ചിറക്കല്‍ കോവിലകത്തിന്റെ അധീനതയിലുള്ള മാടായി തിരുവര്‍കാട്ട് കാവ്; സസ്യ, ജൈവ വൈവിധ്യങ്ങളെ ചവിട്ടിമെതിച്ച് പ്രകടനമെന്ന് പരിസ്ഥിതി വാദികള്‍; ആരാധനാഭൂമിയെ രാഷ്ട്രീയ ആശയ പ്രചാരണ വേദിയാക്കിയെന്ന് വിശ്വാസികള്‍; ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ ഫലസ്തീന്‍ അനൂകൂല പ്രകടനം പലവിധ ചര്‍ച്ചകളില്‍; പോലീസ് കേസെടുത്തത് സ്വമേധയാ
പഴയങ്ങാടി: മാടായിപ്പാറയില്‍ ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഫലസ്തീന്‍ അനൂകൂല പ്രകടനം നടത്തിയ സംഭവത്തില്‍ 30 പേര്‍ക്കെതിരേ പഴയങ്ങാടി പോലീസ് കേസെടുത്തത് സ്വമേധയാ. ജൈവവൈവിധ്യം നശിപ്പിച്ചതിനൊപ്പം സമൂഹത്തില്‍ സ്പര്‍ധ ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രകടനമെന്നും കാണിച്ചാണ് കേസെടുത്തത്. തിരുവോണനാളില്‍ വൈകീട്ട് ആറോടെയായിരുന്നു സംഭവം. അഫ്‌റ ശിഹാബിന്റെ നേതൃത്വത്തില്‍ ഗേള്‍സ് ഇസ്ലാമിക് സംഘടനയില്‍പ്പെട്ട കണ്ടാലറിയാവുന്ന 29 പേര്‍ സമൂഹത്തില്‍ സ്പര്‍ധ ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ, അനുമതിയില്ലാതെ പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശത്ത് കൊടികളും ബാനറുകളും ഉയര്‍ത്തിക്കാട്ടി പലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രകടനം നടത്തിയെന്നാണ് കേസ്. ദേവസ്വം ഭൂമിയിലായിരുന്നു പ്രകടനമെന്നും ആരോപണമുണ്ട്. എന്നാല്‍ എഫ് ഐ ആറില്‍ ഈ സൂചനകളൊന്നുമില്ല.
മാടായിപ്പാറയിലെ സസ്യ, ജൈവവൈവിധ്യങ്ങളെ ചവിട്ടിമെതിച്ച് പ്രകടനം നടത്തിയതില്‍ മാടായിപ്പാറ സംരക്ഷണസമിതി പ്രതിഷേധിച്ചിരുന്നു. ആരാധനാഭൂമിയായ മാടായിപ്പാറയെ രാഷ്ട്രീയ ആശയ പ്രചാരണത്തിന്റെ വേദിയാക്കി ദുരുപയോഗപ്പെടുത്തുന്നത് പവിത്രതയ്ക്ക് ഭീഷണിയാണെന്നും മറ്റു പ്രകടനങ്ങള്‍ക്കും ഇത് വഴിയൊരുക്കുമെന്നും സമിതി ചെയര്‍മാന്‍ പി.പി. കൃഷ്ണന്‍, സെക്രട്ടറി കെ.പി. ചന്ദ്രാംഗദന്‍ എന്നിവര്‍ ആരോപിച്ചിരുന്നു. പ്രകടനം നടത്തിയതിനെതിരേ മാടായി പബ്ലിക് ടെമ്പിള്‍ പ്രൊട്ടക്ഷന്‍ കമ്മിറ്റി ടി. മുരളീധരന്‍ പഴയങ്ങാടി പോലീസില്‍ പരാതി നല്‍കിയിരുന്നു. പുല്‍മേടുകള്‍ ചവിട്ടിമെതിച്ചും ജൈവവൈവിധ്യം നശിപ്പിച്ചുമാണ് ജാഥ നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് ഷെരീഫ് കെപി ഇട്ട പോസ്റ്റും വീഡിയോയും വൈറലാണ്. അറുനൂറോളം ഏക്കര്‍ വ്യാപിച്ചു കിടക്കുന്ന ദേവസ്വംഭൂമിയാണ് മാടായിപ്പാറ. സ്ഥലത്തേയും പുറമേ നിന്നും വരുന്നവരുടെയും വൈകുന്നേരങ്ങളില്‍ അല്പനേരം സന്തോഷം കണ്ടെത്താന്‍ പതിവായി എത്തിച്ചേരുന്ന മനോഹരമായ ഇടം. വര്‍ഷങ്ങളായി ജനങ്ങള്‍ സമാധാനത്തോടെ പങ്കിട്ടിരുന്ന ഈ സ്ഥലം, തിരുവോണദിവസം വേറൊരു സംഭവത്തിന് സാക്ഷിയായി. അവിടെ പതിവിലധികം ആളുകള്‍ എത്തിയിരുന്നു. ഓണം ആഘോഷിക്കാന്‍ മതഭേദമില്ലാതെ എല്ലാവരും കൂടി. കുടുംബങ്ങള്‍, കുട്ടികള്‍, സുഹൃത്തുക്കള്‍ എല്ലാവരും സന്തോഷത്തിന്റെ നിറവില്‍. അതിനിടെയാണ് ചിലര്‍ പ്രകടനവുമായി അവിടെ കടന്നുവന്നത്. ''ഫ്രീ ഫലസ്തീന്‍'' മുദ്രാവാക്യങ്ങള്‍ വിളിച്ചുകൂവി, അവര്‍ നേരിട്ട് സാധാരണ ജനങ്ങളുടെ കൂട്ടത്തിലേക്കാണ് ചെന്നത്. അവിടെ ഇരുന്നവരൊക്കെ ആ ആഘോഷത്തില്‍ മുഴുകിയിരുന്നവര്‍ മാത്രം. എന്നാല്‍ ആക്രോശത്തിന്റെ ശബ്ദം കേട്ടപ്പോള്‍, കാണുന്നവര്‍ക്ക് അവിടെയുള്ള സാധാരണക്കാരാണ് ഫലസ്തീനെ ആക്രമിക്കുന്നവര്‍ എന്നു തോന്നിപ്പോകും.
മാടായിപ്പാറയില്‍ ഇതുവരെ രാഷ്ട്രീയ സംഘടനകളുടെ പരിപാടികളും പ്രകടനങ്ങളും നടന്നിട്ടില്ല. അത് ഒരിക്കലും സംഭവിക്കാത്ത കാര്യമാണ്. എന്നാല്‍ അന്ന്, അവിടെ ഉണ്ടായിരുന്ന ജനങ്ങളുടെ സംയമനമാണ് കലാപം ഒഴിവാക്കിയത്. അതുകൊണ്ടാണ് ഇന്ന് അവര്‍ പ്രതികളായി മാത്രം മാറിയിരിക്കുന്നത്. ഫലസ്തീന്‍ പ്രശ്‌നം പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നതാണ്. എന്നാല്‍ തിരുവോണദിവസം ദേവസ്വംഭൂമിയിലാണ് പ്രതിഷേധം നടത്താന്‍ അവര്‍ തിരഞ്ഞെടുത്തത്. അതേ ഭൂമിയില്‍ തന്നെ കയ്യേറ്റക്കേസുകളും സ്ഥാപന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളും നേരിടുന്ന സംഘടന തന്നെയാണ് ഇത്. അതുകൊണ്ട് തന്നെ ഇവിടെ വ്യക്തമാകുന്നത് ഇവര്‍ക്കുള്ള പ്രശ്‌നം ഫലസ്തീനല്ല. പ്രശ്‌നം ഈ നാടിന്റെ സമാധാനമാണ്. സ്ത്രീകളെയും കുട്ടികളെയും മുന്നില്‍ നിര്‍ത്തി ഇരയായെന്ന നാടകമാടുക, ജനങ്ങളുടെ മനസ്സില്‍ കലുഷിതാവസ്ഥ സൃഷ്ടിക്കുക, സംഘര്‍ഷങ്ങള്‍ക്ക് വിത്തുവയ്ക്കുക ഇതെല്ലാം ഇവര്‍ മുന്‍പ് പരീക്ഷിച്ച തന്ത്രങ്ങളാണ്. ജമാഅത്തെ ഇസ്ലാമി, ഇന്ന് ഫലസ്തീനിന്റെ പേരുപയോഗിച്ച് നാട്ടില്‍ കലാപത്തിന് തീ കൊളുത്താന്‍ ശ്രമിക്കുന്നു. അതിനൊപ്പം, ഹിന്ദുത്വ താലിബാന്റെ ആയുധങ്ങള്‍ക്കു മൂര്‍ച്ച കൂട്ടുന്ന ഒരു ഭീഷണിയായി മാറുന്നു.
മാടായിപ്പാറയിലെ സംഭവമൊരു മുന്നറിയിപ്പാണ്. മലയാളികള്‍ തിരിച്ചറിയണം. സമാധാനത്തെ തകര്‍ക്കുന്ന മനുഷ്യവിരുദ്ധരെ കൂട്ടിലടക്കണം-ഇതാണ് ഷെരീഫ് കെപിയുടെ പോസ്റ്റ്.
ചിറക്കല്‍ കോവിലകത്തിന്റെ അധീനതയിലുള്ള മാടായി തിരുവര്‍കാട്ട് കാവ് (മാടായിക്കാവ്) ക്ഷേത്രത്തിന്റെ ഭൂമി കയ്യേറി സ്വകാര്യവ്യക്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ആരോപിച്ച് ചിറക്കല്‍ കോവിലകം ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ മൂന്ന് കൊല്ലം മുമ്പ് പഴയങ്ങാടി പോലീസില്‍ പരാതി നല്‍കയിരുന്നു. മാടായിപ്പാറയിലെ ഐടിഐക്ക് സമീപത്തെ ക്ഷേത്രത്തിന്റ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കെട്ടിട നിര്‍മാതാവും റിയല്‍ എസ്റ്റേറ്റ് സംഘത്തലവനുമായ ആള്‍ കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്നായിരുന്നു ആ പരാതി. 1952 ലെ മദിരാശി ഹിന്ദുമത ധര്‍മ സ്ഥാപനനിയമത്തിലെയും 1957 ലെ ലാന്റ് കണ്‍സര്‍വന്‍ സി ആക്ടിലെയും പ്രസക്ത വകുപ്പുകള്‍ പ്രകാരം ക്ഷേത്രഭൂമികള്‍ സര്‍ക്കാര്‍ ഭൂമിയെപ്പോലെ സംരക്ഷിക്കപ്പെടേണ്ടതാണെന്നും ആരോപിച്ചിരുന്നു. ഈ ക്ഷേത്ര ഭൂമിയിലാണോ പ്രകടനമെന്ന് പോലീസ് എഫ് ഐ ആറില്‍ പറയുന്നില്ലെന്നതാണ് വസ്തുത.