എന്റെ മകള്‍ ആരെയും ദ്രോഹിക്കാത്ത നിരുപദ്രവകാരി; ആഭരണങ്ങളും രണ്ടു വണ്ടിയും തട്ടിയെടുത്തു; സംഭവത്തിന് പിന്നില്‍ അജ്മലും ആദ്യഭര്‍ത്താവുമെന്ന് ശ്രീക്കുട്ടിയുടെ അമ്മ

മകള്‍ ആരെയും ദ്രോഹിക്കാത്ത നിരുപദ്രവകാരി:ശ്രീക്കുട്ടിയുടെ അമ്മ

By :  Brajesh
Update: 2024-09-18 12:50 GMT

കൊല്ലം: സ്‌കൂട്ടര്‍ യാത്രികയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീക്കുട്ടിയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി അമ്മ സുരഭി. കഴിഞ്ഞ ദിവസം മകളെക്കുറിച്ച് അമ്മ പ്രതികരിച്ചിരുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കവെയാണ് കൂടുതല്‍ വെളിപ്പെടുത്തലുമായി വീണ്ടും അമ്മയെത്തിയത്. തന്റെ മകള്‍ ആരെയും ദ്രോഹിക്കാത്ത നിരുപദ്രവകാരിയാണെന്നും മറ്റൊരാളുടെ വണ്ടിയില്‍ പോലും കയറാറില്ലെന്നും അമ്മ പറയുന്നു. ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് പിന്നില്‍ അജ്മലും ശ്രീക്കുട്ടിയുടെ ആദ്യ ഭര്‍ത്താവുമാണെന്നും അമ്മ ആരോപിച്ചു.അതുപോലെ ശ്രീക്കുട്ടിയുടെ ആഭരണങ്ങള്‍ ഒക്കെത്തന്നെയും അജ്മല്‍ തട്ടിയെടുത്തിരിക്കുകയാണെന്നും അമ്മ കുറ്റപ്പെടുത്തി.

അമ്മയുടെ വാക്കുകള്‍ ഇങ്ങനെ...'ആ കുട്ടി നിരപരാധിയാണ്. അവള്‍ അങ്ങനെ ആരേയും ഉപദ്രവിക്കില്ല, ആരുടേയും വണ്ടിയില്‍ കയറില്ല. മോളുടെ ആഭരണങ്ങളെല്ലാം അവന്‍ ഊരിയെടുത്തിരിക്കുകയാണ്. മയക്കുമരുന്ന് വല്ലതും കൊടുത്ത് പാകപ്പെടുത്തി എടുത്തോയെന്ന് സംശയമുണ്ട്. അവള്‍ക്കുണ്ടായിരുന്ന രണ്ട് വണ്ടിയും അവന്‍ അപഹരിച്ചുകൊണ്ടുപോയി. ഇതിന് പിന്നില്‍ ശ്രീക്കുട്ടിയുടെ ആദ്യ ഭര്‍ത്താവായിരുന്ന സോണി എന്ന പറയുന്നയാളുണ്ട്. എന്റെ കൊച്ചിനെ അകത്താക്കാന്‍ വേണ്ടി സോണിയും അജ്മലും ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയാണിത്'.'

കേസില്‍ പ്രതികളെ മൂന്നു ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് ശാസ്താംകോട്ട പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചു.കേസിലെ ഒന്നാം പ്രതി അജ്മല്‍ കൊല്ലം ജില്ലാ ജയിലിലും രണ്ടാംപ്രതി ഡോക്ടര്‍ ശ്രീക്കുട്ടി തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലുമാണ്. സംഭവത്തില്‍ പ്രതിയായ കരുനാഗപ്പള്ളി വെളുത്തമണല്‍ സ്വദേശി അജ്മലിനെതിരേ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസ് തയ്യാറെടുക്കുക.ാണ്. നീചമായ കുറ്റകൃത്യമായി കണക്കാക്കി പരമാവധി ശിക്ഷ ലഭ്യമാക്കനുള്ള തീവ്രശ്രമത്തിലാണ് ശാസ്താംകോട്ട പോലീസ്.

അജ്മല്‍ മദ്യപിച്ചിട്ടുണ്ടെന്ന് അറസ്റ്റ് ചെയ്തപ്പോള്‍ വൈദ്യപരിശോധനയില്‍ തെളിഞ്ഞിരുന്നു. അയാളുടെമേല്‍ ബോധപൂര്‍വമായ നരഹത്യക്കുറ്റവും ഡോ. ശ്രീക്കുട്ടിക്കെതിരേ പ്രേരണക്കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്.കടയില്‍നിന്ന് സാധനംവാങ്ങി സ്‌കൂട്ടറില്‍ മറുഭാഗത്തേക്ക് കടക്കുന്നതിനിടെ ദിശ തെറ്റി അമിതവേഗത്തില്‍ വന്ന കാര്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് കുഞ്ഞുമോള്‍ മരിച്ചത്. താഴെ വീണ കുഞ്ഞുമോളുടെ നെഞ്ചിലൂടെ കാര്‍ രണ്ടുതവണ കയറ്റിയിറക്കിയതാണ് മരണകാരണം.ഇടിച്ച കാര്‍ ശാസ്താംകോട്ട പോലീസ് കസ്റ്റഡിയിലാണ്.തിങ്കളാഴ്ച ഫൊറന്‍സിക് സംഘമെത്തി കാര്‍ പരിശോധിച്ചു.

റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് കാര്‍ കോടതിക്ക് കൈമാറും.അജ്മലിനും ഡോ. ശ്രീക്കുട്ടിക്കും പരമാവധി ശിക്ഷ ഉറപ്പുവരുത്താന്‍ പോലീസിന്റെ ഭാഗത്തുനിന്നു ശ്രമമുണ്ടാകണമെന്ന് കുഞ്ഞുമോളുടെ ഭര്‍ത്താവ് നൗഷാദ്, മക്കളായ സോഫിയ, അല്‍ഫിയ എന്നിവര്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച ഉദ്യോഗസ്ഥര്‍ കുഞ്ഞുമോളുടെ വീട്ടിലെത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. റൂറല്‍ എസ്.പി. നേരിട്ടാണ് അന്വേഷണപുരോഗതി വിലയിരുത്തുന്നത്.

അജ്മല്‍ വിവിധ കേസുകളില്‍ പ്രതിയായതിനാല്‍ കാറിന്റെ ഉടമയെ സംബന്ധിച്ചും പോലീസ് വിശദമായി അന്വേഷണം നടത്തുന്നുണ്ട്. അജ്മലിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിന് കുന്നത്തൂര്‍ ആര്‍.ടി.ഓഫീസും നടപടി തുടങ്ങി. വനിതാ ഡോക്ടറുടെ രക്തസാമ്പിള്‍ ഇന്ന് പരിശോധനയ്ക്ക് അയയ്ക്കും. അതേസമയം അപകടത്തിന് ശേഷം കാറിന്റെ ഇന്‍ഷ്വറന്‍സ് പോളിസി പുതുക്കിയതായി പോലീസ് കണ്ടെത്തി.കാറിന്റെ ഇന്‍ഷ്വറന്‍സ് കാലാവധി ഈ മാസം 13ന് അവസാനിച്ചിരുന്നു. അപകടം നടന്ന ദിവസം കാറിന് ഇന്‍ഷ്വറന്‍സ് ഇല്ലായിരുന്നു.

അപകടശേഷം യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ നിന്ന് തുടര്‍പോളിസി ഓണ്‍ലൈന്‍ വഴി എടുത്തു. 16 മുതല്‍ ഒരു വര്‍ഷത്തേക്കാണ് പുതിയ പോളിസി.പ്രതി മുഹമ്മദ് അജ്മലിന്റെ സുഹൃത്തിന്റെ മാതാവിന്റെ പേരിലുള്ളതാണ് കാര്‍.കെഎല്‍ 23ക്യൂ 9347 എന്ന കാറിടിച്ചാണ് ആനൂര്‍ക്കാവ് പഞ്ഞിപ്പുല്ലുവിള കുഞ്ഞുമോള്‍ (45) ദാരുണമായി കൊല്ലപ്പെട്ടത്.മൈനാഗപ്പള്ളിയിലെ സുഹൃത്തിനൊപ്പം ഓണാഘോഷവും മദ്യസല്‍ക്കാരവും കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം.കാറുടമയെ വിളിച്ചുവരുത്തി വിശദമായ മൊഴിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

Tags:    

Similar News