'സാക്ഷി' ചിന്നയ്യ സൈക്കോയെന്ന് ആദ്യ ഭാര്യ; തന്നെയും മക്കളെയും നിരന്തരം മര്‍ദിച്ചിരുന്നു; വെളിപ്പെടുത്തല്‍ പണത്തിനുവേണ്ടി; മൃതദേഹങ്ങള്‍ കുഴിച്ചിട്ടിട്ടില്ല എന്ന് കൂടെ ജോലി ചെയ്തയാളും; ആക്ഷന്‍ കമ്മറ്റിക്കാര്‍ പ്രതിക്കൂട്ടില്‍; ലോറിക്കാരന്‍ മനാഫിനുനേരെയും അന്വേഷണം; ധര്‍മ്മസ്ഥലയില്‍ വാദി പ്രതിയായി!
ധര്‍മ്മസ്ഥലയില്‍ വാദി പ്രതിയായി!
ഒന്നിന് പിന്നാലെ ഒന്നായി ട്വിസ്റ്റുകള്‍ വരുന്ന സസ്പെന്‍സ് ത്രില്ലര്‍ സിനിമ പോലെയാവുകയാണ്, ധര്‍മ്മസ്ഥല ശ്രീ മഞ്ജുനാഥക്ഷേത്രത്തിലെ കൂട്ടശവസംസ്‌ക്കാര കേസുകള്‍. 1995നും 2014നുമിടയില്‍ ധര്‍മസ്ഥല ക്ഷേത്രത്തില്‍ ജോലി ചെയ്യുന്ന സമയത്ത് കൈകാല്‍ വെട്ടിയതും, ബലാല്‍സംഗം ചെയ്യപ്പെട്ട നിലയിലുമുള്ള നൂറോളം മൃതദേഹങ്ങള്‍, ക്ഷേത്രം ഭരണാധികാരികളുടെ നിര്‍ദേശത്തെ തുടര്‍ന്ന് താന്‍ കുഴിച്ചിട്ടുവെന്ന് വെളിപ്പെടുത്തല്‍ നടത്തിയ ശുചീകരണത്തൊഴിലാളി ചിന്നയ്യ ഇപ്പോള്‍ അറസ്റ്റിലാണ്. അരക്കോടിയിലേറെ രൂപ ചെലവിട്ട് നേത്രാവതി നദിക്കരയില്‍ പൊലീസ് നടത്തിയ തിരിച്ചിലില്‍, കാര്യമായി ഒന്നും കിട്ടിയിരുന്നില്ല എന്നാണ് പറയുന്നത്. ഇതോടെ സംശയം തോന്നിയ എസ്ഐടി 17 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ചിന്നയ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് കന്നഡ മാധ്യമങ്ങള്‍ പറയുന്നത്.
ഇതിന് മുന്നേ തന്നെ മകളെ ധര്‍മ്മസ്ഥലയില്‍ വെച്ച് കാണാതായി എന്ന് പറഞ്ഞ് എത്തിയ സുജാതാ ഭട്ട് മൊഴിമാറ്റിയിരുന്നു. 2003-ല്‍ കാണാതായ അനന്യ ഭട്ടിന്റെ തിരോധാനം നുണക്കഥയാണെന്ന് അമ്മയെന്ന് അവകാശപ്പെട്ടെത്തിയ സുജാത ഭട്ട് വെളിപ്പെടുത്തിയിട്ടുണ്ട്. തനിക്ക് അങ്ങനെയൊരു മകളില്ലെന്നും ചിലരുടെ ഭീഷണിക്ക് വഴങ്ങിയാണ് വെളിപ്പെടുത്തല്‍ നടത്തിയതെന്ന് സുജാത പറഞ്ഞു. ഗിരീഷ് മട്ടന്നവര്‍, ജയന്ത് ടി തുടങ്ങിയവരുടെ നിര്‍ബന്ധപ്രകാരമാണ് ഇത്തരം കാര്യം പറഞ്ഞതെന്ന് സുജാത ഭട്ട് പറഞ്ഞു. ഇന്‍സൈറ്റ്‌റഷ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുജാതയുടെ പരാമര്‍ശം. അനന്യയുടെതെന്ന് പറഞ്ഞ് കാണിച്ച ചിത്രവും വ്യാജമായിരുന്നു. മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജില്‍ അങ്ങനെ ഒരു കുട്ടിയേ പഠിച്ചിരുന്നില്ല. ഇപ്പോള്‍ കന്നഡ മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ സാക്ഷി ചിന്നയ്യയെ കുറിച്ച് കൂടതല്‍ വെളിപ്പെടുത്തലുകള്‍ വരികയാണ്. മാനസിക വിഭ്രാന്തിയുള്ള ആളാണ് ബന്ധുക്കള്‍ പറയുന്നത്.
സൈക്കോയെന്ന് ആദ്യ ഭാര്യ
അതിനിടെയാണ് സാക്ഷി ചിന്നയ്യക്കെതിരെ കുടുംബം രംഗത്തെത്തിയത്. ഇയാള്‍ പറയുന്നത് പച്ചക്കള്ളമാണെന്ന് ആദ്യ ഭാര്യ കന്നഡ ചാനലുകളോട് പറഞ്ഞു. അതാള്‍ നല്ല മനുഷ്യനല്ലെന്നും എപ്പോഴും തന്നെയും കുട്ടികളെയും മര്‍ദിക്കുമെന്നും ഒരു സൈക്കോയാണെന്നും ആദ്യഭാര്യ ആരോപിച്ചിരുന്നു. ധര്‍മസ്ഥലയ്‌ക്കെതിരെ ആരോപണം നടത്തിയത് പണത്തിന് വേണ്ടിയാണെന്നും ഭാര്യ പറയുന്നു. തനിക്കൊപ്പം മറ്റ് നാലുപേര്‍ കൂടി ജോലിചെയ്തിരുന്നുവെന്നും അവരെയും വിസ്തരിക്കണമെന്ന് സാക്ഷി പറഞ്ഞിരുന്നു. എന്നാല്‍ സാക്ഷിയുടെ സുഹൃത്തായ ഒപ്പം ജോലിചെയ്തയാള്‍ പറയുന്നത്, ആ സമയത്തൊന്നും തന്നെ ഇത്തരത്തില്‍ തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ അടക്കം ചെയ്തിട്ടില്ല എന്നാണ്. ഇതോടുകൂടിയാണ് സാക്ഷിക്ക് മാനസിക വിഭ്രാന്തിയുണ്ടോ എന്ന സംശയം ഉയര്‍ന്നത്.
ധര്‍മ്മസ്ഥല ക്ഷേത്രവുമായി ബന്ധപ്പെട്ട റിയല്‍ എസ്റ്റേറ്റ് കേസുകള്‍ ഉള്ളവരാണ് ഈ കേസിന് പിന്നിലെന്നാണ് കന്നഡ മാധ്യമങ്ങള്‍ ഒരുപോലെ പറയുന്നത്. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മഹേഷ് തിമ്മരോടിയെ മറ്റൊരു കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കയാണ്. സമൂഹമാധ്യമത്തിലൂടെ ബിജെപിയുടെ ദേശീയ ഓര്‍ഗനൈസിങ്ങ് സെക്രട്ടറിയായ ബി.എല്‍. സന്തോഷിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിന് ബിജെപിയുടെ ഉഡുപ്പിറൂറല്‍ മണ്ഡലം പ്രസിഡന്റ് രാജീവ് കുലാലിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
വിവാദമായ ഒട്ടേറെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയതിന്റെ പേരില്‍ നിരവധി ആരോപണങ്ങള്‍ നേരിടുന്ന ആളാണ് മഹേഷ് ഷെട്ടി തിമ്മരോടി എന്നാണ് ധര്‍മ്മസ്ഥല അനുകൂലികള്‍ പറയുന്നത്. പല ഭൂമികളും ക്ഷേത്രത്തിന് ആവശ്യമുണ്ടെന്ന് പറഞ്ഞ് വാങ്ങാന്‍ ശ്രമിച്ച മഹേഷ് ഷെട്ടി തിമ്മരോടിയുടെ കള്ളങ്ങള്‍ ക്ഷേത്രാധികാരികള്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ തിമ്മരോടിയി ബന്ധമില്ലെന്ന് വ്യക്തമാക്കി ക്ഷേത്രാധികാരികള്‍ രംഗത്തെത്തി. തുടര്‍ന്ന് മഹേഷ് തിമ്മരോടി മഞ്ജുനാഥക്ഷേത്രത്തിനും ധര്‍മ്മാധികാരിയും രാജ്യസഭാ എംപിയുമായ വീരേന്ദ്ര ഹഗ്ഗഡെയ്ക്കെതിരെ ഗൂഢാലോചന തുടങ്ങിയെന്നാണ് വിശ്വാസി ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത്. എസ്ഐടി ഇക്കാര്യവും അന്വേഷിച്ച് വരികയാണ്.
മാനാഫിനുനേരെയും അന്വേഷണം?
അതിനിടെ കേസില്‍ കേരളത്തിലെ മാധ്യമങ്ങളെയും, ലോറിക്കാരന്‍ മനാഫ് അടക്കമുള്ള വ്ളോഗര്‍മാര്‍ക്കെതിരെയും കന്നഡ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം വരുന്നുണ്ട്. ഇവരെയും അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. കേരളത്തിലെ ലോറിയുടമയായ മനാഫ് എങ്ങനെ ധര്‍മ്മസ്ഥ ആക്ഷന്‍ കമ്മറ്റിയുടെ മീഡിയ കണ്‍വീനറായി എന്നതും ദുരൂഹമാണ്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ധര്‍മ്മസ്ഥലയില്‍ തമ്പടിച്ച് ഇയാള്‍ യൂട്യൂബ് വീഡിയോ ചെയ്തിരുന്നു. ഇന്ത്യക്കാരന്‍ എന്ന നിലയില്‍ നീതി വാങ്ങിക്കൊടുക്കാന്‍ എത്തിയെന്നാണ് മനാഫിന്റെ വാദം. ഇയാളുടെ ഇടപെടലിലാണ് മലയാള മാധ്യമങ്ങളില്‍ വിഷയം സജീവമായി ചര്‍ച്ച ചെയ്തത്. മനാഫ് വിളിച്ചിട്ടാണ് തങ്ങള്‍ ധര്‍മ്മസ്ഥലയില്‍ പോയതെന്ന് പ്രമുഖ മാദ്ധ്യമ റിപ്പോര്‍ട്ടര്‍ പറഞ്ഞിരുന്നു. കൂടാതെ യൂട്യൂബ് ചാനലുകളേയും അവിടെ എത്തിച്ചതും മനാഫായിരുന്നു.
മകളെ കാണാനില്ലെന്ന് പറഞ്ഞ് മാധ്യമങ്ങളുടെ മുന്നില്‍ എത്തിയ വ്യാജ പരാതിക്കാരി സുജാത ഭട്ടിനെ എസ്എടി വിശദമായി ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. സൗജന്യ ആക്ഷന്‍ കമ്മിറ്റിയംഗങ്ങളുമായ ജയന്ത് ടി, ഗിരീഷ് മട്ടന്നവര്‍ എന്നിവരാണ് തന്നെ കള്ളം പറയിപ്പിച്ചത് എന്ന് സുജാത വെളിപ്പെടുത്തിയിരുന്നു പറഞ്ഞു. സുജാത തന്റെ അണ്ടറിലാണെന്നും മണിക്കൂറുകളോളം സംസാരിച്ചെന്നും മനാഫിന് കഴിഞ്ഞ ദിവസം ജനം ടിവി ചര്‍ച്ചയ്ക്കിടെ പറഞ്ഞിരുന്നു. കൂടാതെ സൗജന്യ ആക്ഷന്‍ കമ്മിറ്റിയംഗങ്ങളുമായുള്ള ബന്ധവും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. സുജാത ഭട്ടിന്റെ വ്യാജ പരാതിയില്‍ മനാഫിന്റെ പങ്കും അന്വേഷിക്കണമെന്നാണ് കന്നഡ മാധ്യമങ്ങള്‍ ആവശ്യപ്പെടുന്നത്.