'സാര്‍ എന്നെ വിശ്വസിക്കൂ, ഞാന്‍ നിരപരാധിയാണ്; ഞാന്‍ പറഞ്ഞതെല്ലാം സത്യമാണ് സാര്‍...; അല്ല, നീ പറഞ്ഞത് മുഴുവന്‍ കള്ളമാണ്': പിച്ചി-മാന്തി-നുള്ളി എന്നീ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ പെരുമാറേണ്ട രീതി എങ്ങനെ? നല്ല വിധേയത്വം വേണം; ഹിയറിങ് ലൈവ് സ്ട്രീം നിഷേധിച്ചതിന് പിന്നാലെ സൂപ്പര്‍ ട്രോള്‍ വീഡിയോയും പോസ്റ്റുമായി എന്‍ പ്രശാന്ത്

സൂപ്പര്‍ ട്രോള്‍ വീഡിയോയും പോസ്റ്റുമായി എന്‍ പ്രശാന്ത്

Update: 2025-04-11 18:06 GMT

തിരുവനന്തപുരം: അച്ചടക്ക നടപടിയുടെ ഭാഗമായുള്ള ഹിയറിങ് ലൈവ് സ്ട്രീം ചെയ്യണമെന്ന ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചതിന് പിന്നാലെ സൂപ്പര്‍ ട്രോള്‍ വീഡിയോയും, കുറിപ്പുമായി എന്‍ പ്രശാന്ത് ഐ എ എസ്. 2024 നവംബര്‍ 11നാണ് എന്‍ പ്രശാന്ത് സസ്‌പെന്‍ഷനിലായത്. ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവര്‍ത്തകനെയും നവമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചെന്ന ആരോപണത്തിലാണ് സസ്‌പെന്‍ഷന്‍. ഈ മാസം 16നാണ് പ്രശാന്തിന് ഹിയറിംഗിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. സിവില്‍ സര്‍വീസില്‍ വിധേയരായി നില്‍ക്കേണ്ടതിന്റെ ദുര്യോഗമാണ് കണ്ണൂര്‍ ഡീലക്‌സ് സിനിമയിലെ ഷീല-നസീര്‍ രംഗം ചേര്‍ത്ത് കളക്ടര്‍ ബ്രോ കൊഴുപ്പിച്ചത്.

ഷീല: സാര്‍ എന്നെ വിശ്വസിക്കൂ, ഞാന്‍ നിരപരാധിയാണ്..ഇവര്‍ എല്ലാരും കൂടി എന്നെ ചതിക്കുകയായിരുന്നു...ഞാന്‍ പറഞ്ഞതെല്ലാം സത്യമാണ് സാര്‍...

പ്രേംനസീര്‍: അല്ല, നീ പറഞ്ഞത് മുഴുവന്‍ കള്ളമാണ്..ഭയങ്കര കളളിയാണ് നീ.

സത്യം പറഞ്ഞാലും കളളമെന്ന് വിധിയെഴുതുന്ന നിലിവിലെ സമ്പ്രദായത്തെ ട്രോളുകയാണ് ബ്രോ.


എന്‍ പ്രശാന്തിന്റെ കുറിപ്പ് ഇങ്ങനെ:


സിവില്‍ സര്‍വ്വീസ് അക്കാദമി:

പിച്ചി-മാന്തി-നുള്ളി എന്നീ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന ഒരു IAS ഉദ്യോഗസ്ഥന്‍ മേലുദ്യോഗസ്ഥരോടും മാധ്യമങ്ങളോടും പെരുമാറേണ്ട രീതി എങ്ങനെ? നല്ല വിധേയത്വം വേണം. ഈ വിഷയം പഠിപ്പിക്കുന്ന പ്രൊഫ. അടിമക്കണ്ണ് അതിനായി ഉപയോഗിക്കുന്ന വീഡിയോ നമുക്ക് കാണാം. ബ്ലാക്ക് & വൈറ്റ് വീഡിയോ ആണ് നാസ പുറത്ത് വിട്ടത്. ഒന്നും തോന്നരുത്.

ഗോഡ്ഫാദറില്ലാത്ത, വരവില്‍ കവിഞ്ഞ് വരുമാനമില്ലാത്ത, ക്രിമിനല്‍ കേസുകളൊന്നും ഇല്ലാത്ത, പീഡോഫീലിയ കേസ് ഒതുക്കിത്തീര്‍ക്കാനില്ലാത്ത, തമിഴ്നാട്ടില്‍ ടിപ്പറും കാറ്റാടിപ്പാടങ്ങളുമില്ലാത്ത, ബന്ധുക്കള്‍ക്ക് ബാറില്ലാത്ത, പത്രക്കാര്‍ പോക്കറ്റിലില്ലാത്ത, ഡാന്‍സും പാട്ടുമറിയാത്ത, മതാടിസ്ഥാനത്തില്‍ ഗ്രൂപ്പുകളില്ലാത്തവര്‍ക്ക് മാത്രമാണീ ക്ലാസ് ബാധകം.

പ്രൊഫ. അടിമക്കണ്ണിന്റെ ക്ലാസ്സില്‍ ശ്രദ്ധിക്കാതിരുന്നവര്‍ ആത്മാഭിമാനം, നീതി, ന്യായം, സുതാര്യത, നിയമം, ഭരണഘടന എന്നൊക്കെ പുലമ്പും. കാര്യമാക്കണ്ട.

ധര്‍മ്മോ രക്ഷതി രക്ഷതി രക്ഷിതഃ


Full View

പ്രശാന്തിനെതിരെ വകുപ്പ് തല നടപടിക്ക് മുന്നോടിയായി വകുപ്പ് തല അന്വേഷണത്തിന് സര്‍ക്കാര്‍ ആലോചിക്കുമ്പോഴാണ് ഹിയറിങ് ആവശ്യപ്പെട്ടത്. ലൈവ് സ്ട്രീമിംഗും റെക്കോര്‍ഡിംഗും നടത്തണമെന്നായിരുന്നു എന്‍ പ്രശാന്തിന്റെ ആവശ്യം. എന്നാല്‍ അച്ചടക്ക നടപടിയുടെ ഭാഗമായതിനാല്‍ രഹസ്യ സ്വഭാവമുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു. വ്യക്തിപരമായ ഹിയറിങ് ലൈവ് സ്ട്രീമിങ് ആവശ്യപ്പെടുന്നത് അസാധാരണ നടപടിയാണെന്നാണ് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഐഎഎസ് സര്‍വീസ് ചട്ടത്തില്‍ അത്തരം കാര്യം പറയുന്നില്ലെന്നും തെളിവ് എന്ന നിലയില്‍ വീഡിയോ റെക്കോഡിങ് ആവശ്യപ്പെടാമെങ്കിലും ലൈവ് സ്ട്രീമിങ് അസാധാരണമാണെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടികാണിക്കുന്നു. പൊതുതാല്‍പര്യം പരിഗണിച്ചാണ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടതെന്നാണ് പ്രശാന്തിന്റെ ന്യായീകരണം.

പ്രശാന്തിന്റെ പേരിലുള്ള കുറ്റാരോപണം അന്വേഷിക്കുന്നതിന് ഉദ്യോഗസ്ഥനെ നിയമിക്കണോ എന്നത് ഹിയറിങ്ങിനുശേഷം തീരുമാനിക്കും. അങ്ങനെ വന്നാല്‍ പ്രശാന്തിന്റെ സര്‍വ്വീസിലേക്കുള്ള മടങ്ങി വരവ് നീളും. ഇതിന് വേണ്ടിയുള്ള കരുനീക്കങ്ങള്‍ ചിലര്‍ നടത്തുന്നതായി സൂചനകളുണ്ട്. ജനകീയ തീരുമാനങ്ങളുമായി കളക്ടര്‍ ബ്രോ എന്ന വിളിപ്പേര് നേടിയ ഉദ്യോഗസ്ഥനാണ് പ്രശാന്ത്. ഇതെല്ലാം കൂടി പരിഗണിച്ചാണ് ഹിയറിങ്ങിലേക്കുള്ള സര്‍ക്കാര്‍ തീരുമാനം.

തന്നെ കേള്‍ക്കാന്‍ ചീഫ് സെക്രട്ടറി തയ്യാറാകണമെന്നാവശ്യപ്പെട്ട് പ്രശാന്ത് കത്തുനല്‍കിയിരുന്നു. ചീഫ് സെക്രട്ടറിയെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ് പ്രശാന്തിന്റെ കത്ത്. ചീഫ് സെക്രട്ടറി ശാരദാമുരളീധരന്‍ ഈഗോ പ്രേരിതയായി തനിക്കെതിരേ തെറ്റായ നടപടി സ്വീകരിച്ചെന്നാണ് ആരോപണം അതിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചീഫ് സെക്രട്ടറിക്ക് എട്ടുതവണ അയച്ച കത്തുകളെല്ലാം ചേര്‍ത്ത് കുറ്റപത്രത്തിനുള്ള മറുപടിയായി കണക്കാക്കിയാല്‍ മതിയെന്ന പ്രശാന്തിന്റെ വിശദീകരണവും ഹിയറിങ്ങിലേക്ക് കാര്യങ്ങളെത്തിച്ചു.'സ്റ്റേറ്റ്മെന്റ് ഓഫ് ഡിഫന്‍സ്' എന്ന തലക്കെട്ടില്ലാത്തതുകൊണ്ടാണ് അത് സ്വീകരിക്കാത്തതെങ്കില്‍ അത് വലുതായി രേഖപ്പെടുത്തിയിട്ടാണ് ഇപ്പോള്‍ അയക്കുന്നതെന്നും വിശദീകരിച്ചു. തന്റെ സസ്പെന്‍ഷന്‍ ന്യായീകരിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും വിശദീകരിച്ചു. പകയും വ്യക്തമാക്കി. നിസ്സാരമായ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് എനിക്കെതിരേ നടപടിയെടുത്തത്. 2022 ജനുവരിമുതല്‍ സെക്രട്ടറിപദവിയിലേക്കുള്ള സ്ഥാനക്കയറ്റം തടഞ്ഞിരിക്കുകയാണ്. സസ്പെന്‍ഷന്‍ പിന്‍വലിച്ച് സെക്രട്ടറിയായി സ്ഥാനക്കയറ്റം നല്‍കണമെന്നായിരുന്നു ആവശ്യം. ആഴക്കടല്‍ മത്സ്യബന്ധനവിവാദത്തില്‍ നടക്കുന്ന അന്വേഷണവും പൂര്‍ത്തിയാക്കണം. 2022 മുതല്‍ തുടങ്ങിയ അച്ചടക്കനടപടി ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇതുസംബന്ധിച്ച ഫയലും കാണിക്കുന്നില്ല. പിന്നെ ഫയല്‍ എന്നാല്‍ ജീവിതമാണെന്നു പറഞ്ഞിട്ട് എന്തര്‍ഥം? ഇതായിരുന്നു പ്രശാന്തിന്റെ ചോദ്യം. ഈ സാഹചര്യത്തിലാണ് പ്രശാന്തിനെ നേരിട്ടു കേള്‍ക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ചീഫ് സെക്രട്ടറിയ്ക്ക് കിട്ടിയത്.

16ന് വൈകിട്ട് 4.30ന് ഹാജരാകാനാണ് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്. ഹിയറിങ്ങിന്റെ ഓഡിയോ, വിഷ്വല്‍ റെക്കോഡിങ്ങും ലൈവ് സ്ട്രീമിങും വേണമെന്ന ആവശ്യം ചീഫ് സെക്രട്ടറി അംഗീകരിച്ചെന്നും രാജ്യത്തു തന്നെ ആദ്യമായാണ് ഇതെന്നും പ്രശാന്ത് അറിയിച്ചു. അഡീഷനല്‍ ചീഫ് സെക്രട്ടറി എ.ജയതിലക്, വൈറ്റില മൊബിലിറ്റി ഹബ് എംഡി കെ.ഗോപാലകൃഷ്ണന്‍ എന്നിവരെ ലക്ഷ്യമിട്ടു സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടതാണു പ്രശാന്തിന്റെ സസ്‌പെന്‍ഷനില്‍ കലാശിച്ചത്. നവംബറില്‍ സസ്‌പെന്‍ഷനിലായ പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ കാലാവധി ജനുവരിയില്‍ നാലു മാസത്തേക്കു കൂടി സര്‍ക്കാര്‍ നീട്ടിയിരുന്നു. ഇതിനിടെ, പ്രശാന്തിനെതിരെ വകുപ്പുതല നടപടി എടുക്കുന്നതിനു മുന്നോടിയായി അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അനുമതി തേടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പ്രശാന്തിന്റെ പരാതികള്‍ നേരിട്ടു കേള്‍ക്കാന്‍ ചീഫ് സെക്രട്ടറിക്കു മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. ഐഎഎസുകാര്‍ക്കിടയില്‍ വലിയൊരു വിഭാഗം പ്രശാന്തിനെ പിന്തുണയ്ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

തന്നെ നേരിട്ടുകേള്‍ക്കാതെ സസ്പെന്‍ഷന്‍ നടപടിയെടുത്തു എന്നുള്ളതായിരുന്നു എന്‍.പ്രശാന്തിന്റെ പ്രധാന പരാതി. അഡീഷണല്‍ ചീഫ് സെക്രട്ടറി എ.ജയതിലകിനെതിരെയുള്ള തന്റെ പേരിലുള്ള സമൂഹമാധ്യമ പോസ്റ്റ് വ്യാജമാണെന്നു ചൂണ്ടിക്കാണിച്ച് വക്കീല്‍ നോട്ടിസും അയച്ചിരുന്നു. എന്നാല്‍ പരാതികള്‍ സമിതിക്കു മുന്നില്‍ പറയണമെന്നായിരുന്നു ചീഫ്സെക്രട്ടറിയുടെ നിലപാട്. മാത്രമല്ല കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൂടിയ കമ്മിറ്റി പ്രശാന്തിനെതിരെയുള്ള അന്വേഷണം ആവശ്യപ്പെട്ട് ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഇതിനിടെയാണ് പ്രശാന്തിനെ നേരിട്ടു കേള്‍ക്കാനുള്ള നിര്‍ദേശം ചീഫ് സെക്രട്ടറിക്ക് നല്‍കിയത്. അഡീഷണല്‍ ചീഫ് സെക്രട്ടറി എ.ജയതിലകിനെതിരെ സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്നതിലായിരുന്നു എന്‍.പ്രശാന്തിനെ കഴിഞ്ഞ നവംബര്‍ 11 ന് സസ്പെന്‍ഡ് ചെയ്തത്. ഈ മാസം ശാരദാ മുരളീധരന്‍ വിരമിക്കുമ്പോള്‍ എ.ജയതിലക് ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. അതു കൂടി കണക്കിലെടുത്താണ് ഇപ്പോഴത്തെ തീരുമാനമെന്നാണ് സൂചന. കഴിഞ്ഞ ദിവസം നിര്‍ണായക തീരുമാനം ഉടനെന്നു എന്‍.പ്രശാന്ത് ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. പിന്നീട് പോസ്റ്റില്‍ എന്‍.പ്രശാന്ത് സമൂഹമാധ്യമത്തിലൂടെയോ അല്ലാതെയോ പ്രതികരിച്ചില്ല.

സര്‍ക്കാര്‍ അകാരണമായി തന്നോട് അന്യായം കാണിക്കുകയാണെന്നെന്നും പ്രശാന്ത് ആരോപിച്ചിരുന്നു. പ്രാഥമിക അന്വേഷണംപോലും നടത്താതെയും തന്റെ ഭാഗം കേള്‍ക്കാതെയുമായിരുന്നു നടപടിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. അച്ചടക്ക ലംഘനത്തിന് ചാര്‍ജ് മെമ്മോ നല്‍കിയ ചീഫ് സെക്രട്ടറിയോട് പ്രശാന്ത് തിരിച്ച് വിശദീകരണം ചോദിച്ചതും വിവാദമായിരുന്നു. ചീഫ് സെക്രട്ടറി ഏഴ് കാര്യങ്ങള്‍ക്ക് വിശദീകരണം നല്‍കണമെന്നാണ് പ്രശാന്ത് ആവശ്യപ്പെട്ടത്. താന്‍ ആവശ്യപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ക്ക് മറുപടി തന്നാലേ ചാര്‍ജ് മെമ്മോയ്ക്ക് മറുപടി നല്‍കൂവെന്നും പ്രശാന്ത് നിലപാടെടുത്തിരുന്നു.

Tags:    

Similar News