എല്ലാം റവന്യൂമന്ത്രിയെ വിളിച്ച് പറഞ്ഞിരുന്നുവെന്ന് പറയുന്ന കളക്ടര്‍; എന്തിനും ഏതിനും 'വകതിരിവോടെ' പ്രതികരിക്കുന്ന മന്ത്രി കെ രാജന് ഈ വിഷയത്തില്‍ മാത്രം മിണ്ടാട്ടമില്ല; പ്രതിയാക്കേണ്ട പ്രശാന്തിനെ സാക്ഷിയാക്കിയതും പിപി ദിവ്യയെ രക്ഷിച്ചെടുക്കാന്‍ തന്നെ; കുറ്റപത്രം റദ്ദാക്കാനുള്ള സിപിഎം നേതാവിന്റെ നീക്കം നിര്‍ണ്ണായകമാകും; ഇനിയെങ്കിലും സിപിഐ മന്ത്രി രാജന്‍ വാ തുറക്കുമോ?

Update: 2025-07-19 07:41 GMT

കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റപത്രം തയ്യാറാക്കിയത് പിപി ദിവ്യയെ രക്ഷിക്കുന്ന തരത്തിലോ? ഇപ്പോള്‍ പോലീസ് കോടതിയില്‍ കൊടുത്തിരിക്കുന്ന കുറ്റപത്രത്തില്‍ നിരവധി പഴുതുകളുണ്ട്. ഇത് റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി.പി. ദിവ്യ നീക്കം തുടങ്ങി. ദിവ്യ ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ ഉണ്ടെന്നും പ്രശാന്ത് ടി.വി എന്നൊരു സാക്ഷിയുണ്ടെന്നും അഡ്വ. കെ. വിശ്വന്‍ അറിയിച്ചു. അതിനിടെ കുറ്റപത്രത്തിലെ വിവരങ്ങളില്‍ റവന്യൂ മന്ത്രി കെ രാജന്റെ മൗനവും ദുരൂഹമാണ്. എല്ലാ വിഷയങ്ങളിലും അതിവേഗം പ്രതികരിക്കുന്ന റവന്യൂമന്ത്രി കുറ്റപത്രത്തില്‍ മന്ത്രിയെ നേരിട്ട് പരാമര്‍ശിച്ചിട്ടും പ്രതികരിച്ചിട്ടില്ല. നവീന്‍ ബാബുവിനെ കുറ്റപ്പെടുത്താനും ദിവ്യയെ രക്ഷിക്കാനുമായുള്ള ബോധ പൂര്‍വ്വ ശ്രമത്തിന്റെ ഭാഗമായാണ് മന്ത്രി രാജന്റെ പേരും കുറ്റപത്രത്തില്‍ എത്തിയതെന്നതാണ് വസ്തുത.. ഇതെല്ലാം കുറ്റപത്രം റദ്ദാക്കാനായുള്ള പിപി ദിവ്യയുടെ നിയമ പോരാട്ടത്തിന് കരുത്താകും. ഈ വിഷയത്തില്‍ രാജന്റെ പ്രതികരണം നവീന്‍ ബാബുവിന് അനുകൂലമായാല്‍ എല്ലാ അര്‍ത്ഥത്തിലും ഈ കുറ്റപത്രത്തിന്റെ സാധുത പോലും ചോദ്യം ചെയ്യപ്പെടും. അത് പിപി ദിവ്യയ്ക്ക് എതിരാകുന്ന തരത്തിലുമാകും.

നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യ മാത്രമാണ് കുറ്റക്കാരിയെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് പി പി ദിവ്യ നടത്തിയ പ്രസംഗം ആത്മഹത്യാ പ്രേരണയായെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ദിവ്യയെ ക്ഷണിച്ചിരുന്നില്ലെന്ന് കളക്ട്രേറ്റ് ജീവനക്കാരും മൊഴി നല്‍കി. ഫയലില്‍ അനാവശ്യ കാലതാമസം വന്നിട്ടില്ല. കൈക്കൂലി നല്‍കിയതിന് നേരിട്ടുള്ള ഒരു തെളിവുമില്ലെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പി പി ദിവ്യയാണ് ദൃശ്യം ചിത്രീകരിക്കാന്‍ പ്രാദേശിക ചാനലുകാരനെ ഏര്‍പ്പാടാക്കിയത്. പരിപാടിക്ക് മുന്‍പും ശേഷവും കളക്ടറെ ദിവ്യ വിളിച്ചിരുന്നു. എഡിഎം ആത്മഹത്യ ചെയ്തതിന് ശേഷവും ദിവ്യ കളക്ടറെ വിളിച്ചിരുന്നുവെന്നും മൊഴിയുണ്ട്. അതേസമയം തെറ്റ് പറ്റിയതായി നവീന്‍ ബാബു പറഞ്ഞതായി കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴിയും കുറ്റപത്രത്തിലുണ്ട്. നവീന്‍ ബാബു പറഞ്ഞ കാര്യങ്ങള്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജനോട് പറഞ്ഞിരുന്നതായും കളക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. യാത്രയയപ്പിനെക്കുറിച്ചും എഡിഎം പറഞ്ഞ കാര്യങ്ങളെക്കുറിച്ചും മന്ത്രി കെ രാജനോട് പറഞ്ഞുവെന്നാണ് കളക്ടര്‍ മൊഴി നല്‍കിയിരിക്കുന്നത്. പരാതി കിട്ടിയാല്‍ അന്വേഷണം നടത്താമെന്ന് മന്ത്രി പറഞ്ഞതായും കളക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ മൊഴിയിലാണ് രാജന്‍ വിശദീകരണം നല്‍കേണ്ടത്. ഇത്തരത്തിലൊരു വാര്‍ത്ത വന്നിട്ടും റവന്യമന്ത്രി പ്രതികരിക്കാത്തത് അത്ഭുതമായി തുടരുകയാണ്.

അതിനൊപ്പമാണ് പിപി ദിവ്യയുടെ ഹൈക്കോടതിയിലേക്കുള്ള നീക്കം. പ്രശാന്ത് ടി.വി മുഖാന്തരം ദിവ്യയെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് അഡ്വ. കെ. വിശ്വന്‍ ചൂണ്ടിക്കാട്ടി. റവന്യു വകുപ്പിന്റെ അന്വേഷണത്തിനെതിരെയും ദിവ്യയുടെ അഭിഭാഷകന്‍ സംസാരിച്ചു. ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടേത് പാതിവെന്ത അന്വേഷണ റിപ്പോര്‍ട്ടാണ്. പ്രതിഭാഗത്തെ കേള്‍ക്കാതെ തയ്യാറാക്കിയ റിപ്പോര്‍ട്ടാണിതെന്നും അഭിഭാഷകന്‍ ആരോപിച്ചു. കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നായിരുന്നു ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട്. പി.പി. ദിവ്യ എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിന് എത്തിയത് ആസൂത്രിതമായിട്ടാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട ഫയലില്‍ നവീന്‍ ബാബു കാലതാമസം വരുത്തി എന്നതിന് തെളിവില്ലെന്നും ലാന്‍ഡ് റവന്യൂ ജോ. കമ്മീഷണര്‍ എ. ഗീത ഐഎഎസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങ് ചിത്രീകരിക്കാന്‍ ആവശ്യപ്പെട്ടത് ദിവ്യയാണെന്ന് മൊഴി ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ചടങ്ങിനു മുന്‍പ് ദിവ്യ നേരിട്ട് വിളിച്ചിരുന്നു എന്ന് കളക്ടറും മൊഴി നല്‍കിയതായിട്ടായിരുന്നു അന്വേഷണ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നത്.

നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ മൊഴികളിലേറെയും പി.പി ദിവ്യക്ക് അനുകൂലമെന്ന വാദം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ആത്മഹത്യക്ക് മുന്‍പ് നവീന്‍ ബാബു ദിവ്യയെ സ്വാധീനിക്കാന്‍ ശ്രമിച്ചന്നാണ് സാക്ഷിമൊഴി. തന്നെ ഇടനിലക്കാരനാക്കാന്‍ നവീന്‍ ബാബു ശ്രമിച്ചെന്നാണ് ദിവ്യയുടെ ബന്ധു പ്രശാന്ത് ആരോപിക്കുന്നത്. കലക്ടറുടെ മൊഴിയും നവീന്‍ ബാബുവിന് എതിരാണ്. അഴീക്കോട് സ്വദേശി ടി.വി യുടെ മൊഴിപ്പകര്‍പ്പ് പുറത്തു വന്നിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം എ ഡി എമ്മിന് അറിയാമായിരുന്നെന്ന് പ്രശാന്ത്. യാത്രയയപ്പിന് ശേഷം എ ഡി എമ്മും താനും ക്വാര്‍ട്ടേഴ്സിന് സമീപത്ത് വെച്ച് കണ്ടെന്നും പ്രശാന്ത് പറഞ്ഞു. ദിവ്യയോട് താന്‍ മുഖാന്തരം സംസാരിക്കാമെന്ന ഉദ്ദേശത്തോടെ വിളിച്ചു വരുത്തിയതാണന്ന് മൊഴി. പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് മൊഴി. ബിനാമി ഇടപാട്, വ്യാജ പരാതി തുടങ്ങിയവയെ കുറിച്ച് കുറ്റപത്രത്തില്‍ പരാമര്‍ശം ഇല്ല.

പ്രശാന്ത് ടി.വിയുടെ മൊഴി പുറത്തുവന്നിരുന്നു. പ്രശാന്തിനെ ഇടനിലക്കാരനാക്കാന്‍ ശ്രമിച്ചെന്നാണ് മൊഴിയിലെ സൂചന. ദിവ്യയുടെ ബന്ധുവാണെങ്കിലും നേരിട്ട് പരിചയമില്ലെന്ന് പറഞ്ഞതോടെ 'എന്നാല്‍ ശരി' എന്ന് എഡിഎം പറഞ്ഞതായി മൊഴിയിലുണ്ട്. ഇരുവരും തമ്മിലുള്ള ബന്ധം എഡിഎമ്മിന് നേരത്തെ അറിയാമായിരുന്നെന്നും പ്രശാന്തിന്റെ മൊഴിയില്‍ പറയുന്നു. ഇതിനു പിന്നാലെയാണ് കുറ്റപത്രം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള പി.പി. ദിവ്യയുടെ നീക്കം. യഥാര്‍ത്ഥത്തില്‍ കേസില്‍ പ്രതിയാകേണ്ട വ്യക്തിയാണ് പ്രശാന്ത്. പ്രശാന്തിന്റെ പെട്രോള്‍ പമ്പിന് വേണ്ടിയാണ് ദിവ്യ സമ്മര്‍ദ്ദം ചെലുത്തിയത്. ആത്മവിശ്വാസത്തോടെ നേരിടണമെന്ന് നവീന്‍ ബാബുവിനോട് പറഞ്ഞു എന്നാണ് കളക്ടര്‍ മൊഴി നല്‍കിയിട്ടുള്ളത്. ഇതിന് പിന്നാലെ ഈ വിവരങ്ങള്‍ മന്ത്രിയെ അറിയിച്ചുവെന്നാണ് കളക്ടര്‍ മൊഴി നല്‍കിയിരിക്കുന്നത്. യാത്രയയപ്പിന് ശേഷം പി പി ദിവ്യയും വിളിച്ചുവെന്നും ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ടെന്ന് ദിവ്യ പറഞ്ഞതായും കളക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്.

Tags:    

Similar News