നവീന്‍ ബാബുവിന്റെ സ്ഥലംമാറ്റ ഉത്തരവ് എത്തിയത് ഒക്ടോബര്‍ നാലിന്; വിടുതല്‍ കലക്ടര്‍ വൈകിപ്പിച്ചത് പത്തുദിവസം; ഒടുവില്‍ ജീവിതത്തില്‍ നിന്നും യാത്രയയപ്പ് നല്‍കലും; തടിതപ്പാന്‍ പരിപടികള്‍ റദ്ദാക്കി കലക്ടര്‍; ദിവ്യ ഇരിണാവിലെ വീട്ടിലില്ല; ഒരാഴ്ച്ച പിന്നിട്ടിട്ടും ചോദ്യം ചെയ്യാതെ പൊലീസ്

വിടുതല്‍ കലക്ടര്‍ വൈകിപ്പിച്ചത് പത്തുദിവസം

Update: 2024-10-21 02:06 GMT

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം കെ.നവീന്‍ ബാബുവിനെതിരെ ഗൂഢാലോചന നടന്നെന്ന ആക്ഷേപങ്ങള്‍ കൂടുതല്‍ ശക്തമാകുന്നു. വിഷയത്തില്‍ കലക്ടറും കടുത്ത ആരോപണങ്ങള്‍ക്ക് നടുവിലാണ്. പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും അദ്ദേഹത്തെ വിടുതല്‍ ചെയ്യുന്നത് കലക്ടര്‍ 10 ദിവസം വൈകിപ്പിച്ചു എന്ന ആക്ഷേപം കുടുംബം നേരത്തെ ഉന്നയിച്ചിരുന്നു. ഇത് ശരിവെക്കുന്ന വിധത്തിലാണ് കാര്യങ്ങള്‍.

ശ്രീകണ്ഠപുരത്തെ പെട്രോള്‍ പമ്പിന് അന്തിമ എന്‍ഒസി ലഭിച്ചത് നവീന് ബാബുവിന് സ്ഥലം മാറ്റ ഉത്തരവ് പുറത്തിറങ്ങിയ ശേഷമാണ് താനും. നവീന്‍ ബാബുവിന്റെ മരണത്തിലേക്കു നയിച്ച സംഭവങ്ങളെക്കുറിച്ചും ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചും ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ എ.ഗീത നടത്തുന്ന അന്വേഷണത്തില്‍ ഇക്കാര്യവും പരിശോധിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ കലക്ടര്‍ക്ക് നല്‍കുന്ന വിവരങ്ങള്‍ നിര്‍ണായകമായി മാറും.

നവീന്‍ ബാബുവിനെ പത്തനംതിട്ട എഡിഎമ്മായി സ്ഥലംമാറ്റി റവന്യു വകുപ്പ് ഉത്തരവിറക്കിയത് ഒക്ടോബര്‍ 4ന് ആണ്. 4 ഡപ്യൂട്ടി കലക്ടര്‍മാരെക്കൂടി ഈ ഉത്തരവു പ്രകാരം മാറ്റിയിരുന്നു. കണ്ണൂരിലെ ഇലക്ഷന്‍ വിഭാഗം ഡപ്യൂട്ടി കലക്ടറുടെ സ്ഥാനത്തെ ഒഴിവിലേക്ക് സീനിയര്‍ തഹസില്‍ദാര്‍ക്കു സ്ഥാനക്കയറ്റവും ഇതോടൊപ്പം നല്‍കി.

സ്ഥലംമാറ്റ ഉത്തരവിറങ്ങിയെങ്കിലും, പകരം ആള്‍ എത്തിയ ശേഷം വിടുതല്‍ ചെയ്യാമെന്നായിരുന്നു കണ്ണൂര്‍ കലക്ടറുടെ നിലപാട്. സ്ഥലംമാറ്റം ഉടനടി നടപ്പാക്കണമെന്നും ഇതു സംബന്ധിച്ച് ലാന്‍ഡ് റവന്യു കമ്മിഷണറും അതത് കലക്ടര്‍മാരും 10 ദിവസത്തിനകം റവന്യു വകുപ്പിനു റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ഇതിനു വിരുദ്ധമായ നടപടികളാണു, പക്ഷേ സംഭവിച്ചത്. ഒടുവില്‍ കലക്ടര്‍ വിടുതല്‍ നല്‍കുകയും യാത്രയയപ്പു യോഗം നടക്കുകയും ചെയ്തത് 14ന് ആണ്.

പിറ്റേന്നു രാവിലെ നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. അതേസമയം, ജോയിന്റ് കമ്മിഷണര്‍ എ.ഗീത അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യു വകുപ്പിനോടും മന്ത്രിയോടും കൂടുതല്‍ സമയം തേടി. ഫയലുകളുടെ വിശദപരിശോധനയും വിവിധ ഉദ്യോഗസ്ഥരില്‍ നിന്നുള്ള വിവരശേഖരണവും നടത്തിവരികയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയില്‍നിന്നു വിവരങ്ങള്‍ തേടാന്‍ കഴിഞ്ഞിട്ടുമില്ല.

പ്രതി ചേര്‍ത്ത സിപിഎം നേതാവ് പി പി ദിവ്യയെ ചോദ്യം ചെയ്യാതെ പൊലീസും കാത്തിരിക്കയാണ്. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ തീരുമാനം വരാന്‍ കാക്കുകയാണ് പൊലീസ്. ദിവ്യ ഇരിണാവിലെ വീട്ടില്‍ ഇല്ലെന്നാണ് വിവരം. മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും. പൊലീസ് അന്വേഷണത്തില്‍ മാത്രമല്ല റവന്യു വകുപ്പ് അന്വേഷണത്തിലും ദിവ്യയുടെ മൊഴിയെടുത്തിട്ടില്ല. ദിവ്യ സാവകാശം തേടിയെന്നായിരുന്നു കളക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുത്ത ശേഷം എ ഗീത പറഞ്ഞു. ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ ഇന്നും ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയേക്കും. കളക്ടറുടെ മൊഴി പൊലീസ് രേഖപ്പെടുത്താനും സാധ്യതയുണ്ട്.

അഴിമതിക്കെതിരെ സദുദ്ദേശപരമായി മാത്രമാണ് താന്‍ സംസാരിച്ചതെന്നും എ ഡി എമ്മിനെ ആത്മഹത്യയിലേക്ക് തള്ളിവിടാനായിരുന്നില്ലെന്നുമാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ദിവ്യ ചൂണ്ടികാട്ടിയിരിക്കുന്നത്. ഫയല്‍ നീക്കം വേഗത്തിലാക്കണമെന്നതാണ് താന്‍ ഉദ്ദേശിച്ചതെന്നും അവര്‍ വിവരിച്ചിട്ടുണ്ട്. പ്രസംഗത്തിന്റെ വീഡിയോ അടക്കം സമര്‍പ്പിച്ചുകൊണ്ടാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.

Tags:    

Similar News