ശബരിമലയുടെ ദൗത്യം സംസ്ഥാന ശേഷിക്ക് അപ്പുറമാണെങ്കില്‍ കേന്ദ്രഭരണ പ്രദേശം രൂപീകരിക്കാം; സന്നിധാനവും മരക്കൂട്ടവും പമ്പയും നിലയ്ക്കലും ഉള്‍പ്പെടുന്ന പ്രദേശം; ദേവസ്വം ബോര്‍ഡിന് പകരം ശബരി എന്ന പ്രൊഫഷണല്‍ അതോറിറ്റി മറ്റൊരു പരിഹാരം; സ്‌പോണ്‍സര്‍മാരില്ലാതെ അയ്യപ്പന്റെ പൂങ്കാവനം വീണ്ടെടുക്കാന്‍ എന്‍ പ്രശാന്തിന്റെ സമഗ്ര നിര്‍ദ്ദേശങ്ങള്‍

അയ്യപ്പന്റെ പൂങ്കാവനം വീണ്ടെടുക്കാന്‍ എന്‍ പ്രശാന്തിന്റെ സമഗ്ര നിര്‍ദ്ദേശങ്ങള്‍

Update: 2025-11-21 17:36 GMT

തിരുവനന്തപുരം: ശബരിമലയുടെ ഭരണപരിപാലനവും ആള്‍ക്കൂട്ട നിയന്ത്രണവും അടക്കമുള്ള ദൗത്യം സംസ്ഥാനശേഷിക്കപ്പുറമാണെങ്കില്‍ കേന്ദ്രീകൃത കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കാമെന്ന നിര്‍ദ്ദേശവുമായി എന്‍. പ്രശാന്ത് ഐ എ എസ്. ശബരിമലയില്‍ പോയി വന്ന ശേഷമാണ് എല്ലാ കാര്യങ്ങളും വിലയിരുത്തി കൊണ്ടുള്ള സമഗ്രമായ കുറിപ്പ്.

ശബരി (SABARI) അഥവാ ശബരിമല സൗകര്യങ്ങള്‍ക്കും ജൈവവൈവിധ്യത്തിനുമുള്ള പ്രാദേശിക അതോറിറ്റി (Sabarimala Amenities & Biodiversity Area Regional Authority) എന്ന ആശയം അദ്ദേഹം മുന്നോട്ടുവയ്ക്കുന്നുണ്ട്. നിലയ്ക്കല്‍, പമ്പ, സന്നിധാനം മേഖലയുടെ മേല്‍നോട്ടത്തിനായി, സ്ഥിരമായ ഭരണകാലാവധിയുള്ള മുതിര്‍ന്ന ഒരു ഐ.എ.എസ്. ചീഫ് എക്സിക്യൂട്ടീവിന്റെ നേതൃത്വത്തില്‍ വര്‍ഷം മുഴുവനും പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലായ ഒരു അതോറിറ്റിയായിരിക്കണം ശബരി. ധനകാര്യം, സുരക്ഷ, ആസ്തികള്‍, ശുചിത്വം, ഗതാഗതം എന്നിവയുടെയെല്ലാം മേല്‍നോട്ടം വഹിക്കാന്‍ പ്രാപ്തിയുള്ളവരെ വേണം നിയോഗിക്കാനെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.

'മലയാളികളെക്കാള്‍ കുടുതല്‍ ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഭക്തജനങ്ങള്‍ വരുന്ന ദേശീയ പ്രാധാന്യമുള്ള തീര്‍ത്ഥാടന കേന്ദ്രമാണ് ശബരിമല ക്ഷേത്രം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഭക്തജനങ്ങള്‍ നമ്മുടെ കഴിവുകേടിനെക്കുറിച്ച് മാത്രമല്ല പറയുന്നത്, ഈ സിസ്റ്റം അപകടം കൂടാതെ ഓരോ സീസണും കടന്ന് പോകുന്നതിലെ അത്ഭുതം കൂടിയാണ് അവര്‍ പങ്ക് വെക്കുന്നത്. നമ്മളെക്കൊണ്ട് ഇതിനൊന്നും കഴിയില്ല എന്ന് പറയിക്കാതിരിക്കാനുള്ള ബോധമെങ്കിലും നമ്മള്‍ കാണിക്കണം. '

'ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. എന്നാല്‍, ശബരിമലയുടെ ദൗത്യം സംസ്ഥാനത്തിന്റെ നിലവിലെ ശേഷിക്കപ്പുറമാണെങ്കില്‍, ഭരണഘടനയില്‍ അതിന് പരിഹാരമുണ്ട്. ആര്‍ട്ടിക്കിള്‍ 3 പ്രകാരം സംസ്ഥാന നിയമസഭയുടെ അഭിപ്രായം തേടിയ ശേഷം പാര്‍ലമെന്റിന് ഒരു പുതിയ ഭരണ യൂണിറ്റ് (കേന്ദ്രഭരണ പ്രദേശം) രൂപീകരിക്കാം. അങ്ങനെയാണെങ്കില്‍, സന്നിധാനം, മരക്കൂട്ടം, പമ്പനിലയ്ക്കല്‍ എന്നിവ ഉള്‍പ്പെടുന്ന SABARIയെ കേന്ദ്രീകൃത കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കാം. വനം പരിസ്ഥിതി വകുപ്പ് ഉള്‍പ്പെടെയുള്ളവയുടെ അനുമതികളും മറ്റും എളുപ്പത്തിലാവാന്‍ ഇത് സഹായിക്കും. കുടുതല്‍ ഫണ്ടും സമഗ്രമായ പ്രൊജക്ട് നടത്തിപ്പും സൈന്യത്തിന്റെയും പാരാ മിലിട്ടറിയുടെയും വിന്യാസവും സാധിക്കും. '

കേവലം ആള്‍ത്തിരക്ക് നിയന്ത്രിക്കല്‍ എന്നതിനപ്പുറം ആത്മീയതയിലും ഭക്തിയിലും ഊന്നിയുള്ള തീര്‍ത്ഥാടന അനുഭവം ഭക്തജനങ്ങള്‍ക്ക് നല്‍കാന്‍ നമുക്ക് കഴിയണം. ഇതെല്ലാം ഭംഗിയായി ചെയ്യാന്‍ ശബരിമലയിലെ ഒരു സീസണിലെ നടവരവ് തന്നെ അധികമായിരിക്കും. ഒരു സ്‌പോണ്‍സറും ഇല്ലാതെ തന്നെ ദൈവത്തിന്റെ ഈ പൂങ്കാവനം നമുക്ക് വീണ്ടെടുക്കാവുന്നതേ ഉള്ളൂ എന്നും പ്രശാന്ത് കുറിച്ചു.

എന്‍ പ്രശാന്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

സ്വാമി ശരണം. പതിവ് പോലെ മലയ്ക്ക് പോയി വന്നു. വന്‍ തിരക്കായിരിക്കുമെന്ന് ഭയന്നെങ്കിലും സാധാരണ പോലെയുള്ള തിരക്ക് മാത്രമായിരുന്നു. സന്നിധാനത്ത് നിന്നിറങ്ങി മടക്കയാത്രയില്‍ തോന്നിയ ചിലത് ഇവിടെ കുറിക്കട്ടെ.

ഇത്തവണ കാനന പാതയില്‍ വമിക്കുന്ന ദുര്‍ഗന്ധവും മുത്രപ്പുരകളുടെ അഭാവവും വളരെ പ്രകടമായിരുന്നു. അയ്യപ്പന്റെ പൂങ്കാവനമായ ശബരിമലയില്‍ നിന്ന് കുറേക്കാലമായി വമിക്കുന്നത് ദുര്‍ഗന്ധത്തേക്കാള്‍ നാറിയ വാര്‍ത്തകളാണ്. കാന്താര സിനിമയില്‍ പറയും പോലെ, ദൈവങ്ങളെപ്പോലും ദിഗ്ബന്ധനം ചെയ്ത് അധര്‍മ്മം നടമാടുന്ന പോലെ തോന്നിക്കുന്ന രംഗങ്ങള്‍. ദ്വാരപാലക വിഗ്രഹങ്ങളുടെ സ്വര്‍ണ്ണം പൂശിയതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റുകള്‍ രേഖപ്പെടുത്തി; പ്രധാന 'സ്‌പോണ്‍സര്‍' പോലീസ് കസ്റ്റഡിയിലായി; യാതൊരു കാരണവശാലും സംഭവിക്കാന്‍ പാടില്ലാത്ത വീഴ്ചകള്‍ സന്നിദ്ധാനത്ത് സംഭവിച്ചിരിക്കുന്നു.

ഇന്ത്യന്‍ പുരാവസ്തുക്കളുടെ അന്താരാഷ്ട്ര കമ്പോളം പ്രവര്‍ത്തിക്കുന്നത് ഒറിജിനലിന് പകരം പകര്‍പ്പ് സ്ഥാപിച്ചാണ്. വ്യാജ രേഖകളിലൂടെ കടത്തിക്കൊണ്ടുപോകുന്ന പുരാവസ്തുക്കള്‍ വിദേശ ശേഖരങ്ങളില്‍ എത്തുന്നു, ക്ഷേത്രങ്ങളില്‍ ഡമ്മി സ്ഥാപിക്കപ്പെടുന്നു. സുഭാഷ് കപൂര്‍ പുരാവസ്തു കടത്ത് ശൃംഖല പോലുള്ള പ്രമാദമായ കേസുകള്‍ കാണിക്കുന്നത് സ്വര്‍ണ്ണക്കടത്തിനെക്കാള്‍ ഭീകരമാണ് ഇന്ത്യന്‍ പുരാവസ്തു കടത്ത് എന്നാണ്.

നിലവിലെ അന്വേഷണം രണ്ട് എഫ്.ഐ.ആറുകളിലാണ് പുരോഗമിക്കുന്നത്. ഒരു കേസില്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് (TDB) തന്നെ എട്ടാം പ്രതിയായി ചേര്‍ക്കപ്പെട്ടു; മറ്റൊന്നില്‍, 2019-ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, കരാറുകാര്‍ എന്നിവര്‍ പ്രതികളാണ്. അന്വേഷണത്തിന്റെ കടുപ്പം കൂടിയതോടെ പല ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്യേണ്ടി വന്നു. ബോര്‍ഡ് മെമ്പര്‍മാര്‍ വരെ അറസ്റ്റിലായി. ഇത് ഒറ്റപ്പെട്ട ഉദ്യോഗസ്ഥ അനാസ്ഥയല്ല, മറിച്ച് ക്ഷേത്ര ഭരണത്തിന്റെ ഉന്നതതലങ്ങളില്‍ വരെ എത്തിയെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

മണ്ഡല-മകരവിളക്ക് കാലത്ത് (നവംബര്‍ പകുതി മുതല്‍ ജനുവരി പകുതി വരെ) മുഴുവനായും, മറ്റ് മാസങ്ങളില്‍ ആദ്യ അഞ്ച് ദിവസങ്ങളിലുമാണ് ശബരിമല നട തുറക്കുന്നത്. സാധാരണയായി രാവിലെ 5:00 മണിക്ക് നട തുറന്ന് ഉച്ചയ്ക്ക് 1:00 മണിക്ക് അടയ്ക്കും, വൈകിട്ട് 3:00 മണിക്ക് തുറന്ന് രാത്രി 11:00 മണിയോടെ അടയ്ക്കും. ശബരിമല ഒരു സാധാരണ 'തീര്‍ത്ഥാടന നഗരമല്ല', മറിച്ച്, തിരമാല കണക്കെ ലക്ഷക്കണക്കിന് ഭക്തര്‍ വന്നുപോകുന്ന അത്യപൂര്‍വ്വ കേന്ദ്രമാണ്. 2024-25-ല്‍ ഏകദേശം 53.1 ലക്ഷം തീര്‍ത്ഥാടകരും ?440 കോടി രൂപയുടെ നേരിട്ടുള്ള വരുമാനവുമാണ് ഈ ചുരുങ്ങിയ കാലയളവില്‍ ലഭിച്ചത്. കേരളത്തില്‍ എത്തുന്നു എന്ന് നമ്മള്‍ അവകാശപ്പെടുന്ന 2.19 കോടി ആഭ്യന്തര ടൂറിസ്റ്റുകളില്‍ കാല്‍ ഭാഗവും ശബരിമല തീര്‍ത്ഥാടകരാണ് എന്നത് കൂടി മനസ്സിലാക്കുമ്പോഴാണ് ശബരിമല കേരളത്തെ താങ്ങി നിര്‍ത്തുന്നതിന്റെ ചിത്രം ശരിക്കും മനസ്സിലാവൂ. ദൂരസ്ഥലങ്ങളില്‍ നിന്നുള്ള യാത്രാ സൗകര്യം മെച്ചപ്പെടും തോറും ശബരിമലയില്‍ വരുന്നവരുടെ എണ്ണവും കൂടും.

വിശ്വാസികള്‍ അവരുടെ ആരാധനാലയം ഭരണപരമായ നടത്തിപ്പിന് ഏല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അത് ഭംഗിയായി നടത്തിക്കൊണ്ട് പോകാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നവര്‍ക്കുണ്ട്. അതാണ് ട്രസ്റ്റീഷിപ് സങ്കല്പം. എന്നാല്‍ കോടികളുടെ വരുമാനമുള്ള, ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ വന്നെത്തുന്ന ഈ ക്ഷേത്ര കോംപ്ലക്‌സ്, കഴിഞ്ഞ നൂറ്റാണ്ടിലെ amateur (അമച്വര്‍) കൂട്ടായ്മയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത് - കോടതി പോലും ഇതിനെ ഉല്‍സവം നടത്തുന്ന ക്ഷേത്രക്കമ്മിറ്റി മോഡല്‍ എന്നാണല്ലോ വിശേഷിപ്പിച്ചത്. ഓരോ വര്‍ഷവും 13,000-ത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് സീസണില്‍ വിന്യസിക്കുന്നത്. മകരവിളക്ക് ദിവസം മാത്രം 5,000 പേര്‍. എല്ലാ വര്‍ഷവും നവംബറില്‍ തുടങ്ങിയ സജ്ജീകരണങ്ങള്‍ ഫെബ്രുവരിയില്‍ അവസാനിപ്പിക്കുന്ന രീതിയാണ് ഇവിടെയുള്ളത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള 1258 ക്ഷേത്രങ്ങളില്‍ ഒന്ന് മാത്രമായ ശബരിമലക്ക് എത്ര മാത്രം ഭരണപരമായ ശ്രദ്ധയും സമയവും കിട്ടുന്നുണ്ടാവും എന്നത് ആര്‍ക്കും ഊഹിക്കാവുന്നതാണ്. നിലവിലെ നിയമം അനുസരിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തലപ്പത്ത് പ്രസിഡന്റും രണ്ട് അംഗങ്ങളുമുണ്ട്. ഇവരില്‍ ഒരാള്‍ സ്ത്രീയും ഒരാള്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുമായിരിക്കണം. ഈ തിരഞ്ഞെടുപ്പ് രീതി, മന്ത്രിസഭയിലെയും എം.എല്‍.എ.മാരിലെയും ഹിന്ദു അംഗങ്ങളെ ആശ്രയിക്കുന്നതിനാല്‍, സ്വാഭാവികമായും രാഷ്ട്രീയ സ്വാധീനമുള്ളതാണ്. പ്രായം, മതം എന്നിവയല്ലാതെ ആത്മീയത, ക്ഷേത്രാചാരങ്ങളേക്കുറിച്ചുള്ള അറിവ്, ധനകാര്യം, ഓഡിറ്റ്, ക്രൗഡ് മാനേജ്മെന്റ്, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ യാതൊരു യോഗ്യതാ മാനദണ്ഡവുമില്ല. ദേവസ്വം ബോര്‍ഡിന്റെ എക്‌സിക്യൂട്ടിവ് ഉദ്യോഗസ്ഥന്‍ ദേവസ്വം കമ്മീഷണറാണ്. കാലാവധി ഉറപ്പുള്ള, നിയമ പരിരക്ഷയുള്ള, വിവിധ വകുപ്പുകളുടെ ഏകോപന അധികാരമുള്ള ഒരു മുഴുസമയ ഭരണ വിദഗ്ദ്ധര്‍ ചിത്രത്തില്‍ എവിടെയുമില്ല. ഈ പോരായ്മ ഓരോ തീര്‍ത്ഥാടന സീസണിലും നമ്മള്‍ അറിയുന്നു.

ചെറിയ ഭൂപ്രദേശത്ത് വന്‍ തിരക്ക് കൈകാര്യം ചെയ്യുന്നതില്‍ അതീവ വൈദഗ്ധ്യം ആവശ്യമുള്ള ഒരു ശാസ്ത്രശാഖയാണ് പ്രൊഫഷണല്‍ ക്രൗഡ് മാനേജ്മെന്റ്. പ്രയാഗ്രാജ് കുംഭമേളയില്‍ ഏകദേശം 24 കോടി തീര്‍ത്ഥാടകര്‍ പങ്കെടുത്തു. ശ്രീ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍ പ്രതിവര്‍ഷം 80 ലക്ഷം മുതല്‍ 1 കോടി വരെ ആളുകള്‍ എത്തുന്നു. കര്‍ബലയിലെ അര്‍ബഈന്‍ തീര്‍ത്ഥാടനത്തില്‍ തിരക്കേറിയ വര്‍ഷങ്ങളില്‍ 2 കോടിയിലധികം കാല്‍നട തീര്‍ത്ഥാടകരെയാണ് കൈകാര്യം ചെയ്യുന്നത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പതിവായി പതിനായിരങ്ങളും, ചില അവസരങ്ങളില്‍ അര ലക്ഷം വരെയും വിശ്വാസികള്‍ ഒരുമിച്ച് പങ്കെടുക്കുന്ന തിരക്കാണ് കാര്യക്ഷമമായി നിയന്ത്രിക്കുന്നത്. ഈ ജനസഞ്ചയത്തെ കൈകാര്യം ചെയ്യുന്നതിനായി ഈ സ്ഥലങ്ങളിലൊക്കെ ക്രൗഡ് മാനേജ്മെന്റിനായി ഉപയോഗിക്കുന്ന പ്രധാന സാങ്കേതിക വിദ്യകളില്‍ സമഗ്ര കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകള്‍, നൂറുകണക്കിന് സിസിടിവി കാമറകള്‍, ഭൂപടം അടിസ്ഥാനത്തിലുള്ള ജിഐഎസ് (GIS) സംവിധാനങ്ങള്‍, എഐ (AI) ഉപയോഗിച്ചുള്ള തിരക്ക് വിശകലനം, ഡ്രോണ്‍ നിരീക്ഷണം എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ, നിര്‍ബന്ധിത രജിസ്‌ട്രേഷനോടുകൂടിയ RFID/QR കാര്‍ഡുകള്‍, സമയം നിശ്ചയിച്ച സ്ലോട്ടടിസ്ഥാനത്തിലുള്ള പ്രവേശനം, കയറാനും ഇറങ്ങാനുമായി വേര്‍തിരിച്ച പാതകള്‍, പ്രത്യേക സ്‌കൈവോക്കുകള്‍, പല തലങ്ങളിലായുള്ള സുരക്ഷാ വലയങ്ങള്‍, റൂട്ട്-വൈവിധ്യമനുസരിച്ചുള്ള വിശ്രമ/സേവന ക്യാമ്പുകള്‍, മെഡിക്കല്‍ പോസ്റ്റുകള്‍, മുന്‍കൂട്ടി നല്‍കുന്ന ടിക്കറ്റിങ് സംവിധാനം, വിമാനത്താവളത്തെ അനുസ്മരിപ്പിക്കുന്ന സ്‌കാനറുകള്‍, കര്‍ശനമായി നിയന്ത്രിക്കുന്ന പ്രവേശന-പുറത്തുകടക്കല്‍ കവാടങ്ങള്‍, തിരക്കിനെ സെഗ്മെന്റുകളാക്കി കൈകാര്യം ചെയ്യുന്ന ബാരിക്കേഡ് ക്രമീകരണങ്ങള്‍, ഫീല്‍ഡ് യൂണിറ്റുകളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും റിയല്‍-ടൈം ഏകോപനം തുടങ്ങിയ തന്ത്രങ്ങളും ഇതില്‍ പ്രധാനമാണ്.

ഏതെങ്കിലും ഒരു മാതൃക അതേപടി പകര്‍ത്തുകയല്ല, മറിച്ച് സാങ്കേതികവിദ്യയും രീതികളും മലമ്പ്രദേശത്തെ വനക്ഷേത്രത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ക്കനുരിച്ച് മാറ്റിയെടുക്കുകയാണ് ചെയ്യേണ്ടത്. അതായത്, നെതര്‍ലാന്റിലെ നദിയല്ല പമ്പ എന്ന് തിരിച്ചറിഞ്ഞ് വേണം പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍. പരിസ്ഥിതിയെയും ആചാരങ്ങളെയും മാനിച്ചുകൊണ്ട്, തീര്‍ത്ഥാടകരെ ഒരു സ്വാഭാവിക പ്രവാഹമായി കാണുന്നതിന്, കുംഭമേള മാതൃകയിലുള്ള സെക്ടര്‍ തിരിക്കല്‍, വൈഷ്‌ണോ ദേവി മാതൃകയിലുള്ള RFID ഉപയോഗിച്ചുള്ള നിയന്ത്രണം, അര്‍ബഈന്‍ മാതൃകയിലുള്ള റൂട്ട് തിരിച്ചുള്ള സ്റ്റേജിംഗ്, സെന്റ് പീറ്റേഴ്‌സ് സ്‌ക്വയര്‍ മാതൃകയിലുള്ള ബാരിയര്‍ (തടസ്സങ്ങള്‍) ഉപയോഗിച്ചുള്ള രൂപകല്‍പ്പന എന്നിങ്ങനെ ഉപയുക്തമായവ വേണം പ്രയോഗിക്കാന്‍. ശാസ്ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും വടം കെട്ടി തിരിച്ച് പോലീസിനെ വിന്യസിക്കലാണ് ക്രൗഡ് കണ്‍ട്രോള്‍ എന്ന് വിശ്വസിക്കുന്നിടത്താണ് നമ്മുടെ പരാജയം. പ്രത്യേകിച്ച് കുത്തനെയുള്ള ചരുവില്‍ കയറ് കെട്ടി ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നത് അപകടം വിളിച്ച് വരുത്തലാണ്.

നിലയ്ക്കല്‍-പമ്പ-സന്നിധാനം എന്നിവയെ ഒന്നായിക്കണ്ട് എഞ്ചിനീയറിംഗ് ചെയ്ത ഏകീകൃത ആള്‍ക്കൂട്ട നിയന്ത്രണ സംവിധാനമാണ് സൃഷ്ടിക്കേണ്ടത്. നിലയ്ക്കല്‍ പ്രധാന ബഫര്‍ സോണായും തീര്‍ത്ഥാടകര്‍ക്ക് സ്വസ്ഥമായി വിശ്രമിക്കാനുള്ള കേന്ദ്രവുമാക്കണം. എന്നാല്‍ ഇത് ഭക്തരെ ''തടഞ്ഞ് നിര്‍ത്തുന്ന'' സ്ഥലമായി അധ:പതിക്കരുത്. ഭജനകളും വലിയ സ്‌ക്രീനിലെ വീഡിയോകളും എല്ലാം ചേര്‍ന്ന ഭക്തി സാന്ദ്രമായ അന്തരീക്ഷമായിരിക്കണം ഈ കാത്തിരിപ്പ് വേള ഭക്തര്‍ക്ക് സമ്മാനിക്കേണ്ടത്. കെട്ടിടങ്ങളുടെ ഡിസൈന്‍ ലാന്റ് സ്‌കേപ്പുമായി ഇഴുകി ഇരിക്കണം. ഭാവനാപൂര്‍ണ്ണമായ അപ്രോച്ച് ഉണ്ടെങ്കില്‍ അയ്യപ്പന്റെ കഥകളും തീമും കാനനത്തിന്റെ അന്തരീക്ഷവും ഒക്കെയായി മറക്കാനാവാത്ത അനുഭവമാക്കാന്‍ സാധിക്കും ഓരോ മലകയറ്റവും. ഒരു ഇന്റഗ്രേറ്റഡ് കമാന്‍ഡ് സെന്റര്‍ സ്ഥാപിച്ച് വിവരശേഖരണത്തിന് വെര്‍ച്വല്‍ ക്യൂ ഡാറ്റ, RFID/QR പാസുകള്‍, കെഎസ്ആര്‍ടിസി ടിക്കറ്റിംഗ്, സിസിടിവി, ഡ്രോണുകള്‍ എന്നിവയില്‍ നിന്നുള്ള തത്സമയ ഡാറ്റ എടുക്കാന്‍ സാധിക്കും. ദുരന്ത നിവാരണ, മെഡിക്കല്‍, പോലീസ്, ദേവസ്വം, വനം വകുപ്പ് ടീമുകളെ ഒരൊറ്റ ഓപ്പറേഷന്‍സ് റൂമില്‍ സംയോജിപ്പിക്കേണ്ടത് അത്യാവശ്യമാണ്. സന്നിധാനത്തിന് ചുറ്റുമുള്ള മലകയറ്റത്തിനും ഇറക്കത്തിനുമായി ഏകദിശാ പാതകള്‍ സജ്ജീകരിക്കണം.ഓരോ സ്ഥലത്തും (തിരുമുറ്റം, ഉള്‍പ്രകാരം, മാളികപ്പുറം, അന്നദാന കേന്ദ്രങ്ങള്‍) ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പരമാവധി ആളുകളുടെ എണ്ണം (ഒക്യുപ്പന്‍സി ത്രെഷോള്‍ഡ്) നിശ്ചയിച്ച് പ്രസിദ്ധപ്പെടുത്തേണ്ടതാണ്. തിരക്ക് സുരക്ഷിതമായ പരിധി കടക്കുമ്പോള്‍ ഓട്ടോമാറ്റിക് ഗേറ്റ് നിയന്ത്രണം വഴി ഇത് ഉറപ്പാക്കണം. തിരക്ക് കുറയ്ക്കുന്നതിനായി, ഭൂപ്രകൃതി അനുസരിച്ച് മലയില്‍ പല തട്ടുകളായുള്ള ഭക്തിസാന്ദ്രമായ കാത്തിരിപ്പ് കേന്ദ്രങ്ങളും സ്‌കൈവോക്ക് മാതൃകയിലുള്ള നിര്‍മ്മാണങ്ങളും പരിഗണിക്കാവുന്നതാണ്.

ഇത്തരം കേന്ദ്രങ്ങളില്‍, ഭക്തരുടെ ഒഴുക്ക് മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിയുന്ന ക്രൗഡ് മോഡലിംഗ് (Crowd Modeling) ആണ് പ്രധാനമായും ഉപയോഗിക്കുന്നത്. സെല്ലുലാര്‍ ഡാറ്റാ ട്രാക്കിംഗ് വഴിയും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) അടിസ്ഥാനമാക്കിയുള്ള സി.സി.ടി.വി. ഫീഡ് വിശകലനം വഴിയും ജനങ്ങളുടെ സാന്ദ്രത തത്സമയം നിരീക്ഷിക്കാന്‍ സാധിക്കും. മെട്രോ പോലുള്ള തിരക്കേറിയ ഗതാഗത ശൃംഖലകളില്‍ (പ്രതിദിനം ലക്ഷക്കണക്കിന് യാത്രക്കാര്‍) ഉപയോഗിക്കുന്നതുപോലെ, സന്ദര്‍ശകരെ വിവിധ 'ബാച്ചുകളായി' തിരിച്ച്, നിശ്ചിത സമയ ഇടവേളകളില്‍ മാത്രം പ്രധാന സ്ഥലങ്ങളിലേക്ക് കടത്തിവിടുന്ന ടൈംഡ് എന്‍ട്രി/സ്ലോട്ടിംഗ് സിസ്റ്റം ഇവിടെയും ഫലപ്രദമായി നടപ്പാക്കാം. എന്നാല്‍, സാങ്കേതികവിദ്യ പോലെതന്നെ പ്രധാനമാണ് 'റൂട്ട് ഡിസൈന്‍' (Route Design) അഥവാ രൂപകല്‍പ്പന. തീര്‍ത്ഥാടന പാതകള്‍, ക്യൂ കോംപ്ലക്‌സുകള്‍, കാത്തിരിപ്പ് കേന്ദ്രങ്ങള്‍, വിശ്രമസ്ഥലങ്ങള്‍ എന്നിവയുടെ രൂപകല്‍പ്പന, ജനങ്ങളുടെ ഒഴുക്കിനെ സ്വാഭാവികമായി നിയന്ത്രിക്കാന്‍ കഴിയുംവിധമായിരിക്കണം. തിരക്ക് കൂടുന്ന സ്ഥലങ്ങളില്‍ തിരക്ക് കുറയ്ക്കുന്നതിന് സഹായിക്കുന്ന താഴത്തെ കുന്നുകളിലെ സൗകര്യ വികേന്ദ്രീകരണം (Decentralization of facilities) പോലുള്ള തന്ത്രങ്ങള്‍ രൂപകല്‍പ്പനയുടെ ഭാഗമാണ്. ഏതെങ്കിലും അടിയന്തിര സാഹചര്യമുണ്ടായാല്‍ ആളുകളെ ഉടന്‍ ഒഴിപ്പിക്കാനുള്ള വ്യക്തമായ ഒഴിയല്‍ പാതകളും (Evacuation Routes), ജീവനക്കാര്‍ക്ക് നല്‍കുന്ന കൃത്യമായ പ്രതിസന്ധി ഘട്ട പരിശീലനങ്ങളും (Crisis Training) പ്രൊഫഷണല്‍ ക്രൗഡ് മാനേജ്മെന്റിന്റെ അവിഭാജ്യ ഘടകങ്ങളാണ്. ചുരുക്കത്തില്‍, സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, ഭക്തര്‍ക്ക് ശാന്തവും സുരക്ഷിതവുമായ ദര്‍ശനം സാധ്യമാക്കുന്നതില്‍ രൂപകല്‍പ്പനയ്ക്ക് (design) നിര്‍ണ്ണായക പങ്കുണ്ട്. നിലയ്ക്കല്‍-പമ്പ-സന്നിധാനം ഇടനാഴി പാരിസ്ഥിതികമായി അതിലോലമാണ്. 2.7 കിലോമീറ്റര്‍ ചരക്ക് റോപ്വേ സ്ഥാപിക്കാന്‍ പോലും വനം-പരിസ്ഥിതി വകുപ്പുകളുടെ കര്‍ശനമായ അനുമതികളും ഉന്നത ഭരണതലത്തില്‍ ഏകോപനവും ആവശ്യമാണ്.

ഇവിടെയാണ് SABARI അഥവാ ശബരിമല സൗകര്യങ്ങള്‍ക്കും ജൈവവൈവിധ്യത്തിനുമുള്ള പ്രാദേശിക അതോറിറ്റി (Sabarimala Amenities & Biodiversity Area Regional Authority) എന്ന ആശയം പ്രസക്തമാവുന്നത്. നിലയ്ക്കല്‍-പമ്പ-സന്നിധാനം മേഖലയുടെ മേല്‍നോട്ടത്തിനായി, സ്ഥിരമായ ഭരണകാലാവധിയുള്ള മുതിര്‍ന്ന ഒരു ഐ.എ.എസ്. ചീഫ് എക്സിക്യൂട്ടീവിന്റെ നേതൃത്വത്തില്‍ വര്‍ഷം മുഴുവനും പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലായ ഒരു അതോറിറ്റിയായിരിക്കണം SABARI. ധനകാര്യം, സുരക്ഷ, ആസ്തികള്‍, ശുചിത്വം, ഗതാഗതം എന്നിവയുടെയെല്ലാം മേല്‍നോട്ടം വഹിക്കാന്‍ പ്രാപ്തിയുള്ളവരെ വേണം നിയോഗിക്കാന്‍.

പ്രവര്‍ത്തന രീതികള്‍ ഊഹങ്ങളല്ല, കൃത്യമായ നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. കണക്കുകള്‍ കണ്‍കറന്റ് ഓഡിറ്റോടുകൂടിയ FMIS-ലേക്ക് മാറണം; വിലപിടിപ്പുള്ള വസ്തുക്കള്‍ ബാര്‍കോഡിംഗ്, ടാമ്പര്‍ ചെയ്യാന്‍ കഴിയാത്ത സീലുകള്‍, സി.സി.ടി.വി. നിരീക്ഷണത്തിലുള്ള ഇരട്ട കസ്റ്റഡി എന്നിവ ഉറപ്പാക്കണം; ടെന്‍ഡറുകള്‍ ഡിജിറ്റലും സുതാര്യവുമാകണം; ശുചിത്വം സ്ഥാപനവല്‍ക്കരിക്കണം. എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും PARIVESH എന്ന സിംഗിള്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ സമയബന്ധിതമായി പൂര്‍ത്തിയാക്കണം.

മലയാളികളെക്കാള്‍ കുടുതല്‍ ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഭക്തജനങ്ങള്‍ വരുന്ന ദേശീയ പ്രാധാന്യമുള്ള തീര്‍ത്ഥാടന കേന്ദ്രമാണ് ശബരിമല ക്ഷേത്രം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഭക്തജനങ്ങള്‍ നമ്മുടെ കഴിവുകേടിനെക്കുറിച്ച് മാത്രമല്ല പറയുന്നത്, ഈ സിസ്റ്റം അപകടം കൂടാതെ ഓരോ സീസണും കടന്ന് പോകുന്നതിലെ അത്ഭുതം കൂടിയാണ് അവര്‍ പങ്ക് വെക്കുന്നത്. നമ്മളെക്കൊണ്ട് ഇതിനൊന്നും കഴിയില്ല എന്ന് പറയിക്കാതിരിക്കാനുള്ള ബോധമെങ്കിലും നമ്മള്‍ കാണിക്കണം.

ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. എന്നാല്‍, ശബരിമലയുടെ ദൗത്യം സംസ്ഥാനത്തിന്റെ നിലവിലെ ശേഷിക്കപ്പുറമാണെങ്കില്‍, ഭരണഘടനയില്‍ അതിന് പരിഹാരമുണ്ട്. ആര്‍ട്ടിക്കിള്‍ 3 പ്രകാരം സംസ്ഥാന നിയമസഭയുടെ അഭിപ്രായം തേടിയ ശേഷം പാര്‍ലമെന്റിന് ഒരു പുതിയ ഭരണ യൂണിറ്റ് (കേന്ദ്രഭരണ പ്രദേശം) രൂപീകരിക്കാം. അങ്ങനെയാണെങ്കില്‍, സന്നിധാനം-മരക്കൂട്ടം-പമ്പ-നിലയ്ക്കല്‍ എന്നിവ ഉള്‍പ്പെടുന്ന SABARI-യെ കേന്ദ്രീകൃത കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കാം. വനം പരിസ്ഥിതി വകുപ്പ് ഉള്‍പ്പെടെയുള്ളവയുടെ അനുമതികളും മറ്റും എളുപ്പത്തിലാവാന്‍ ഇത് സഹായിക്കും. കുടുതല്‍ ഫണ്ടും സമഗ്രമായ പ്രൊജക്ട് നടത്തിപ്പും സൈന്യത്തിന്റെയും പാരാ മിലിട്ടറിയുടെയും വിന്യാസവും സാധിക്കും.

മറ്റ് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്ക് ഇല്ലാത്ത സൗകര്യമാണ് ശബരിമലയില്‍ ഉള്ളത് - അറ്റകുറ്റപ്പണികള്‍ക്കും സജ്ജീകരണങ്ങള്‍ ഒരുക്കാനും തീര്‍ത്ഥാടകര്‍ ഇല്ലാത്ത ധാരാളം സമയവും തീര്‍ത്ഥാടകര്‍ വരുന്ന ദിവസങ്ങള്‍ മുന്‍കൂര്‍ അറിയാനുള്ള സൗകര്യവും. നട തുറക്കാത്ത സമയത്ത് അറ്റകുറപ്പണികളും മറ്റും ചെയ്ത് സന്നിധാനത്തെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക മാത്രമല്ല വേണ്ടത്. തീര്‍ത്ഥാടന സമയത്ത് പരിസ്ഥിതിക്ക് കോട്ടം തട്ടിയത് ഭേദപ്പെടുത്താനുള്ള പ്രവര്‍ത്തികളും ചെയ്യേണ്ടത് ഈ ഗ്യാപ്പിലാണ്.

സത്യത്തില്‍ നമുക്ക് പറയാന്‍ ഒഴിവുകഴിവുകളില്ല. കേവലം ആള്‍ത്തിരക്ക് നിയന്ത്രിക്കല്‍ എന്നതിനപ്പുറം ആത്മീയതയിലും ഭക്തിയിലും ഊന്നിയുള്ള തീര്‍ത്ഥാടന അനുഭവം ഭക്തജനങ്ങള്‍ക്ക് നല്‍കാന്‍ നമുക്കാവണം. ഇതെല്ലാം ഭംഗിയായി ചെയ്യാന്‍ ശബരിമലയിലെ ഒരു സീസണിലെ നടവരവ് തന്നെ അധികമായിരിക്കും. ഒരു സ്‌പോണ്‍സറും ഇല്ലാതെ തന്നെ ദൈവത്തിന്റെ ഈ പൂങ്കാവനം നമുക്ക് വീണ്ടെടുക്കാവുന്നതേ ഉള്ളൂ.

സ്വാമി ശരണം.


Full View


Tags:    

Similar News