ക്ഷേത്രദര്‍ശനത്തിനെന്ന് പറഞ്ഞ് ഒപ്പം കൂട്ടി; ലോഡ്ജില്‍ മുറിയെടുത്തത് ദമ്പതിമാരെന്ന വ്യാജേന; പ്രണയക്കൊല വിവാഹത്തിന് വിസമ്മതിച്ചതോടെ; മൃതദേഹം തോളില്‍ചുമന്ന് കൊണ്ടുപോകാന്‍ ശ്രമം; മുറിയില്‍നിന്ന് ലഭിച്ചത് മുക്കുപണ്ടം; ഇരിക്കൂറില്‍ മോഷണം നടത്തിയത് ദര്‍ശിതയോ? സിദ്ധരാജു പിടിയിലായിട്ടും ഉത്തരം കിട്ടാതെ പൊലീസ്
ഇരിക്കൂറില്‍ മോഷണം നടത്തിയതാര്? സിദ്ധരാജു പിടിയിലായിട്ടും ഉത്തരം കിട്ടാതെ പൊലീസ്
മൈസൂരു: കണ്ണൂര്‍ ഇരിക്കൂറില്‍ മോഷണംനടന്ന വീട്ടില്‍നിന്ന് കാണാതായ ഹുന്‍സൂര്‍ സ്വദേശിനി ദര്‍ശിത മൈസൂരുവിന് സമീപം സാലിഗ്രാമത്തിലെ ലോഡ്ജില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത തുടരുന്നു. ഇരിക്കൂര്‍ കല്യാട്ട് കെ.സി. സുമതയുടെ മകന്‍ സുഭാഷിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട ദര്‍ശിത. സംഭവത്തില്‍ ദര്‍ശിതയുടെ ആണ്‍സുഹൃത്തായ സിദ്ധരാജുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സാലിഗ്രാമത്തിലെ ലോഡ്ജ്മുറിയില്‍ യുവതിയെ ആണ്‍സുഹൃത്ത് എങ്ങനെ കൊലപ്പെടുത്തി എന്നതിലടക്കം അവ്യക്തത തുടരുകയാണ്. സ്ഫോടകവസ്തു വായില്‍വെച്ച് പൊട്ടിച്ചോ വൈദ്യുതാഘാതമേല്‍പ്പിച്ചോ പ്രതി യുവതിയെ കൊലപ്പെടുത്തിയതെന്നാണ് കര്‍ണാടക പോലീസിന്റെ പ്രാഥമികനിഗമനം. മുഖമാകെ വികൃതമായനിലയിലാണ് ഞായറാഴ്ച യുവതിയുടെ മൃതദേഹം ലോഡ്ജ്മുറിയില്‍ കണ്ടെത്തിയത്. മോഷണത്തിന്റെയും കൊലപാതക വാര്‍ത്തയുടെയും ഞെട്ടലിലാണ് കല്യാട്ടെ നാട്ടുകാര്‍. മോഷണം നടത്തിയത് ആരെന്ന കാര്യത്തില്‍ ഉത്തരം കിട്ടാനുണ്ട്. ദര്‍ശിത ക്രൂരമായി കൊല്ലപ്പെട്ടതിന്റെ കാരണത്തിലും വ്യക്തത വന്നില്ല. വിദേശത്തായിരുന്ന ദര്‍ശിതയുടെ ഭര്‍ത്താവ് സുഭാഷ് നാട്ടിലെത്തിയിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് സുമതയുടെ വീട്ടില്‍നിന്ന് 30 പവനും അഞ്ചുലക്ഷം രൂപയും മോഷണംപോയത്. അന്നേദിവസം രണ്ടുവയസ്സുള്ള മകളെയും കൂട്ടി ദര്‍ശിത കര്‍ണാടകയിലെ സ്വന്തംവീട്ടിലേക്ക് പോയിരുന്നു. തുടര്‍ന്ന് മോഷണക്കേസുമായി ബന്ധപ്പെട്ട് പോലീസ് ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കൃത്യമായ മറുപടിയൊന്നും ലഭിച്ചില്ല. ഇതിനിടെയാണ് കുഞ്ഞിനെ സ്വന്തംവീട്ടിലാക്കി ദര്‍ശിത ആണ്‍സുഹൃത്തായ സിദ്ധരാജുവിനൊപ്പം സാലിഗ്രാമത്തിലേക്ക് പോയത്. പിന്നാലെ ദര്‍ശിതയെ ലോഡ്ജ്മുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തുകയായിരുന്നു.
ദര്‍ശിതയും സിദ്ധരാജുവും തമ്മില്‍ കഴിഞ്ഞ ഏഴുവര്‍ഷമായി അടുപ്പത്തിലാണെന്നാണ് കര്‍ണാടക പോലീസ് പറയുന്നത്. ദര്‍ശിതയുടെ വിവാഹശേഷവും ഇവരുടെ ബന്ധം തുടര്‍ന്നു. പെരിയപട്ടണ സ്വദേശിയായ സിദ്ധരാജു സ്വന്തമായി ഹാര്‍ഡ് വെയര്‍ ഷോപ്പ് നടത്തുന്നയാളാണ്. വെള്ളിയാഴ്ച ഹുന്‍സൂരിലെത്തിയ ദര്‍ശിതയെ ക്ഷേത്രദര്‍ശനത്തിനെന്ന് പറഞ്ഞാണ് സിദ്ധരാജു സാലിഗ്രാമത്തിലേക്ക് കൊണ്ടുപോയതെന്നാണ് വിവരം. തുടര്‍ന്ന് ദമ്പതിമാരെന്ന വ്യാജേന ഇരുവരും ലോഡ്ജില്‍ മുറിയെടുത്തു. ഇവിടെവെച്ച് തന്നെ വിവാഹം കഴിക്കാന്‍ സിദ്ധരാജു യുവതിയെ നിര്‍ബന്ധിച്ചെന്നും ഇതിന് വിസമ്മതിച്ചതോടെയാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയതെന്നുമാണ് കര്‍ണാടക പോലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദമ്പതികളെന്ന വ്യാജേന മുറിയെടുത്തു
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ദര്‍ശിതയും സിദ്ധരാജുവും മുറിയെടുത്തതെന്ന് ലോഡ്ജ് മാനേജര്‍ പറഞ്ഞു. കൂടെയുള്ളത് ഭാര്യയാണെന്നാണ് സിദ്ധരാജു പറഞ്ഞത്. പിന്നീട് സിദ്ധരാജു ഭക്ഷണം വാങ്ങാനായി പുറത്തുപോയി. അരമണിക്കൂറിന് ശേഷം ഒരു കവറുമായാണ് തിരിച്ചെത്തിയത്. ഇതിനുപിന്നാലെയാണ് മുറി അകത്തുനിന്ന് പൂട്ടിയിട്ടെന്ന് പറഞ്ഞ് സിദ്ധരാജുവന്നത്. തുടര്‍ന്ന് ജീവനക്കാര്‍ ബലംപ്രയോഗിച്ച് വാതില്‍തുറന്നതോടെയാണ് ചോരയില്‍ കുളിച്ച് കിടക്കുന്നനിലയില്‍ യുവതിയുടെ മൃതദേഹം കണ്ടതെന്നും ലോഡ്ജ് മാനേജര്‍ പറഞ്ഞു. മുറിയില്‍ന്ന് സ്ഫോടനശബ്ദമൊന്നും കേട്ടിരുന്നില്ലെന്നും മുറിക്കുള്ളില്‍ വെടിമരുന്നിന്റെ അംശമൊന്നും കണ്ടില്ലെന്നും ലോഡ്ജ്മാനേജര്‍ വ്യക്തമാക്കി.
ലോഡ്ജ്മുറിയില്‍നിന്ന് രണ്ടുമീറ്ററോളം നീളമുള്ള വൈദ്യുതകേബിള്‍ കണ്ടെടുത്തിട്ടുണ്ട്. വൈദ്യുതകേബിള്‍ വായില്‍തിരുകി ഷോക്കടിപ്പിച്ചോ അല്ലെങ്കില്‍ ഡിറ്റനേറ്റര്‍ ഉപയോഗിച്ച് സ്ഫോടകവസ്തു പൊട്ടിച്ചോ പ്രതി കൊലപാതകം നടത്തിയെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. കൊലപാതകത്തിന് ശേഷം പ്രതി യുവതിയുടെ മൃതദേഹം തോളില്‍ചുമന്ന് ലോഡ്ജില്‍നിന്ന് കൊണ്ടുപോകാനും ശ്രമിച്ചിരുന്നു. ലോഡ്ജ് ജീവനക്കാര്‍ ഇടപെട്ടാണ് പ്രതിയെ തടഞ്ഞുവെച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.
മോഷണക്കേസിലും ദുരൂഹത
കല്യാട്ട് 30 പവനും അഞ്ചുലക്ഷം രൂപയും മോഷണം പോയ വീട്ടിലെ മകന്റെ ഭാര്യ ദര്‍ശിത കൊല്ലപ്പെട്ടതോടെ മോഷണക്കേസിലും ദുരൂഹത തുടരുകയാണ്. ചുങ്കസ്ഥാനത്തെ അഞ്ചാംപുരയില്‍ കെ.സി. സുമതയുടെ വീട്ടില്‍ കവര്‍ച്ച നടന്ന പരാതി ലഭിച്ചപ്പോള്‍തന്നെ ഇരിട്ടി ഡിവൈഎസ്പി പി.കെ. ധനഞ്ജയബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മകളുമായി കര്‍ണാടകയിലെ അവരുടെ വീട്ടിലേക്ക് പോയ ദര്‍ശിതയെ ബന്ധപ്പെട്ടിരുന്നു.
വീട്ടില്‍ കവര്‍ച്ച നടന്നിട്ടുണ്ടെന്നും ഉടന്‍ തിരിച്ചുവരണമെന്നും ആവശ്യപ്പെട്ടു. ഞാന്‍ ഇപ്പോള്‍ തന്നെ മടങ്ങുകയാണെന്ന് പറഞ്ഞ ദര്‍ശിതയുടെ ഫോണ്‍ ലൊക്കേഷന്‍ പിന്നീട് നോക്കിയപ്പോള്‍ ഹുന്‍സൂര്‍ ഭാഗത്തേക്ക് സഞ്ചരിക്കുകയാണെന്ന് വ്യക്തമായി. പിറ്റേദിവസം ഇരിക്കൂര്‍ ഇന്‍സ്‌പെക്ടറുടെ ചുമതല വഹിക്കുന്ന കരിക്കോട്ടക്കരി ഇന്‍സ്‌പെക്ടര്‍ കെ.ജെ. ബിനോയിയും സംഘവും ഹുന്‍സൂറിലേക്ക് പുറപ്പെട്ടു. ഹുന്‍സൂറില്‍നിന്ന് 60 കിലോമീറ്റര്‍ അകലെ പോലീസ് സംഘം എത്തുമ്പോഴേക്കും കൊലപാതകം നടന്നുകഴിഞ്ഞിരുന്നു.
കര്‍ണാടക പോലീസിന്റെ കസ്റ്റഡിയിലായിരുന്ന പ്രതി സിദ്ധരാജുവിനെ ചോദ്യം ചെയ്തു. ദര്‍ശിത രണ്ടുലക്ഷം രൂപ തന്നിരുന്നെന്ന് ഇയാള്‍ പറഞ്ഞു.എന്നാല്‍ ഈ പണം കല്യാട്ടെ വീട്ടില്‍നിന്ന് മോഷ്ടിച്ചതാണോ എന്നതിനെപ്പറ്റി വ്യക്തതയില്ല. മോഷ്ടിച്ച പണമാണെങ്കില്‍ ബാക്കി പണവും സ്വര്‍ണവും എന്തുചെയ്തുവെന്നതിനും കൃത്യമായ ഉത്തരമില്ല. ദര്‍ശിത മരിച്ച മുറിയില്‍നിന്ന് ലഭിച്ച ഏതാനും ആഭരണങ്ങള്‍ മുക്കുപണ്ടമാണ്. അത് ദര്‍ശിത ഉപയോഗിച്ചതോ അല്ലെങ്കില്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ സിദ്ധരാജു തന്നെ അവിടെ ഇട്ടതാണോ എന്നതിലും വ്യക്തതയില്ല.
കല്യാട്ടെ വീട്ടില്‍നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചത് ദര്‍ശിത തന്നെയാണെന്നാണ് നിഗമനം. സിദ്ധരാജുവില്‍നിന്ന് കഴിഞ്ഞദിവസം രണ്ടുലക്ഷം രൂപ പോലീസ് കണ്ടെടുത്തിരുന്നു. ഇത് ദര്‍ശിത തന്നതാണെന്നായിരുന്നു ഇയാളുടെ മൊഴി. അങ്ങനെയെങ്കില്‍ ബാക്കി പണവും സ്വര്‍ണവും മറ്റും കണ്ടെത്തേണ്ടതുണ്ട്. സിദ്ധരാജുവിന്റെ നിര്‍ദേശപ്രകാരമാണോ ദര്‍ശിത മോഷണം നടത്തിയതെന്നും പരിശോധിച്ചുവരികയാണ്.
കഴിഞ്ഞ ദിവസം അയല്‍വാസികളില്‍ ചിലര്‍ മരണവാര്‍ത്തയറിഞ്ഞ് ദര്‍ശിതയുടെ കര്‍ണാടകയിലെ വീട്ടിലേക്ക് പോയിരുന്നു. എന്നാല്‍ അവിടത്തെ നാട്ടുകാര്‍ മോശമായിട്ടാണ് പെരുമാറിയതെന്നും വീട്ടില്‍ കയറ്റാതെ മര്‍ദിക്കാന്‍ ശ്രമിച്ചെന്നും അതോടെ മടങ്ങിവന്നെന്നും പറഞ്ഞു. രണ്ടുദിവസത്തിന് ശേഷം കര്‍ണാടകയില്‍ പോയി കുഞ്ഞിനെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും ബന്ധുക്കള്‍ പറഞ്ഞു. കര്‍ണാടക പോലീസിന്റെ അന്വേഷണം കാര്യക്ഷമമാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.