സ്വാഭാവിക നീതി പ്രതീക്ഷിക്കുന്ന ചെന്നിത്തല; അഭിജിത്തിനെ മുന്നില്‍ നിര്‍ത്തി പിടിച്ചെടുക്കാന്‍ എ ഗ്രൂപ്പ്; ജനീഷിന് വേണ്ടി ഷാഫിയും; അബിനെ ദേശീയ ജനറല്‍ സെക്രട്ടറിയാക്കാന്‍ ഫോര്‍മുല; ഗ്രൂപ്പ് സമവാക്യങ്ങളെ എല്ലാം മാറ്റി മറിക്കാന്‍ സാധ്യത; യൂത്ത് കോണ്‍ഗ്രസിന് നാഥന്‍ വരുമോ?

Update: 2025-08-26 07:44 GMT

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തില്‍ അനിശ്ചിതത്വം തുടരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ അധ്യക്ഷ സ്ഥാനം രാജിവച്ചിട്ടും അഞ്ച് ദിവസമായി പകരം താല്‍ക്കാലിക ചുമതല നല്‍കാന്‍ പോലും നേതൃത്വത്തിന് ആയിട്ടില്ല. ഇതിനിടെ അധ്യക്ഷ സ്ഥാനത്തേക്ക് സംസ്ഥാന ഉപാധ്യക്ഷനും കെ.സി. വേണുഗോപാല്‍ പക്ഷക്കാരനുമായ ഒ.ജെ. ജനിഷിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ രംഗത്തു വന്നിട്ടുണ്ട്.

സംഘടന തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ലെങ്കിലും കെ.എം. അഭിജിത്തിനെ സംസ്ഥാന അധ്യക്ഷ പദത്തിലേക്ക് നോമിനേറ്റ് ചെയ്യണം എന്നുള്ളതാണ് എ ഗ്രൂപ്പിന്റെ ആവശ്യം. ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് അഭിജിത്തിനെ പരിഗണിക്കാതിരുന്നതിന് പകരം ഈ സ്ഥാനം എങ്കിലും നല്‍കണം. ബെന്നി ബഹനാനും പി.സി. വിഷ്ണുനാഥും എം.കെ. രാഘവനും അടക്കമുള്ളവര്‍ ദേശീയ നേതൃത്വത്തെ ഇക്കാര്യം നേരില്‍ കണ്ട് അറിയിക്കുകയും ചെയ്തു. ഇതോടെ ഷാഫി പറമ്പില്‍ എല്ലാ അര്‍ത്ഥത്തിലും എ ഗ്രൂപ്പിന് പുറത്തായി. അബിന്‍ വര്‍ക്കിയെ ദേശീയ ജനറല്‍ സെക്രട്ടറിയാക്കണമെന്നാണ് എ ഗ്രൂപ്പ് പറയുന്നത്. മുമ്പ് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായിരുന്നു ഷാഫി. ഉമ്മന്‍ചാണ്ടിയുടെ മരണ ശേഷം പൂര്‍ണ്ണമായും കെസിയ്‌ക്കൊപ്പമായി ഷാഫി.

ഗുരുതര ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെ പദവിയില്‍ നിന്ന് നേതൃത്വം പുറത്താക്കിയത്. രാഹുല്‍ തെറിച്ചതോടെ ആ സ്ഥാനത്തിനുവേണ്ടിയുള്ള പിടിവലി മുറുകി. ഗ്രൂപ്പ് തിരിഞ്ഞ് പോരാരംഭിച്ചു. കഴിഞ്ഞദിവസം യൂത്ത് കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെട്ട വാട്സാപ്പ് ഗ്രൂപ്പില്‍ അബിന്‍ വര്‍ക്കിക്കുനേരെ വ്യാപകവിമര്‍ശനമുയര്‍ന്നിരുന്നു. രാഹുല്‍ മാങ്കൂട്ടവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നില്‍ അബിനാണെന്നും സ്ഥാനം ലക്ഷ്യമിട്ടുള്ള നീക്കമാണെന്നതടക്കമുള്ള വിമര്‍ശനങ്ങളാണ് ഉന്നയിക്കപ്പെട്ടത്. ബിനു ചുള്ളിയില്‍, കെഎം അഭിജിത്ത് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സ്ഥാനത്തേക്ക് എ ഗ്രൂപ്പ് പരിഗണിച്ചിരുന്ന പേരാണ് അഭിജിത്തിന്റേത്. ഏറ്റവും ഒടുവില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് ദേശീയ പുനസംഘടനയില്‍ അഭിജിത്തിനെ ഒഴിവാക്കിയതിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. ദേശീയ പുനസംഘടനയില്‍ ജനറല്‍ സെക്രട്ടറിയായ ആളാണ് ബിനു ചുള്ളിയില്‍. കെസി വേണുഗോപാലുമായുള്ള അടുപ്പം അധ്യക്ഷസ്ഥാനത്തേക്ക് എത്താന്‍ സഹായകരമാകുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ പക്ഷം. എന്നാല്‍ ബിനുവിനെ ദേശീയ ജനറല്‍ സെക്രട്ടറിയായി ഉയര്‍ത്തി ഒ.ജെ. ജനിഷിനെ നിയമിക്കണമെന്ന് ഷാഫി പറയുന്നു. അങ്ങനെ അവിടേയും പ്രതിസന്ധിയാണ്.

നിലവില്‍ സംസ്ഥാന ഉപാധ്യക്ഷനും രാഹുല്‍ മാങ്കൂട്ടത്തില്‍ കഴിഞ്ഞാല്‍ സംഘടനാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടും നേടിയ അബിന്‍ വര്‍ക്കിക്ക് ആണ് രമേശ് ചെന്നിത്തല പക്ഷത്തിന്റെ പിന്തുണ. യൂത്ത് കോണ്‍ഗ്രസിന്റെ ചട്ടമനുസരിച്ച് സംഘടനയ്ക്കുള്ളില്‍ മത്സരത്തില്‍ രണ്ടാമത് എത്തിയ ആളെ നിയമിക്കണം എന്നാണ് ആവശ്യം. ഇവിടെ മത- സാമുദായിക പരിഗണനകള്‍ ഒന്നും നോക്കേണ്ട കാര്യമില്ലെന്നും അങ്ങനെയെങ്കില്‍ യൂത്ത് കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പ് തന്നെ നടത്തേണ്ട കാര്യമില്ലായിരുന്നു എന്നും ചെന്നിത്തല പക്ഷം വാദിക്കുന്നു.

സ്വാഭാവിക നീതി നടപ്പാക്കണം എന്ന കടുത്ത നിലപാടില്‍ ആണ് ചെന്നിത്തല വിഭാഗം. അതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷനും കെ.സി. വേണുഗോപാല്‍ പക്ഷക്കാരനുമായ ഒ.ജെ. ജനീഷിന് വേണ്ടി ഷാഫി പറമ്പില്‍ രഹസ്യ നീക്കം ആരംഭിച്ചത്. ബിനു ചുള്ളിലിന് പ്രായപരിധി തിരിച്ചടി ആകുമെന്നും ഷാഫി പറയുന്നു. ഷാഫി സംസ്ഥാന പ്രസിഡണ്ട് ആയിരിക്കെ തൃശൂര്‍ ജില്ലാ പ്രസിഡണ്ട് ആയിരുന്നു ജനീഷ്. ഐ ഗ്രൂപ്പ്കാരനായിരുന്ന ജനീഷ് പിന്നീട് കെ.സി. പക്ഷത്തേക്ക് മാറുകയായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആണ് അന്തിമ തീരുമാനമെടുക്കേണ്ടതെങ്കിലും കെപിസിസി നേതൃത്വത്തിന്റെ നിലപാടും നിര്‍ണായകമാകും. അബിന്‍ വര്‍ക്കി അധ്യക്ഷ സ്ഥാനത്തേക്ക് വന്നാല്‍ രാഹുല്‍ പക്ഷക്കാര്‍ രാജിവെക്കും എന്നാണ് മുന്നറിയിപ്പ്.

Tags:    

Similar News