കണ്ണൂരില്‍ ബി.ജെ.പി ഹര്‍ത്താല്‍; വിരമിക്കാന്‍ ഏഴു മാസം ബാക്കി നില്‍ക്കെ നിശ്ചേതനയറ്റ ശരീരവുമായി കണ്ണൂരില്‍ നിന്നും പിന്‍മടക്കം; എഡിഎം നവീന്‍ ബാബുവിന് കണ്ണൂരിന്റെ യാത്രാമൊഴി; ദിവ്യയ്‌ക്കെതിരെ പ്രതിഷേധം ശക്തം
ദിവ്യയുടെ രാജിക്കും വേണ്ടി പ്രതിഷേധ സമരം നടക്കുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓഫിസിന് മുന്‍പില്‍ കനത്ത പൊലിസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കണ്ണൂര്‍ : പരസ്യമായി അപമാനിച്ചതിനെ തുടര്‍ന്ന് എ.ഡി.എം നവീന്‍ ബാബു ജീവനൊടുക്കിയതില്‍ പ്രതിഷേധിച്ചു കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ ബി.ജെ.പി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ബുധനാഴ്ച്ച രാവിലെ ആറുമണിക്ക് തുടങ്ങി. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. വാഹനഗതാഗതം മുടങ്ങിയിട്ടില്ല. കോണ്‍ഗ്രസ് കലക്ടറേറ്റിന് മുന്‍പില്‍ നടത്തുന്ന അനിശ്ചിത കാല സത്യഗ്രഹ സമരം ഇന്നും തുടരും.
ഡി.സി.സി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജിന്റെ നേതൃത്വത്തിലാണ് സത്യഗ്രഹ സമരം നടത്തിവരുന്നത്. ഇതിനിടെ കണ്ണൂരില്‍ ഇന്നും സമര പരമ്പരകള്‍ അരങ്ങേറുമെന്നാണ് സൂചന. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ രാജി വയ്ക്കുന്നതുവരെ സമരം തുടരുമെന്നാണ് പ്രതിപക്ഷ യുവജന സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ പശ്ചാത്തലത്തില്‍ കണ്ണൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
സര്‍വീസില്‍ നിന്നു ംവിരമിക്കാന്‍ ഏഴു മാസം മാത്രം ബാക്കി നില്‍ക്കവെയാണ് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ കണ്ണൂരില്‍ നിന്നും ചേതനയറ്റ ശരീരവുമായി മടങ്ങുന്നത്. എ.ഡി.എം.കെ. നവീന്‍ ബാബുവിന്റെ ഭൗതിക ശരീരം ജന്മനാടായ പത്തനംതിട്ട മലയാലപ്പുഴയിലേക്ക് കൊണ്ടുപോയി. കണ്ണൂരിന്റെ ഭരണനിര്‍വഹണരംഗത്തെ തലപ്പത്തുണ്ടായിരുന്ന നവീന്‍ ബാബുവിന് അന്തിമോപചാരമര്‍പ്പിക്കാനായി സഹപ്രവര്‍ത്തകരും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിക്ക് മുന്‍പിലെത്തിയിരുന്നു. പൊലിസ് നിയമനടപടികള്‍ക്കു ശേഷം എഡിഎം കെ നവീന്‍ ബാബുവിന്റെ മൃതദേഹം പത്തനംതിട്ടയില്‍ നിന്നെത്തിയ ബന്ധുക്കള്‍ക്ക് കൈമാറി.
ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിക്ക് പത്തനംതിട്ടയില്‍ നിന്നെത്തിയ ബന്ധുക്കളാണ് ഭൗതിക ശരീരം ഏറ്റുവാങ്ങിയത്. കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, കാസര്‍കോട് ജില്ലാ കലക്ടര്‍ കെ. ഇ. എന്‍ ചന്ദ്ര ശേഖരന്‍, മുന്‍ എംഎല്‍എമാരായ എം വി ജയരാജന്‍, ടി വി രാജേഷ്, സബ് കളക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി, അസിസ്റ്റന്റ് കലക്ടര്‍ ഗ്രന്ഥേ സായികൃഷ്ണ, എഡിഎം ഇന്‍ ചാര്‍ജ് ശ്രുതി കെ വി, സര്‍വീസ് സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ ഭൗതിക ശരീരത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മൃതദേഹത്തെ കണ്ണൂര്‍ റവന്യു വകുപ്പില്‍നിന്നുള്ള ഉദ്യോഗസ്ഥ സംഘം പത്തനംതിട്ടയിലേക്ക് അനുഗമിച്ചു.
നേരത്തെ കണ്ണൂരില്‍ നിന്നും മൂന്ന് മാസത്തേക്ക് അവധിയെടുക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും വയനാട് ദുരന്തം കാരണം നവീന്‍ ബാബുവിന് കഴിഞ്ഞിരുന്നില്ല കണ്ണൂരില്‍ അദ്ദേഹത്തെ നിലനിര്‍ത്താന്‍ റവന്യു വകുപ് മന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും താല്‍പര്യമുണ്ടായിരുന്നു. മികച്ച കാര്യനിര്‍വഹണ ശേഷിയുള്ള ഉദ്യോഗസ്ഥനായാണ് നവീന്‍ ബാബു സര്‍വീസ് രംഗത്ത് അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ മരണത്തിന് ശേഷം സത്യസന്ധനായ ഉദ്യോഗസ്ഥനെന്നാണ് റവന്യു മന്ത്രി രാജന്‍ വിശേഷിപിച്ചത്.
ദിവ്യയുടെ രാജിക്കും വേണ്ടി പ്രതിഷേധ സമരം നടക്കുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓഫിസിന് മുന്‍പില്‍ കനത്ത പൊലിസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ ഹര്‍ത്താല്‍ ഇന്ന് രാവിലെ ആറു മണി മുതല്‍ തുടങ്ങി. വൈകിട്ട് ആറു മണി വരെ ബി.ജെ.പി പ്രഖ്യാപിച്ച ഹര്‍ത്താലിനെ തുടര്‍ന്ന് സംഭവം രാഷ്ട്രീയവിവാദമായി മാറിയിരിക്കുകയാണ്.