സാങ്കേതികത്വം പറഞ്ഞ് കടിച്ചുതൂങ്ങിയാല്‍ നാണം കെടുക രാഹുലും ഷാഫിയും മാത്രമല്ല, കോണ്‍ഗ്രസ് പാര്‍ട്ടിയും; അടിമുടി ആരോപണങ്ങളില്‍ മുങ്ങിയതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും; അന്വേഷണത്തിന് ശേഷം തുടര്‍നടപടി; എം എല്‍ എ സ്ഥാനം രാജി വയ്ക്കുന്നതില്‍ തീരുമാനം രാഹുലിന് വിടാനും സാധ്യത
രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും
തിരുവനന്തപുരം: ലൈംഗികാപവാദ കുരുക്കില്‍ പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും. ഒഴിവുകഴിവ് പറഞ്ഞ് രക്ഷപ്പെടാമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ആദ്യം കരുതിയെങ്കിലും കുരുക്കായത് തുടരെ പുറത്തുവന്ന തെളിവുകളാണ്. സ്ത്രീകളോടുള്ള മോശം പെരുമാറ്റം, വിവാഹ വാഗ്ദാനം നല്‍കി വഞ്ചന, ഗര്‍ഭച്ഛിദ്രം നടത്താന്‍ യുവതിയെ നിര്‍ബന്ധിക്കല്‍, ഭീഷണി, അസഭ്യം പറച്ചില്‍, കൈയൊഴിയല്‍, ഇതെല്ലാം ഇന്നലെ വരെ തീപ്പൊരി നേതാവായി തിളങ്ങിയ രാഹുലിന്റെ ഇമേജിനെ പാടേ തകര്‍ത്തിരിക്കുകയാണ്. ഇനിയൊരു തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി നിര്‍ത്താന്‍ പോലും ആകാത്ത വിധം രാഹുലിന് പ്രതിച്ഛായ നഷ്ടമായി കഴിഞ്ഞു. രാഹുലിന് മാത്രമല്ല, കോണ്‍ഗ്രസിനും.
അതുകൊണ്ട് തന്നെ രാഹുല്‍ രാജി വയ്ക്കണമെന്ന കര്‍ശന നിലപാടിലാണ് പതിപക്ഷ നേതാവ് വി ഡി സതീശന്‍. ഷാഫി പറമ്പിലും, പി സി വിഷ്ണുനാഥും അടങ്ങുന്ന ഗ്രൂപ്പ് മാത്രമാണ് രാഹുലിനായി ശബ്ദമുയര്‍ത്തുന്നത്. യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെ എല്ലാമായി എന്ന ഷാഫിയുടെ നിലപാടിനോട് പാര്‍ട്ടിയിലെ ഭൂരിഭാഗം പേരും യോജിക്കുന്നില്ല. പാര്‍ട്ടിയിലെ വനിതകളോടും രാഹുല്‍ അപമര്യാദയായി പെരുമാറിയെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വനിതാ നേതാക്കള്‍ രാഹുലിനെ പിന്തുണയ്ക്കാന്‍ തയ്യാറല്ല. ഈ പശ്ചാത്തലത്തില്‍, രാഹുലിനെ ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും. തല്‍ക്കാലം എംഎല്‍എ സ്ഥാനത്ത് നിന്നുള്ള രാജി ആവശ്യപ്പെടില്ല. ആറുമാസത്തെ സസ്‌പെന്‍ഷന്‍ കാലയളവില്‍ രാഹുലിന് എതിരായി അച്ചടക്ക സമിതി അന്വേഷണം പൂര്‍ത്തിയാക്കും. അച്ചടക്ക സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പ്രകാരം ആവശ്യമെങ്കില്‍ പുറത്താക്കും. അതിനിടെ എം എല്‍ എ സ്ഥാനം രാജി വയ്ക്കണമോയെന്ന് തീരുമാനം രാഹുലിന് വിട്ടു. നിലവിലെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയിലും രാഹുലിന്റെ പ്രതിച്ഛായ മോശമായിരിക്കുകയാണ്.
രണ്ട് വനിതാ കെ എസ് യു നേതാക്കള്‍ക്ക് മോശം സന്ദേശം
യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. പാര്‍ട്ടിയിലെ രണ്ട് വനിതാ കെ.എസ്.യു. പ്രവര്‍ത്തകര്‍ക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ മെസ്സേജ് അയച്ചെന്നും, തുടര്‍ന്ന് അവര്‍ പാര്‍ട്ടി പ്രവര്‍ത്തനം ഉപേക്ഷിച്ച് പോയെന്നുമാണ് ജില്ലാ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍. ജില്ലാ സെക്രട്ടറിയുടെ ഈ വിഷയത്തിലെ ഓഡിയോ സന്ദേശം പുറത്തുവന്നതോടെയാണ് വിവാദം കൂടുതല്‍ ആളിക്കത്തിയിരിക്കുന്നത്.
'തെറ്റിനെ ന്യായീകരിക്കേണ്ട ആവശ്യം നമുക്കില്ല, ന്യായീകരിക്കാന്‍ സമയവുമില്ല,' എന്നായിരുന്നു ജില്ലാ സെക്രട്ടറി ആഷിക് കരോട്ടിലിന്റെ വിമര്‍ശനം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളില്‍ 70 ശതമാനം പേര്‍ക്കും പരിചയമുള്ള പെണ്‍കുട്ടികള്‍ക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടാവാം എന്ന് ജില്ലാ വൈസ് പ്രസിഡന്റ് ചെറിയാന്‍ ജോര്‍ജും വിമര്‍ശനത്തില്‍ പങ്കുചേര്‍ന്നു. 'ഇത്ര വൃത്തികെട്ട ഒരാളെ എന്തിനാണ് നമ്മള്‍ ചുമക്കുന്നത്?' എന്ന ചോദ്യവും ഗ്രൂപ്പില്‍ ഉയര്‍ന്നിട്ടുണ്ട്.
കടുംപിടുത്തമെങ്കിലും രാജി അനിവാര്യം
എംഎല്‍എക്കെതിരെ വ്യാപകമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും രാജിവെക്കില്ലെന്ന നിലപാടിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. നിലവില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തുറന്നെഴുത്തുകള്‍, ശബ്ദസന്ദേശങ്ങള്‍, സ്‌ക്രീന്‍ഷോട്ടുകള്‍, നേരിട്ടുള്ള വെളിപ്പെടുത്തലുകള്‍ എന്നിങ്ങനെ വിവിധ രൂപങ്ങളില്‍ പരാതികളും തെളിവുകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. രാഹുലിനൊപ്പം ഉണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളില്‍ ഒരു വിഭാഗം രഹസ്യമായിട്ടെങ്കിലും രാജി ആവശ്യം ഉന്നയിക്കുന്നതായാണ് സൂചന.
എന്നാല്‍, സിപിഎം എം.എല്‍.എമാര്‍ക്കെതിരെ സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അവരാരും എം.എല്‍.എ സ്ഥാനം രാജിവെച്ചിട്ടില്ല എന്ന വാദമാണ് രാജിയെ തിര്‍ക്കുന്നവര്‍ ഉയര്‍ത്തുന്നത്. നടന്‍ എം. മുകേഷിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ധാര്‍മികതയുടെ പേരില്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചാല്‍ നിരപരാധിത്വം തെളിയിക്കപ്പെട്ടാല്‍ പോലും പദവി തിരിച്ചുലഭിക്കില്ലെന്ന സിപിഎമ്മിന്റെ അന്നത്തെ വിശദീകരണം രാഹുല്‍ മാങ്കൂട്ടത്തിലും ബാധകമാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ആരോപണങ്ങളല്ല തെളിവുകളാണ് രാഹുലിനെതിരെ ശക്തമായി നിലവിലുള്ളതെന്ന് സിപിഎം ചൂണ്ടിക്കാട്ടുന്നു.
പ്രതിപക്ഷമായ എല്‍.ഡി.എഫും ബി.ജെ.പിയും രാഹുല്‍ മാങ്കൂട്ടത്തിന്റെ രാജിക്കായി സമ്മര്‍ദ്ദം ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ രാഷ്ട്രീയ ഭാവി തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിക്കഴിഞ്ഞു.
്‌സംരക്ഷിച്ച് വളര്‍ത്തിയ രാഹുലിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കൈവിട്ടുകഴിഞ്ഞു. വിശ്വസിച്ച് കൂടെ കൂട്ടിയ യുവനേതാവിനെതിരെ തുടര്‍ച്ചയായി വെളിപ്പെടുത്തലുകളും പരാതികളും വരുന്നതില്‍ പ്രതിപക്ഷ നേതാവ് കടുത്ത അതൃപ്തിയിലാണ്. നല്‍കിയ സ്ഥാനമാനങ്ങളോടും അവസരങ്ങളോടും നീതി പുലര്‍ത്താത്ത ഒരാള്‍ ഇനി തന്റെ ടീമില്‍ വേണ്ട എന്ന നിലപാടിലേക്ക് വി.ഡി. സതീശന്‍ മാറിയതായാണ് വിവരം.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി ആദ്യ പടിയായിരുന്നെന്നും, കോണ്‍ഗ്രസ് ഒരു വ്യത്യസ്തമായ പാര്‍ട്ടിയാണെന്ന് തെളിയിക്കുമെന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. രാഹുലിനെ സംരക്ഷിക്കുന്നു എന്ന വിമര്‍ശനം പാര്‍ട്ടിയില്‍ ശക്തമാകുന്നതിനിടയിലാണ് പ്രതിപക്ഷ നേതാവ് ഈ നിലപാട് എടുത്തിരിക്കുന്നത്. എംഎല്‍എ സ്ഥാനം രാജി വെക്കുന്നതിലൂടെ എതിരാളികളുടെ വായടപ്പിച്ച് പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്. സാങ്കേതികത്വം പറഞ്ഞ് ഈ വിഷയത്തില്‍ നിന്നാല്‍ പാര്‍ട്ടി കൂടുതല്‍ പ്രതിരോധത്തിലാവുകയും നാണക്കേടിലേക്ക് പോകുകയും ചെയ്യുമെന്ന വിലയിരുത്തലിലാണ് പലരും.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ അടിമുടി പ്രതിരോധത്തിലായ പാര്‍ട്ടിയെ ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ എംഎല്‍എ സ്ഥാനം രാജിവെക്കുക എന്നതു മാത്രമാണ് ഏക പോംവഴിയെന്നാണ് പ്രധാന വാദം.