ബുര്‍ജ് ഖലീഫയ്ക്ക് തൊട്ടടുത്ത് ഷാഹേദ്-136 ഡ്രോണ്‍ പതിച്ചു; പാം ജുമൈറയില്‍ മിസൈല്‍ വീണ് തീപിടുത്തം; ഖമനേയി കൊല്ലപ്പെട്ടോ എന്ന് ദുരൂഹത; ഹോര്‍മുസ് കടലിടുക്ക് അടച്ച് ഇറാന്റെ യുദ്ധപ്രഖ്യാപനം; നൂറിലധികം യുഎസ് സൈനികര്‍ കൊല്ലപ്പെട്ടെന്ന് അവകാശവാദം; ഗള്‍ഫിലുടനീളം മിസൈല്‍ വര്‍ഷം; പ്രവാസികള്‍ കടുത്ത ഭീതിയില്‍; പശ്ചിമേഷ്യ മഹായുദ്ധത്തിലേക്കോ?

പശ്ചിമേഷ്യ മഹായുദ്ധത്തിലേക്കോ?

Update: 2026-02-28 17:10 GMT

ദുബായ്: അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാന്റെ പ്രതികാര നടപടികള്‍ ഗള്‍ഫ് മേഖലയെ നടുക്കിയിരിക്കുകയാണ്. ദുബായിലെ വിശ്വപ്രസിദ്ധമായ ബുര്‍ജ് ഖലീഫയ്ക്ക് തൊട്ടടുത്തായി ഇറാന്റെ ഷാഹേദ്-136 (Shahed-136) കാമികാസെ ഡ്രോണ്‍ പതിച്ചതും പാം ജുമൈറ ഹോട്ടലില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് തീപിടിച്ചതും ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതുമുള്‍പ്പെടെയുള്ള അതീവ ഗുരുതരമായ സാഹചര്യങ്ങളാണ് നിലവിലുള്ളത്.

ദുബായില്‍ മിസൈല്‍ ആക്രമണം

ദുബായിലെ ബുര്‍ജ് ഖലീഫയ്ക്ക് തൊട്ടടുത്തായി ഇറാന്റെ ഷാഹേദ്-136 (Shahed-136) കാമികാസെ ഡ്രോണ്‍ പതിച്ചതായി ദൃക്സാക്ഷി വിവരണങ്ങളും വീഡിയോ ദൃശ്യങ്ങളും സൂചിപ്പിക്കുന്നു. നഗരത്തില്‍ നിന്ന് പുകപടലങ്ങള്‍ ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യുഎഇ വ്യോമ പ്രതിരോധ സംവിധാനം ഡ്രോണുകളെ വിജയകരമായി തടഞ്ഞുവെന്നും നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ സ്ഥിരീകരിച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ബുര്‍ജ് ഖലീഫയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതിനെത്തുടര്‍ന്നാണ് അധികൃതര്‍ ഈ നടപടി സ്വീകരിച്ചത്.

ദുബായ് സിറ്റി വാക്കിന് സമീപം പുക ഉയരുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മിസൈല്‍ അവശിഷ്ടമാണോ, തകര്‍ക്കപ്പെട്ട ഡ്രോണാണോ അതോ മറ്റെന്തെങ്കിലും വസ്തുവാണോ ഈ സ്‌ഫോടനത്തിന് കാരണമായതെന്ന് യുഎഇ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടെ, പാം ജുമൈറയിലെ ഫെയര്‍മോണ്ട് ഹോട്ടലിലും മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്ക് തൊട്ടടുത്തായി ഇറാന്റെ ഷാഹേദ്-136 ഡ്രോണ്‍ പതിച്ചത് അതീവ ഗുരുതരമായ സാഹചര്യമാണ്. ഡ്രോണ്‍ തകര്‍ക്കപ്പെട്ടതാണെങ്കിലും അതിന്റെ അവശിഷ്ടങ്ങള്‍ നഗരമധ്യത്തില്‍ പതിച്ചത് വലിയ പരിഭ്രാന്തിയുണ്ടാക്കി.

പാം ജുമൈറയിലെ ആഘാതം

ദുബായിലെ ആഡംബര കേന്ദ്രമായ പാം ജുമൈറയിലെ ഫെയര്‍മോണ്ട് ഹോട്ടലില്‍ ഹോട്ടലില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചതിനെത്തുടര്‍ന്ന് വന്‍ തീപിടുത്തമുണ്ടായി. നാല് പേര്‍ക്ക് പരിക്കേറ്റതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.വിനോദസഞ്ചാരികള്‍ക്കും പ്രവാസികള്‍ക്കും ഏറെ പ്രിയപ്പെട്ട ഈ മേഖലയില്‍ സ്‌ഫോടനങ്ങള്‍ കേട്ടത് നഗരത്തിലെ സുരക്ഷാ ക്രമീകരണങ്ങളെ വെല്ലുവിളിക്കുന്നതാണ്.



ദുബായില്‍ നടുക്കം

ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളിലൊന്നായി കരുതപ്പെടുന്ന ദുബായില്‍ സ്‌ഫോടനങ്ങള്‍ മുഴങ്ങിയത് പ്രവാസി സമൂഹത്തെ വലിയ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഇന്‍ഫ്‌ലുവന്‍സര്‍ ഹോഫിറ്റ് ഗോലാന്‍ ഉള്‍പ്പെടെയുള്ളവര്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ പാം ജുമൈറയിലെ ആഡംബര ഹോട്ടല്‍ കത്തുന്നതും മിസൈലുകള്‍ ആകാശത്ത് പ്രത്യക്ഷപ്പെടുന്നതും കാണാം. 'എല്ലായിടത്തും ബോംബുകള്‍ വീഴുകയാണ്' എന്ന ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഈ പ്രത്യാക്രമണങ്ങള്‍ ഉണ്ടായതെന്നത് സ്ഥിതിഗതികളുടെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു.


Full View

ലക്ഷക്കണക്കിന് മലയാളികള്‍ താമസിക്കുന്ന ദുബായില്‍ ഇത്തരമൊരു സാഹചര്യം ഉണ്ടാകുന്നത് കേരളത്തിലും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനം ശക്തമായി പ്രവര്‍ത്തിക്കുന്നതിനാല്‍ വലിയ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും, മിസൈല്‍ അവശിഷ്ടങ്ങള്‍ വീഴാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ തുടരാന്‍ നിര്‍ദ്ദേശമുണ്ട്.

ഹോര്‍മുസ് കടലിടുക്ക് അടച്ചു

ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചു. തങ്ങളുടെ അനുവാദമില്ലാതെ ഒരു കപ്പലിനെയും കടത്തിവിടില്ലെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് പ്രഖ്യാപിച്ചു. ആഗോള എണ്ണക്കടത്തിനെ ഇത് സാരമായി ബാധിക്കും.

യൂറോപ്യന്‍ യൂണിയന്റെ നാവിക ദൗത്യമായ 'അസ്‌പൈഡ്സില്‍' (Aspides) ഉള്‍പ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ ശനിയാഴ്ച വ്യക്തമാക്കിയത് പ്രകാരം, മേഖലയിലെ വാണിജ്യ കപ്പലുകള്‍ക്ക് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡില്‍ നിന്ന് വിഎച്ച്എഫ് (VHF) റേഡിയോ സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. 'ഹോര്‍മുസ് കടലിടുക്കിലൂടെ (Strait of Hormuz) ഒരു കപ്പലിനെയും കടന്നുപോകാന്‍ അനുവദിക്കില്ല' എന്ന മുന്നറിയിപ്പാണ് ഈ സന്ദേശങ്ങളിലുള്ളതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇത്തരമൊരു ഉത്തരവ് ഇറാന്‍ ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.





എന്നാല്‍, ഇറാനെതിരായ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഈ ഇടുങ്ങിയ കടല്‍പ്പാത ഉപരോധിക്കുമെന്ന് ടെഹ്റാന്‍ മുന്‍പും പലതവണ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കപ്പലുകള്‍ക്ക് ഇറാന്‍ സൈന്യം റേഡിയോ സന്ദേശം വഴി നല്‍കിയ താക്കീത് അന്താരാഷ്ട്ര നാവിക ദൗത്യങ്ങളെയും ആശങ്കയിലാക്കുന്നു. ഇത് എണ്ണവില കുതിച്ചുയരാന്‍ കാരണമാകും.

അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി അവകാശവാദം

ശനിയാഴ്ച നടന്ന സൈനിക നീക്കങ്ങളില്‍ ഇറാന്‍ 14 സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടതായും നൂറുകണക്കിന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (IRGC) ഖാത്തം അല്‍ അന്‍ബിയ കമാന്‍ഡ് വക്താവ് അവകാശപ്പെട്ടു. ഇറാനിലെ മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഈ ആക്രമണങ്ങള്‍ തങ്ങളുടെ പ്രതികാര നടപടികളുടെ ഭാഗമാണെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എങ്കിലും, ഇത്രയധികം ആളപായം ഉണ്ടായതിനെക്കുറിച്ചോ ആക്രമണത്തിന്റെ വ്യാപ്തിയെക്കുറിച്ചോ അമേരിക്കയുടെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

ഖത്തറിലെ യുഎസ് സേനാ താവളങ്ങള്‍, കുവൈറ്റ് വിമാനത്താവളം, അബുദാബി, ബഹ്‌റൈന്‍ എന്നിവിടങ്ങളിലും ഇറാന്‍ ആക്രമണം നടത്തി. കുവൈറ്റ് വിമാനത്താവളത്തില്‍ ഡ്രോണ്‍ പതിച്ച് ജീവനക്കാര്‍ക്ക് പരിക്കേറ്റു.

യുഎന്‍ അടിയന്തര യോഗം

പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്രസഭ രക്ഷാസമിതി (UNSC) ഇന്ന് രാത്രി അടിയന്തര യോഗം ചേരും. അതീവ ഗുരുതരമായ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായി ഐക്യരാഷ്ട്രസഭ രക്ഷാസമിതി (UNSC) ഇന്ന് രാത്രി അടിയന്തര യോഗം ചേരും. ടെഹ്റാനില്‍ അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത സൈനിക ആക്രമണത്തെത്തുടര്‍ന്നാണ് ഈ നീക്കം.

ന്യൂയോര്‍ക്ക് പ്രാദേശിക സമയം വൈകുന്നേരം 4 മണിക്കും ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30-നുമാണ് 15 അംഗ സമിതി യോഗം ചേരുന്നതെന്ന് യുഎന്‍ നയതന്ത്രജ്ഞര്‍ അറിയിച്ചു. നിലവില്‍ കൗണ്‍സില്‍ അധ്യക്ഷസ്ഥാനം വഹിക്കുന്ന ബ്രിട്ടനാണ് യോഗത്തില്‍ അധ്യക്ഷത വഹിക്കുന്നത്. റഷ്യ, ചൈന, ഫ്രാന്‍സ്, ബഹ്റൈന്‍, കൊളംബിയ എന്നീ രാജ്യങ്ങളുടെ ആവശ്യപ്രകാരമാണ് യോഗം വിളിച്ചുചേര്‍ത്തത്. അതേസമയം, ഇറാനിലെ അമേരിക്കന്‍-ഇസ്രായേല്‍ ആക്രമണത്തെയും ഇറാന്റെ പ്രത്യാക്രമണങ്ങളെയും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു.

ഇന്ത്യന്‍ പ്രവാസികള്‍ ജാഗ്രതയില്‍

ഗള്‍ഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങള്‍ ലക്ഷ്യമിട്ടുള്ള ഡ്രോണ്‍ ആക്രമണങ്ങളും ആകാശപരിധി അടച്ചതും കാരണം ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങാനാവാതെ കുടുങ്ങിക്കിടക്കുകയാണ്. വിദേശകാര്യ മന്ത്രാലയം ഓരോ മണിക്കൂറിലും സാഹചര്യം നിരീക്ഷിച്ചു വരികയാണ്.

Tags:    

Similar News