ഹിയറിങ്ങിന്റെ ലൈവ് സ്ട്രീമിംഗും, റെക്കോര്‍ഡിങ്ങും നടത്താമെന്ന് അറിയിച്ചിരുന്നു; ഏഴ് രാത്രികള്‍ കഴിഞ്ഞപ്പോള്‍ തീരുമാനം മാറിയതിന്റെ കാരണങ്ങള്‍ ഒന്നും അറിയിച്ചിട്ടില്ല; ചീഫ് സെക്രട്ടറിക്കെതിരെ വീണ്ടും എന്‍ പ്രശാന്ത് ഐഎഎസ്
ചീഫ് സെക്രട്ടറിക്കെതിരെ വീണ്ടും എന്‍ പ്രശാന്ത് ഐഎഎസ്
തിരുവനന്തപുരം: ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെതിരെ വീണ്ടും ആരോപണവുമായി എന്‍ പ്രശാന്ത് ഐഎഎസ് വീണ്ടും. തന്റെ ഹിയറിങ്ങിന്റെ ലൈവ് സ്ട്രീമിംഗും, റെക്കോര്‍ഡിങ്ങും നടത്താമെന്ന് നേരത്തെ അറിയിച്ചത് ആയിരുന്നുവെന്നും, ഒരാഴ്ച കഴിഞ്ഞപ്പോഴാണ് അതില്‍ മാറ്റം വന്നതെന്നും പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു. ചീഫ് സെക്രട്ടറി നല്‍കിയ രണ്ട് നോട്ടീസും പ്രശാന്ത് ഫേസ്ബുക്കില്‍ ഇട്ടിട്ടുണ്ട്.
തന്റെ അച്ചടക്ക നടപടി സംബന്ധിച്ച രേഖകളും, ഉത്തരവിന്റെ പകര്‍പ്പുകളും തീരുമാനങ്ങളും മാധ്യമങ്ങളില്‍ കൂടിയാണ് അറിയുന്നതെന്നും പ്രശാന്ത് ഫേസ്ബുക്കില്‍ ആരോപിച്ചു. നേരത്തെ ഹിയറിങ് ലൈവ് സ്ട്രീം ചെയ്യണമെന്ന എന്‍ പ്രശാന്ത് ഐഎഎസിന്റെ ആവശ്യം സര്‍ക്കാര്‍ നിരസിച്ചിരുന്നു. ഹിയറിങ് അച്ചടക്ക നടപടിയുടെ ഭാഗമായി ഉണ്ടാകുന്നതാണ്. അത് രഹസ്യ സ്വഭാവമുള്ളതാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഈമാസം 16നാണ് പ്രശാന്തിന് ഹിയറിങ്ങിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
എന്‍. പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
'ഏഴു വിചിത്രരാത്രികള്‍
10.02.2025 ന് നല്‍കിയ കത്തില്‍ ഹിയറിംഗ് റെക്കോര്‍ഡ് ചെയ്യാനും സ്ട്രീം ചെയ്യാനും മാത്രമായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യം 04.04.2025 ന് പൂര്‍ണ്ണമായും അംഗീകരിച്ചെങ്കിലും 11.04.2025 ന് അത് പിന്‍വലിച്ചു. ഏഴ് രാത്രികള്‍ കഴിഞ്ഞപ്പോള്‍ തീരുമാനം മാറിയതിന്റെ കാരണങ്ങള്‍ ഒന്നും കത്തില്‍ അറിയിച്ചിട്ടില്ല. അതില്‍ ആവശ്യം വിചിത്രമാണെന്ന് പറയുന്നില്ല.
എന്നാല്‍ കൊട്ടാരം ലേഖകര്‍ പറയുന്നത് ആവശ്യം വിചിത്രമാണെന്നാണ്. വിവരാവകാശത്തിന്റെയും സുതാര്യതയുടെയും കാലത്ത് ആര്‍ക്കാണിത് വിചിത്രം? ഒന്നറിയാനാണ്. ആളിന് പേരില്ലേ? എന്റെ അച്ചടക്ക നടപടി സംബന്ധിച്ച രേഖകളും, ഉത്തരവിന്റെ കോപ്പികളും, തീരുമാനങ്ങളും, അഭിപ്രായങ്ങളും ഒക്കെ ചാനലിലും പത്രത്തിലും വായിച്ചാണ് ഞാന്‍ അറിയുന്നത്.
സ്റ്റ്രീമിംഗ് അനുവദിച്ച ആദ്യ ഉത്തരവ് കാണത്ത മട്ടില്‍ ചില ചാനല്‍ തൊഴിലാളികള്‍ തകര്‍ത്ത് അഭിനയിക്കുന്നതും കണ്ടു. (വായിച്ചിട്ട് മനസ്സിലാകാത്തതും ആവാം). നിരന്തരം നിര്‍ഭയം, ഉറവിടമില്ലാത്ത വാര്‍ത്തകള്‍ നല്‍കുന്നതും, രേഖകള്‍ തമസ്‌കരിക്കുന്നതും ചെയ്യുന്നതിനെ എന്താ പറയുക? വിചിത്രം.'
നേരത്തെ ഉന്നത ഉദ്യോഗസ്ഥരെ വിമര്‍ശിച്ചുകൊണ്ടുളള പോസ്റ്റ് പങ്കുവെച്ച് പ്രശാന്ത് രംഗത്തുവന്നിരുന്നു. തനിക്ക് ഡാന്‍സും പാട്ടും അറിയില്ലെന്നും പരിഹാസ രൂപേണ പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. അടിമക്കണ്ണാകാന്‍ താന്‍ ഇല്ലെന്നും തെറ്റ് ചെയ്‌തെങ്കിലേ വിധേയനാകേണ്ടതുള്ളൂവെന്നും ഉദ്യോഗസ്ഥന്‍ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
ഐഎഎസ് ഉദ്യോഗസ്ഥരുടെ ചേരിപ്പോരിനെ തുടര്‍ന്ന് പ്രശാന്ത് ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. ഇതുമായി ബന്ധപ്പെട്ടുളള ഹിയറിംഗ് റെക്കോര്‍ഡ് ചെയ്യണമെന്ന പ്രശാന്തിന്റെ ആവശ്യം സര്‍ക്കാര്‍ തളളിയിരുന്നു. ഇപ്പോഴിതാ സര്‍ക്കാരിന്റെ നിലപാടിനെ വിമര്‍ശിച്ചിരിക്കുകയാണ് ഉദ്യോഗസ്ഥന്‍.ഈ മാസം 16ന് ഹാജരാകാനാണ് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ പ്രശാന്തിന് ഹിയറിംഗ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പ്രശാന്തിനെതിരെ വകുപ്പുതല നടപടിക്ക് മുന്നോടിയായി വകുപ്പ് തല അന്വേഷണത്തിന് സര്‍ക്കാര്‍ ആലോചിക്കുമ്പോഴാണ് ഹിയറിംഗ് ആവശ്യപ്പെട്ടത്.
വ്യക്തിപരമായ ഹിയറിംഗ് ലൈവ് സ്ട്രീമിംഗ് ആവശ്യപ്പെടുന്നത് അസാധാരണ നടപടിയാണെന്നാണ് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.ഐഎഎസ് സര്‍വീസ് ചട്ടത്തില്‍ ഇത്തരം കാര്യങ്ങള്‍ പറയുന്നില്ല. തെളിവ് എന്ന നിലയില്‍ വീഡിയോ റെക്കോര്‍ഡിംഗ് ആവശ്യമെങ്കിലും ലൈവ് സ്ട്രീമിംഗ് അസാധാരണമാണെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, പൊതുതാല്‍പ്പര്യം പരിഗണിച്ചാണ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടതെന്നാണ് പ്രശാന്തിന്റെ ന്യായീകരണം. നോട്ടീസിന് മറുപടിയായി തന്നെ കേള്‍ക്കാന്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് പ്രശാന്ത് നിരവധി കത്തുകള്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയിരുന്നു. എന്നാല്‍, ഇതെല്ലാം തിരിച്ച് വിശദീകരണം ചോദിക്കലാണെന്നും മറുപടിയായി കണക്കാക്കാനാകില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.കുറ്റം ചെയ്തോ ഇല്ലയോ എന്നാണ് പ്രശാന്ത് വ്യക്തമാക്കേണ്ടതെന്നും സര്‍ക്കാര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അടുത്തയാഴ്ച ഹിയറിംഗ് നടത്തുന്നത്.