''ഞങ്ങള്‍ ചന്ദ്രനിലെത്തി''! ഫയര്‍ഫ്ളൈയുടെ ചാന്ദ്രദൗത്യമായ ബ്ലൂ ഗോസ്റ്റ് മിഷന്‍ 1 വിജയം; ചന്ദ്രന്റെ ഉള്‍ഭാഗത്തുനിന്നുള്ള താപപ്രവാഹത്തെക്കുറിച്ച് ലാന്‍ഡര്‍ പഠിക്കും; ചരിത്രമെഴുതി അമേരിക്കന്‍ കമ്പനി; സ്വകാര്യ ബഹിരാകാശ ഗവേഷണ രംഗത്തെ നാഴികക്കല്ല്
ഫയര്‍ഫ്ളൈയുടെ ചാന്ദ്രദൗത്യമായ ബ്ലൂ ഗോസ്റ്റ് മിഷന്‍ 1 വിജയം
ടെക്സാസ്: സ്വകാര്യ സ്ഥാപനമായ ഫയര്‍ഫ്ളൈ എയ്റോസ്പേസിന്റെ ബ്ലൂ ഗോസ്റ്റ് പേടകം വിജയകരമായി ചന്ദ്രനിലിറങ്ങി. സ്വകാര്യ ബഹിരാകാശ ഗവേഷണ രംഗത്തെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന നേട്ടമാണിത്. ദൗത്യം വിജയകരമായിരുന്നുവെന്ന് ഫയര്‍ഫ്ളൈ മിഷന്‍ കണ്‍ട്രോള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ''ഞങ്ങള്‍ ചന്ദ്രനിലെത്തി'' എന്നായിരുന്നു ഫയര്‍ഫ്ളൈയുടെ വാക്കുകള്‍. പേടകം വിജയകരമായി ചന്ദ്രോപരിതലത്തില്‍ ഇറക്കുന്ന രണ്ടാമത്തെ സ്വകാര്യ കമ്പനിയാണ് ഫര്‍ഫ്ളൈ. 2024 ഫെബ്രുവരിയില്‍ അമേരിക്കന്‍ എയ്റോസ്പേസ് കമ്പനിയായ ഇന്റ്യൂറ്റീവ് മെഷീന്‍സ് ഈ നേട്ടം കൈവരിച്ചിരുന്നു.
2025 ജനുവരി 15നാണ് സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ലാന്‍ഡര്‍ വിക്ഷേപിച്ചത്. മാര്‍ച്ച് രണ്ടിന് ലക്ഷ്യസ്ഥാനം കണ്ടു. ചന്ദ്രനില്‍ ഇറങ്ങി നിമിഷങ്ങള്‍ക്കകം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിന്റെ വിസ്മയകരമായ ചിത്രവും അയച്ചു. അതിന്റെ കാലുകള്‍ ചന്ദ്രനില്‍ എങ്ങനെയാണെന്ന് കാണിച്ചുതന്നു. ബ്ലൂ ഗോസ്റ്റ് ബഹിരാകാശ പേടകം ചന്ദ്രനിലേക്ക് പോകുന്നതിനുമുമ്പ് ഒരു മാസത്തോളം ഭൂമിയെ ചുറ്റിയിരുന്നു. അവിടെ 16 ദിവസം ചന്ദ്ര ഭ്രമണപഥത്തില്‍ അതിന്റെ പാത മെച്ചപ്പെടുത്തി. ചന്ദ്രന്റെ ഉള്‍ഭാഗത്തുനിന്നുള്ള താപപ്രവാഹത്തെക്കുറിച്ച് ലാന്‍ഡര്‍ പഠിക്കും. ഇത് ശാസ്ത്രജ്ഞര്‍ക്ക് ചന്ദ്രന്റെ താപ പരിണാമത്തെ മനസിലാക്കാന്‍ സഹായിക്കും. ചന്ദ്രന്റെ കാന്തിക, വൈദ്യുത മണ്ഡലങ്ങളെക്കുറിച്ചുള്ള ഡാറ്റ ശേഖരിക്കുന്നതിലൂടെ ഗവേഷകര്‍ക്ക് അതിന്റെ ഭൂമിശാസ്ത്രപരമായ ചരിത്രത്തെക്കുറിച്ചും അറിയാന്‍ സാധിക്കും.
നാസയുമായി ചേര്‍ന്നാണ് ഫയര്‍ഫ്‌ലൈ എയ്‌റോസ്‌പേ് ചാന്ദ്രദൗത്യം നടത്തിയത്. ചന്ദ്രനില്‍ സുരക്ഷിതമായ ലാന്‍ഡിങ്ങ് സമ്പൂര്‍ണ വിജയമാക്കുന്ന ആദ്യ സ്വകാര്യ കമ്പനി എന്ന നേട്ടം കൂടിയാണ് ഫയര്‍ ഫ്ളൈ എയ്റോസ്പേസ് സ്വന്തമാക്കിയത്. നാസയുടെ സഹായത്തോടെ ജനുവരി 15നാണ് ബ്ലൂ ഗോസ്റ്റ് ദൗത്യം ആരംഭിച്ചത്. ബ്ലൂ ഗോസ്റ്റ് ദൗത്യം ചന്ദ്രനും ചൊവ്വയും കേന്ദ്രീകരിച്ചുള്ള ഭാവി പര്യവേഷണങ്ങളില്‍ നിര്‍ണായകമാകും എന്നും കമ്പനി അവകാശപ്പെട്ടു. ചന്ദ്ര സമതലമായ മേര്‍ ക്രിസിയത്തിലാണ് ലാന്‍ഡര്‍ ഇറങ്ങിയത്. ചന്ദ്രനിലെത്തന്നെ ഏറ്റവും പരന്ന, പ്രധാനപ്പെട്ട പ്രതലങ്ങളിലൊന്നാണ് മേര്‍ ക്രിസിയം. ഇവിടെ കൂടുതല്‍ ശാസ്ത്രീയമായ പഠനങ്ങള്‍ നടത്താമെന്ന പ്രതീക്ഷയിലാണ് നാസ. ചന്ദ്രന്റെ കാന്തിക, വൈദ്യുത മണ്ഡലങ്ങളെക്കുറിച്ചുള്ള ഡാറ്റ ശേഖരിക്കുന്നതിലൂടെ, ഗവേഷകര്‍ക്ക് അവയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെ കുറിച്ചും നിര്‍ണായക വിവരങ്ങള്‍ ബ്ലൂ ഗോസ്റ്റ് കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചന്ദ്രനിലേക്കുള്ള 45 ദിവസംനീണ്ട യാത്രയ്ക്കിടെ ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രങ്ങള്‍ ബ്ലൂ ഗോസ്റ്റ് അയച്ചിരുന്നു. 6അടി-6-ഇഞ്ച് (2മീറ്റര്‍-ഉയരം) ഉയരമുള്ള ലാന്‍ഡര്‍ മാര്‍ച്ച് ആദ്യം ചന്ദ്രനിലെ വടക്കന്‍ അക്ഷാംശങ്ങളിലെ മാരേ ക്രിസിയത്തിലാണ് ഇറങ്ങിയത്. നാസയ്ക്ക് വേണ്ടി 10 പരീക്ഷണ ദൗത്യങ്ങളാണ് ഫയര്‍ഫ്‌ളൈ ലക്ഷ്യമിടുന്നത്. അതിലൊന്നാണ് മറ്റ് ഗ്രഹങ്ങളില്‍ നിന്നു സാമ്പിളുകള്‍ ശേഖരിക്കുന്നതിനായി വികസിപ്പിച്ച പ്ലാനറ്റ് വാക്ക് (എല്‍.പി.വി) എന്ന ഉപകരണത്തിന്റെ പരീക്ഷണം.
ഒരു ഹൈ ടെക്ക് വാക്വം ക്ലീനറാണ് എല്‍പിവി. മര്‍ദം ഉപയോഗിച്ച് വാതകം പുറത്തേക്ക് വിട്ട് ഗ്രഹങ്ങളുടെ ഉപരിതലത്തിലെ മണ്ണ് ഇളക്കി ഉയര്‍ത്തും. ഒരു ചെറിയ ചുഴലിക്കാറ്റ് പോലെ അന്തരീക്ഷത്തിലേക്ക് ഉയരുന്ന മണ്ണും കല്ലും വാക്വം ഉപയോഗിച്ച് കണ്ടെയ്‌നറിലേക്ക് വലിച്ചെടുക്കുകയുമാണ് ഇത് ചെയ്യുക. ഒരു സെന്റീമീറ്റര്‍ വലിപ്പമുള്ള വസ്തുക്കള്‍ വരെ ഇതുവഴി ശേഖരിക്കാനാവും. എല്‍പിവി ഉള്‍പ്പടെ ഏഴ് ശാസ്ത്രീയ ഉപകരണങ്ങളാണ് ഫയര്‍ഫ്‌ലൈ ബ്ലൂഗോസ്റ്റ് ലൂണാര്‍ ലാന്ററില്‍ ഉള്ളത്.
ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്ക് 2.04ഓടെയായിരുന്നു ലാന്‍ഡിംഗ്. 63 മിനുട്ട് നീണ്ട് നില്‍ക്കുന്നതായിരുന്നു ലാന്‍ഡിംഗ് പ്രക്രിയ. ആര്‍തര്‍ സി ക്ലാര്‍ക്കിന്റെ വിഖ്യാത സയന്‍സ് ഫിക്ഷന്‍ കഥ ദി സെന്റിനലിലൂടെ പ്രസിദ്ധമായ മേര്‍ ക്രിസിയം ഗര്‍ത്തത്തിലാണ് പേടകം ഇറങ്ങിയത്. നാസയുടെ സഹകരണത്തോടെ സ്വകാര്യ ബഹിരാകാശ വിക്ഷേപണ കമ്പനിയായ സ്‌പേസ് എക്‌സ് വിക്ഷേപിച്ച ഇരട്ട ചാന്ദ്ര പര്യവേഷണ ആളില്ലാ പേടകങ്ങളിലൊന്നാണ് ബ്ലൂ ഗോസ്റ്റ്. 45 ദിവസം സമയമെടുത്താണ് ബ്ലൂ ഗോസ്റ്റ് ചന്ദ്രനില്‍ ഇറങ്ങിയത്. ജനുവരി പതിനഞ്ചിന് ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് പേടകം വിക്ഷേപിച്ചത്. നാസയില്‍ നിന്ന് പത്ത് പേ ലോഡുകളും ദൗത്യത്തിന്റെ ഭാഗമാണ്. സ്വകാര്യ ലാന്‍ഡറുകളെ കരാറടിസ്ഥാനത്തില്‍ ചന്ദ്രനിലേക്ക് അയക്കുന്ന നാസയുടെ സിഎല്‍പിഎസ് പദ്ധതിയുടെ ഭാഗമാണ് ബ്ലൂഗോസ്റ്റ്.