മുഖ്യമന്ത്രിക്ക് മുന്നില്‍ കരഞ്ഞു കലങ്ങിയെങ്കിലും കലക്ടര്‍ക്ക് രക്ഷപെടാന്‍ വഴിയുണ്ടോ? ജീവനക്കാരുടെ മൊഴിയെല്ലാം കലക്ടര്‍ക്കെതിരെ; നവീന്റെ മരണത്തെക്കുറിച്ചുള്ള ലാന്‍ഡ് റവന്യു ജോ. കമീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് നിര്‍ണായകം; ദിവ്യയുടെ കൈയില്‍ വിലങ്ങ് വീഴുമോ എന്ന് ഇന്നറിയാം

മുഖ്യമന്ത്രിക്ക് മുന്നില്‍ കരഞ്ഞു കലങ്ങിയെങ്കിലും കലക്ടര്‍ക്ക് രക്ഷപെടാന്‍ വഴിയുണ്ടോ?

Update: 2024-10-21 01:08 GMT

കണ്ണൂര്‍: എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച കാര്യങ്ങളെ കുറിച്ച് അന്വേഷിച്ച ലാന്‍ഡ് റവന്യു ജോയിന്റ് കമീഷണറുടെ റിപ്പോര്‍ട്ട് കളക്ടറടക്കമുള്ളവര്‍ക്ക് നിര്‍ണായകമാകും. മുഖ്യമന്ത്രിയെ കണ്ട് കണ്ണീരോടെ അരുണ്‍ കെ വിജയന്‍ കാര്യങ്ങള്‍ വിവരിച്ചെങ്കിലും അരുണ്‍ കണ്ണൂരില്‍ നിന്നും തെറിച്ചേക്കുമെന്നാണ് സൂചനകള്‍. ലാന്‍ഡ് റവന്യു ജോയിന്റ് കമീഷണര്‍ ഇന്നോ നാളെയോ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുമെന്നാണ് വിവരം. സിവില്‍ സ്‌റ്റേഷനിലെ ജീവനക്കാരുടെ മൊഴികള്‍ അടക്കം കലക്ടര്‍ക്ക് എതിരാണ്. ഈ പശ്ചാത്തലത്തില്‍ കലക്ടര്‍ക്ക് രക്ഷപെടാന്‍ വഴിയുണ്ടോ എന്നതാണ് ഇനി അറിയേണ്ട കാര്യം.

അതേസമയം നവീന്‍ ബാബുവിനെതിരെ കോഴ ആരോപണം ഉന്നയിച്ച പി പി ദിവ്യയുടെ മൊഴി എടുത്തിട്ടില്ലെന്നതാണ് അന്വേഷണത്തിലെ ശ്രദ്ധേയമായ ഒരു കാര്യം. കേസില്‍ പ്രതിയായ ദിവ്യ മുന്‍കൂര്‍ ജാമ്യപേക്ഷയിലെ കോടതി വിധി വരും വരെ ഒളിവില്‍ ആണെന്നാണ് വിവരം. അതുകൊണ്ടാണ് ദിവ്യയുടെ മൊഴി എടുക്കാനാകാത്തത്. ദിവ്യയുടെ മൊഴി ഇല്ലാതെ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ എന്തു നടപടി കൈക്കൊള്ളും എന്നതും നിര്‍ണായകമാണ്.

എ ഡി എം നവീന്‍ ബാബുവിന്റെ യാത്രയയപ്പിലേക്ക് താന്‍ ദിവ്യയെ ക്ഷണിച്ചില്ല എന്നാണ് കണ്ണൂര്‍ കളക്ടറുടെ മൊഴി. കൈക്കൂലി കൊടുത്തു എന്ന് ആരോപണം ഉന്നയിച്ച പ്രശാന്തനില്‍ നിന്നു മൊഴി എടുത്തിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആകും കളക്ടര്‍ക്ക് എതിരെ എന്ത് നടപടി വേണമെന്ന് തീരുമാനിക്കുക.

അതേസമയം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് സാധ്യത ഒഴിവാക്കാനായി പ്രതിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. ദിവ്യയുടെ കൈയില്‍ വിലങ്ങു വീഴുമോ എന്ന് ഇന്നറിയാന്‍ സാധിക്കും. ദിവ്യയെ സംബന്ധിച്ചടുത്തോളം അതി നിര്‍ണായകമാണ് കോടതിയുടെ ഇടപെടല്‍. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുക.

കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചില്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കാനാണ് സാധ്യത. മറ്റുള്ളവര്‍ക്ക് നല്കാത്ത ആനുകൂല്യം ഇതിനോടകം ദിവ്യക്ക് ലഭിച്ചുവെന്ന ആക്ഷേപം ശക്തമാണ്. അഴിമതിക്കെതിരെ സദുദ്ദേശപരമായി മാത്രമാണ് താന്‍ സംസാരിച്ചതെന്നും എ ഡി എമ്മിനെ ആത്മഹത്യയിലേക്ക് തള്ളിവിടാനായിരുന്നില്ലെന്നുമാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ദിവ്യ ചൂണ്ടികാട്ടിയിരിക്കുന്നത്. ഫയല്‍ നീക്കം വേഗത്തിലാക്കണമെന്നതാണ് താന്‍ ഉദ്ദേശിച്ചതെന്നും അവര്‍ വിവരിച്ചിട്ടുണ്ട്. എന്നാല്‍, വസ്തുതാ പരിശോധനയില്‍ ഇതിന് ഘടകവിരുദ്ധമായ കാര്യങ്ങലാണ് പുറത്തുവന്നത്.

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയനെ മാറ്റുമെന്നാണ് സൂചനകള്‍. അച്ചടക്ക നടപടിയുടെ ഭാഗമായാകും തീരുമാനം എടുക്കുക. ഇക്കാര്യം കളക്ടറേയും അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ പിണറായിയിലെ വസതിയില്‍ എത്തി കലക്ടറേറ്റ് കണ്ടിരുന്നു. പി പി ദിവ്യയുമായി ബന്ധപ്പെട്ട വിവാദങ്ങളെല്ലാം വിശദീകരിച്ചു. തന്നെ കണ്ണൂരില്‍ നിന്നും അതിവേഗം മാറ്റണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിലും കലക്ടര്‍ പങ്കെടുത്തിരുന്നില്ല.

നിലവിലെ സാഹചര്യത്തില്‍ കണ്ണൂരില്‍ ജോലി ചെയ്യുന്നതിന്റെ മാനസിക ബുദ്ധിമുട്ടു കണക്കിലെടുത്ത് അവധിയില്‍ പോകാമെന്ന താല്‍പര്യം കലക്ടര്‍ അനൗദ്യോഗികമായി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയേയും ഇക്കാര്യം അറിയിച്ചു. എല്ലാം പരിശോധിച്ച് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വിശദീകരിക്കുകയും ചെയ്തു. ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ ഉടന്‍ റവന്യു വകുപ്പിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. നവീന്‍ ബാബു വിഷയം കൈകാര്യം ചെയ്തതില്‍ കലക്ടര്‍ക്ക് വീഴ്ചയുണ്ടായി എന്ന നിഗമനം കളക്ടറെ നേരിട്ട് മുഖ്യമന്ത്രി അറിയിച്ചു.

എ.ഡി.എം നവീന്‍ ബാബുവിന്റെ യാത്രഅയപ്പ് ചടങ്ങിലേക്ക് പി.പി.ദിവ്യയെ താന്‍ ക്ഷണിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ അരുണ്‍ കെ.വിജയന്‍ മുഖ്യമന്ത്രിയേയും അറിയിച്ചിട്ടുണ്ട്. യാത്രഅയപ്പ് ചടങ്ങിന്റെ സംഘാടകന്‍ താനല്ല. ആരാണ് ക്ഷണിച്ചതെന്ന് സംഘാടകരോട് ചോദിക്കണമെന്ന് കളക്ടര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്തുകൊണ്ട് ദിവ്യ പ്രസംഗിക്കുമ്പോള്‍ വിലക്കിയില്ല എന്ന ചോദ്യത്തിന് അന്വേഷണം നടക്കുന്നതിനാല്‍ മറുപടി പറയുന്നില്ലെന്നായിരുന്നു മാധ്യമങ്ങള്‍ക്കുള്ള മറുപടി. എന്നാല്‍ സിപിഎം നേതാവായതു കൊണ്ടാണ് ദിവ്യയെ തടയാത്തത് എന്ന തരത്തിലാണ് മുഖ്യമന്ത്രിയോട് പറഞ്ഞതെന്നും സൂചനയുണ്ട്. പ്രോട്ടോകോളും നോക്കിയെന്ന് കലക്ടര്‍ പറയുന്നു.

Tags:    

Similar News