നവീന്‍ ബാബുവിന്റെ കുടുംബത്തെ ചതിച്ച സീനിയര്‍ അഭിഭാഷകന്‍ സര്‍ക്കാരിന് വേണ്ടി കൂറ് മാറുന്നത് ഇതാദ്യമല്ല; അട്ടപ്പാടി മധു വധക്കേസും ടി പി കേസും വാളയാര്‍ കേസും അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം; ആദിവാസിയായ മധുവിന്റെ ബന്ധുക്കളും ഹൈക്കോടതിയിലേക്ക്

നവീന്‍ ബാബുവിന്റെ കുടുംബത്തെ ചതിച്ച സീനിയര്‍ അഭിഭാഷകന്‍ സര്‍ക്കാരിന് വേണ്ടി കൂറ് മാറുന്നത് ഇതാദ്യമല്ല

Update: 2025-02-08 08:55 GMT

കൊച്ചി: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ അപ്പീലില്‍ സിബിഐ അന്വേഷണം എന്ന ആവശ്യത്തില്‍ ഉറച്ചാണ് ഭാര്യ മഞ്ജുഷ നിലകൊണ്ടത്. സിബിഐ അന്വേഷണം എന്നതില്‍ ഉപരിയായി ക്രൈംബ്രാഞ്ച് അന്വേഷണം താന്‍ ആവശ്യപ്പെട്ടില്ലെന്ന മഞ്ജുഷ വ്യക്തമാക്കിയതോടെയാണ് കേസില്‍ നടന്ന ചതിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തായത്. മുതിര്‍ന്ന അഭിഭാഷകന്‍ എസ് ശ്രീകുമാറിനെയാണ് കേസ് ഏല്‍പ്പിച്ചിരുന്നത്. സിബിഐ അന്വേഷണം എന്ന ഒറ്റ ആവശ്യം മാത്രമായിരുന്നു ഹര്‍ജിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍, ഇവിടെയാണ് ഹര്‍ജിക്കാരിയുടെ താല്‍പ്പര്യത്തിന് വിരുദ്ധമായി ക്രൈംബ്രാഞ്ച് അന്വേഷണ ആവശ്യം അഭിഭാഷകന്‍ ഉന്നയിച്ചത്. ഇത് കേസിലെ അട്ടിമറി ശ്രമത്തിന്റെ ഭാഗമാണെന്നാണ് സൂചന.

അതേസമയം നവീന്‍ ബാബുവിന്റെ കുടുംബത്തെ ചതിച്ച സീനിയര്‍ അഭിഭാഷകന്‍ ശ്രീകുമാര്‍ സര്‍ക്കാരിന് വേണ്ടി കൂറ് മാറുന്നത് ഇതാദ്യമല്ലെന്നാണ് വിവരം. അട്ടപ്പാടി മധു വധക്കേസും ടി പി കേസും വാളയാര്‍ കേസും അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം ഇദ്ദേഹത്തിനെതിരെ ഉയരുന്നുണ്ട്. നവീന്‍ ബാബുവിന്റെ സിബിഐ അന്വേഷണത്തിന് വേണ്ടിയുള്ള കേസില്‍ എസ് ശ്രീകുമാര്‍ കുടുംബത്തിന്റെ ആഗ്രഹത്തിന് വിപരീതമായി നിലപാട് എടുത്തതിനു സമാനമായി മധുവിന്റെ പ്രോസീക്യൂട്ടര്‍ നിയമനത്തിലും ഉണ്ടായിട്ടുണ്ടെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്.

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ ബന്ധുക്കളും വിഷയത്തില്‍ പരാതിയുമായി മുന്നോട്ടു പോകുകയാണ്. മധു കേസില്‍ കുടുംബം വേണമെന്ന് പറഞ്ഞ പ്രോസീക്യൂട്ടറിനു പകരം വേറെ വകീലിനെ നിയമിക്കാനാണ് എസ്. ശ്രീകുമാര്‍ കരുക്കള്‍ നീക്കിയതെന്നാണ് ആരോപണം. ഹൈക്കോടതി രജിസ്ട്രാര്‍ക്കും, ബാര്‍ കൗണ്‍സിലിനും പരാതി കൊടുക്കാനാണ് മധുവിന്റെ കുടുംബം ഒരുങ്ങുന്നത്.

ടി പി ചന്ദ്രശേഖരന്‍ കേസില്‍ കെ കെ രമയുടെ വക്കാലത്ത് എടുത്ത് കേസ് നടത്തിയ ശേഷം കേസ് നീട്ടിക്കൊണ്ടു പോയത് ശ്രീകുമാറാണ് എന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. കേസിലെ വക്കാലത്ത് ഒഴിഞ്ഞാണ് കെ കെ രമയും ഈ കേസില്‍ രക്ഷപെട്ട് പോയത്. അട്ടപ്പാടി ആദിവാസി കേസിലും വാളയാര്‍ കേസിലും സമാന അട്ടിമറി ഈ മുതിര്‍ന്ന അഭിഭാഷകനില്‍ നിന്നും ഉണ്ടായെന്ന ആക്ഷേപം നിലനില്‍ക്കുന്നു. സ്വന്തം കക്ഷികളുടെ താല്‍പ്പര്യത്തിന് പകരം എതിര്‍കക്ഷികളുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന നിലപാടുകാരാണ് ഈ അഭിഭാഷകനെന്ന ആക്ഷേപവും മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പലരും പറയുന്നുണ്ട്.

നവീന്‍ബാബു കേസിലും ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് ഇങ്ങനെയാണ്. ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചതോടെ സിബിഐ അന്വേഷണ ആവശ്യത്തിന്റെ ശക്തികുറയാന്‍ ഇടയാക്കും. അഡ്വ. ശ്രീകുമാറിന്റെ തീരുമാനത്തില്‍ കടുത്ത അതൃപ്തിയിലാണ് കുടുംബം. വിഷയത്തില്‍ ഹൈക്കോടതി മുമ്പാകെ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യമില്ലെന്ന് തിരുത്തിപ്പറയണമെന്ന ആവശ്യം ഈ സീനിയര്‍ അഭിഭാഷകന്‍ നിരാകരിക്കുകയാണ് ഉണ്ടായത്.

കോടതിയെ ബോധ്യപ്പെടുത്താം എന്നു അഭിഭാഷകന്റെ ഓഫീസില്‍ നിന്നും ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, ഇന്ന് ബന്ധപ്പെട്ടപ്പോള്‍ തനിക്കു താല്പര്യമില്ല എന്ന് അറിയിക്കുകയാണ് അഭിഭാഷകന്‍ ചെയ്തത്. അതിനാല്‍ ഈ അഭിഭാഷക ഓഫീസില്‍ നിന്നും വക്കാലത്തു ഒഴിഞ്ഞു വാങ്ങിയിരിക്കുകയാണെന്ന് മഞ്ജുഷ അറിയിക്കുകയാണ് ഉണ്ടായത്.

സിബിഐ അന്വേഷണം നിരാകരിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്‍കിയ അപ്പീല്‍ പരിഗണിക്കുമ്പോഴാണ് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യത്തിന് വിരുദ്ധമായി അഭിഭാഷകന്‍ ക്രൈംബ്രാഞ്ച് അന്വേഷണ കാര്യം കൂടി ഹൈക്കോടതിയെ ബോധിപ്പിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണം എന്ന ആവശ്യത്തെ സര്‍ക്കാര്‍ എതിര്‍ത്തതുമില്ല. തുടര്‍ന്ന്, ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ ഉത്തരവിനായി മാറ്റുകയായിരുന്നു.

സി.ബി.ഐ അന്വേഷണമെന്ന ആവശ്യം സിംഗിള്‍ബെഞ്ച് തള്ളിയതിനെതിരായ അപ്പീലാണ് ഡിവിഷന്‍ബെഞ്ച് പരിഗണിച്ചത്. പൊലീസ് പ്രത്യേക അന്വേഷണസംഘം നിലവില്‍ നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ല. അതിനാല്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നാണ് ഹര്‍ജിക്കാരിയുടെ വാദം. പ്രത്യേക അന്വേഷണ സംഘത്തിന്റെ കൈ ബന്ധിച്ചിരിക്കുകയാണെന്നും ഹര്‍ജിക്കാരിക്കായി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ എസ്. ശ്രീകുമാര്‍ വാദിച്ചു.


Full View

രാഷ്ട്രീയ സ്വാധീനമുള്ള പ്രതിയെ സംരക്ഷിക്കാനാണ് നിലവിലെ അന്വേഷണം നടത്തുന്നതെന്നാണു നവീന്റെ കുടുംബത്തിന്റെ ആരോപണം. 2024 ഒക്ടോബര്‍ 15നാണ് നവീന്‍ ബാബു മരിച്ചത്. നരഹത്യാ സാധ്യത മുന്‍നിര്‍ത്തി പൊലീസ് ഫലപ്രദമായ അന്വേഷണം നടത്തുന്നില്ലെന്നും പ്രതി ചേര്‍ക്കപ്പെട്ട പി.പി.ദിവ്യയ്ക്ക് ഉന്നത സ്വാധീനമുണ്ടെന്നും ചൂണ്ടിക്കാട്ടി സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. എന്നാല്‍ അന്വേഷണം ശരിയായ ദിശയിലാണെന്നു പറഞ്ഞ കോടതി ആവശ്യം അംഗീകരിച്ചില്ല. തുടര്‍ന്നാണ് വസ്തുതകള്‍ ശരിയായി വിശകലനം ചെയ്യാതെയാണു സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയതെന്നു ചൂണ്ടിക്കാട്ടി അപ്പീല്‍ നല്‍കിയത്

അന്വേഷണത്തില്‍ എന്തെങ്കിലും വീഴ്ചയുള്ളതായി ചൂണ്ടിക്കാട്ടാനായിട്ടില്ലെന്നും സി.ബി.ഐ അന്വേഷണ ആവശ്യം അംഗീകരിക്കാനാകില്ലെന്നും സര്‍ക്കാരിനായി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി.എ. ഷാജി വാദിച്ചു. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം എന്ന ആവശ്യത്തെ എതിര്‍ത്തില്ല. തുടര്‍ന്നാണ് അപ്പീല്‍ വിധിപറയാന്‍ മാറ്റിയത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സിബിഐ അന്വേഷണ ആവശ്യം നിരാകരിച്ചു ക്രൈംബ്രാഞ്ച് അന്വേഷണം വന്നാല്‍ അത് അഭിഭാഷകന്റെ വീഴ്ച്ചയായി മാറും. നവീന്‍ ബാബു കേസില്‍ പ്രതി സ്ഥാനത്തുള്ള പി പി ദിവ്യയെ പിന്തുണക്കുന്ന നിലപാടാണ് അടുത്തിടെ സിപിഎം സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും കൈക്കൊണ്ടത്.

Tags:    

Similar News