കല്യാട്ടുനിന്നും മോഷണം പോയത് നാലു ലക്ഷം രൂപയെന്ന് പരാതി; ദര്‍ഷിത തന്നത് രണ്ടു ലക്ഷമെന്ന് സിദ്ധരാജു; ബാക്കി രണ്ട് ലക്ഷമെവിടെ? മോഷ്ടിച്ചത് മുക്കുപണ്ടമോ? ദമ്പതികളെന്ന വ്യാജേന ലോഡ്ജില്‍ മുറിയെടുത്ത് നാല് മിനിറ്റിനുള്ളില്‍ കൊലപാതകം; കൊലപാതകക്കേസ് അന്വേഷിക്കുന്നത് കര്‍ണാടക പൊലീസ്; മോഷണക്കേസ് കേരള പൊലീസും; ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍
ദമ്പതികളെന്ന വ്യാജേന ലോഡ്ജില്‍ മുറിയെടുത്ത് നാല് മിനിറ്റിനുള്ളില്‍ കൊലപാതകം
കണ്ണൂര്‍: കണ്ണൂര്‍ ഇരിക്കൂറില്‍ മോഷണംനടന്ന വീട്ടില്‍നിന്ന് കാണാതായ ഹുന്‍സൂര്‍ സ്വദേശിനി ദര്‍ശിത കര്‍ണാടകയിലെ സാലിഗ്രാമില്‍ ലോഡ്ജില്‍ കൊല്ലപ്പട്ട സംഭവത്തില്‍ അടിമുടി ദുരൂഹത. എന്തിനാണ് ദര്‍ഷിതയെ സിദ്ധരാജു കൊലപ്പെടുത്തിയതെന്നോ ദര്‍ഷിതയുടെ ഭര്‍തൃവീട്ടില്‍ നിന്ന് കാണാതായ സ്വര്‍ണത്തെക്കുറിച്ചോ പണത്തെക്കുറിച്ചോ വ്യക്തത വരുത്താന്‍ കൊലപാതക കേസ് അന്വേഷിക്കുന്ന കര്‍ണാടക പൊലീസിനോ മോഷണ കേസ് അന്വേഷിക്കുന്ന കേരള പൊലീസിനോ കഴിഞ്ഞിട്ടില്ല. കര്‍ണാടകയിലെ സാലിഗ്രാമത്തിലെത്തിയ ഇരിക്കൂര്‍ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് അന്വേഷണം നടത്തുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയില്ലെന്നാണ് വിവരം. കൊലപാതകം നടന്നത് കര്‍ണാടകയിലായതിനാല്‍ കേരള പൊലീസിന് അന്വേഷിക്കുന്നതില്‍ പരിമിതികള്‍ നേരിടുന്നുണ്ട്. സിദ്ധരാജുവിനെ ചോദ്യം ചെയ്യാനായാലെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. റിമാന്‍ഡിലായ സിദ്ധരാജുവിനെ കസ്റ്റഡിയില്‍ കിട്ടാന്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കേരള പൊലീസ്.
റിമാന്‍ഡിലായ സിദ്ധരാജുവിന്റെ മൊഴി വിശ്വാസത്തിലെടുക്കാന്‍ കര്‍ണാടക പൊലീസും തയാറായിട്ടില്ല. ദര്‍ഷിത ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോകുമെന്ന് പറഞ്ഞതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് സിദ്ധരാജു പൊലീസിനോട് പറഞ്ഞത്. വിദേശത്ത് പോകാന്‍ തയ്യാറെടുത്ത യുവതി എങ്ങനെ ഭര്‍തൃവീട്ടിലെ പണവും സ്വര്‍ണവും മോഷ്ടിക്കും എന്നതാണ് ഉയരുന്ന ചോദ്യം. മാത്രമല്ല, മകളെ വീട്ടിലെത്തിച്ച ശേഷം കാമുകന് ഒപ്പം യുവതി ലോഡ്ജില്‍ മുറിയെടുത്തതും സംശയകരമാണ്. ദര്‍ഷിതയുടെ ഭര്‍ത്താവ് സുഭാഷിന്റെ കല്യാട്ടെ വീട്ടില്‍ നിന്ന് 30 പവനും 4 ലക്ഷം രൂപയും നഷ്ടമായെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ സിദ്ധരാജുവിന്റെ പെരിയ പട്ടണത്തെ വീട്ടിലെത്തി പരിശോധിച്ച പൊലീസിനു മുക്കുപണ്ടം മാത്രാണ് ലഭിച്ചത്.
രണ്ടുലക്ഷം രൂപ വിരാജ് പേട്ടയില്‍ വച്ച് ദര്‍ഷിത തനിക്ക് തന്നതായി സിദ്ധരാജു മൊഴി നല്‍കിയിട്ടുണ്ട്. കൂടാതെ പലപ്പോഴായി 80,000 രൂപയും നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു. എന്നാല്‍ പണം കണ്ടെത്താന്‍ പൊലീസിനു സാധിച്ചിട്ടില്ല. സിദ്ധരാജുവിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ മുക്കുപണ്ടം ദര്‍ഷിത നല്‍കിയതാണോ എന്ന് ഉറപ്പില്ല. ഇനി ദര്‍ഷിത നല്‍കിയതാണെങ്കില്‍ കല്യാട്ടെ വീട്ടില്‍ നിന്ന് മോഷണം പോയത് മുക്കുപണ്ടങ്ങളാണോ എന്ന സംശയം ഉരുന്നുണ്ട്. നാലു ലക്ഷം രൂപ കല്യാട്ടു നിന്ന് മോഷണം പോയെന്നാണ് പരാതി. ദര്‍ഷിത രണ്ടു ലക്ഷമാണ് തനിക്ക് തന്നതെന്നാണ് സിദ്ധരാജു പറഞ്ഞത്. അങ്ങനെയങ്കില്‍ ബാക്കി രണ്ട് ലക്ഷം എവിടെ. ഇനി അതല്ല കല്യാട്ടു നിന്നും നഷ്ടമായത് 2 ലക്ഷം മാത്രമാണോ എന്ന ചോദ്യവും അവശേഷിക്കുന്നു. ആറ് വര്‍ഷമായി ദര്‍ഷിതയും സിദ്ധരാജുവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
വെള്ളിയാഴ്ചയാണ് ദര്‍ഷിത കല്യാട്ടെ വീട്ടില്‍ നിന്ന് സ്വന്തം നാടായ കര്‍ണാടക ഹുന്‍സര്‍ ബിലിക്കരെയിലെ വീട്ടിലേക്ക് പോയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം വിരാജ് പേട്ടയില്‍ സിദ്ധരാജുവും ദര്‍ഷിതയും കണ്ടുമുട്ടിയിരുന്നു. കൈവശമുണ്ടായിരുന്ന മൂന്ന് ബാഗുകളില്‍ ഒരു ബാഗ് സിദ്ധരാജുവിനെ ഏല്‍പ്പിച്ച ശേഷം ദര്‍ഷിതയും മകളും ബിലിക്കരയിലേക്ക് പോയി. ശനിയാഴ്ച വീണ്ടും കണ്ടുമുട്ടുകയും ലോഡ്ജില്‍ മുറിയെടുക്കുകയുമായിരുന്നു. ഇവിടെ വച്ചായിരുന്നു കൊലപാതകം. 2.50ന് ഇരുവരും മുറിയിലെത്തി. 2.54ന് മുറിയടച്ചു സിദ്ധരാജു പുറത്തുപോയി. നാല് മിനിറ്റിനുള്ളില്‍ ദര്‍ഷിതയെ സിദ്ധരാജു കൊലപ്പെടുത്തിയ ശേഷമാണ് പുറത്തുപോയത്.
കൂടെയുള്ളത് ഭാര്യയാണെന്നാണ് സിദ്ധരാജു പറഞ്ഞത്. പിന്നീട് സിദ്ധരാജു ഭക്ഷണം വാങ്ങാനായി പുറത്തുപോയി. അരമണിക്കൂറിന് ശേഷം ഒരു കവറുമായാണ് തിരിച്ചെത്തിയത്. ഇതിനുപിന്നാലെയാണ് മുറി അകത്തുനിന്ന് പൂട്ടിയിട്ടെന്ന് പറഞ്ഞ് സിദ്ധരാജുവന്നത്. തുടര്‍ന്ന് ജീവനക്കാര്‍ ബലംപ്രയോഗിച്ച് വാതില്‍തുറന്നതോടെയാണ് ചോരയില്‍ കുളിച്ച് കിടക്കുന്നനിലയില്‍ യുവതിയുടെ മൃതദേഹം കണ്ടതെന്നും ലോഡ്ജ് മാനേജര്‍ പറഞ്ഞു. മുറിയില്‍ന്ന് സ്‌ഫോടനശബ്ദമൊന്നും കേട്ടിരുന്നില്ലെന്നും മുറിക്കുള്ളില്‍ വെടിമരുന്നിന്റെ അംശമൊന്നും കണ്ടില്ലെന്നും ലോഡ്ജ്മാനേജര്‍ വ്യക്തമാക്കി.
ലോഡ്ജ്മുറിയില്‍നിന്ന് രണ്ടുമീറ്ററോളം നീളമുള്ള വൈദ്യുതകേബിള്‍ കണ്ടെടുത്തിട്ടുണ്ട്. വൈദ്യുതകേബിള്‍ വായില്‍തിരുകി ഷോക്കടിപ്പിച്ചോ അല്ലെങ്കില്‍ ഡിറ്റനേറ്റര്‍ ഉപയോഗിച്ച് സ്‌ഫോടകവസ്തു പൊട്ടിച്ചോ പ്രതി കൊലപാതകം നടത്തിയെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. കൊലപാതകത്തിന് ശേഷം പ്രതി യുവതിയുടെ മൃതദേഹം തോളില്‍ചുമന്ന് ലോഡ്ജില്‍നിന്ന് കൊണ്ടുപോകാനും ശ്രമിച്ചിരുന്നു. ലോഡ്ജ് ജീവനക്കാര്‍ ഇടപെട്ടാണ് പ്രതിയെ തടഞ്ഞുവെച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.
സിദ്ധരാജുവിന്റെ മൊഴി പൊലീസ് വിശ്വസിക്കാത്തതിനാല്‍ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. കൊലപാതകക്കേസ് അന്വേഷിക്കുന്നത് കര്‍ണാടക പൊലീസാണ്. മോഷണക്കേസിന്റെ അന്വേഷണം കേരള പൊലീസിനും. ഇതിനിടെയാണ് ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളും ഉയരുന്നത്.
ദര്‍ശിത കൊല്ലപ്പെട്ടതോടെ മോഷണക്കേസിലും ദുരൂഹത തുടരുകയാണ്. ചുങ്കസ്ഥാനത്തെ അഞ്ചാംപുരയില്‍ കെ.സി. സുമതയുടെ വീട്ടില്‍ കവര്‍ച്ച നടന്ന പരാതി ലഭിച്ചപ്പോള്‍തന്നെ ഇരിട്ടി ഡിവൈഎസ്പി പി.കെ. ധനഞ്ജയബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മകളുമായി കര്‍ണാടകയിലെ അവരുടെ വീട്ടിലേക്ക് പോയ ദര്‍ശിതയെ ബന്ധപ്പെട്ടിരുന്നു. വീട്ടില്‍ കവര്‍ച്ച നടന്നിട്ടുണ്ടെന്നും ഉടന്‍ തിരിച്ചുവരണമെന്നും ആവശ്യപ്പെട്ടു. ഞാന്‍ ഇപ്പോള്‍ തന്നെ മടങ്ങുകയാണെന്ന് പറഞ്ഞ ദര്‍ശിതയുടെ ഫോണ്‍ ലൊക്കേഷന്‍ പിന്നീട് നോക്കിയപ്പോള്‍ ഹുന്‍സൂര്‍ ഭാഗത്തേക്ക് സഞ്ചരിക്കുകയാണെന്ന് വ്യക്തമായി. പിറ്റേദിവസം ഇരിക്കൂര്‍ ഇന്‍സ്പെക്ടറുടെ ചുമതല വഹിക്കുന്ന കരിക്കോട്ടക്കരി ഇന്‍സ്പെക്ടര്‍ കെ.ജെ. ബിനോയിയും സംഘവും ഹുന്‍സൂറിലേക്ക് പുറപ്പെട്ടു. ഹുന്‍സൂറില്‍നിന്ന് 60 കിലോമീറ്റര്‍ അകലെ പോലീസ് സംഘം എത്തുമ്പോഴേക്കും കൊലപാതകം നടന്നുകഴിഞ്ഞിരുന്നു.
കര്‍ണാടക പോലീസിന്റെ കസ്റ്റഡിയിലായിരുന്ന പ്രതി സിദ്ധരാജുവിനെ ചോദ്യം ചെയ്തു. ദര്‍ശിത രണ്ടുലക്ഷം രൂപ തന്നിരുന്നെന്ന് ഇയാള്‍ പറഞ്ഞു.എന്നാല്‍ ഈ പണം കല്യാട്ടെ വീട്ടില്‍നിന്ന് മോഷ്ടിച്ചതാണോ എന്നതിനെപ്പറ്റി വ്യക്തതയില്ല. മോഷ്ടിച്ച പണമാണെങ്കില്‍ ബാക്കി പണവും സ്വര്‍ണവും എന്തുചെയ്തുവെന്നതിനും കൃത്യമായ ഉത്തരമില്ല. ദര്‍ശിത മരിച്ച മുറിയില്‍നിന്ന് ലഭിച്ച ഏതാനും ആഭരണങ്ങള്‍ മുക്കുപണ്ടമാണ്. അത് ദര്‍ശിത ഉപയോഗിച്ചതോ അല്ലെങ്കില്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ സിദ്ധരാജു തന്നെ അവിടെ ഇട്ടതാണോ എന്നതിലും വ്യക്തതയില്ല.ബാക്കി പണവും സ്വര്‍ണവും മറ്റും കണ്ടെത്തേണ്ടതുണ്ട്. സിദ്ധരാജുവിന്റെ നിര്‍ദേശപ്രകാരമാണോ ദര്‍ശിത മോഷണം നടത്തിയതെന്നും പരിശോധിച്ചുവരികയാണ്.
കഴിഞ്ഞ ദിവസം അയല്‍വാസികളില്‍ ചിലര്‍ മരണവാര്‍ത്തയറിഞ്ഞ് ദര്‍ശിതയുടെ കര്‍ണാടകയിലെ വീട്ടിലേക്ക് പോയിരുന്നു. എന്നാല്‍ അവിടത്തെ നാട്ടുകാര്‍ മോശമായിട്ടാണ് പെരുമാറിയതെന്നും വീട്ടില്‍ കയറ്റാതെ മര്‍ദിക്കാന്‍ ശ്രമിച്ചെന്നും അതോടെ മടങ്ങിവന്നെന്നും പറഞ്ഞു. രണ്ടുദിവസത്തിന് ശേഷം കര്‍ണാടകയില്‍ പോയി കുഞ്ഞിനെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും ബന്ധുക്കള്‍ പറഞ്ഞു. കര്‍ണാടക പോലീസിന്റെ അന്വേഷണം കാര്യക്ഷമമാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.