81 വര്‍ഷം മുന്‍പ് 64 പേരുമായി കടലില്‍ മുങ്ങിയ രണ്ടാം ലോക മഹായുദ്ധ മുങ്ങിക്കപ്പല്‍ കണ്ടെടുത്തത് 830 അടി ആഴത്തില്‍ നിന്ന്; മൂന്ന് കഷ്ണങ്ങളായ നിലയില്‍ എച്ച് എം എസ് ട്രൂപ്പര്‍

81 വര്‍ഷമായി നിലനിന്നിരുന്ന ദുരൂഹത നീങ്ങുകയാണ്.

Update: 2024-10-08 03:16 GMT

ലണ്ടന്‍: ലോകം മറ്റൊരു മഹായുദ്ധത്തിന്റെ വരവ് പ്രതീക്ഷിച്ച് ഭയന്നിരിക്കുന്ന സമയത്ത്, രണ്ടാം ലോക മഹായുദ്ധത്തിന്റെ അവശേഷിപ്പുകളെ കുറിച്ച് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് യുദ്ധകാലത്ത് മുങ്ങിപ്പോയ ബ്രിട്ടീഷ് അന്തര്‍വാഹിനി കണ്ടെത്തി. ഗ്രീസ് തീരത്തു നിന്നും മാറി 64 പേരുമായി 1943 ല്‍ ആയിരുന്നു അന്തര്‍വാഹിനി മുങ്ങിയത്. എച്ച് എം എസ് ട്രൂപ്പര്‍ എന്ന അന്തര്‍വാഹിനിയുടെ അവശിഷ്ടങ്ങള്‍ ലഭിച്ചത് 830 അടി ആഴത്തില്‍ നിന്നായിരുന്നു. ഇതോടെ ഇതിനെ സംബന്ധിച്ച് കഴിഞ്ഞ 81 വര്‍ഷമായി നിലനിന്നിരുന്ന ദുരൂഹത നീങ്ങുകയാണ്.

275 അടി നീളമുള്ള അന്തര്‍വാഹിനി കൃത്യമായി മൂന്ന് കഷ്ണങ്ങളായി മുറിഞ്ഞ നിലയിലായിരുന്നു എന്ന് അന്തര്‍വാഹിനി കണ്ടെത്തിയ പ്ലാനറ്റ് ബ്ലൂ എന്ന സ്ഥാപനത്തിന്റെ ഉടമയെ ഉദ്ദരിച്ച് ഗ്രീക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതാണ്ട് ഒന്‍പതോളം വന്‍ സ്‌ഫോടനങ്ങളായിരുന്നു ഈ അന്തര്‍വാഹിനിയെ മുക്കിയത്. ഏതായാലും അന്തര്‍വാഹിനി കണ്ടെടുത്തത്, അതിലെ ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് അല്‍പമെങ്കിലും ആശ്വസം പകര്‍ന്നിരിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് എന്താണ് സംഭവിച്ചത് എന്നെങ്കിലും അറിയാന്‍ കഴിഞ്ഞത് ആശ്വാസം എന്നാണ് അവര്‍ പറയുന്നത്.

2000 ല്‍ ആയിരുന്നു കാണാതായ അന്തര്‍വാഹിനി കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ഒരു ജര്‍മ്മന്‍ മൈന്‍ പൊട്ടിത്തെറിച്ചതാണ് കപ്പല്‍ മുങ്ങാനുണ്ടായ കാരണം എന്നാണ് കരുതപ്പെടുന്നത്. എയ്ജിയനിലോ ലെറോസിലോ ആയിരിക്കും കപ്പല്‍ മുങ്ങിയത് എന്നായിരുന്നു ആദ്യ അനുമാനം.

രണ്ടാം ലോക മഹായുദ്ധകാലത്ത് ജര്‍മ്മനി മൈന്‍ വിതച്ചിരുന്നു എന്ന് കരുതപ്പെടുന്ന പത്തോളം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പതിനാലോളം തെരച്ചിലുകള്‍ നടത്തിയെങ്കിലും അവയെല്ലാം പരാജയപ്പെടുകയായിരുന്നു.

Tags:    

Similar News