ഇറാന്‍ മിസൈലാക്രമണം നടത്തിയ അതേസമയത്ത് ടെല്‍അവീവില്‍ ഭീകരാക്രമണം; തോക്കുധാരികളുടെ വെടിവെപ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്കേറ്റു; ജാഫയിലെ സ്റ്റേഷനില്‍ നിന്നും തോക്കുധാരികള്‍ പുറത്തിറങ്ങുന്നതിന്റെയും നിറയൊഴിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത്

ഇറാന്‍ മിസൈലാക്രമണം നടത്തിയ അതേസമയത്ത് ടെല്‍അവീവില്‍ ഭീകരാക്രമണം

Update: 2024-10-01 17:46 GMT

ടെല്‍അവീവ്: ഇറാന്‍ മിസൈലാക്രമണം നടത്തിയ അതേ സമയത്ത് തന്നെ ഇസ്രയേല്‍ നഗരമായ ടെല്‍ അവീവില്‍ വെടിവയ്പ്പ്. നൂുകണക്കിന് മിസൈലുകള്‍ ഇറാന്‍ തൊടുത്തുവിടുന്നതിനിടെ ടെല്‍അവീവിലെ തെരുവുകളില്‍ ഉണ്ടായ വെടിവയ്പ് ഭീകരാക്രമണം എന്നാണ് സൂചന.

വെടിവെപ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. തോക്കുധാരികള്‍ തെരുവുകളില്‍ നിറയൊഴിച്ചതോടെയാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഏഴുപേര്‍ക്കെങ്കിലും പരുക്കേറ്റിട്ടുണ്ട്. ടെല്‍ അവീവിനു സമീപം ജാഫയിലെ ജറുസലം സ്ട്രീറ്റില്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് വെടിവയ്പുണ്ടായത്. രണ്ടു തോക്കുധാരികളാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ലൈറ്റ് റെയില്‍ സ്‌റ്റേഷനില്‍ നിന്ന് തോക്കുധാരികള്‍ പുറത്തിറങ്ങുന്നതിന്റെയും വെടിയുതിര്‍ക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നു. വെടിവെപ്പ് നടത്തിയ രണ്ടുപേരെയും സുരക്ഷാ സേന കീഴ്‌പ്പെടുത്തി.

രാത്രി 7 മണിയോടെയായിരുന്നു ആക്രമണം. പരുക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. അതേസമയം, ഇസ്രയേലിനെ ആക്രമിച്ചാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന അമേരിക്കയുടേതടക്കം മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് ഇറാന്‍ മിസൈലുകള്‍ പായിച്ചത്. ഇവ ബാലിസ്റ്റിക് മിസൈലുകള്‍ ആണോ എന്ന് വ്യക്തമല്ല. ഇസ്രയേല്‍ പ്രതീക്ഷിക്കുന്നത് ബാലിസ്റ്റിക് മിസൈലുകളെയാണ്. ഇവയ്ക്ക് 12 മിനിറ്റിനകം ഇസ്രയേലില്‍ എത്താം. ഡ്രോണുകളോ, ക്രൂസ് മിസൈലുകളോ കൂടുതല്‍ സമയമെടുക്കും.

ഏപ്രിലില്‍ ഇറാന്‍ അഴിച്ചുവിട്ട ഡ്രോണ്‍, മിസൈലാക്രമണത്തേക്കാള്‍ കടുത്തതായിരിക്കും ഇക്കുറിയെന്നാണ് കണക്കുകൂട്ടല്‍. ഇസ്രയേലിലെ മൂന്നും സൈനിക വ്യോമ താവളങ്ങള്‍, ടെല്‍അവീവിലെ മൊസാദിന്റെ ആസ്ഥാനം എന്നിവ ലക്ഷ്യമാക്കിയാണ് മിസൈലുകള്‍ തൊടുത്തുവിട്ടതെന്നാണ് കരുതുന്നത്.

ഇറാനില്‍ നിന്നുള്ള ഏതുമിസൈലാക്രമണവും വിപുലമായ തോതിലാകുമെന്നും ആളുകള്‍ ഷെല്‍റ്ററുകളില്‍ കഴിയണമെന്നും ഐ ഡി എഫ് വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി ആവശ്യപ്പെട്ടു. ഇറാന് പുറമേ ഹിസ്ബുള്ളയും ടെല്‍അവീവ് ലക്ഷ്യമാക്കി റോക്കറ്റുകള്‍ അയച്ചിരുന്നു.

ഇസ്രയേലിന് നേരേ ഇറാന്റെ വലിയ തോതിലുള്ള ആക്രമണം പശ്ചിമേഷ്യയില്‍ മൊത്തം യുദ്ധം വ്യാപിക്കുന്നതിന് ഇടയാക്കിയേക്കുമെന്ന് ആശങ്കയുണ്ട്. യുദ്ധത്തിന്റെ തീവ്രതയേറിയാല്‍, തങ്ങളുടെ സഖ്യകക്ഷിയായ ഇസ്രയേലിന്റെ തുണയ്ക്കായി അമേരിക്ക പാഞ്ഞെത്തും.

ഇറാനിയന്‍ അച്ചുതണ്ടിനോട് മല്ലിടുന്ന ഇസ്രയേല്‍ വലിയ വെല്ലുവിളികളാണ് നേരിടുന്നതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്‍യ്യാഹു വൈകുന്നേരം പറഞ്ഞു. ജനങ്ങള്‍ സുരക്ഷാമാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജെറുസലേമിലെ യുഎസ് ഏംബസിയും തങ്ങളുടെ ജീവനക്കാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെട്ടു.

Tags:    

Similar News