നവീന്‍ ബാബുവിന്റെ മരണത്തിലെ 'പ്രതിയെ' പിടിക്കാത്തതിന് പിന്നില്‍ സൗഹൃദം! അന്വേഷണ അട്ടമറിക്ക് തെളിവായി ദിവ്യയുടെ ഒളിത്താമസം; റവന്യൂ വകുപ്പിന്റെ ക്ലീന്‍ ചിറ്റ് ചര്‍ച്ചയാക്കുന്നത് പോലീസ് അന്വേഷണത്തിലെ മന്ദത; വേണ്ടത് പ്രത്യേക അന്വേഷണ സംഘം; ദിവ്യയ്ക്ക് വിലങ്ങുവയ്ക്കാന്‍ ഐപിഎസുകാരന്‍ എത്തുമോ?

Update: 2024-10-22 02:58 GMT

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണത്തിനായി കണ്ണൂരിന് പുറത്തുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥനെ നിയോഗിച്ചേക്കും. അതിനിടെ അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന ആവശ്യം ശക്തമാണ.് നിലവില്‍ കണ്ണൂര്‍ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരിയാണു കേസ് അന്വേഷണം നടത്തുന്നത്. കളക്ടര്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ അന്വേഷണപരിധിയിലാണ്. ഈ സാഹചര്യത്തിലാണ് പുതിയ സംഘത്തെ നിയോഗിക്കാനുള്ള ആലോചന. അന്വേഷണ ചുമതല ഐപിഎസ് ഉദ്യോഗസ്ഥന് നല്‍കിയേക്കും. പത്തനംതിട്ടയിലെ സിപിഎം നേതൃത്വവും ഈ നിലപാടിലാണ്. പിപി ദിവ്യ ഒളിവില്‍ പോകാന്‍ കാരണം പോലീസ് വീഴ്ചയാണ്. ദിവ്യയെ പിടിക്കാന്‍ പോലീസ് ഒന്നും ചെയ്തില്ലെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് പ്രത്യേക അന്വേഷണ സംഘമെന്ന വാദം ശക്തമാകുകയാണ്.

ദിവ്യയുമായി സൗഹൃദമുള്ളയാളാണ് അന്വേഷണ ഉദ്യോഗസ്ഥനെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് നവീന്‍ ബാബുവിന്റെ ബന്ധുക്കളിലും അതൃപ്തിയുണ്ട്. ഇക്കാര്യം പരിഗണിച്ച് അന്വേഷണത്തിനു ജില്ലയ്ക്കു പുറത്തുള്ള എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷണച്ചുമതല കൈമാറിയേക്കുമെന്നാണു സൂചന. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ കഴിഞ്ഞ ദിവസം നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിക്കുകയും പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് ഉറപ്പിച്ചു പറയുകയും ചെയ്തിരുന്നു. എന്നിട്ടും ആത്മഹത്യാ അന്വേഷണത്തില്‍ കേസ് മുമ്പോട്ട് പോയിട്ടില്ല. ദിവ്യയെ അറസ്റ്റു ചെയ്യുക പോലും ചെയ്തിട്ടില്ല. സംഭവം നടന്ന് ആറു ദിവസം കഴിഞ്ഞിട്ടും പ്രതിപ്പട്ടികയില്‍ ചേര്‍ത്ത പി.പി. ദിവ്യയുടെ മൊഴിയെടുക്കാനോ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കാനോ അന്വേഷണസംഘത്തിനു കഴിഞ്ഞിട്ടില്ല. ദിവ്യ സ്ഥലത്തില്ലെന്നാണു പോലീസ് നല്‍കുന്ന വിശദീകരണം.

നവീന്‍ ബാബുവിന്റെ ചില ബന്ധുക്കള്‍ അന്വേഷണം സംബന്ധിച്ചുള്ള തങ്ങളുടെ അതൃപ്തി എം.വി. ഗോവിന്ദന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടി പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിക്കാന്‍ സര്‍ക്കാരിനോടു ശിപാര്‍ശ ചെയ്യുമെന്നാണ് പ്രതീക്ഷ. ഇത്രയും പ്രമാദമായ കേസ് അന്വേഷിക്കാന്‍ ഒരു പ്രത്യേക അന്വേഷണസംഘം ഇതുവരെ രൂപീകരിക്കാത്തതും ദുരൂഹമായി തുടരുന്നു.നവീന്‍ ബാബുവിനെ കൈക്കൂലിക്കാരനായി ചിത്രീകരിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും ആരോപണമുണ്ട്. നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പെട്രോള്‍പമ്പിന് എതിര്‍പ്പില്ലാരേഖ (എന്‍.ഒ.സി.) കിട്ടാന്‍ കൈക്കൂലി നല്‍കിയെന്ന് ആരോപണമുന്നയിച്ച ടി.വി. പ്രശാന്തന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ വെച്ചാണ് മൊഴിയെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയും ഇദ്ദേഹത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. റവന്യൂ വകുപ്പ് വിഷയത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി. റിപ്പോര്‍ട്ട് തയ്യാറാക്കുകയാണ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍. എന്നാല്‍ പോലീസ് അന്വേഷണം ഒച്ചിന്റെ വേഗതയിലാണ് പുരോഗമിക്കുന്നത്.

ഒക്ടോബര്‍ ആറിന് നവീന്‍ ബാബു താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി ഒരു ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടുവെന്നും 98,500 രൂപ നല്‍കിയെന്നുമാണ് പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് അയച്ചെന്ന് അവകാശപ്പെട്ട പരാതിയില്‍ പറയുന്നത്. എന്നാല്‍ വിവിധ രേഖകളിലെ അദ്ദേഹത്തിന്റെ ഒപ്പും പേരുമെല്ലാം ബന്ധപ്പെട്ട് അവ്യക്തത നിലനിന്നിരുന്നു. ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരുത്തുന്നതിനാണ് പോലീസ് പ്രശാന്തനെ വീണ്ടും വിളിച്ചുവരുത്തിയിരിക്കുന്നത്. കൂടാതെ, ഒക്ടോബര്‍ ആറിന് കൈക്കൂലി പണം നവീന്‍ ബാബുവിന്റെ ക്വാര്‍ട്ടേഴ്‌സില്‍ ചെന്ന് കൊടുത്തുവെന്നും എട്ടിന് അനുമതി കിട്ടിയെന്നുമാണ് പമ്പിന് അപേക്ഷിച്ച പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് നല്‍കിയതായി പറയുന്ന പരാതിയിലുള്ളത്. എന്നാല്‍, ചെങ്ങളായി േെപട്രാള്‍ പമ്പിന് എതിര്‍പ്പില്ലാരേഖ നല്‍കാനുള്ള ഉത്തരവില്‍ എ.ഡി.എം. കെ. നവീന്‍ ബാബു ഒപ്പുവെച്ചത് ഒക്ടോബര്‍ ഒന്‍പതിന് 3.47-നാണെന്നാണ് രേഖകള്‍. എന്നിട്ടും പ്രശാന്തിനെ പോലും പോലീസ് അറസ്റ്റു ചെയ്യുന്നില്ല.

അതിനിടെ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ നടത്തിയ അന്വേഷണത്തില്‍ എഡിഎം നവീന്‍ ബാബു ചട്ടവിരുദ്ദമായി ഒന്നും ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. പ്രശാന്ത?ന്റെ പെട്രോള്‍ പമ്പിന് നിയമപരമായാണ് എന്‍ഒസി നല്‍കിയത്, അതിന് കാലതാമസം വരുത്തുകയോ കൈക്കൂലി വാങ്ങുകയോ ചെയ്തതായി തെളിവുകളില്ലെന്നും ജോയിന്റ് കമ്മീഷണര്‍ കണ്ടെത്തി. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതു സംബന്ധിച്ച ഫയലുകളില്‍ കണ്ണൂര്‍ എഡിഎം കെ.നവീന്‍ ബാബു നിയമപരമായ നടപടികളാണു സ്വീകരിച്ചതെന്നു ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ എ.ഗീതയുടെ അന്വേഷണം വ്യക്തമാക്കുന്നു.

അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് കൈമാറും. ഇതോടെ പിപി ദിവ്യയുടെ വാദങ്ങള്‍ കൂടുതല്‍ പൊളിയുകയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന പദവി ഉപയോഗിച്ച് നവീന്‍ ബാബുവിനെ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ പ്രസംഗിച്ചതിന് പിന്നില്‍ മറ്റെന്തോ അജണ്ടയുണ്ടെന്നാണ് സൂചന. ദിവ്യയെ എഡിഎമ്മിന്റെ യാത്രയയപ്പിലേക്ക് താന്‍ ക്ഷണിച്ചില്ലെന്ന് കണ്ണൂര്‍ കലക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്.

ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ വാദം വ്യാഴാഴ്ചയിലേക്ക് മാറ്റിയതോടെ അതുവരെ നടപടി ഉണ്ടാകില്ലെന്നാണ് വിവരം.മുഖ്യമന്ത്രിക്കു പരാതി നല്‍കിയെന്നു പറയുന്ന പ്രശാന്തില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞു. പൊലീസ്, പൊതുമരാമത്ത്, അഗ്നിശമനസേന, ടൗണ്‍ പ്ലാനിങ് തുടങ്ങിയവയില്‍ നിന്നുള്ള എന്‍ഒസി ലഭിച്ചാല്‍ മാത്രമേ അന്തിമ എന്‍ഒസി നല്‍കാനാവൂ എന്നതിനാല്‍ ഫയല്‍ പിടിച്ചു വച്ചുവെന്ന ആരോപണങ്ങളും തെളിയിക്കാനായിട്ടില്ല.

Tags:    

Similar News