ഉന്നത ഉദ്യോഗസ്ഥരുടെ വഴിവിട്ട ഇടപെടലുകള്‍ മുട്ടില്‍ മരംമുറി കേസ് അന്വേഷണം ദുര്‍ബലമാക്കി; കേസിലെ എല്ലാക്കാര്യങ്ങളും ചീഫ് സെക്രട്ടറി ജയതിലകിന് അറിയാം; തന്നെ പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്നും നീക്കിയത് വിമര്‍ശിച്ചപ്പോള്‍; പ്രതികള്‍ക്ക് ശിക്ഷ ലഭിക്കണമെങ്കില്‍ സിബിഐ അന്വേഷണം വേണമെന്ന് മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോസഫ് മാത്യു
ഉന്നത ഉദ്യോഗസ്ഥരുടെ വഴിവിട്ട ഇടപെടലുകള്‍ മുട്ടില്‍ മരംമുറി കേസ് അന്വേഷണം ദുര്‍ബലമാക്കി
സുല്‍ത്താന്‍ ബത്തേരി: മുട്ടില്‍ മരംമുറി കേസിലെ അന്വേഷണം അട്ടിമറിക്കപ്പെടുന്ന അവസ്ഥയിലാണ്. നിരവധി കേസുകളില്‍ പ്രതികള്‍ ആയവരാണ് ഇപ്പോള്‍ സര്‍ക്കാറിന്റെ സംരക്ഷക വേഷത്തില്‍ എത്തിയിരിക്കുന്നത്. കേസിനെ ദുര്‍ബലമാക്കിയത് ഉന്നത ഇടപെടലുകളാണ് എന്നാണ് കേസിലെ മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോസഫ് മാത്യു വ്യക്തമാക്കുന്നത്.
ഉന്നത ഉദ്യോഗസ്ഥരുടെ വഴിവിട്ട ഇടപെടലുകളാണ് കേസ് ദുര്‍ബലമാക്കുന്നത്. അന്വേഷിക്കുവിന്‍, എന്നാല്‍ കണ്ടെത്തരുത് എന്ന രീതിയിലാണ് അന്വേഷണം. കര്‍ഷകര്‍ക്കെതിരായ നടപടി ഉദ്യോഗസ്ഥലത്തില്‍ തുടരുകയാണ്. ഈ നടപടി നിര്‍ത്തിവെക്കാന്‍ കൃത്യമായ ഉത്തരവ് ഇടുകയാണ് വേണ്ടത്. മരം മുറി കേസിലെ എല്ലാ കാര്യങ്ങളെ കുറിച്ചും ചീഫ് സെക്രട്ടറി ജയതിലകിന് അറിയാം. കേസ് സംബന്ധിച്ച പരസ്യ വിമര്‍ശനത്തിന് പിന്നാലെയാണ് തന്നെ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതെന്നും കേസ് സിബിഐക്ക് വിടണമെന്നും ജോസഫ് മാത്യു ആവശ്യപ്പെട്ടു.
യഥാര്‍ത്ഥ പ്രതികള്‍ക് ശിക്ഷ ലഭിക്കണമെങ്കില്‍ സിബിഐ അന്വേഷണം വേണമെന്നാണ് അദ്ദേഹം ആര്‍ത്തിക്കുന്നത്. 2021 ഫെബ്രുവരി മൂന്നിന് എറണാകുളത്തേക്ക് കടത്തിക്കൊണ്ടുപോയ മരത്തടികളുടെ കാര്യത്തില്‍ വനം വകുപ്പ് ഒളിച്ചു കളി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി എട്ടിന് സിസിഎഫ് കസ്റ്റഡിയിലെടുത്ത ഈട്ടി തടികള്‍ എവിടെയുണ്ട്? ഇത് വനഭൂമിയില്‍ നിന്നല്ലേ മുറിച്ചുമാറ്റിയത്? എന്തുകൊണ്ട് ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നില്ല തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് വിവരാവകാശ നിയമം പ്രകാരം അഡ്വ. ജോസഫ് മാത്യു ആവശ്യപ്പെട്ടത്. എന്നാല്‍ മരത്തടികള്‍ കണ്ടുകെട്ടി എന്ന് സമ്മതിക്കുന്ന വനംവകുപ്പ് അത് എവിടെയെന്ന ചോദ്യത്തിന് മറുപടി നല്‍കുന്നില്ലെന്നും ജോസഫ് മാത്യു പറഞ്ഞു.
വനഭൂമിയില്‍ നിന്ന് മരങ്ങള്‍ മുറിച്ചു കടത്തിയതിന്റേയും അത് കണ്ടുകെട്ടിയതിന്റെയും വിവരങ്ങള്‍ ലഭിച്ചപ്പോള്‍ ആ മരത്തടികള്‍ നിലവില്‍ എവിടെ എന്ന ചോദ്യത്തിന് മറുപടിയില്ല. ഇതാണ് യഥാര്‍ഥത്തില്‍ മുട്ടില്‍ മരം മുറിയിലെ ആദ്യത്തെ കേസെന്നും മരങ്ങള്‍ മുറിച്ചത് പട്ടയ ഭൂമിയില്‍ അല്ല വനത്തില്‍ നിന്നാണെന്നും അഡ്വ. ജോസഫ് മാത്യു അക്കമിട്ട് പറയുന്നു. ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ കൃത്യമായ ബോധ്യമുണ്ട് എന്നാല്‍ മുകളില്‍ നിന്നുള്ള കര്‍ശന നിര്‍ദേശങ്ങള്‍ കൊണ്ടാണ് വിവരങ്ങള്‍ പുറത്തുവിടാത്തത്. യഥാര്‍ഥത്തില്‍ വനമന്ത്രിയും സര്‍ക്കാരുമാണ് ഇതിന് മറുപടി പറയേണ്ടതെന്നും ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മീനങ്ങാടി മേപ്പാടി പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നടന്ന മരം മുറികളില്‍ 53 കേസുകളുടെ കുറ്റപത്രം ആണ് നിലവില്‍ സമര്‍പ്പിച്ചത്. എന്നാല്‍ ഏറ്റവും സുപ്രധാനമായ ആദ്യത്തെ രണ്ട് കേസുകളില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്. നിയമപരമായി തന്നെ ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്നും അഡ്വ. ജോസഫ് മാത്യു പറഞ്ഞു.
അതിനിടെ, മുട്ടില്‍ മരം മുറി കേസില്‍ ഭൂ ഉടമകളായ കര്‍ഷകര്‍ക്ക് വനം വകുപ്പ് കഴിഞ്ഞ ദിവസമാണ് നോട്ടീസ് നല്‍കിയത് . കര്‍ഷകര്‍ നല്‍കിയ അപ്പീലില്‍ അപാകതയുണ്ടെന്ന് കാണിച്ചായിരുന്നു നോട്ടീസ്. കര്‍ഷകര്‍ക്ക് പ്രശ്‌നമില്ല എന്ന് മന്ത്രി പറയുമ്പോഴും ഉദ്യോഗസ്ഥര്‍ നടപടിയുമായി മുന്നോട്ടു പോവുകയാണ്. വനം വകുപ്പ് നടപടിക്ക് പിന്നാലെ കര്‍ഷകരും ആശങ്കയിലാണ്. കര്‍ഷകരെ കബളിപ്പിച്ച് അഗസ്റ്റിന്‍ സഹോദരന്മാര്‍ മരം മുറിച്ച് കടത്താന്‍ ശ്രമിച്ച കേസില്‍ കര്‍ഷകര്‍ക്ക് നടപടി നേരിടേണ്ടി വരുമോ എന്നാണ് ഇപ്പോള്‍ ആശങ്ക ഉയരുന്നത്. കര്‍ഷകരെ സംരക്ഷിക്കാന്‍ റവന്യൂ വകുപ്പ് ഉത്തരവിറക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
2020 - 21ലാണ് വയനാട് മുട്ടിലില്‍ നടന്ന കോടികളുടെ അനധികൃത മരംമുറി നടന്നത്. അഗസ്റ്റിന്‍ സഹോദരങ്ങളടക്കം 12 പേരാണ് പ്രതികള്‍. 1964 ന് ശേഷം പട്ടയം ലഭിച്ച ഭൂമിയില്‍ സ്വയം കിളിര്‍ത്തതോ കര്‍ഷകര്‍ നട്ടുവളര്‍ത്തിയതോ ആയ മരങ്ങള്‍ മുറിക്കാമെന്ന, 2020ല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിന്റെ മറവില്‍ പ്രതികള്‍ കോടികള്‍ വിലമതിക്കുന്ന മരം മുറിച്ചു കടത്തിയെന്നാണ് മുട്ടില്‍ മരം മുറിക്കേസിലെ കുറ്റപത്രത്തില്‍ പറയുന്നത്. 500 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള സംരക്ഷിത മരങ്ങള്‍ അടക്കമാണ് മുറിച്ച് മാറ്റിയതെന്ന് ഡി.എന്‍.എ പരിശോധനയില്‍ തെളിഞ്ഞിരുന്നു.
