നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ട; പോലീസ് അന്വേഷണം ശരിയായ ദിശയില്‍; കൊലപാതകം എന്ന ആരോപണത്തിലും അന്വേഷണം നടത്തും; കുടുംബത്തിന്റെ ആശങ്കകളും പരിഗണിക്കും; മഞ്ജുഷയുടെ ആവശ്യം തള്ളി സര്‍ക്കാര്‍
നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ട
കൊച്ചി: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാട് ആവര്‍ത്തിച്ചു സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം ഹൈക്കോടതിയെ നാളെ ഇക്കാര്യം അറിയിക്കും. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും കുടുംബത്തിന്റെ എല്ലാ ആശങ്കകളും പരിശോധിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ പറയുന്നു.
കൊലപാതകം എന്ന ആരോപണത്തിലും അന്വേഷണം നടത്തും. നവീന്‍ ബാബുവിന്റെ ഭാര്യ നല്‍കിയ ഹര്‍ജി നാളെയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. പൊലീസ് അന്വേഷണത്തില്‍ പാളിച്ചകളില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അന്വേഷണം സിബിഐയ്ക്ക് വിടേണ്ട സാഹചര്യമില്ലെന്നും കോടതിയില്‍ അറിയിക്കും.
നവീന്‍ ബാബുവിന്റേത് ആത്മഹത്യയെന്ന പൊലീസ് നിഗമനം വിശ്വസിക്കുന്നില്ലെന്നും കൊന്നു കെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നും മഞ്ജുഷ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഹര്‍ജി നിരത്തുന്ന കാര്യങ്ങള്‍ ആഴ്ചകളായി കേരളം ചര്‍ച്ച ചെയ്യുന്നവയാണ്: പ്രത്യേക പൊലീസ് സംഘത്തിന് അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാക്കാനായില്ല, തെളിവുശേഖരണത്തില്‍ വീഴ്ച പറ്റി, സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലും സമാഹരിച്ചില്ല എന്നിങ്ങനെ. ഈ ആരോപണങ്ങള്‍ നിസ്സാരമായി തള്ളിക്കളയാന്‍ സര്‍ക്കാരിനും പോലീസിനും കഴിയാത്ത അവസ്ഥയിലാണ്. എന്നാല്‍, സിബിഐ അന്വേഷണം വന്നാല്‍, അത് ദിവ്യക്കും തിരിച്ചടിയാകുമെന്ന തിരിച്ചറിവിലാണ് സര്‍ക്കാര്‍ അതിനെ എതിര്‍ക്കുന്നത്.
നേരത്തെ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ നിര്‍ണായക തെളിവുകളായ സിസിടിവി ദൃശ്യങ്ങളും പ്രതിയുടെ കോള്‍ രേഖകളും നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്ന് കുടുംബം കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയെ അറിയിച്ചിരുന്നു. പ്രധാനമായും കണ്ണൂര്‍ കലക്ടറേറ്റിലെയും റെയില്‍വേ സ്റ്റേഷനിലെയും സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കണമെന്നാണ് നവീന്‍ ബാബുവിന്റെ കുടുംബം ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
പ്രധാന സാക്ഷി ജില്ലാ കലക്ടര്‍, പ്രതി പി.പി.ദിവ്യ എന്നിവരുടെ കോള്‍ രേഖകളും് സൂക്ഷിക്കണമെന്നും കുടുംബം കണ്ണൂര്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. പൊലീസ് അന്വേഷണം നീണ്ടു പോകുന്ന ഘട്ടത്തിലാണ് തെളിവുകള്‍ നശിപ്പിക്കപ്പെടാതിരിക്കാന്‍ കുടുംബം ഹര്‍ജിയുമായി രംഗത്തെത്തിയത്. പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ തൃപ്തിയില്ലെന്നും നവീന്‍ ബാബുവിന്റെ കുടുംബം ഹര്‍ജിയില്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
മരണം നടന്ന് നാല്‍പ്പതു ദിവസം കഴിഞ്ഞിട്ടും എങ്ങുമെത്താത്ത അന്വേഷണവും ജാമ്യത്തിലിറങ്ങിയ പ്രതി, സി.പി.എം. നേതാവും കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി.ദിവ്യയ്ക്ക് ജാമ്യത്തിലിറങ്ങിയപ്പോള്‍ കിട്ടിയ സ്വീകരണവും നവീന്‍ബാബുവിനെതിരായി കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ.വിജയന്‍ നല്‍കിയ മൊഴിയുമൊക്കെ കേരളാ പോലീസ് അന്വേഷിച്ചാല്‍ നീതി കിട്ടില്ലെന്ന ബോധ്യത്തിലേക്ക് കുടുംബത്തെ എത്തിച്ചത്.
പോലീസ് അന്വേഷണത്തില്‍ സംശയം തോന്നാന്‍ നേരത്തേ തന്നെ കാരണങ്ങളുണ്ടായിരുന്നു. കണ്ണൂരില്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ആയിരുന്ന നവീന്‍ബാബുവിന്റെ ബന്ധുക്കളോ, കുടുംബം നിയോഗിച്ച ആരെങ്കിലുമോ എത്തും മുമ്പ് പോസ്റ്റുമോര്‍ട്ടവും ഇന്‍ക്വെസ്റ്റും പൂര്‍ത്തീകരിച്ചതിലെ തിടുക്കമാണ് ഒരു പ്രധാന വിഷയം. അതില്‍ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കേണ്ടതാണെന്ന് നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ ആ വഴിക്ക് നീക്കമുണ്ടായതായി അറിയില്ല. ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തപ്പെട്ടിട്ടുള്ള പി.പി. ദിവ്യക്ക് കിട്ടുന്ന പ്രത്യേക പരിചരണം മാത്രമല്ല, കളക്ടര്‍ അരുണ്‍ പോലീസിനു നല്‍കിയ മൊഴിയും ഈ സംശയത്തിന് ബലമേറ്റുന്നു.