‍പ്പാക്കുന്നതിനു നിര്‍ദേശിക്കുകയും ചെയ്തു. ഒത്തുതീര്‍പ്പിനായി പരാതിക്കാരന്‍ 5 ലക്ഷം രൂപ ആവശ്യപ്പെടുകയും അതില്‍ 3 ലക്ഷം പൊലീസിനാണെന്ന് പറയുകയും ചെയ്തു. 5 ലക്ഷം രൂപ സിസിടിവി ക്യാമറയ്ക്കു മുന്നില്‍വച്ചാണ് ഔസേഫ് കൈമാറിയത്. തന്നെ ആരും മര്‍ദിച്ചില്ലെന്നു പരാതിക്കാരന്‍ മൊഴി നല്‍കി ജില്ലാ അതിര്‍ത്തി കടന്നു പോയതിനു പിന്നാലെ പൊലീസ് ജീവനക്കാരെ മോചിപ്പിച്ചു. സംസ്ഥാന വിവരാവകാശ കമ്മിഷന്‍ മുഖേന പൊലീസ് സ്റ്റേഷനിലെ ദൃശ്യങ്ങള്‍ ലഭിക്കുന്നതിന് ഔസേഫ് അപേക്ഷിച്ചു. ഒരു വര്‍ഷത്തോളം നടത്തിയ നിയമപോരാട്ടത്തിലാണ് ദൃശ്യങ്ങള്‍ ലഭ്യമായത്.

Tags:    

Similar News