മുട്ടില്‍ മരംമുറിയില്‍ തട്ടിപ്പിന് ഇരയായ കര്‍ഷകര്‍ക്ക് എതിരെ റവന്യൂ വകുപ്പ്; 29 കര്‍ഷകരുടെ അപ്പീല്‍ അപാകത ആരോപിച്ചു തള്ളി; നിയമാനുശ്രുത മരംമുറിയെന്ന് വിശ്വസിപ്പിച്ചു കര്‍ഷകരെ വഞ്ചിച്ചവര്‍ സര്‍ക്കാറിനോട് തോള്‍ ചേര്‍ന്നും നടക്കുന്നു; ആശങ്കയില്‍ കര്‍ഷകര്‍; കര്‍ഷകര്‍ക്കെതിരെ നടപടികള്‍ ഉണ്ടാവില്ലെന്ന് മന്ത്രി കെ. രാജന്‍
മുട്ടില്‍ മരംമുറിയില്‍ തട്ടിപ്പിന് ഇരയായ കര്‍ഷകര്‍ക്ക് എതിരെ റവന്യൂ വകുപ്പ്
മാനന്തവാടി: മുട്ടില്‍ മരം മുറി കേസില്‍ മരംവിറ്റ ആദിവാസികള്‍ അടക്കമുള്ള കര്‍ഷകരുടെ അപ്പീല്‍ തള്ളി റവന്യു വകുപ്പ്. അപാകത ആരോപിച്ചു അപ്പീല്‍ തള്ളിയതോടെ ആശങ്കയില്‍ ആയിരിക്കുകയാണ് കര്‍ഷകര്‍. കര്‍ഷകരെ സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് പാഴായി എന്ന വിമര്‍ശനം ഇതോടെ ശക്തമായി. തട്ടിപ്പുകാര്‍ക്കെതിരായ അന്വേഷണവും കുറ്റപത്രം സമര്‍പ്പിക്കലുമെല്ലാം മെല്ലേപ്പോക്കിലായിരുന്നു. ഈ തട്ടിപ്പു നടത്തിയ അഗസ്റ്റിന്‍ സഹോദരങ്ങള്‍ ആകട്ടെ സര്‍ക്കാറുമായി ചേര്‍ന്ന് മെസിയെ അടക്കം കൊണ്ടുവരാനുള്ള ദൗത്യത്തിലാണ്.
ഇതിനിടെയാണ് മരംമുറി കേസില്‍ കര്‍ഷകര്‍ വെട്ടിലായിരിക്കുന്നത്. ഇതോടെ കര്‍ഷകരെ സംരക്ഷിക്കുമെന്നസര്‍ക്കാര്‍ ഉറപ്പ് പാഴായി എന്ന് വിമര്‍ശനം. ഈ 29 കര്‍ഷകരുടെ ഭൂമിയില്‍ നിന്നാണ് അഗസ്റ്റിന്‍ സഹോദരന്മാര്‍ മരം മുറിച്ചിരുന്നത്. ഇവരെ കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിലേക്ക് അപ്പീല്‍ സമര്‍പ്പിച്ചിരുന്നു.എന്നാല്‍ ഇതില്‍ അപാകതകള്‍ ഉണ്ടെന്നാണ് ഇപ്പോള്‍ പറയുന്നത്.
രേഖകള്‍ സഹിതം 15 ദിവസനത്തിനകം അപ്പീല്‍ നല്‍കാനാണ് മാനന്തവാടി സബ് കലക്ടര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. അല്ലാത്തപക്ഷം നടപടിയുമായി മുന്നോട്ട് പോകുമെന്നും നോട്ടീസില്‍ മുന്നറിയിപ്പുണ്ട്. ഇതോടെയാണ് ആദിവാസികള്‍ ഉള്‍പ്പടെയുള്ള കര്‍ഷകര്‍ ആശങ്കയിലായിരിക്കുന്നത്. മുറിച്ച മരത്തിന്റെ പിഴത്തുകയടക്കം സര്‍ക്കാറിലേക്ക് അടക്കേണ്ടിവരുമോ എന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്.
എന്നാല്‍ കര്‍ഷകര്‍ ഈ വിഷയത്തില്‍ ആശങ്കപ്പെടേണ്ടെന്നും ഇത് സ്വാഭാവിക നടപടിക്രമങ്ങള്‍ മാത്രമാണെന്നുമാണ് റവന്യു അധികൃതരുടെ വിശദീകരണം. കര്‍ഷകരോട് ഒരുവിധത്തിലുള്ള ദ്രോഹ നടപടികളും ഉണ്ടാവില്ലെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പ്രതികരിച്ചു. മന്ത്രിയുടെ വാക്കുകള്‍ ഓര്‍ഡറായി നല്‍കണമെന്ന ആവശ്യവും കര്‍ഷകര്‍ ഉന്നയിച്ചു.
2020 - 21ലാണ് വയനാട് മുട്ടിലില്‍ നടന്ന കോടികളുടെ അനധികൃത മരംമുറി നടന്നത്. അഗസ്റ്റിന്‍ സഹോദരങ്ങളടക്കം 12 പേരാണ് പ്രതികള്‍. 1964 ന് ശേഷം പട്ടയം ലഭിച്ച ഭൂമിയില്‍ സ്വയം കിളിര്‍ത്തതോ കര്‍ഷകര്‍ നട്ടുവളര്‍ത്തിയതോ ആയ മരങ്ങള്‍ മുറിക്കാമെന്ന, 2020ല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിന്റെ മറവില്‍ പ്രതികള്‍ കോടികള്‍ വിലമതിക്കുന്ന മരം മുറിച്ചു കടത്തിയെന്നാണ് മുട്ടില്‍ മരം മുറിക്കേസിലെ കുറ്റപത്രത്തില്‍ പറയുന്നത്.
500 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള സംരക്ഷിത മരങ്ങള്‍ അടക്കമാണ് മുറിച്ച് മാറ്റിയതെന്ന് ഡി.എന്‍.എ പരിശോധനയില്‍ തെളിഞ്ഞിരുന്നു. കേസിലെ പ്രധാന പ്രതികളായ അഗസ്റ്റിന്‍ സഹോദരന്മാരായ റോജി, ആന്റോ, ജോസുകുട്ടി എന്നിവര്‍ നിലവില്‍ ജാമ്യത്തിലാണ്.
എന്താണ് മുട്ടില്‍ മരം മുറി കേസ്?
മൂന്ന് തരം പട്ടയഭൂമിയാണ് ഉള്ളത്. ജന്മം പട്ടയം, ലാന്റ് ട്രിബ്യൂണല്‍ പട്ടയം, ലാന്റ് അസൈന്‍മെന്റ് പട്ടയം. ഇതില്‍ ലാന്റ് അസൈന്‍മെന്റ് പട്ടയം അനുവദിച്ച ഭൂമിയിലെ ചില മരങ്ങളുടെ ഉടമസ്ഥത സര്‍ക്കാരിനാണ്. നാല് തരം മരങ്ങളുടെ ഉടമസ്ഥതയാണ് സര്‍ക്കാരിനുള്ളത്. ചന്ദനം, തേക്ക്, വീട്ടി, എബണി എന്നീ രാജകീയ മരങ്ങളാണ് അവ. ലാന്റ് അസൈന്‍മെന്റ് പട്ടയം കൂടുതലായും നല്‍കിയിട്ടുള്ളത് വയനാട്, എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളിലാണ്. വയനാട്ടിലുള്ള, ഇങ്ങനെയൊരു പട്ടയഭൂമിയാണ് മുട്ടില്‍.
ഈ ഭൂമികളിലെ മരങ്ങളുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് പട്ടയഭൂമിയുടെ കൈവശക്കാരും സര്‍ക്കാരും തമ്മില്‍ പല കാലങ്ങളില്‍ പല തര്‍ക്കങ്ങളും ഉണ്ടായിട്ടുണ്ട്. അങ്ങനെ പല കാലങ്ങളിലായി പല ഉത്തരവുകളും ഇറങ്ങിയിട്ടുമുണ്ട്. ഇപ്പോള്‍ സജീവ ചര്‍ച്ചയായ മുട്ടില്‍ മരം മുറിക്കേസിലേക്ക് നയിച്ചത് 2020 ല്‍ ഇറങ്ങിയ ഒരു ഉത്തരവാണ്. റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ ജയതിലകിന്റെ ആ വിവാദ ഉത്തരവ് 2020 ഒക്ടോബര്‍ 24 നാണു വരുന്നത്. ഉത്തരവില്‍ ഉണ്ടായിരുന്നത് ചന്ദനമൊഴികെയുള്ള മറ്റെല്ലാ മരങ്ങളും ഈ ഭൂമികളില്‍ നിന്ന് മുറിക്കാം എന്നായിരുന്നു.
അതായത് രാജകീയ മരങ്ങളുടെ പട്ടികയില്‍ ചന്ദനം മാറ്റിനിര്‍ത്തിയാല്‍ ബാക്കിയുള്ള വീട്ടി, തേക്ക്, എബണി ഒക്കെ ഭൂവുടമകള്‍ക്ക് മുറിക്കാം എന്നായി. മരം മുറിക്കുന്നതിനെതിരെ ഉദ്യോഗസ്ഥര്‍ തടസ്സം നില്‍ക്കാന്‍ പാടില്ലെന്ന അസാധാരണ വ്യവസ്ഥയും ആ ഉത്തരവിലുണ്ടായിരുന്നു. വൃക്ഷവില സര്‍ക്കാരിലേക്ക് അടച്ചാല്‍ പോലും ഉടമസ്ഥത ലഭിക്കാതിരുന്ന ഈ മരങ്ങളൊക്കെ ആ ഉത്തരവോടെ ഉടമസ്ഥരുടെ സ്വന്തമായി മാറി.
മൂന്ന് മാസത്തെ മാത്രം ആയുസ്സായിരുന്നു ആ ഉത്തരവിനുണ്ടായിരുന്നത്. പക്ഷെ ആ മൂന്ന് മാസം കൊണ്ട് വന്‍ തോതില്‍ മരം മുറി നടന്നു. തടിക്കൊള്ളക്കാരും തടിമാഫിയയും അരയും തലയും മുറുക്കി മരം മുറിക്കാനിറങ്ങി. പട്ടയഭൂമിയുടെ ഉടമകളായ ആദിവാസികളെയും കര്‍ഷകരെയുമൊക്കെ തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങള്‍ മോഹവില വരുന്ന വീട്ടിമരങ്ങള്‍ ചുളുവിലക്ക് തടിമാഫിയ സ്വന്തമാക്കി. കോടികളുടെ വനംകൊള്ളയായി ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തുള്ള മരംമുറി മാറി.
നൂറുകണക്കിന് വര്‍ഷങ്ങളായി വെട്ടാതെ കിടന്ന മരങ്ങളൊക്കെ അങ്ങനെ ലോറിയില്‍ കയറി. മുട്ടിലില്‍ മാത്രമല്ല, എറണാകുളത്തും തൃശൂരും ഇടുക്കിയിലും ഒക്കെ വലിയ തോതില്‍ മരം മുറി നടന്നു. പക്ഷെ മുട്ടില്‍ ഗ്രാമത്തില്‍ നടന്നത് സമാനതകളില്ലാത്ത മരം മുറിയായിരുന്നു. കണക്കുകള്‍ പ്രകാരം മുട്ടില്‍ വില്ലേജില്‍ നിന്ന് മാത്രം 15 കോടി രൂപയുടെ മരങ്ങളാണ് മുറിച്ചിട്ടുള്ളത്.
അങ്ങനെ മരം മുറി വിവാദമായതോടെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കേസും എടുത്തു. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആ ഘട്ടത്തില്‍ പറഞ്ഞത്. പക്ഷെ അടിമുടി ദുരൂഹത നിറഞ്ഞ ആ ഉത്തരവ് തെറ്റായിപ്പോയെന്ന് അദ്ദേഹം പറഞ്ഞില്ല. കര്‍ഷകരെ സഹായിക്കാന്‍ ഉണ്ടാക്കിയ ഉത്തരവ് ചിലര്‍ മുതലെടുക്കുകയായിരുന്നു എന്നായിരുന്നു മുഖ്യമന്ത്രി നിലപാടെടുത്തത്. എന്തായാലും, ആ ഉത്തരവിന്റെ മറവില്‍ 300 വര്‍ഷം പഴക്കമുള്ള സംരക്ഷിത മരങ്ങളും മുട്ടിലില്‍ മുറിക്കപ്പെട്ടിരുന്നു.
ഹൈക്കോടതിയുടെ ഇടപെടലും വന്നതോടെ നിരവധി കേസുകള്‍ രെജിസ്റ്റര്‍ ചെയ്യപ്പെട്ടു. മുട്ടില്‍ നടന്ന വ്യാപക മരംമുറിയില്‍ പ്രധാന പ്രതികളായത് സഹോദരങ്ങളായ റോജി അഗസ്റ്റിനും ആന്റോ അഗസ്റ്റിനും ജോസുകുട്ടി അഗസ്റ്റിനും ആയിരുന്നു. പ്രതികള്‍ക്കെതിരെ നിര്‍ണായക തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു എന്നാണ് പിന്നീട് പുറത്തുവന്നത്. ആദിവാസി കര്‍ഷകര്‍ ഉള്‍പ്പെടെ ഭൂവുടമകള്‍ മരം മുറിക്കാന്‍ സമ്മതിച്ചുകൊണ്ട് എഴുതി നല്‍കിയ കത്തുകള്‍ എന്ന നിലയില്‍ പ്രതികള്‍ വില്ലേജ് ഓഫീസില്‍ സമര്‍പ്പിച്ചത് വ്യാജമാണെന്ന് കണ്ടെത്തി.
മുഖ്യപ്രതി റോജി അഗസ്റ്റിന്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ അപേക്ഷയാണ് ഇതെന്ന് ഫൊറന്‌സിക്ക് പരിശോധനയില്‍ കണ്ടെത്തി. ഇത്തരത്തില്‍ ഏഴ് കത്തുകളാണ് റോജി ഹാജരാക്കിയിരുന്നത്. മുറിച്ച മരങ്ങള്‍ക്ക് മുന്നൂറിലേറെ വര്‍ഷത്തെ പഴക്കമുണ്ടെന്ന് ഡിഎന്‍എ പരിശോധനയിലൂടെയും തെളിഞ്ഞു. 104 മരങ്ങളാണ് അഗസ്റ്റിന്‍ സഹോദരന്മാര്‍ മുട്ടിലില്‍ നിന്ന് മുറിച്ചെടുത്തത് എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
ആദിവാസികളെയും പാവങ്ങളായ ഭൂവുടമകളെയും കബളിപ്പിച്ച് കുറഞ്ഞ വിലക്ക് വ്യാജ അപേക്ഷയും കള്ള ഒപ്പും തയ്യാറാക്കി വിവാദ ഉത്തരവിനെ മറയാക്കി കോടിക്കണക്കിന് രൂപയുടെ മരം മുറിച്ച് കടത്തിയെന്ന ചില കേസില്‍ ഇനിയും കുറ്റപത്രം സമര്‍പ്പിക്കാനുണ്ട്. വനംവകുപ്പിന്റെയും രാജ്യത്തിന്റെയും ചരിത്രത്തില്‍ ആദ്യമായാണ് മരങ്ങളുടെ ഡിഎന്‍എ ടെസ്റ്റ് നടത്തിയതെന്നാണ് കേസന്വേഷണത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ വനംമന്ത്രി വിശദീകരിച്ചത്. 574 വര്‍ഷം വരെ പഴക്കമുള്ള മരമുള്‍പ്പെടെയാണ് മുറിച്ചതെന്ന് ഡിഎന്‍എ റിപ്പോര്‍ട്ടിലുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
കര്‍ഷകരും ആദിവാസികളും ഉള്‍പ്പെടെ പ്രതി ചേര്‍ക്കപ്പെട്ട 28 പേരെ കേസില്‍ നിന്നും നേരത്തെ ഒഴിവാക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍, ആ കര്‍ഷകരാണ് ഇപ്പോള്‍ ആശങ്കയിലായത്. ആദിവാസികളെയും കര്‍ഷകരെയും പറ്റിച്ചാണ് മരംമുറിച്ചെന്ന കണ്ടെത്തിയിരുന്ു. വില്ലേജ് ഓഫിസില്‍ ഭൂവുടമകളുടെ പേരില്‍ നല്‍കിയ അപേക്ഷയും ഒപ്പും വ്യാജമാണെന്ന ഫോറന്‍സിക് പരിശോധനാ ഫലമാണ് പ്രതികള്‍ക്കെതിരായ പ്രധാന തെളിവായി മാറിയതും.
