ഇരട്ടിത്തീരുവയെ ഇന്ത്യ ഗൗനിക്കാതെ വന്നതോടെ ട്രംപിന് കിളി പോയോ? ഇന്ത്യ- പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാറിന് പിന്നില്‍ താനെന്ന ആവര്‍ത്തിച്ച വീണ്ടും രംഗത്ത്; '24 മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തിയില്ലെങ്കില്‍ വ്യാപാരം നിര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തി; ഓപ്പറേഷന്‍ സിന്ദൂറില്‍ 7 വിമാനങ്ങള്‍ വെടിവച്ചിട്ടു' എന്നും യുഎസ് പ്രസിഡന്റിന്റെ അവകാശവാദം

ഇരട്ടിത്തീരുവയെ ഇന്ത്യ ഗൗനിക്കാതെ വന്നതോടെ ട്രംപിന് കിളി പോയോ?

Update: 2025-08-26 07:02 GMT

വാഷിങ്ടന്‍: ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയ ഇരട്ടിത്തീരുവയെ പ്രധാനമന്ത്രി മോദിയും കൂട്ടരും ഗൗനിക്കാത്ത നിലപാട് വന്നതോടെ അമേരിക്കന്‍ പ്രസിഡന്റ് വീണ്ടും ഇന്ത്യക്കെതിരെ പ്രകോപന നിലപാടുമായി രംഗത്ത്. ഇന്ത്യ റഷ്യയും ചൈനയുമായി കൂടുതല്‍ അടുക്കുകയും മറ്റു ലോകരാജ്യങ്ങളുമായുള്ള വ്യാപാര ബന്ധങ്ങള്‍ ഊര്‍ജ്ജിതമാക്കുകയും ചെയ്യുമ്പോള്‍ ട്രംപ് വീണ്ടും ഇന്ത്യയെ ചൊറിഞ്ഞു കൊണ്ട് രംഗത്തുവന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കിയതിനു പിന്നില്‍ താനാണെന്ന് ആവര്‍ത്തിച്ചു കൊണ്ടാണ് ട്രംപ് വീണ്ടും എത്തിയത്.

ഏഴു വിമാനങ്ങള്‍ വെടിവച്ചിട്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അഞ്ച് വിമാനങ്ങള്‍ വെടിവച്ചിട്ടെന്നാണ് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഏതു രാജ്യം, ഏതൊക്കെ വിമാനങ്ങള്‍ വെടിവച്ചിട്ടുവെന്നതില്‍ വ്യക്തത വരുത്താന്‍ അദ്ദേഹം തയാറായില്ല. ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാന്റെ അഞ്ച് യുദ്ധവിമാനങ്ങള്‍ ഇന്ത്യ വെടിവച്ചിട്ടെന്നു രണ്ടാഴ്ച മുന്‍പ് വ്യോമസേന മേധാവി എയര്‍ചീഫ് മാര്‍ഷല്‍ എ.പി.സിങ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഏഴു വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് ട്രംപ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.

ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനമായ എസ്400 ആണ് ഈ യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടതെന്നായിരുന്നു വ്യോമസേനാ മേധാവി പറഞ്ഞത്. അഞ്ച് ജെറ്റുകളെ കൂടാതെ, ഒരു എയര്‍ബോണ്‍ ഏര്‍ലി വാണിങ് ആന്‍ഡ് കണ്‍ട്രോളും (എഇഡബ്ല്യു ആന്‍ഡ് സി) തകര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യമായതിന്റെ പിന്നില്‍ യുഎസുമായുള്ള വ്യാപാരമാണെന്നും ട്രംപ് ആവര്‍ത്തിച്ചു. ''24 മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ നടപ്പിലായില്ലെങ്കില്‍ വ്യാപാരം നിര്‍ത്തിവയ്ക്കുമെന്ന് യുഎസ് ഭീഷണിപ്പെടുത്തി. നിങ്ങള്‍ക്ക് വ്യാപരമല്ലേ വേണ്ടത്. യുദ്ധം ചെയ്തുകൊണ്ടിരുന്നാല്‍ നിങ്ങളുമായി ഒരു വ്യാപാരവും ഞങ്ങള്‍ നടത്തില്ല. 24 മണിക്കൂറിനുള്ളില്‍ തീരുമാനം എടുക്കണമെന്നു പറഞ്ഞു, അവരത് എടുത്തു. ഞാനിത് പലവട്ടം പ്രയോഗിച്ചിട്ടുണ്ട്. പരിഹാരം കാണാന്‍ വ്യാപാരമോ മറ്റെന്തെങ്കിലുമോ ആണ് വേണ്ടതെങ്കില്‍ ഞാനത് ഉപയോഗിച്ചിട്ടുണ്ട്.'' ട്രംപ് പറഞ്ഞു.

അതിനിടെ ഇന്ത്യക്ക് മേല്‍ യുഎസ് ചുമത്തിയ അധികതീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യക്കുമേല്‍ 50 ശതമാനം അധികതീരുവയാണ് ചുമത്തിയത്. നാളെ പുലര്‍ച്ചെ 12.01 മുതല്‍ പുതിയ തീരുവ പ്രാബല്യത്തില്‍ വരുമെന്ന് യുഎസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗികമായ നോട്ടീസ് യുഎസ് ഹോം ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കി. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനാലാണ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി തീരുവ ഏര്‍പ്പെടുത്തിയത് എന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു.

തീരുവ തര്‍ക്കം പരിഹരിക്കുന്നതുവരെ ഇന്ത്യയുമായി ഒരു വ്യാപാര ചര്‍ച്ചയ്ക്കും ഇല്ലെന്ന് ട്രംപ് അറിയിച്ചിരുന്നു. നിലവിലെ പ്രശ്‌നങ്ങള്‍ അവസാനിക്കും വരെ കരാറില്‍ തുടര്‍ചര്‍ച്ചകള്‍ വേണ്ടെന്ന നിലപാടായിരുന്നു ട്രംപ് സ്വീകരിച്ചിരുന്നത്. അതേസമയം, അധിക തീരുവ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ അറിയിച്ചിരുന്നു. യുഎസില്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ വില വര്‍ധിക്കുന്നതോടെ, ക്രമേണ കയറ്റുമതി കുറയുമെന്നുമാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

അധികത്തീരുവ പ്രാബല്യത്തില്‍ വരാനിരിക്കെ റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ പ്രതികരിച്ചിരുന്നു. മികച്ച ഡീല്‍ ലഭിക്കുന്നത് എവിടെയാണോ, അവിടെ നിന്നും എണ്ണ വാങ്ങുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസിന് നല്‍കിയ അഭിമുഖത്തിലാണ് വിനയ് കുമാറിന്റെ പ്രസ്താവന.

രാജ്യത്തെ 1.4 ബില്യണ്‍ ജനങ്ങള്‍ക്ക് ഊര്‍ജ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 50 ശതമാനം ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തിയാലും , ഇന്ത്യന്‍ സര്‍ക്കാര്‍ ദേശീയ താല്‍പ്പര്യം സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News