'2026ന്റെ തുടക്കത്തില്‍ കിഴക്കുനിന്നും ഒരു 'മഹായുദ്ധം' ആരംഭിക്കും; ഈ യുദ്ധം ഏറ്റവും കൂടുതല്‍ ബാധിക്കുക യൂറോപ്പിനെ; അവിടുത്തെ ഭൂമി പാഴ്നിലമായി മാറും; ഈ സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ റഷ്യ ലോകത്തെ പ്രധാന ശക്തിയായി മാറും'; ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷം മൂന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കമോ? ബാബ വംഗയുടെ പ്രവചനങ്ങള്‍ ചര്‍ച്ചയാക്കി സോഷ്യല്‍മീഡിയ
ടെഹ്‌റാന്‍: അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനിലെ വിവിധ കേന്ദ്രങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് പശ്ചിമേഷ്യ കടുത്ത ആശങ്കയിലാണ്. ഇറാന്‍ തിരിച്ച് ആക്രമിച്ചതോടെ ലോകം മറ്റൊരു വലിയ യുദ്ധഭീതിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ഏറ്റവും ശക്തമായ സൈനിക ശേഷിയുള്ള രാജ്യങ്ങളാണ് ഏറ്റുമുട്ടുന്നത്. ഇതിനിടെ അന്തരിച്ച ബള്‍ഗേറിയന്‍ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. 2026ല്‍ മൂന്നാം ലോകമഹായുദ്ധം ഉണ്ടാകുമെന്ന് ബാബ വാംഗ പ്രവചിച്ചിട്ടുണ്ട്. ഈ സൈനികാക്രമണങ്ങള്‍ അതിന്റെ തുടക്കമാണെന്ന് പലരും പറയുന്നു.
2026-ന്റെ തുടക്കത്തില്‍ കിഴക്കുനിന്നും ഒരു 'മഹായുദ്ധം' (Great War) ആരംഭിക്കുമെന്ന് വംഗ പ്രവചിച്ചിരുന്നതായി അവരുടെ അനുയായികള്‍ അവകാശപ്പെടുന്നു. ഇതിനെ ഏറ്റുപിടിച്ച് സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. 1996-ല്‍ അന്തരിച്ച ബള്‍ഗേറിയന്‍ പ്രവാചകയായ വംഗ, 2026-ന്റെ തുടക്കത്തില്‍ ലോകത്തെ പിടിച്ചുകുലുക്കുന്ന ഒരു വലിയ യുദ്ധം ഉണ്ടാകുമെന്ന് നേരത്തെ പ്രവചിച്ചിരുന്നതായും ആ യുദ്ധത്തിനാണ് ഇപ്പോള്‍ തുടക്കമായിരിക്കുന്നത് എന്നു തരത്തിലുമാണ് സാമൂഹികമാധ്യമങ്ങളിലെ ചര്‍ച്ച. പ്രവചനപ്രകാരം ഈ യുദ്ധം യൂറോപ്പിനെയായിരിക്കും ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്നും അവിടുത്തെ ഭൂമി പാഴ്നിലമായി മാറുമെന്നും വംഗ പ്രവചിച്ചിരുന്നു. ഈ സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ റഷ്യ ലോകത്തെ പ്രധാന ശക്തിയായി മാറുമെന്നും പ്രവചനത്തിലുണ്ട്. ഈ സംഘര്‍ഷം ക്രമേണ ലോകമെമ്പാടും പടരാന്‍ സാധ്യതയുണ്ടെന്ന് വംഗയുടെ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു.
കിഴക്ക് നിന്ന് ആരംഭിക്കുന്ന സംഘര്‍ഷം മഹായുദ്ധത്തിലേക്ക് നയിക്കുമെന്നാണ് വാംഗ പ്രവചിച്ചിരുന്നത്. ഇപ്പോള്‍ അമേരിക്കയും ഇസ്രയേലും ഇറാനിനെതിരെ ആക്രമണം നടത്തുമ്പോള്‍ വാംഗയുടെ പ്രവചനം കൂടുതല്‍ ചര്‍ച്ചയാകുകയാണ്. നിലവിലെ ആക്രമണങ്ങള്‍ ലോകമെമ്പാടും വ്യാപിക്കുമെന്നും മഹായുദ്ധത്തിലേക്ക് എത്തുമെന്നുമാണ് വാംഗ പ്രവചിച്ചത്. മറ്റ് രാജ്യങ്ങള്‍ കൂടി ഈ ആക്രമണത്തില്‍ പിന്തുണ പ്രഖ്യാപിക്കുന്നതോടെ ഇത് വലിയ യുദ്ധത്തിലേക്ക് നയിക്കുമെന്നും പലരും കരുതുന്നു.
ആരാണ് ബാബ വാംഗ
വാംഗെലിയ പാണ്ഡെവ ഗുഷ്ട്ടെറോവ എന്നാണ് ബാബ വാംഗയുടെ യഥാര്‍ത്ഥ പേര്. 1911 ജനുവരി 31ന് ആണ് ജനനം. ദാരിദ്ര്യമടക്കമുള്ള പ്രയാസങ്ങള്‍ നേരിട്ടാണ് വളര്‍ന്നത്. പന്ത്രണ്ടാം വയസില്‍ ചുഴലിക്കാറ്റില്‍ കാഴ്ചശക്തി പൂര്‍ണമായും നഷ്ടമായി. കാഴ്ച പോയതിന് ശേഷമാണ് അവര്‍ക്ക് ഭാവി പ്രവചിക്കാനുള്ള അത്ഭുത സിദ്ധി ലഭിച്ചതെന്നാണ് കരുതപ്പെടുന്നത്. വിപ്ലവകാരി എന്ന് മുദ്രകുത്തി ബാബ വാംഗയുടെ അച്ഛനെ അധികൃതര്‍ ജയിലിലടച്ചിരുന്നു. കുട്ടിക്കാലത്ത് തന്നെ അമ്മയേയും നഷ്ടമായി. ഇതോടെ ബന്ധുവീടുകളില്‍ മാറി മാറിത്താമസിച്ചു. പിന്നീട് ബള്‍ഗേരിയന്‍ സൈനികനെ വിവാഹം കഴിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമാണ് വാംഗ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.ബള്‍ഗേറിയന്‍ രാജാവ് അടക്കം അവരെ കാണാനെത്തിയിരുന്നുവെന്ന് പറയപ്പെടുന്നു. 1996ലാണ് ബാബ വാംഗ അന്തരിച്ചത്. വാംഗയുടെ മരണശേഷം അവരുടെ പ്രവചനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ട്രെന്‍ഡായി. ഇതെങ്ങനെ സംഭവിച്ചുവെന്ന് പലര്‍ക്കും അത്ഭുതമായി. പല സന്ദര്‍ഭങ്ങളിലുള്ള അവരുടെ പ്രവചനങ്ങള്‍ ജോലിക്കാര്‍ എഴുതി സൂക്ഷിച്ചിരുന്നെന്നാണ് പറയപ്പെടുന്നത്.
ആശങ്കയില്‍ ലോകരാജ്യങ്ങള്‍
ടെഹ്‌റാനിലെ സുപ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ചുള്ള ഈ നീക്കം ആണവായുധ ഭീഷണി ഇല്ലാതാക്കാനാണ് എന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വ്യക്തമാക്കിയത്. ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഓഫീസിന് സമീപമാണ് ആദ്യ ആക്രമണങ്ങള്‍ നടന്നത്, ഇതിനെത്തുടര്‍ന്ന് അദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
നിലവില്‍ ഇരുരാജ്യങ്ങളും തങ്ങളുടെ വ്യോമപാതകള്‍ അടച്ചിരിക്കുകയാണ്, ഇത് ലോകമെമ്പാടും വലിയ ഭീതിക്ക് കാരണമായിട്ടുണ്ട്. നിലവിലെ ഈ സാഹചര്യങ്ങള്‍ ബാബ വംഗയുടെ പ്രവചനങ്ങളുമായി ഒത്തുപോകുന്നതാണെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെടുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുഎസിന്റെ സൈനിക നീക്കത്തെ ന്യായീകരിക്കുകയും ഇറാനിലെ ജനങ്ങളോട് തങ്ങളുടെ ഗവണ്‍മെന്റിനെ ഏറ്റെടുക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. അതേസമയം, യുഎസ്-ഇസ്രയേല്‍ സംയുക്ത ആക്രമണത്തിന് മറുപടിയായി ഇറാന്‍ 'ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 4' (Operation 'True Promise 4') ആരംഭിച്ചു.
യുഎസ് നാവികസേനയുടെ കപ്പലുകള്‍ക്കും സൈനിക താവളങ്ങള്‍ക്കും നേരെ ഇറാന്‍ ആക്രമണം നടത്തി. ഇതിന്റെ ഭാഗമായി റിയാദ്, ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ സ്ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ഇറാനും ഇസ്രായേലും തങ്ങളുടെ വ്യോമപാതകള്‍ പൂര്‍ണ്ണമായും അടച്ചിരിക്കുകയാണ്. വംഗയുടെ പ്രവചനങ്ങള്‍ പോലെ ഇതൊരു വലിയ ആഗോള ദുരന്തത്തിലേക്ക് വഴിമാറുമോ എന്ന ആശങ്കയിലാണ് ലോകം.
