'സൂര്യനു കീഴിലുള്ളതെല്ലാം പരീക്ഷിച്ചു നോക്കി, സ്നേഹിക്കാൻ ഒരാളെ കണ്ടെത്താൻ കഴിഞ്ഞില്ല'; എന്നെ വിവാഹം കഴിക്കാമോ?; 'ഓപ്പൺ ടു മാരി' എന്ന ഹാഷ്ടാഗോടെ ലിങ്ക്ഡ്ഇന്നിൽ പുതിയ പരീക്ഷണം; ഐഡിയ കൊള്ളാമെന്ന് കമന്റുകൾ; വൈറലായി യുവാവിന്റെ പോസ്റ്റ്
മുംബൈ: തൊഴിൽ സംബന്ധമായ വിവരങ്ങൾ പങ്കുവെക്കാനായുള്ള പ്ലാറ്റ്‌ഫോം ആയ ലിങ്ക്ഡ്ഇന്നിൽ, വിവാഹത്തിന് പങ്കാളിയെ കണ്ടെത്തുന്നതിനായി യുവാവ് പങ്കുവെച്ച പോസ്റ്റ് വൈറലാകുന്നു. തന്റെ വിവാഹം നടക്കുന്നില്ലെന്നും, പങ്കാളിയെ കണ്ടെത്താൻ സാധിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ശുഭം ഗുണേ എന്ന യുവാവ് പങ്കുവെച്ച പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
ഡേറ്റിംഗ് ആപ്പുകൾ, മാട്രിമോണി സൈറ്റുകൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരെല്ലാം വഴി ശ്രമിച്ചിട്ടും പങ്കാളിയെ കണ്ടെത്താൻ സാധിച്ചില്ലെന്ന് ശുഭം പറയുന്നു. സൂര്യനു കീഴിലുള്ള എല്ലാ വഴികളും പരീക്ഷിച്ചു നോക്കിയെന്നും, തന്റെ അനുഭവം തന്നോട് മാത്രമുള്ളതല്ലെന്നും, ശരിയായ പ്രായമായിട്ടും, സാമ്പത്തിക സ്വാതന്ത്ര്യം നേടിയിട്ടും, മാനസികമായി ഒരുങ്ങിയിട്ടും പങ്കാളിയെ കണ്ടെത്താൻ കഴിയാത്ത ധാരാളം പേരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലിങ്ക്ഡ്ഇൻ നമുക്ക് ജോലിയും, ക്ലയന്റുകളെയും, മെന്റർമാരെയും, നിക്ഷേപകരെയും നൽകാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് പ്രണയം കണ്ടെത്താനും അത് സഹായിക്കരുത് എന്ന ചോദ്യമുയർത്തിയാണ് ശുഭം തന്റെ പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്. '#OpenToMarry' എന്ന ഹാഷ്ടാഗോടുകൂടി ഈ സംരംഭം ആരംഭിക്കാമെന്നും, താല്പര്യമുള്ളവർക്ക് തൊഴിലും നഗരവും കമന്റ് ചെയ്യാമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 100 കമന്റുകൾ കടന്നാൽ, ഏറ്റവും കൂടുതൽ എൻട്രികൾ ഉള്ള നഗരത്തിൽ ഒരു ഓഫ്‌ലൈൻ ഇവന്റ് സംഘടിപ്പിക്കുമെന്നും, അത് ഒരുപക്ഷേ ആദ്യ പ്രണയ നിമിഷത്തിന് വഴിവെച്ചേക്കാമെന്നും ശുഭം സൂചിപ്പിക്കുന്നു.
ശുഭത്തിന്റെ ഈ വ്യത്യസ്തമായ പരീക്ഷണത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ആയിരക്കണക്കിന് പേരാണ് പോസ്റ്റിന് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ ആശയം പ്രശംസനീയമാണെന്ന് പലരും അഭിപ്രായപ്പെട്ടു.