കൂടെയുള്ള പെണ്‍കുട്ടിയെ ഹരം കൊള്ളിക്കാനുള്ള യുവാക്കളുടെ മാരക ഡ്രൈവിങ്ങില്‍ തകര്‍ന്നത് രഞ്ജുവിന്റെ സ്വപ്നങ്ങള്‍; അപകടത്തെ തുടര്‍ന്ന് പ്രസവിച്ചെങ്കിലും ആണ്‍കുഞ്ഞിന്റെ മരണം കേസിനു നല്‍കുന്നത് ദേശീയ ശ്രദ്ധ; ഒരു പെണ്‍ കുട്ടിയും 2 മധ്യവയസ്‌കരും ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍
മാഞ്ചസ്റ്റര്‍: പൊതുവെ വേഗതയെ ഇഷ്ടപ്പെടുന്നവരാണ് യുവതലമുറ. അവർ പ്രായത്തിന്റെ തിളപ്പിലും വാഹനങ്ങളോടുള്ള അടങ്ങാത്ത ആവേശവും കാരണമാണ് സ്പീഡ് ഇഷ്ടപ്പെടുന്നത്. പക്ഷെ ആ പോകുന്ന വേഗതയിൽ കൂടുതലും പൊലിയുന്നത് അതുവഴി പോകുന്ന സാധാരണ ആളുകളുടെ ജീവനാണ്. ലോകം മുഴുവനും ഇതുതന്നെയാണ് സംഭവിക്കുന്നത്.
ഇപ്പോഴിതാ മാഞ്ചസ്റ്ററിൽ നടന്ന ഒരു വൻ അപകടമാണ് പുറത്തുവരുന്നത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ പൂര്‍ണ ഗര്‍ഭിണിയായ മലയാളി യുവതിയെ കാര്‍ ഇടിച്ചു തെറിപ്പിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. വയനാട് സ്വദേശിനിയായ രഞ്ജു ജോസഫിനെയാണ് അതിവേഗത്തില്‍ പാഞ്ഞെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം നടന്നത്. അതീവ ഗുരുതരമായി പരിക്കേറ്റ രഞ്ജു ഇപ്പോള്‍ വെന്റിലേറ്ററിലാണ്. എട്ടു മാസം ഗര്‍ഭിണിയായിരുന്ന രഞ്ജുവിന് കുഞ്ഞിനെ നഷ്ടമാവുകയും ചെയ്തു. ഇടിയുടെ ആഘാതത്തിലാണ് പുതു ജീവൻ നഷ്ടമായത്. ഇപ്പോള്‍ രഞ്ജുവിന്റെ ജീവനായുള്ള പ്രാര്‍ത്ഥനയിലാണ് ഭര്‍ത്താവും അവിടെത്തെ മലയാളി സമൂഹവും.
രണ്ടു വര്‍ഷം മുമ്പാണ് രഞ്ജുവും ഭര്‍ത്താവും സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ എത്തുന്നത്. തുടര്‍ന്ന് നഴ്‌സിംഗ് ഹോമില്‍ ജോലിയും ചെയ്തിരുന്നു. രണ്ടു പേരുടേയും വര്‍ക്ക് പെര്‍മിറ്റ് അവസാനിച്ചിരുന്നില്ലായെന്നാണ് വിവരങ്ങൾ. ഞായറാഴ്ച രാത്രി പതിവു പോലെ ജോലി കഴിഞ്ഞ് മടങ്ങവേയാണ് ദാരുണമായ ഈ അപകടം നടന്നത്. പാഞ്ഞുവരുന്ന വാഹനം കണ്ട് ഓടിമാറാന്‍ സമയം കിട്ടും മുന്നേ തന്നെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
അപകട സമയത്ത് ഭര്‍ത്താവ് ഒപ്പം ഉണ്ടായിരുന്നു. അദ്ദേഹം സംഭവത്തിന്റെ നടുക്കത്തിൽ നിന്നും ഇതുവരെ തിരിച്ചുവന്നിട്ടില്ല. സീബ്രാ ലൈനില്‍ വച്ചാണ് യുവതിയെ കാര്‍ ഇടിച്ചു തെറിപ്പിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. റോഡ് ക്രോസ് ചെയ്തതിനുശേഷം ഭര്‍ത്താവ് തിരിഞ്ഞു നോക്കുമ്പോഴേക്കും കാറിടിച്ച് ദൂരേക്ക് വലിച്ചെറിയപ്പെട്ടിരുന്നു. തലയ്ക്കും വയറിനും അതീവ ഗുരുതരമായ പരിക്കുകളേറ്റ യുവതിയ്ക്ക് അടിയന്തര ശസ്ത്രക്രിയകള്‍ നടത്തി ഇപ്പോൾ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിലാണ്.
പതിയെ ഇരുട്ട് വീണ സമയം ആയതിനാല്‍ തന്നെ കാര്‍ ഡ്രൈവര്‍ക്ക് പെഡസ്ട്രിയന്‍ ക്രോസ് ചെയ്യുന്നവരെ കാണാന്‍ സാധിക്കാഞ്ഞതും അപകടത്തിന് കാരണമായി. മാഞ്ചസ്റ്ററില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ഏതാണ്ട് പത്തോളം കാല്‍നടയാത്രക്കാര്‍ക്ക് വാഹനമിടിച്ച് പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരങ്ങൾ.
അതേസമയം, അപകടത്തില്‍ അതിവേഗം പാഞ്ഞ് എത്തിയ കാര്‍ രഞ്ജുവിനെ 30 അടി ദൂരത്തേക്കാണ് ഇടിച്ചു തെറിപ്പിച്ചതെന്ന് സമീപവാസികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അടിയന്തിര വേഗത്തില്‍ രഞ്ജുവിനെ ആശുപത്രിയില്‍ എത്തിച്ചു കുഞ്ഞിനെ പുറത്തെടുത്തെങ്കിലും കുട്ടി പിന്നീട് മരിച്ചതായി പോലീസ് വെളിപ്പെടുത്തുക ആയിരുന്നു.
ടൗൺ സെന്ററില്‍ നടന്ന അപകടത്തില്‍ കാറിന്റെ വേഗത 30 മൈലില്‍ താഴെ ആയിരിക്കണമെന്നാണ് നിയമം എങ്കിലും അപകടകരണമായ കാര്‍ ചുരുങ്ങിയത് 80 മൈല്‍ സ്പീഡിലാണ് പാഞ്ഞതെന്ന് ദൃക്സാക്ഷിയായ വ്യക്തി പോലീസിനോട് പറഞ്ഞു.