ആരാണ് പമ്പിന്റെ യഥാര്‍ത്ഥ ഉടമ? എങ്ങനെയാണ് കോടികള്‍ നിക്ഷേപിച്ചത്? കളക്ടര്‍ എന്തിന് ഡബിള്‍ റോളെടുത്തു? ദിവ്യ കാത്തിരിക്കാന്‍ പറഞ്ഞ ആ രഹസ്യമെന്ത്? മുനീശ്വരന്‍ കോവിലില്‍ നിന്നും നവീന്‍ എങ്ങനെ ക്വര്‍ട്ടേഴ്സിലെത്തി? ആരോടൊക്കെ സംസാരിച്ചു? ഇനിയും ഉത്തരം കണ്ടെത്താന്‍ ഏറെ
കണ്ണൂര്‍: സത്യം അറിയാവുന്ന കുറച്ചു പേരുണ്ട്. അതിലൊരാളാണ് ആത്മഹത്യ ചെയ്തുവെന്ന് കരുതുന്ന എഡിഎം നവീന്‍ ബാബു. അതുകൊണ്ട് തന്നെ നവീന്‍ ബാബുവില്‍ നിന്നും ആ സത്യം ഇനി പുറത്തു വരില്ല. അതിന് അപ്പുറം കാര്യമറിയാവുന്ന ചിലരുണ്ട്. അവര്‍ മിണ്ടുന്നുമില്ല. നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഏറെ. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, കലക്ടര്‍ അരുണ്‍ കെ.വിജയന്‍, സംരംഭകന്‍ ടി.വി.പ്രശാന്തന്‍, ദിവ്യയുടെ ഭര്‍ത്താവ് അജിത്ത് എന്നിവരാണ് അവര്‍. ഇവര്‍ മിണ്ടുന്നുമില്ല. നവീന്‍ ബാബുവിന്റേത് കൊലപാതകം പോലും ആകാനുള്ള സാധ്യതയുണ്ട്. തീവണ്ടിയില്‍ നവീന്‍ ബാബു കയറിയെന്ന കുടുംബത്തിന്റെ സംശയം ഈ ആശങ്ക കൂട്ടുന്നതാണ്. എന്നാല്‍ സിപിഎമ്മിലെ കണ്ണൂരിലെ ഉന്നത നേതാവാണ് ദിവ്യ. ഈ ദിവ്യയെ കുടുക്കാനുള്ള അന്വേഷം ഈ കേസിലുണ്ടാകില്ലെന്ന് ഉറപ്പാണ്. ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ അടക്കം ഇത് വ്യക്തം. കളക്ടറേയും മറ്റും ഒപ്പം നിര്‍ത്തി ജാമ്യം നേടാനാണ് ദിവ്യയുടെ ശ്രമം. ആരാണ് പമ്പിന്റെ യഥാര്‍ത്ഥ ഉടമ? എങ്ങനെയാണ് കോടികള്‍ നിക്ഷേപിച്ചത്? കളക്ടര്‍ എന്തിന് ഡബിള്‍ റോളെടുത്തു? ദിവ്യ കാത്തിരിക്കാന്‍ പറഞ്ഞ ആ രഹസ്യമെന്ത്? മുനീശ്വരന്‍ കോവിലില്‍ നിന്നും നവീന്‍ എങ്ങനെ ക്വര്‍ട്ടേഴ്സിലെത്തി? ആരോടൊക്കെ സംസാരിച്ചു?-ഇതിനെല്ലാം ഉത്തരമായാലേ നവീന്‍ബാബുവിന്റെ മരണത്തില്‍ വ്യക്തത വരൂ.
'വെയ്റ്റ്, വെറും 2 ദിവസം കാത്തിരിക്കണം' നവീന്‍ബാബുവിനെതിരെ എന്തോ പുറത്തുവിടാനുണ്ട് എന്ന ഭീഷണിസ്വരത്തില്‍ പി.പി.ദിവ്യ പ്രസംഗിച്ച വാക്കുകളാണിത്. രണ്ടല്ല, 4 ദിവസം കഴിഞ്ഞു. ദിവ്യ പറഞ്ഞ ആ 'തെളിവുകള്‍' ഇനിയും പുറത്തു വന്നിട്ടില്ല. ശ്രീകണ്ഠപുരത്തിനു സമീപം ചെങ്ങളായിയില്‍ പെട്രോള്‍ പമ്പ് തുടങ്ങാന്‍ നാലരക്കോടി രൂപ വേണ്ടിവരുമെന്നാണു വിലയിരുത്തല്‍. പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ഇലക്ട്രിഷ്യനായ ടി.വി.പ്രശാന്തന് ഇതിനുള്ള ത്രാണിയില്ല. അതുകൊണ്ടു തന്നെ മറ്റാര്‍ക്കോ വേണ്ടിയാകും ഈ പമ്പ് എന്ന് വിലയിരുത്തല്‍ സജീവമാണ്. ദിവ്യയുടെ ഭര്‍ത്താവ് അജിത്തിന്റേതാണ് പെട്രോള്‍ പമ്പ് എന്ന പ്രതിപക്ഷ ആരോപണത്തില്‍ ദിവ്യയ്ക്കും ഭര്‍ത്താവിനും ഒന്നും പറയുന്നില്ല. പെട്രോള്‍ പമ്പിന്റെ സ്ഥലത്തിന്റെ പാട്ടക്കരാര്‍ ഒപ്പിടാന്‍ പ്രശാന്തനൊപ്പം അജിത്തും എത്തിയതായി ആരോപണമുണ്ട്. ഇതിലും ആരും പ്രതികരിക്കുന്നില്ല.
യാത്രയയപ്പു ചടങ്ങിലേക്ക് പി.പി.ദിവ്യയെ കലക്ടര്‍ അരുണ്‍ കെ.വിജയന്‍ ക്ഷണിച്ചിരുന്നോ എന്ന ചോദ്യവും നിര്‍ണ്ണായകം. നവീന്‍ബാബുവിനെക്കുറിച്ച് ദിവ്യയ്ക്കു പരാതിയുണ്ടെന്ന കാര്യം കലക്ടര്‍ നേരത്തേ അറിഞ്ഞു നത്തിയ ഗൂഡാലോചനയാണ് ഇതെന്നും ആരോപണമുണ്ട്. നവീന്‍ ബാബുവിനെ അപമാനിക്കാന്‍ മനപ്പൂര്‍വ്വം ചെയ്തതാണ് ഇതെന്നും വിലയിരുത്തലുണ്ട്. ദിവ്യ ആവശ്യപ്പെട്ടതുപ്രകാരമാണോ യാത്രയയപ്പുവേദിയില്‍ ക്യാമറമാന്‍ എത്തി പ്രസംഗത്തിന്റെ വിഡിയോ പകര്‍ത്തിയത് എന്ന ചോദ്യം നിര്‍ണ്ണായകമാണ്. എഡിഎമ്മിന്റെ മൊബൈല്‍ ഫോണിലേക്ക് ഈ വിഡിയോ ആരെങ്കിലും അയച്ചിരുന്നോ എന്നും കണ്ടെത്തണം. നവീന്‍ ബാബുവിന്റെ ഫോണും ക്യാമറമാനെ കണ്ടെത്തലും നിര്‍ണ്ണായകമാണ്. ഇതിനൊപ്പം സിസിടിവിയും പരിശോധിക്കണം. ഇതിലേക്കൊന്നും പോലീസ് കടക്കുന്നില്ലെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ നവീന്‍ ബാബുവിന്റെ മരണത്തിലെ ദുരൂഹത തുടരുകയാണ്.
പത്തനംതിട്ടയിലേക്കു തിരിക്കേണ്ടിയിരുന്ന നവീന്‍ബാബുവിനെ ഡ്രൈവര്‍ തിങ്കളാഴ്ച വൈകിട്ട് 6ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് 200 മീറ്റര്‍ അകലെ മുനീശ്വരന്‍ കോവിലിനരികില്‍ ഇറക്കി. കാസര്‍കോട്ടുനിന്നു സുഹൃത്ത് എത്താനുണ്ടെന്നും അദ്ദേഹത്തോടൊപ്പം പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സിലേക്കു പോകുമെന്നുമാണു ഡ്രൈവറോടു നവീന്‍ ബാബു പറഞ്ഞത്. ഇവിടെനിന്നു പള്ളിക്കുന്നിലേക്ക് 3 കിലോമീറ്റര്‍. പിറ്റേന്നു രാവിലെ 7 മണിക്കാണ് ക്വാര്‍ട്ടേഴ്‌സില്‍ നവീന്‍ബാബുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. റെയില്‍വേ സ്റ്റേഷന് അരികില്‍നിന്നു നവീന്‍ബാബു ക്വാര്‍ട്ടേഴ്‌സിലേക്ക് എപ്പോള്‍ പോയി? എങ്ങനെ പോയി? ഓട്ടോറിക്ഷയോ ടാക്‌സിയോ വിളിച്ചതായി ഡ്രൈവര്‍മാര്‍ ആരും വെളിപ്പെടുത്തിയിട്ടില്ല. സ്വന്തം വാഹനത്തില്‍ കൊണ്ടുവിട്ടതായും ആരും പറഞ്ഞിട്ടില്ല. കാസര്‍കോട്ടുനിന്ന് എത്തുമെന്നു പറഞ്ഞ സുഹൃത്ത് ആരായിരുന്നു എന്നും ആര്‍ക്കും അറിയില്ല. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ സിസിടിവി നോക്കിയാല്‍ എല്ലാം വ്യക്തമാകും,
മുനീശ്വരന്‍ കോവിലിനു മുന്നില്‍നിന്ന് ആദ്യം റെയില്‍വേ സ്റ്റേഷനിലേക്കാണോ ക്വാര്‍ട്ടേഴ്‌സിലേക്കാണോ പോയത്? രാത്രി 8.55ന് ഉള്ള മലബാര്‍ എക്‌സ്പ്രസിലായിരുന്നു ടിക്കറ്റ്. റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ശേഷം പിന്നീട് തീരുമാനം മാറ്റി ക്വാര്‍ട്ടേഴ്‌സിലേക്കു പോയോ? ട്രെയിനില്‍ കയറിയ ശേഷം ഇടയ്ക്ക് ഇറങ്ങുകയോ ആരെങ്കിലും നിര്‍ബന്ധിച്ച് ഇറക്കുകയോ ചെയ്‌തോ? നവീന്‍ബാബു ട്രെയിനില്‍ കയറിയതായി ടിടിഇ രേഖപ്പെടുത്തിയിട്ടില്ലെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ ട്രെയിനില്‍ കയറിയെന്ന് നവീന്‍ ബാബു വീട്ടുകാരോട് കളളം പറഞ്ഞതാകമെന്ന് വിലയിരുത്താം.
എഡിഎമ്മിനെ താന്‍ റെയില്‍വേ സ്റ്റേഷനില്‍ വിട്ടില്ല എന്നാണ് അദ്ദേഹത്തിന്റെ ഡ്രൈവര്‍ ഷംസുദ്ദീന്‍ പറയുന്നത്. അദ്ദേഹത്തിന്റെ മരണം ആദ്യം അറിഞ്ഞതും ഇതേ ഡ്രൈവര്‍ ആണ്. തന്നെ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടു വിടണമെന്നു പറഞ്ഞിരുന്നു നവീന്‍ ബാബു എന്നും അദ്ദേഹത്തിന്റെ കൈയില്‍ വീട്ടിലേയ്ക്കു പോകാനുള്ള രണ്ടു ബാഗുകള്‍ ഉണ്ടായിരുന്നു എന്നും ഇതേ ഡ്രൈവര്‍ തന്നെ പറയുന്നു. എന്നിട്ട് അദ്ദേഹം റെയില്‍വേ സ്റ്റേഷനെത്തും മുമ്പുള്ള മുനീശ്വര കോവിലിനടുത്ത് വച്ച് ഒരു സുഹൃത്ത് വരാനുണ്ട് എന്നു പറഞ്ഞ് ഇറങ്ങിയെന്നും താന്‍ കാര്‍ കലക്ട്രേറ്റില്‍ തിരിച്ചു കൊണ്ടിട്ടു എന്നും ഷംസുദ്ദീന്‍ പറഞ്ഞിരിക്കുന്നു.
കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ള അദ്ദേഹം മുനീശ്വരന്‍ കോവിലിനടുത്ത് ഇറങ്ങിയതായോ മറ്റൊരു സുഹൃത്തിനെ കാത്തു നിന്നതായോ ഭാര്യയോടോ മക്കളോടോ നടത്തിയ ഫോണ്‍ സംഭാഷണങ്ങളില്‍ ഇല്ല. മറിച്ച് താന്‍ കണ്ണൂര് നിന്നും ട്രെയിനില്‍ കയറിയെന്നും ഭാര്യ ബുക്കു ചെയ്ത സീറ്റില്‍ തന്നെ യാത്ര ചെയ്യുന്നു എന്നുമാണ് അറിയിച്ചത്. 8.55 ന് കണ്ണൂര് നിന്നു പുറപ്പെട്ട മലബാര്‍ എക്‌സ്പ്രസിന്റെ എസി കോച്ചില്‍ രാത്രി 11.10 വരെ അദ്ദേഹം ഉണ്ടായിരുന്നു എന്നാണ് മക്കളുമായി നടത്തിയ ഫോണ്‍ സംഭാഷണം വ്യക്തമാക്കുന്നത്. 11.4ന് ന് മലബാര്‍ എക്‌സ്പ്രസ് പരപ്പനങ്ങാടി സ്റ്റേഷന്‍ വിടും.അത് 11.14 ന് താനൂര്‍ സ്റ്റേഷനിലെത്തും.
അങ്ങനെയെങ്കില്‍ കോഴിക്കോട് ജില്ലയിലെവിടെയോ നിന്ന് അദ്ദേഹത്തെ ആക്രമിച്ചു വധിച്ചവര്‍ പിന്നീട് അദ്ദേഹത്തെ കൊന്നു ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ടിട്ടതാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഡ്രൈവറുടെ പെരുമാറ്റവും അദ്ദേഹത്തിന്റെ മുറി തുറന്നു കിടന്നതും ആത്മഹത്യാക്കുറിപ്പൊന്നും ഇല്ലാതിരുന്നതും ഇതോടു ചേര്‍ത്തു വായിക്കണം. എന്നാല്‍ തീവണ്ടിയില്‍ കയറിയെന്ന ടിടിഇയുടെ സാക്ഷ്യം അത് ഈ വാദങ്ങളില്‍ സംശയവും ഉയര്‍ന്നു. വിശദ അന്വേഷണ അനിവാര്യതയാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.