സിപിഎമ്മിന്റേത് നാവുകൊണ്ട് കൊല്ലുന്ന ശൈലിയോ? ആര്യനാട്ടെ ശ്രീജ പിണറായി ഭരണകാലത്ത് സിപിഎം നേതാക്കളുടെ മാനസിക പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്ന അഞ്ചാമത്തെ വ്യക്തി; എഡിഎം നവീന്‍ബാബു മുതല്‍ ആശാ വര്‍ക്കറായ ആശ വരെയുള്ളവര്‍ സിപിഎം പകയില്‍ ജീവന്‍ ത്യജിച്ചവര്‍

സിപിഎമ്മിന്റേത് നാവുകൊണ്ട് കൊല്ലുന്ന ശൈലിയോ?

Update: 2025-08-26 07:23 GMT

തിരുവനന്തപുരം: ആര്യനാട് മരിച്ച പഞ്ചായത്തംഗമായ ശ്രീജ, രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭരണകാലത്ത് സി.പി.എം നേതാക്കളുടെ മാനസിക പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്ന അഞ്ചാമത്തെ വ്യക്തി. കഴിഞ്ഞവര്‍ഷം ആത്മഹത്യ ചെയ്ത എ.ഡി.എം നവീന്‍ ബാബു ഉള്‍പ്പെടെ അഞ്ചുപേരാണ് സി.പി.എമ്മിനെയും പാര്‍ട്ടി നേതാക്കളെയും പ്രതിസ്ഥാനത്താക്കി അഞ്ചുവര്‍ഷത്തിനിടയില്‍ ജീവനൊടുക്കിയത്. വ്യക്തിപരമായ ആരോപണങ്ങളില്‍ തുടങ്ങിയതിനുശേഷം പൊതുയോഗങ്ങളില്‍ വരെ വിമര്‍ശനങ്ങള്‍ നേരിട്ട് മനംനൊന്താണ് എല്ലാവരും ആത്മഹത്യയിലേക്കു നീങ്ങിയത്.

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 15ന് രാവിലെയാണ് എ.ഡി.എം നവീന്‍ബാബുവിനെ കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കണ്ണൂരില്‍ നിന്ന് സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥംമാറ്റം ലഭിച്ച നവീന്‍ ബാബുവിന് കണ്ണൂര്‍ കലക്ടറേറ്റ് ഹാളില്‍ യാത്രയയപ്പ് നല്‍കിയിരുന്നു. ഈ ചടങ്ങില്‍ ക്ഷണിക്കാതെയെത്തിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍്റ് പി.പി ദിവ്യ അഴിമതിയാരോപണം

ഉന്നയിച്ചതിനെത്തുടര്‍ന്ന് മാനസികമായി തകര്‍ന്ന നവീന്‍ ബാബു ജീവനൊടുക്കുകയായിരുന്നു. ആത്മഹത്യാ പ്രേരണണക്കുറ്റം ചുമത്തി പി.പി ദിവ്യയെ അറസ്റ്റു ചെയ്തിരുന്നു.

2022 സെപ്റ്റംബര്‍ 24ന് പത്തനംതിട്ട പെരുനാട് സി.പി.എം പ്രവര്‍ത്തകനായ ബാബു ആത്മഹത്യ ചെയ്തു. സി.പി.എം ജില്ലാ കമ്മിറ്റിയംഗവും പഞ്ചായത്ത് പ്രസിഡന്‍്റുമായ പി.എസ് മോഹനന്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി റോബിന്‍, വാര്‍ഡംഗം എന്നിവരാണ് തന്റെ മരണത്തിന് കാരണക്കാരെന്നായിരുന്നു ആത്മഹത്യാക്കുറിപ്പില്‍ ഉണ്ടായിരുന്നത്. വെയിറ്റിങ് ഷെഡ് നിര്‍മ്മാണത്തിനായി പഞ്ചായത്ത് പ്രസിഡന്‍്റിന്‍െ്റ നേതൃത്വത്തിലുള്ള സംഘം ബലം പ്രയോഗിച്ച് തട്ടിയെടുത്തെന്നും അതുമായി ബന്ധപ്പെട്ട ഭീഷണിയാണ് കാരണമെന്നും കുറിപ്പിലുണടായിരുന്നു.

2020 സെപ്റ്റംബര്‍ 10ന് നെയ്യാറ്റിന്‍കരയിലെ സി.പി.എം പ്രവര്‍ത്തകയും ആശാ വര്‍ക്കറുമായ ആശ പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിനെതിരെ കുറിപ്പ് എഴുതിവച്ചശേഷം ആത്മഹത്യ ചെയ്തു. ലോക്കല്‍ കമ്മിറ്റിയംഗം കൊറ്റാമം രാജന്‍, ബ്രാഞ്ച് സെക്രട്ടറി അലത്തറവിളാകം ജോയ് എന്നിവരുടെ മാനസിക പീഡനം സഹിക്കാന്‍ വയ്യാതെയാണ് കടുംകൈ ചെയ്യുന്നതെന്നായിരുന്നു കത്തിലുണ്ടായിരുന്നത്. പാര്‍ട്ടിയില്‍ പലതവണ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നും രേഖപ്പെടുത്തിയിരുന്നു.

2020 മാര്‍ച്ച് 12ന് കൊച്ചി അയ്യനാട് സഹകരണബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം വി.എ സിയാദ് ആത്മഹത്യ ചെയ്തു. കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍, തൃക്കാക്കര സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി ജയചന്ദ്രന്‍ ചില പ്രാദേശിക നേതാക്കള്‍ എന്നിവരാണ് കാരണക്കാരെന്നായിരുന്നു ആത്മഹത്യാക്കുറിപ്പില്‍ ഉണ്ടായിരുന്നത്. തന്നെ മാനസികമായി പീഡിപ്പിച്ചെന്നും നശിപ്പിക്കാന്‍ ശ്രമിച്ചെന്നും കത്തിലുണ്ടായിരുന്നു. സാമ്പത്തിക തട്ടിപ്പുകേസാണ് കാരണമെന്ന് ബന്ധുക്കളും കോണ്‍ഗ്രസ് നേതാക്കളും ആരോപിച്ചെങ്കിലും പോലീസ് അന്വേഷണം കാര്യമായി നടന്നില്ല. മരണത്തിലെ ദുരൂഹതയെക്കുറിച്ചും അന്വേഷണമുണ്ടായില്ല.

അതേസമയം സി.പി.എമ്മിന്റെ മാനസിക പീഡനത്തെത്തുടര്‍ന്ന് കോണ്‍ഗ്രസുകാരിയായ ആര്യനാട് ഗ്രാമപഞ്ചായത്തംഗം എസ്. ശ്രീജ ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധം രൂക്ഷമാകുകയാണ്. പഞ്ചായത്ത് യോഗങ്ങളില്‍ മാത്രമല്ല, പൊതുയോഗങ്ങളിലും ഉയര്‍ത്തിയ രൂക്ഷമായ വിമര്‍ശനങ്ങളാണ് ശ്രീജയെ മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിക്കുന്നത്. ശ്രീജയെ സാമ്പത്തിക തട്ടിപ്പുകേസുകളില്‍പ്പെടുത്താന്‍ മുന്നില്‍ നിന്നത് സി.പി.എം നേതാക്കളെന്ന് കോണ്‍ഗ്രസ്.

ശ്രീജ സാമ്പത്തിക തട്ടിപ്പുകാരിയാണെന്ന തരത്തില്‍ സി.പി.എം ദിവസങ്ങളായി തുടരുന്ന പ്രചരണത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകിട്ട് ആര്യനാട് ജങ്ഷനില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. അതില്‍ പങ്കെടുത്ത പ്രാദേശിക സി.പി.എം നേതാക്കള്‍ ശ്രീജക്കെതിരെ രൂക്ഷമായ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. മുന്‍പ് മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട് ശ്രീജക്കെതിരെ ചിലര്‍ പരാതി നല്‍കിയിരുന്നു. ഇത് പരാമര്‍ശിച്ചായിരുന്നു നേതാക്കളുടെ വിമര്‍ശനം.

ശ്രീജയുടെ മരണത്തിന് ഉത്തരവാദികള്‍ സി.പി.എമ്മും പഞ്ചായത്ത് പ്രസിഡന്റുമാണെന്ന് ഭര്‍ത്താവ് ജയന്‍ ആരോപിച്ചു. സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ ആലോചിച്ചു വരുകയായിരുന്നു. അതിനിടയില്‍ സി.പി.എമ്മിന്റെ വ്യകതിപരമായ ആരോപണങ്ങള്‍ ശ്രീജയെ മാനസികമായി തളര്‍ത്തിയിരുന്നെന്നും ജയന്‍ ആരോപിക്കുന്നു. എന്നാല്‍, ശ്രീജക്കെതിരെയല്ല കോണ്‍ഗ്രസിനെതിതെയാണ് വിമര്‍ശനം ഉന്നയിച്ചിരുന്നതെന്ന് ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹന്‍ പറഞ്ഞു. ശ്രീജയെ വ്യക്തിപരമായി വിമര്‍ശിച്ചിട്ടില്ലെന്നും പ്രസിഡന്റ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ശ്രീജ വീണ്ടും മത്സരിച്ചാല്‍ കോട്ടക്കകം വാര്‍ഡ് യു.ഡി.എഫിനു തന്നെ ലഭിക്കുമെന്ന ആശങ്കയിലായിരുന്നു എല്‍.ഡി.എഫ്.

Tags:    

Similar News