മിഴി തുറക്കില്ല, ഹൃദയത്തിൽ ദ്വാരം, ജനനേന്ദ്രിയമില്ലാത്ത അവസ്ഥ; വളഞ്ഞിരിക്കുന്ന നിലയിൽ കൈകാലുകൾ; ആ കുഞ്ഞ് പിറന്നുവീണത് ആർക്കും സങ്കല്പിക്കാത്ത വിധം വൈകല്യങ്ങളോടെ; ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവിൽ വീണ്ടും ഇടപെടൽ; ആരോഗ്യ വകുപ്പ് ഡയറക്ടർ റിപ്പോർട്ട് നൽകണം; ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

Update: 2025-07-12 11:24 GMT

ആലപ്പുഴ: ജില്ലാ വനിതാ- ശിശു ആശുപത്രിയിലെ ചികിത്സാപിഴവ് സംബന്ധിച്ച പരാതിയിൽ ആരോഗ്യവകുപ്പു ഡയറക്ടർ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത ഉത്തരവിട്ടു. ലജനത്ത് വാർഡ് സ്വദേശിനി സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ് ഉണ്ടായിരിക്കുന്നത്. വനിതാ-ശിശു ആശുപത്രിയിലെ ഡോക്ടറെ കൃത്യമായ ഇടവേളകളിൽ കണ്ടിട്ടും കുട്ടിയുടെ അംഗവൈകല്യം കണ്ടെത്തിയില്ലെന്നാണ് പ്രധാന പരാതി.

പ്രസവതീയതിക്ക് തലേന്ന് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തതായും പരാതിയിൽ വ്യക്തമാക്കുന്നു. സർക്കാർ ആശുപത്രിയിലെ രണ്ടു ഡോക്ടർമാർ നിരവധി തവണ സ്വകാര്യ ലാബിൽ നിന്നും പരിശോധനകൾ നിർദ്ദേശിച്ചെന്നും എന്നിട്ടും കുഞ്ഞിന്റെ അംഗവൈകല്യം കണ്ടെത്തിയില്ലെന്നുമാണ് പരാതി.

കുഞ്ഞിന്റെ കണ്ണ് യഥാസ്ഥാനത്തല്ല, മിഴി തുറക്കുന്നില്ല, ഹൃദയത്തിന് ദ്വാരം, ജനനേന്ദ്രിയമില്ല, കൈകാലുകൾ വളഞ്ഞിരിക്കുന്നു, ചെവി യഥാസ്ഥാനത്തല്ല, ചെവി കേൾക്കില്ല, മുഖം ശരിയായ രൂപത്തിലല്ല, വായ തുറക്കാനാവില്ല തുടങ്ങിയ വൈകല്യങ്ങളാണ് കുഞ്ഞിനുള്ളത്. കഴിഞ്ഞ വർഷം നവംബർ 8 നാണ് കുഞ്ഞിന് അമ്മ ജന്മം നൽകിയതെന്നും പരാതിയിൽ പറയുന്നു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രികളിലോ, തിരുവനന്തപുരം ശ്രീചിത്രാ മെഡിക്കൽ സെന്ററിലോ മാത്രമാണ് തുടർചികിത്സ ലഭിക്കുന്നതെന്ന് വണ്ടാനം മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചതായി പരാതിയിൽ ഉണ്ട്. സാമ്പത്തികമായി വളരെ പിന്നാക്കാവസ്ഥ അനുഭവിക്കുന്ന കുഞ്ഞിന്റെ തുടർ ചികിത്സക്കാവശ്യമായ സഹായം വനിതാ-ശിശു ആശുപത്രിയിലെ ഡോക്ടർമാരിൽ നിന്നും ഈടാക്കണമെന്നാണ് പ്രധാന ആവശ്യം.

ഡോക്ടർമാരുടെ ഭാഗത്ത് പിഴവുണ്ടായെന്നും ഇവർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർ സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ടെന്നും പരാതിക്കൊപ്പം സമർപ്പിച്ച ആരോഗ്യവകുപ്പ് ഡയറക്ടറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അതേസമയം, വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിനെ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ നിന്ന് വീണ്ടും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരത്ത് തുടരാനുള്ള സാഹചര്യം ഇല്ലാത്തതിനാലും കുഞ്ഞിന്റെ അമ്മയുടെ ആരോഗ്യ സ്ഥിതി മോശമായതിനാലുമാണ് ആശുപത്രി മാറ്റമെന്ന് കുടുംബം അറിയിച്ചു.

കുഞ്ഞിനെ ജനുവരി പതിനേഴിനാണ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലേക്ക് മാറ്റുന്നത്. രണ്ടര മാസത്തിലധികം എസ് എ ടി ആശുപത്രിയിൽ കിടത്തി ചികിത്സിച്ചെങ്കിലും കുഞ്ഞിൻ്റെ ആരോഗ്യ നിലയിൽ കാര്യമായ മാറ്റമുണ്ടായില്ലെന്ന് കുടുംബം പറയുന്നു. കുട്ടിയുടെ അമ്മയുടെ ആരോഗ്യാവസ്ഥ മോശമാവുകയും ചെയ്തു. തുടർന്നാണ് വണ്ടാനത്തേക്ക് മാറ്റിയത്.

Similar News