പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതില്‍ നവീന്‍ ബാബുവിന് വീഴ്ചയില്ല; ഉണ്ടായത് വിവിധ വകുപ്പുകളുടെ അനുമതിക്കായുള്ള കാലതാമസം മാത്രം; ടൗണ്‍ പ്ലാനറുടെ റിപ്പോര്‍ട്ടു കിട്ടി ഒമ്പതു ദിവസത്തിനകം നവീന്‍ എന്‍ഒസിയില്‍ ഒപ്പുവെച്ചു; ദിവ്യയുടെ വാദങ്ങളെല്ലാം പൊളിയുന്നു

പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതില്‍ നവീന്‍ ബാബുവിന് വീഴ്ചയില്ല;

Update: 2024-10-18 03:44 GMT

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന് പമ്പ് അനുവദിക്കുന്നതിനുള്ള ഫയല്‍ നീക്കത്തില്‍ വീഴ്ചയുണ്ടായില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. കണ്ണൂര്‍ കലക്ടറാണ് ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയത്. എന്‍ഒസി നല്‍കുന്നതില്‍ കാലതാമസം വന്നിട്ടില്ലെന്നും വിവിധ വകുപ്പുകളുടെ അനുമതിക്കായുള്ള കാലതാമസം മാത്രമാണ് ഉണ്ടായതെന്നും കലക്ടര്‍ കണ്ടെത്തി.

ഫയല്‍ നീക്കം സംബന്ധിച്ച അന്വേഷണത്തിലാണ് കാലതാമസമില്ലെന്ന് വ്യക്തമായത്. സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കലക്ടറോട് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. പെട്രോള്‍ ബങ്കിനായി ടി വി പ്രശാന്തന്‍ അപേക്ഷ നല്‍കിയത് 2023 ഡിസംബര്‍ രണ്ടിനാണ്. ചെങ്ങളായി പഞ്ചായത്ത് അനുകൂല റിപ്പോര്‍ട്ട് നല്‍കിയത് 2024 ഫെബ്രുവരി 21നാണ്. പിന്നീട് കൃത്യമായ രീതിയില്‍ വൈകല്‍ ഇല്ലാതെ തന്നെ നടപടിക്രമങ്ങള്‍ മുന്നോട്ട് പോയി. മാര്‍ച്ച് 31ന് ജില്ലാ സപ്ലൈ ഓഫീസര്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കി.

ജില്ലാ സപ്ലൈ ഓഫീസര്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കിയെങ്കിലും റോഡിലെ വളവ് കാരണം ജില്ലാ പൊലീസ് മേധാവി എന്‍ഒസി എതിര്‍ത്തിരുന്നു. ഇതോടെ എഡിഎം ടൗണ്‍ പ്ലാനറുടെ റിപ്പോര്‍ട്ട് തേടി. ഭൂമി നിരത്തി, കാട് വെട്ടിയ ശേഷം അനുമതി നല്‍കാമെന്നായിരുന്നു ടൗണ്‍ പ്ലാനറുടെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് കിട്ടിയത് സെപ്റ്റംബര്‍ 30നാണ്. ഈ റിപ്പോര്‍ട്ട് കിട്ടി ഒമ്പത് ദിവസത്തിനുള്ളില്‍ തന്നെ എഡിഎം നവീന്‍ ബാബു സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി ഫയലില്‍ ഒപ്പിട്ടുവെന്നാണ് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

സ്ഥലത്തിന്റെ ചെരിവായിരുന്നു പ്രശ്‌നമായി നിന്നത്. ഈ ചെരിവ് നികത്തി പമ്പിന് അനുമതി നല്‍കാമെന്നാണ് ടൗണ്‍പ്ലാനര്‍ വ്യക്തമാക്കിത്. ഈ റിപ്പോര്‍ട്ട് കിട്ടിയതിന് പിന്നാലെ നവീന്‍ബാബു ഫയലില്‍ ഒപ്പിടുകയും ചെയ്ത. ഫയല്‍ മാസങ്ങളോളം പിടിച്ചുവെച്ചു എന്ന ദിവ്യയുടെ ആരോപണങ്ങള്‍ പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന കാര്യം.

സംഭവത്തില്‍ പി.പി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഇന്നലെ നീക്കിയിരുന്നു. ദിവ്യക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റിന്റെ നടപടി. അതേസമയം മുന്‍കൂര്‍ ജാമ്യം തേടി ദിവ്യ കോടതിയെ സമീപിക്കും. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ദിവ്യക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതിനു പിന്നാലെയാണ് ജാമ്യം തേടി കോടതിയെ സമീപിക്കാനുള്ള നീക്കം ദിവ്യ ശക്തമാക്കിയത്.

കണ്ണൂരില്‍ നിന്ന് പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെയെത്തിയ ദിവ്യ നടത്തിയ അധിക്ഷേപകരമായ പ്രസംഗത്തിന് പിന്നാലെയായിരുന്നു നവീന്‍ ബാബുവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ ചെങ്ങളായിയിലെ പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. പരിയാരം മെഡിക്കല്‍ കോളേജിലെ കരാര്‍ തൊഴിലാളിയായ പ്രശാന്താണ് പെട്രോള്‍ പമ്പ് തുടങ്ങാന്‍ എന്‍ഒസി വേണമെന്നാവശ്യപ്പെട്ടാണ് എഡിഎമ്മിനെ സമീപിച്ചത്.

എന്നാല്‍ പമ്പ് സ്ഥാപിക്കാന്‍ ഉദ്ദേശിച്ച സ്ഥലത്തോട് ചേര്‍ന്ന് റോഡില്‍ വളവുണ്ടായിരുന്നതിനാല്‍ അനുമതി നല്‍കുന്നതിന് പ്രയാസമുണ്ടെന്ന് എഡിഎം അറിയിക്കുകയായിരുന്നു. എങ്കിലും സ്ഥലംമാറ്റത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നവീന്‍ ബാബു പമ്പിന് എന്‍ഒസി നല്‍കി. ഇത് വൈകിപ്പിച്ചെന്നും പണം വാങ്ങിയാണ് അനുമതി നല്‍കിയതെന്നുമാണ് ദിവ്യ യാത്രയയപ്പ് യോഗത്തില്‍ ആരോപിച്ചത്. ഇതിന്റെ തൊട്ടടുത്ത ദിവസം രാവിലെ എഡിഎമ്മിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Tags:    

Similar News