അനുമതിയില്ലാതെയാണ് അന്വേഷണം നടത്തിയതെങ്കില്‍ അത് നടപടിക്രമങ്ങള്‍ക്ക് വിരുദ്ധം; കേസില്‍ അജിത്കുമാറിന്റെ കീഴുദ്യോഗസ്ഥന്‍ അന്വേഷണം നടത്തിയത് തെറ്റാണെന്നും ഹൈക്കോടതി; എഡിജിപിയ്ക്ക് ആശ്വാസം കിട്ടുമോ? ഇടക്കാല ഉത്തരവ് നാളെ വന്നേക്കും
തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സിനോട് വിശദീകരണം തേടി ഹൈക്കോടതി. നിരവധി നിയമ പ്രശ്‌നങ്ങള്‍ കേസിലുണ്ടെന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. അന്വേഷണത്തിന് പ്രോസിക്യൂഷന്റെ അനുമതിയുണ്ടോ എന്നും കോടതി ചോദിച്ചു.
ഇക്കാര്യം വിജിലന്‍സ് വ്യക്തമാക്കണം. അനുമതിയില്ലാതെയാണ് അന്വേഷണം നടത്തിയതെങ്കില്‍ അത് നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കോടതി വിലയിരുത്തി. അതായത് അനുമതി വാങ്ങിയില്ലെങ്കില്‍ അത് വിജിലന്‍സ് റിപ്പോര്‍ട്ടിനേയും ബാധിക്കും. ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ടിന്റെ പ്രസക്തിയും പോകും. അതായത് വീണ്ടും അന്വേണഷണം നടത്തേണ്ട സാഹചര്യം വരും. സര്‍ക്കാരിനും ഈ കേസ് ഏറെ നിര്‍ണ്ണായകമാണ്.
കേസില്‍ വിജിലന്‍സ് സ്വീകരിച്ച നടപടിക്രമങ്ങള്‍ സംബന്ധിച്ച് വിശദീകരണം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കീഴുദ്യോഗസ്ഥന്‍ അന്വേഷണം നടത്തിയത് തെറ്റാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. എം.ആര്‍. അജിത്കുമാറിന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. അജിത് കുമാറിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍പിള്ളയാണ് ഹാജരായത്. വിജിലന്‍സ് കോടതി ഉത്തരവില്‍ മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശമുണ്ടായിരുന്നു. ഇതിനെതിരെ സര്‍ക്കാരും ഹൈക്കോടതിയെ സമീപിക്കുമെന്ന് സൂചനയുണ്ടായിരുന്നു.
അജിത് കുമാറിന്റെ ഹര്‍ജിയില്‍ തന്നെ ഹൈക്കോടതി അനുകൂല നിലപാട് എടുക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. അന്വേഷണം വേണമെന്ന വിജിലന്‍സ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അജിത്കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ അജിത്കുമാറിന്റെ കീഴുദ്യോഗസ്ഥന്‍ അന്വേഷണം നടത്തിയത് തെറ്റാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിജിലന്‍സിന്റെ വിശദീകരണം സ്വീകരിക്കുന്നതിനുവേണ്ടി കേസ് പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി.
വിജിലന്‍സിന്റെ മറുപടി ലഭിച്ചശേഷം അജിത്കുമാറിന്റെ ആവശ്യമനുസരിച്ച് സ്റ്റേയുടെ കാര്യത്തില്‍ ഹൈക്കോടതി ബുധനാഴ്ച തീരുമാനമെടുക്കും. നടപടിക്രമം പാലിച്ചില്ലെന്ന വന്നാല്‍ കോടതി ഉത്തരവിന്റെ പ്രസക്തി കൂടും. വിജിലന്‍സ് അന്വേഷിച്ച് ക്ലീന്‍ ചിറ്റ് നല്‍കിയതാണെന്ന് അജിത്കുമാര്‍ കോടതിയില്‍ വാദിച്ചു. വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയ തിരുവനന്തപുരം പ്രത്യേക കോടതി വിധിക്കെതിരെയാണ് അജിത് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
അജിത് കുമാര്‍, എഡിജിപി, എംആര്‍ അജിത് കുമാര്‍