ദര്‍ഷിതയും സിദ്ധരാജുവും അയല്‍വാസികള്‍; ഇരുവരും തമ്മിലുള്ള സൗഹൃദം ദൃഢമായത് ഏഴുവര്‍ഷത്തോളമായി; ഇരിക്കൂര്‍ സ്വദേശിയുമായുള്ള വിവാഹ ശേഷവും സൗഹൃദം തുടര്‍ന്നു; ആണ്‍സുഹൃത്തിനെ ഭര്‍ത്താവ് അറിയാതെ സാമ്പത്തികമായി സഹായിച്ചു ദര്‍ഷിത; സ്വര്‍ണവും പണവുമായി വരാന്‍ നിര്‍ദേശിച്ചതും സിദ്ധരാജു; തനിക്ക് കിട്ടിയത് രണ്ട് ലക്ഷം മാത്രമെന്ന് പ്രതി; ആ 30 പവന്‍ എവിടെ?
ദര്‍ഷിതയും സിദ്ധരാജുവും അയല്‍വാസികള്‍; ഇരുവരും തമ്മിലുള്ള സൗഹൃദം ദൃഢമായത് ഏഴുവര്‍ഷത്തോളമായി
മൈസൂരു: കര്‍ണാടകത്തിലെ സാലി ഗ്രാമത്തില്‍ നിന്നും തുടങ്ങിയ സൗഹൃദമാണ് ദര്‍ഷിത എന്ന കണ്ണൂരിലെ വീട്ടമ്മയുടെ ജീവനെടുത്തത്. നാട്ടില്‍ കുഴപ്പക്കാരിയല്ലാത്ത പെണ്‍കുട്ടിയായ അറിയിപ്പെട്ട ദര്‍ഷിത കര്‍ണാടകത്തിലെ ലോഡ്ജില്‍ അതിക്രൂരമായി കൊല്ലപ്പെട്ടു എന്ന വാര്‍ത്ത അറിഞ്ഞ് നടുക്കത്തിലാണ് ഇരിക്കൂറിലെ നാട്ടുകാര്‍.
കണ്ണൂര്‍ ജില്ലയില്‍ ഇരിക്കൂറിലെ പുള്ളിവേട്ടയ്ക്കൊരു മകന്‍ ക്ഷേത്രത്തിനു സമീപം കെ.സി. സുമയുടെ മകന്‍ സുഭാഷിന്റെ ഭാര്യ ദര്‍ശിതയെ (23) ആണ് കര്‍ണാടകയിലെ സാലിഗ്രാമത്തിലെ ലോഡ്ജില്‍ ഞായറാഴ്ച വൈകീട്ട് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. സംഭവത്തില്‍ ആണ്‍സുഹൃത്ത് കര്‍ണാടക പെരിയപ്പട്ടണം സ്വദേശി സിദ്ധരാജുവിനെ (28) സാലിഗ്രാമം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സുഭാഷ് വിദേശത്താണ് ജോലി ചെയ്യുന്നത്.
യുവതിയുടെ തിരോധാനം അന്വേഷിച്ച കേരളാ പോലീസ് ലോഡ്ജ് മുറിയില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കേരള പോലീസ് കര്‍ണാടകയിലെത്തി പ്രതിയെ ചോദ്യം ചെയ്തു. ഇതോടെയാണ് ഇരിക്കൂറിലെ വീട്ടില്‍നടന്ന മോഷണത്തിന്റെ ചുരുളഴിഞ്ഞത്. സിദ്ധരാജുവിന്റെ പ്രേരണയാല്‍ ദര്‍ഷിത സ്വര്‍ണവും പണവുമായി കടന്നുകളയുകയായിരുന്നു എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. അതേസമയം നാട്ടില്‍ നിന്നും കൊണ്ടുപോയ സ്വര്‍ണത്തില്‍ രണ്ട് ലക്ഷം രൂപ മാത്രമാണ് യുവതി സിദ്ധരാജുവിനെ ഏല്‍പ്പിച്ചത്. ഇതോടെ 30 പവനും മറ്റു സ്വര്‍ണവും എവിടെയാണെന്ന അന്വേഷണത്തിലാണ് പോലീസ്.
യുവതി രണ്ടുലക്ഷം രൂപ തനിക്ക് തന്നതായി സിദ്ധരാജു പോലീസിനോട് പറഞ്ഞു. ഈ പണം സാലിഗ്രാം പോലീസ് ലോഡ്ജ് മുറിയില്‍നിന്ന് കണ്ടെത്തിയിരുന്നു. ബാക്കി പണവും സ്വര്‍ണവും യുവതി സ്വന്തംവീട്ടില്‍ സൂക്ഷിച്ചിരിക്കാനാണ് സാധ്യതയെന്ന് പോലീസ് അറിയിച്ചു. ഇതേക്കുറിച്ച് പോലീസ് പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഇരിക്കൂറിലെ ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് 30 പവനും അഞ്ച് ലക്ഷം രൂപയുമെടുത്താണ് യുവതി രണ്ടര വയസ്സുള്ള മകളേയുംകൂട്ടി സ്വന്തം നാടായ കര്‍ണാടകയിലെത്തുന്നത്. മകളെ സ്വന്തം വീട്ടിലാക്കി യുവതി സിദ്ധരാജുവിനൊപ്പം മൈസൂരിലെത്തുകയായിരുന്നു. ഇരിക്കൂറിലെ വീട്ടില്‍ നടന്ന മോഷണക്കേസ് അന്വേഷിക്കുന്നതിനാണ് കേരള പോലീസ് തിങ്കളാഴ്ച കര്‍ണാടകയിലെത്തി സിദ്ധരാജുവിനെ ചോദ്യം ചെയ്തത്.
ഇരിട്ടി ഡിവൈഎസ്പി പി.കെ. ധനഞ്ജയബാബു, ഇരിക്കൂര്‍ സിഐയുടെ ചുമതലയുള്ള കെ.ജെ. വിനോയ്, ഡിവൈഎസ്പിയുടെ സ്‌ക്വാഡംഗങ്ങളായ എ.എം. സിജോയ്, കെ.ജെ. ജയദേവന്‍, പി. രതീഷ്, കെ.പി. നിജീഷ്, വി. ഷാജി എന്നിവരാണ് കര്‍ണാടകയിലെത്തി പ്രതിയെ ചോദ്യം ചെയ്തത്. കേരളാ പോലീസിന്റെ കണ്ടെത്തലും ഇരുവരും തമ്മലുള്ള ബന്ധത്തിലേക്ക് വഴിചൂണ്ടുന്നതാണ്.
കര്‍ണാടകത്തിലെ ഗ്രാമത്തിലെ അയല്‍വാസികളായിരുന്നു സിദ്ധരാജുവും യുവതിയും. കഴിഞ്ഞ ഏഴുവര്‍ഷമായി ഇരുവരും സൗഹൃദത്തിലായിരുന്നു. ഇതിനിടെയാണ് ഇരുക്കൂര്‍ സ്വദേശിയായ സുഭാഷുമായുള്ള യുവതിയുടെ വിവാഹം നടക്കുന്നത്. വിവാഹശേഷവും ഇവര്‍ തമ്മിലുള്ള സൗഹൃദം തുടരുകയായിരുന്നു. കര്‍ണാടകത്തില്‍ സ്വന്തം വീട്ടിലെത്തിയപ്പോഴൊക്കം യുവതി സിദ്ധരാജിനെയും കണ്ടിരുന്നു എന്നാണ് അറിയുന്നത്. യുവാവുമായുള്ള ബന്ധം തുടര്‍ന്ന യുവതി പലപ്പോഴായി പണവും നല്‍കിയിരുന്നു.
ഇതിനിടെയാണ് ഭര്‍തൃവീട്ടില്‍ വീട്ടില്‍നിന്നു പണം മോഷ്ടിച്ച വിവരം ദര്‍ശിത, സിദ്ധരാജുവിനെ അറിയിച്ചത്.. പണവുമായി കര്‍ണാടകയിലെത്താന്‍ സിദ്ധരാജുവാണ് യുവതിയോട് പറഞ്ഞത്. യുവാവിന്റെ പ്രേരണയാലാണ് ദര്‍ഷിത പണം മോഷ്ടിച്ചതെന്നും സംശയിക്കുന്നു. പെരിയപ്പട്ടണത്ത് സ്വന്തമായി ഇലക്ട്രിക്കല്‍ ആന്‍ഡ് ഹാര്‍ഡ്വേര്‍ കട നടത്തുകയാണ് സിദ്ധരാജു. എന്നാല്‍, ലോഡ്ജ് മുറിയില്‍വെച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും കൊലയില്‍ കലാശിക്കുകയുമായിരുന്നു.
യുവതിയുടെ വായില്‍ ഇലക്ട്രിക് ഡിറ്റനേറ്റര്‍ വെച്ച് പൊട്ടിച്ചാണ് കൊലപ്പെടുത്തിയത്. ഉടന്‍ പുറത്തുകടന്ന സിദ്ധരാജു മുറി പുറത്തുനിന്ന് പൂട്ടുകയായിരിന്നെന്ന് പോലീസ് അറിയിച്ചു. ഡിറ്റനേറ്റര്‍ പൊട്ടിത്തെറിച്ച് യുവതിയുടെ മുഖം വികൃതമായ നിലയിലായിരുന്നു. ചാര്‍ജര്‍ പൊട്ടിത്തെറിച്ചുള്ള അപകടമായി കൊലപാതകത്തെ മാറ്റാനായിരുന്നു ശ്രമം.
പണം വീതം വെക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നടന്നിട്ടുണ്ടാകാം എന്നാണ് പൊലീസ് കരുതുന്നത്. കസ്റ്റഡിയിലെടുത്ത സിദ്ധരാജിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മോഷണശ്രമത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതും പൊലീസ് അന്വേഷിച്ച് വരികയാണ്. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ ദര്‍ശിതയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.