പി പി ദിവ്യ പരസ്യമായി ഭീഷണിപ്പെടുത്തിയത് വ്യക്തി വൈരാഗ്യത്താല്‍; ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് എതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തണം; പൊലീസില്‍ പരാതി നല്‍കി സഹോദരന്‍; സംഭവത്തില്‍ ദിവ്യക്ക് എതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

ദിവ്യക്ക് എതിരെ നവീന്‍ ബാബുവിന്റെ സഹോദരന്റെ പരാതി

Update: 2024-10-16 07:34 GMT

കണ്ണൂര്‍: എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവയ്ക്ക് എതിരെ സഹോദരന്‍ പരാതി നല്‍കി. ദിവ്യ പരസ്യമായി ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് നവീന്‍ ബാബുവിന്റെ സഹോദരനും അഭിഭാഷകനുമായ പ്രവീണ്‍ ബാബു പൊലീസില്‍ പരാതി നല്‍കിയത്.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യാത്രയയപ്പ് ചടങ്ങിനിടെ വ്യക്തിവൈരാഗ്യത്താല്‍ പിപി ദിവ്യ, എഡിഎം നവീന്‍ ബാബുവിനെ ഭീഷണിപ്പെടുത്തിയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തണമെന്നും പ്രവീണ്‍ ബാബുവിന്റെ പരാതിയില്‍ ആവശ്യപ്പെടുന്നു. എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യയുടെയും പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ കെ.വി പ്രശാന്തിന്റെയും പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സഹോദരന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് പ്രവീണ്‍ ബാബു ആവശ്യപ്പെട്ടു.

പ്രഥമദൃഷ്ട്യാ ദിവ്യക്കെതിരെ കേസെടുക്കാനുള്ള തെളിവുണ്ടെന്നാണ് അഭിഭാഷകന്‍ കൂടിയായ പ്രവീണ്‍ ബാബു അഭിപ്രായപ്പെടുന്നത്. അതേസമയം, എ.ഡി. എമ്മിന്റെ ആത്മഹത്യയ്ക്കു ശേഷം പി.പി. ദിവ്യ മുങ്ങിയിരിക്കുകയാണ്. ഇവരുടെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫാക്കിയ നിലയിലാണ്. എ.ഡി. എമ്മിന്റെ ആത്മഹത്യയ്ക്കിടയാക്കിയ സംഭവത്തില്‍ പി.പി. ദിവ്യ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ കണ്ണപുരത്തെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

എ ഡി എം നവീന്‍ ബാബു ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമപരമായ നടപടികള്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് ജില്ലാ ഭരണകൂടത്തിന് നോട്ടീസയച്ചത്.

ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും പരാതി പരിശോധിച്ച് രണ്ടാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. നവംബര്‍ 19 ന് കണ്ണൂര്‍ ഗവ.ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.എ ഡി എമ്മിന് ജീവനക്കാര്‍ നല്‍കിയ യാത്രയയപ്പ് സമ്മേളനത്തില്‍ ക്ഷണിക്കപ്പെടാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ഡി എമ്മിനെ അഴിമതിക്കാരനാക്കിയെന്നാണ് പരാതി. പ്രസിഡന്റിന്റെ നടപടി തീര്‍ത്തും നിയമവിരുദ്ധമാണെന്നും നവീന്‍ബാബുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും ആശ്രിതക്ക് ജോലിയും നല്‍കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ. വി ദേവദാസ് നല്‍കിയ പരാതിയിലാണ് നടപടി.

നവീന്‍ ബാബുവിന്റെ സംസ്‌കാരം നാളെ

അതിനിടെ പ്രവീണ്‍ ബാബുവിന്റെ സംസ്‌കാരം നാളത്തേക്ക് മാറ്റി. പരിയാരം മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നവീന്‍ ബാബുവിന്റെ മൃതദേഹം ഇന്നലെ രാത്രി 12:30യോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഇത് ഇന്ന് ഉച്ചയ്ക്ക് ശേഷമേ നാട്ടിലെത്തിക്കാനാവൂ. അതിനാല്‍ മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ച ശേഷം നാളെ പത്തനംതിട്ട കളക്ട്രേറ്റില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കാനാണ് തീരുമാനം. കാസര്‍ഗോഡ്, കണ്ണൂര്‍ കളക്ടര്‍മാരുടെ സാന്നിധ്യത്തിലാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടി.വി രാജേഷ്, ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി തുടങ്ങിയവര്‍ ആശുപത്രിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. എംവി ജയരാജനും ടിവി രാജേഷും മൃതദേഹത്തെ അനുഗമിച്ച് പത്തനംതിട്ടയിലേക്ക് വരുന്നുണ്ട്.

Tags:    

Similar News