50 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് 2 എല്‍ഡിഎഫ് എംഎല്‍എമാരെ കൂറുമാറ്റാന്‍ തോമസ് കെ തോമസ് നീക്കം നടത്തി; ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള ഈ നീക്കം ആന്റണി രാജു സ്ഥിരീകരിച്ചു; കോവൂരിന് ഓര്‍മ്മയുമില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ മുഖ്യമന്ത്രി വക; എല്ലാം നിഷേധിച്ച് കുട്ടനാട് എംഎല്‍എ; ജനാധിപത്യ അട്ടിമറി ചര്‍ച്ച കേരളത്തിലേക്കും
തിരുവനന്തപുരം : ഇടതുമുന്നണിയില്‍ പൊട്ടിത്തെറിയാകന്‍ കോഴ ആരോപണവും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ കേസൊന്നും ആരും എടുത്തിട്ടില്ലെന്നതാണ് വസ്തുത. എന്‍സിപി (ശരദ് പവാര്‍) എംഎല്‍എ തോമസ് കെ.തോമസിന്റെ മന്ത്രിസഭാ പ്രവേശം അനുവദിക്കാതിരുന്നതിന് കാരണമായാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഇതിന് മുമ്പ് പണം നല്‍കി ജനാധിപത്യത്തെ അട്ടിമറിച്ചുവെന്നതിന് കേരളത്തില്‍ പരാതികളൊന്നും ഉണ്ടായിട്ടില്ല. ഇവിടെ മുഖ്യമന്ത്രിയാണ് ഇക്കാര്യം പറയുന്നതെന്നതാണ് ഗൗരവതരം.
50 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് 2 എല്‍ഡിഎഫ് എംഎല്‍എമാരെ കൂറുമാറ്റാന്‍ തോമസ് കെ തോമസ് നീക്കം നടത്തിയിരുന്നുവെന്ന പരാതിയാണ് മുഖ്യമന്ത്രി ചര്‍ച്ചയാക്കുന്നത്. ഈ ഗുരുതര ആക്ഷേപം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് ചെയ്തു. ആരോപണം പൂര്‍ണമായി നിഷേധിക്കുന്ന കത്ത് തോമസ് കെ.തോമസ് മുഖ്യമന്ത്രിക്കു കൈമാറി. അജിത് പവാറുമായി ഒരു ബന്ധവുമില്ല. ഇങ്ങനെയൊരു ചര്‍ച്ചയും നടന്നിട്ടില്ല. 50 കോടി വീതം വാഗ്ദാനം ചെയ്യാന്‍ ഞാനാരാണ് ? ഇത് കുട്ടനാട് സീറ്റില്‍ നേരത്തേ മത്സരിച്ചിരുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസിനുവേണ്ടി ആന്റണി രാജു കളിക്കുന്ന കളിയാണെന്ന് തോമസ് കെ തോമസ് പറയുന്നു. ആരോപണം ആന്റണി രാജു നിഷേധിക്കുന്നില്ലെന്നതാണ് വസ്തുത.
ഏകാംഗ കക്ഷി എംഎല്‍എമാരായ ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്), കോവൂര്‍ കുഞ്ഞുമോന്‍ (ആര്‍എസ്പിലെനിനിസ്റ്റ്) എന്നിവര്‍ക്ക് 50 കോടി വീതം തോമസ് വാഗ്ദാനം ചെയ്‌തെന്നാണു മുഖ്യമന്ത്രിക്കു ലഭിച്ച വിവരം. ബിജെപിയുടെ സഖ്യകക്ഷിയായ എന്‍സിപിയില്‍ (അജിത് പവാര്‍) ചേരാനായിരുന്നത്രേ ക്ഷണം. പിണറായി വിളിപ്പിച്ച് അന്വേഷിച്ചപ്പോള്‍ ആന്റണി രാജു വിവരം സ്ഥിരീകരിച്ചു. ഓര്‍മയില്ലെന്നായിരുന്നു കുഞ്ഞുമോന്റെ മറുപടി. ഇക്കാര്യത്തില്‍ കോവൂര്‍ കുഞ്ഞുമോന്‍ നടത്തുന്ന ഇനിയുള്ള പ്രതികരണം നിര്‍ണ്ണായകമാകും. മുഖ്യമന്ത്രി എന്നെ വിളിപ്പിച്ചുവെന്നും ഞെട്ടിക്കുന്ന ചില വിവരങ്ങള്‍ അദ്ദേഹത്തിനു കൈമാറിയിട്ടുണ്ടെന്നും ആന്റണി രാജു പറയുന്നു. തല്‍ക്കാലം കൂടുതല്‍ പറയാനില്ലെന്നാണ് വിശദീകരണം.
കഴിഞ്ഞതിനു മുന്‍പത്തെ നിയമസഭാ സമ്മേളനകാലത്ത് എംഎല്‍എമാരുടെ ലോബിയിലേക്കു ക്ഷണിച്ചുകൊണ്ടുപോയി ഇരുവര്‍ക്കും വാഗ്ദാനം നല്‍കിയെന്ന വിവരമാണ് മുഖ്യമന്ത്രിക്കു ലഭിച്ചത്. മന്ത്രിസഭാ പ്രവേശന നീക്കങ്ങളോട് എന്‍സിപിയുടെ സംസ്ഥാനദേശീയ നേതൃത്വങ്ങള്‍ മുഖംതിരിച്ചതില്‍ തോമസ് നിരാശനായ സമയമായിരുന്നു അത്. 250 കോടിയുമായി അജിത് പവാര്‍ കേരളം കണ്ണുവച്ച് ഇറങ്ങിയെന്നും ആ പാര്‍ട്ടിയുടെ ഭാഗമായാല്‍ 50 കോടി വീതം കിട്ടാമെന്നും തോമസ് അറിയിച്ചതായി ആന്റണി രാജു മുഖ്യമന്ത്രിയോടു പറഞ്ഞു. എല്‍ഡിഎഫിന്റെ ഭാഗമായാണു ജയിച്ചതെന്നും അതു വിട്ടു മറ്റൊന്നിനുമില്ലെന്നും മറുപടി നല്‍കിയതായും ആന്റണി രാജു അറിയിച്ചത്രേ. വലിയ ഗുരുതരമായ കുറ്റകൃത്യമാണ് ഇത്. ഇക്കാര്യം അറിഞ്ഞിട്ടും ആഭ്യന്തര വകുപ്പ് മന്ത്രിയായ മുഖ്യമന്ത്രി പോലീസിനെ കാര്യങ്ങള്‍ അറിയിച്ചില്ല.
എന്‍സിപിയിലെ പിളര്‍പ്പിനെത്തുടര്‍ന്ന് എംഎല്‍എമാരെ ചാക്കിട്ടുപിടിച്ച് പേരും ചിഹ്നവും സ്വന്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ നീക്കം. എല്‍ഡിഎഫ് എംഎല്‍എമാരെ ബിജെപി സഖ്യത്തിലേക്കു കൂറുമാറ്റാന്‍ ശ്രമിച്ചെന്ന ആക്ഷേപം മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചു. ഇതുകൊണ്ടാണ് തോമസ് കെ തോമസിനെ മന്ത്രിയാക്കാത്തത്. എകെ ശശീന്ദ്രന് മന്ത്രിയായി തുടരാന്‍ അവസരമൊരുക്കിയും ഇത് മാത്രമാണ്. പണം കൊടുത്ത് ജനാധിപത്യത്തെ അട്ടിമറിക്കുന്നത് ഗുരുതര കുറ്റമാണ്. ഇതെല്ലാം റിഞ്ഞിട്ടും പിണറായി കേസിലേക്ക് പോയില്ലെന്നതാണ് വിചിത്രം. ആന്റണി രാജു എല്ലാം സ്ഥിരീകരിച്ചിട്ടും പോലീസിന് പരാതി നല്‍കിയില്ലെന്നത് വരും ദിവസങ്ങളില്‍ ചര്‍ച്ചകള്‍ക്ക് പുതുമാനം നല്‍കും.