മകള്‍ എഞ്ചിനീയര്‍, മരുമകന്‍ ക്രൈംബ്രാഞ്ചില്‍; അവരുടെ മുന്നില്‍ തല കാണിക്കാന്‍ പറ്റില്ല; എത്രയും പെട്ടെന്ന് ശിക്ഷിക്കണം, നൂറുവര്‍ഷം ജയിലില്‍ അടച്ചോളൂ, എല്ലാം ചെയ്തത് ഒറ്റയ്ക്ക് എന്ന് ചെന്താമര മജിസ്‌ട്രേറ്റിനോട്; മനസ്താപമില്ലാത്ത കുറ്റവാളിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്; കൊല ക്യത്യമായി നടപ്പാക്കിയതില്‍ പ്രതിക്ക് സന്തോഷം; നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി റിമാന്‍ഡില്‍
ചെന്താമര റിമാന്‍ഡില്‍
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമരയെ കോടതി റിമാന്‍ഡ് ചെയ്തു. അടുത്ത മാസം 12 വരെയാണ് ആലത്തൂര്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ഇയാള്‍ മനസ്താപമില്ലാത്ത കുറ്റവാളിയെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാള്‍ക്ക് ചെയ്ത കുറ്റകൃത്യത്തില്‍ യാതൊരു കുറ്റബോധവും ഇല്ലെന്ന് മാത്രമല്ല, കൊലപാതകം കൃത്യമായി നടപ്പാക്കിയതില്‍ സന്തോഷവുമാണ്.
കൊല നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണ്. അരുംകൊലയ്ക്ക് കാരണം പ്രതിയുടെ പൂര്‍വ വൈരാഗ്യമാണ്. പ്രതി പുറത്തിറങ്ങിയാല്‍ ഒരുപ്രദേശത്തിനാകെ ഭീഷണിയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. തന്നെ എത്രയും പെട്ടെന്ന് ശിക്ഷിക്കണമെന്നാണ് പ്രതി മജിസ്‌ട്രേറ്റിനോട് പറഞ്ഞത്. നൂറു വര്‍ഷം ജയിലില്‍ അടച്ചോളൂ എന്നും എല്ലാം ചെയ്തത് ഒറ്റയ്ക്കാണെന്നും ചെന്താമര പറഞ്ഞു. മകളുടെയും മകന്റെയും മുന്നില്‍ തല കാണിക്കാന്‍ പറ്റില്ല. മകള്‍ എഞ്ചിനീയറെന്നും മരുമകന്‍ ക്രൈംബ്രാഞ്ചിലെന്നും ഇയാള്‍ മജിസ്‌ട്രേറ്റിനോട് പറഞ്ഞു.
പാലക്കാട് എസ്പി അജിത്കുമാര്‍ പറഞ്ഞത്
പല സ്ഥലങ്ങളില്‍നിന്നു കിട്ടിയ വിവരങ്ങള്‍ അനുസരിച്ച് പലയിടത്തും ചെന്താമരയ്ക്കായി പൊലീസ് തിരച്ചില്‍ നടത്തി. എന്നാല്‍ ഇയാളുടെ വീടിനടുത്തുള്ള പാടത്തുനിന്നാണ് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തത്. വിശപ്പ് സഹിക്കാനാകാതെയാണ് ഇയാള്‍ കാടിറങ്ങി വീട്ടിലേക്കു വന്നതെന്നു കരുതുന്നു. കുറ്റകൃത്യത്തെപ്പറ്റി ചോദ്യം ചെയ്യലില്‍ പ്രതി വെളിപ്പെടുത്തി. രാവിലെ പത്തോടെയാണ് പ്രതി ഇരട്ടക്കൊല നടത്തിയശേഷം ഫെന്‍സിങ് മറികടന്ന് ഇയാള്‍ കാട്ടിലേക്കു പോയത്. വേലി ചാടിക്കടന്നതിന്റെ ചെറിയ പരുക്കുകള്‍ ദേഹത്തുണ്ട്. സ്ഥലത്തെക്കുറിച്ചു പ്രതിക്കു കൃത്യമായ ധാരണ ഉണ്ടായിരുന്നു.
ഇയാള്‍ അതിവിദഗ്ധനായ കുറ്റവാളിയാണ്. പൊലീസിന്റെ നീക്കങ്ങള്‍ ചെന്താമര സൂക്ഷ്മമായി നിരീക്ഷിച്ചതു കൊണ്ടാണ് 2 ദിവസത്തോളം ഒളിച്ചിരിക്കാന്‍ സാധിച്ചത്. പൊലീസ് മികച്ച രീതിയിലാണ് അന്വേഷിച്ചു കുറ്റവാളിയെ കണ്ടെത്തിയത്. പരിശോധനയ്ക്കു സഹായിച്ച നാട്ടുകാര്‍ക്കു പ്രത്യേകം നന്ദി. ഇരട്ടക്കൊല ആസൂത്രിതമാണെന്നാണു പ്രാഥമിക നിഗമനം. ഇയാള്‍ ആയുധങ്ങള്‍ നേരത്തേ വാങ്ങി സൂക്ഷിച്ചിരുന്നു. എവിടെനിന്നാണ് ആയുധം വാങ്ങിയത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തെളിവെടുപ്പിലേ വ്യക്തമാകൂ. കുറ്റകൃത്യത്തില്‍ പ്രതിക്കു കുറ്റബോധമില്ല; ഇതില്‍ സന്തോഷവാനുമാണ്. കൂടുതല്‍ പേരെ ഇയാള്‍ ലക്ഷ്യമിട്ടോ എന്നതു സ്ഥിരീകരിക്കാനായിട്ടില്ല.
ചെന്താമര വിഷം കുടിച്ചതായി ഡോക്ടര്‍മാരുടെ പരിശോധനയില്‍ കണ്ടെത്താനായില്ല. വിഷക്കുപ്പി ഉപേക്ഷിച്ചത് പൊലീസ് അന്വേഷണത്തെ വഴിതെറ്റിക്കാനാണെന്നു കരുതുന്നു. ഒരു മാസമായി ഇയാള്‍ വീട്ടിലുണ്ടായിരുന്നു. കുറെ കാര്യങ്ങള്‍ ചെന്താമര പറയുന്നുണ്ടെങ്കിലും പരിശോധിച്ച ശേഷമേ ഉറപ്പിക്കാനാകൂ. കൊല്ലപ്പെട്ട സുധാകരന്റെ കുടുംബത്തോടു ചെന്താമരയ്ക്കു വൈരാഗ്യം ഉണ്ടായിരുന്നു. അയല്‍ക്കാര്‍ മന്ത്രവാദം ചെയ്തതു കൊണ്ടാണു ഭാര്യ തന്നെ വിട്ടുപോയതെന്നാണ് ഇയാള്‍ വിശ്വസിച്ചിരുന്നത്. ഇതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പ്രാഥമിക നിഗമനം.
എന്നാല്‍ മന്ത്രവാദമാണു കൊലപാതകത്തിനു പിന്നിലെന്ന് ഉറപ്പിക്കാനായിട്ടില്ല. അയല്‍ക്കാര്‍ മന്ത്രവാദം ചെയ്‌തെന്നാന്നു ചെന്താമര വിശ്വസിച്ചിരുന്നത്. ഇതു കൊലപാതകത്തിന്റെ കാരണങ്ങളിലൊന്നാണ്. മറ്റു കാരണങ്ങള്‍ അന്വേഷിക്കും. ഇയാള്‍ക്കു കുറ്റകൃത്യം ചെയ്യാനോ രക്ഷപ്പെടാനോ ആരുടെയും സഹായം കിട്ടിയിട്ടില്ല. ജാമ്യത്തില്‍ ഇറങ്ങിയ സമയത്തു ക്വാറിയിലാണു ചെന്താമര ജോലി ചെയ്തിരുന്നത്. ഇവിടെ വച്ച് ഇയാള്‍ ഫോണില്‍ സിമ്മിട്ട് ആളുകളെ വിളിച്ചിരുന്നതായും പൊലീസ് പറഞ്ഞു.