ജമ്മു-കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നിയമസഭയിലേക്ക് അഞ്ച് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാനുളള സവിശേഷാധികാരം; പടപ്പുറപ്പാടുമായി ബിജെപി ഇതര കക്ഷികള്‍; ഇതുവരെ സംസ്ഥാനം ഒറ്റയ്ക്ക് ഭരിക്കാത്ത ബിജെപിക്ക് ആനുകൂല്യം നല്‍കാന്‍ എന്നാരോപണം; ഫലം അറിയും മുമ്പേ വിവാദം

ജമ്മു-കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നിയമസഭയിലേക്ക് അഞ്ച് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാനുളള സവിശേഷാധികാരം

Update: 2024-10-07 18:17 GMT

ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ ചൊവ്വാഴ്ച വോട്ടെണ്ണല്‍ നടക്കാനിരിക്കെ, ലഫ്റ്റനനന്റ് ഗവര്‍ണര്‍ക്ക് അഞ്ച് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള അധികാരം വലിയ വിവാദമായി. ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് അത്തരത്തില്‍ അധികാരം കൈവരുന്നത് ജനവിധിയെ അട്ടിമറിക്കലാണെന്നും അത് ബിജെപിയെ സഹായിക്കാന്‍ ദുരുപയോഗിക്കുമെന്നുമാണ് കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ്, പി ഡി പി എന്നീ കക്ഷികള്‍ ആരോപിക്കുന്നത്.

തിരഞ്ഞെടുപ്പില്‍, നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യം മുന്നിലാണെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ പശ്ചാത്തലത്തിലാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഈ തിരഞ്ഞെടുപ്പില്‍, ഒറ്റയ്ക്ക് മത്സരിച്ച ബിജെപി ജമ്മു-കശ്മീരില്‍ ഇതുവരെ ഒറ്റയ്ക്ക് ഭരിച്ചിട്ടില്ല. 2014 ലെ തിരഞ്ഞെടുപ്പിന് ശേഷം പിഡിപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും 2018 ല്‍ സഖ്യത്തില്‍ നിന്ന് പുറത്തുകടന്നു. അടുത്ത വര്‍ഷം, കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370 ാം വകുപ്പ് റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ടുകേന്ദ്രഭരണ പ്രദേശങ്ങളായി തിരിക്കുകയും ചെയ്തു. ഒരുപതിറ്റാണ്ടിനിടെ സംസ്ഥാനത്ത് നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണിത്.

ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് വിശേഷാല്‍ അധികാരം നല്‍കുന്നത് ബിജെപിക്ക് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കളമൊരുക്കുന്നതിന് വേണ്ടിയാണെന്നാണ് ബിജെപി ഇതര കക്ഷികള്‍ സംശയിക്കുന്നത്. ജമ്മു മേഖലയ്ക്ക് 43 സീറ്റും, കശ്മീരിന് 47 സീറ്റുമാണുള്ളത്. അഞ്ച് അംഗങ്ങളെ കൂടി ലഫ്റ്റനന്റ് ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്താല്‍ നിയമസഭയില്‍ ബിജെപിക്ക് ആനുകൂല്യം കിട്ടിയേക്കുമെന്നാണ് ആരോപണം.

ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സീറ്റെണ്ണം കൂട്ടിയപ്പോള്‍ വന്ന പുതിയ നിയമമാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് അഞ്ച് അംഗങ്ങളെ- രണ്ടുവനിതകള്‍, രണ്ടുകശ്മീരി പണ്ഡിറ്റുകള്‍, പാക് അധിനിവേശ കശ്മീരില്‍ നിന്ന് പുനരധിവസിക്കപ്പെട്ട ഒരാള്‍- നാമനിര്‍ദ്ദേശം ചെയ്യാന്‍ അധികാരം നല്‍കിയത്. ഇതോടെ മൊത്തം സീറ്റുകള്‍ 95 ആയി ഉയരുകയും ഭൂരിപക്ഷത്തിന് വേണ്ട സംഖ്യ 46 ല്‍ നിന്ന് 48 ആയി ഉയരുകയും ചെയ്തു. നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ഈ അഞ്ച് എം എല്‍ എമാര്‍ക്കും പൂര്‍ണനിയമനിര്‍മ്മാണ അധികാരങ്ങളും അവകാശങ്ങളും ഉണ്ടായിരിക്കും.


ഈ നിയമം ജനാധിപത്യത്തിന് നേരേയുള്ള ആക്രമണമാണെന്നും ജനവിധിയും ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളെ അട്ടിമറിക്കലാണെന്നും വാദം ഉയര്‍ത്തി കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുന്നു. നാമനിര്‍ദ്ദേശ പ്രക്രിയ നടന്നാല്‍, സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് നാഷണല്‍ കോണ്‍ഫറന്‍സിന്റെ നിലപാട്. തിരഞ്ഞെടുപ്പ് ഫലം വരും മുമ്പേയുള്ള അട്ടിമറിയെന്നാണ് പിഡിപി നേതാവ് ല്‍തിജ മുഫ്തി പ്രതികരിച്ചത്.

Tags:    

Similar News